Entertainment
പതിവു ആർ.ജെ. കഥകളിൽ നിന്നും മാറി സഞ്ചരിക്കുന്ന ഒരു ഫീൽ ഗുഡ് മൂവി

മഹമൂദ് മൂടാടി
മേരീ ആവാസ് സുനോ
❤️
ആർ.ജെ. അഥവാ റേഡിയോ ജോക്കികളെ പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന ഒന്നിലേറെ സിനിമകൾ മുമ്പും മലയാളത്തിലുണ്ടായിട്ടുണ്ട് .ശബ്ദമാണ് ഒരാളുടെ ഐഡന്റിറ്റി എന്ന് വിശ്വസിക്കുന്ന ആർ.ജെ. ശങ്കറിന്റെ കഥ പറയുന്ന ചിത്രമെന്ന നിലയിൽ ‘മേരീ ആവാസ് സുനോ’ എന്ന പ്രജേഷ് സെന്നിന്റെ മൂന്നാമത്തെ ചിത്രം പക്ഷേ, പതിവു ആർ.ജെ. കഥകളിൽ നിന്നും മാറി സഞ്ചരിക്കുന്ന ഒരു ഫീൽ ഗുഡ് മൂവിയാണ്.
ജയസൂര്യയും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളായ മേരി ആവാസ് സുനോ ഒരു ആർജെയുടെ സ്വകാര്യ യാത്രയാണ്, റേഡിയോ തരംഗങ്ങളിൽ ഒഴുകുന്ന ഒരു നീണ്ട ലോകത്ത് ശബ്ദത്തിന്റെ പ്രാധാന്യവും സ്വാധീനവും ജീവിതം കൊണ്ടു തൊട്ടു കാണിക്കുന്ന റിയലിസ്റ്റിക്കായ ചലച്ചിത്രാഖ്യായികയാണിത്.സ്വന്തം ശബ്ദത്തെ ശരീരത്തിനുമപ്പുറം വ്യക്തിത്വത്തിന്റെ പൂർണടയാളമായി പൊതുമണ്ഡലത്തിലും കരിയറിലും പ്ലേസ് ചെയ്ത് ജനപ്രിയ റേഡിയോ ജോക്കിയായി സംതൃപ്തമായി മുന്നോട്ടു പോകുന്ന ശങ്കറിന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന വഴിത്തിരിവുകളും അതിജീവനവുമാണ് പുതുമ തോന്നിപ്പിക്കും വിധം കാഴ്ചയുടേയും ആഖ്യാനനിറവിന്റെയും ഭംഗിയിലൂടെ പ്രജേഷ് സെൻ പറയുന്നത്.
ഞാൻ മേരിക്കുട്ടി, ക്യാപ്റ്റൻ , വെള്ളം, സണ്ണി എന്നീ ചലച്ചിത്രങ്ങളിലൂടെ വ്യത്യസ്തമായ കഥാപാത്രങ്ങളെ ആത്മാവിനോളം അനായാസമായി ആന്തരികവത്ക്കരിച്ച് അവതരിപ്പിക്കാനുളള അസാമാന്യമായ നടന മികവ് തെളിയിച്ചു കഴിഞ്ഞ ജയസൂര്യ തന്റെ കഥാപാത്രങ്ങൾ ആവശ്യപ്പെടുന്ന വിധം വികാരങ്ങൾ സൂക്ഷ്മമായി കൈകാര്യം ചെയ്യുന്നതിൽ എത്ര മികച്ച നടനാണെന്ന് ഒരിക്കൽ കൂടി നമുക്ക് കാണിച്ചുതരുന്ന ഒരു ചിത്രം കൂടിയാണ് മേരീ ആവാസ് സുനോ .
മോഹിപ്പിക്കുന്ന ശബ്ദ -ഭാവത്തിലൂടെ കേൾവിക്കാരുടെ ഹൃദയത്തിലേക്ക് കാന്തികഭംഗിയോടെ ചേർന്നിരിക്കുന്ന ഒരു ആർ.ജെ. ശങ്കറായി ആയി സ്ക്രീൻ പ്രിസൻസ് കൊണ്ടു ചിത്രത്തിന്റെ ആദ്യ പകുതിയിയും , രണ്ടാം പകുതിയിൽ ശബ്ദം നഷ്ടപ്പെട്ട -വാക്കുച്ചരിക്കാത്ത നാവിന്റെ നിലാരംബതയിൽ തകർന്ന മനുഷ്യന്റെ വികാരവിചാരങ്ങളെയും ഭാവതീവ്രതയോടെ അഭിനയിച്ച് ജയസൂര്യ ഈ ചിത്രത്തിലും മലയാളത്തിലെ മികച്ച അഭിനേതാവെന്ന നിലയിൽ ഒരുപാടൊരുപാട് ഉയരപ്പെടുന്നുണ്ട് .
ബംഗാളി ചിത്രമായ ‘കോന്തോ’യുടെ റീമേക്കാണ് ചിത്രമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, സംവിധായകൻ പ്രജേഷ് സെൻ ദീർഘകാലം മാധ്യമ പ്രവർതകനായും ആകാശവാണിയിലും ഉദ്യോഗസ്ഥനായും അനുഭവസമ്പത്ത് നേടിയ വ്യക്തിയായതിനാൽ തന്റെ വ്യക്തിഗതമായ സർഗാത്മക ഭാവനാശേഷിയും ശൈലിയും ഈ സിനിമയിൽ മൗലികമായി സന്നിവേശിപ്പിച്ചിരിക്കുന്നു.
അസാധാരണമായ ജീവിതചിന്തകളും, വേറിട്ട നിലപാടും സ്വാഭാവിക വ്യക്തിത്വമായി പ്രകാശിപ്പിക്കുന്ന ഡോ: രശ്മി പടിയത്ത് എന്ന സ്പീച്ച് തെറാപ്പിസ്റ്റായി മഞ്ജു വാര്യറും പ്രേക്ഷകരുടെ കൈയടി നേടും വിധം അഭിനയ മികവ് പ്രകടിപ്പിച്ച സിനിമ കൂടിയാണ് മേരീ ആവാസ് സുനോ . ഹോസ്റ്റൽ മതില് ചാടി കടന്ന് സെക്കന്റ് ഷോ കാണാനും ,അർദ്ധരാത്രിയിൽ ചായയോ ‘തട്ടു ദോശയോ’ കഴിക്കാനും നൈറ്റ് റൈഡ് നടത്താനും പെൺകുട്ടികളെ പ്രേരിപ്പിച്ചുകൊണ്ട് എൻട്രി ചെയ്യുന്ന മഞ്ജു വാര്യരുടെ കഥാപാത്രം തനിക്ക് ലഭിക്കുന്ന, പങ്കെടുക്കുന്ന സ്ത്രീ കൂട്ടായ്മകളിലും പൊതുവേദികളിലും സ്വകാര്യയിടങ്ങളിലും സ്ത്രീകൾക്ക് ആത്മധൈര്യത്തിന്റെ തീ വെളിച്ചമായി മാറുന്ന തരത്തിലുള്ള സംസാരത്തിലൂടെ മേരീ ആവാസ് സുനോ എന്ന ചിത്രത്തെ പൊളിറ്റിക്കലി കറക്ടാക്കുന്നുണ്ട് , അത്രമേൽ സ്വാഭാവികതയോടെ .
മലയാളിയുടെ നടപ്പുസദാചാരം, പാരമ്പര്യപ്പെട്ട ശീലങ്ങള്, കുടുംബജീവിതം, വ്യക്തി ബന്ധങ്ങള്, ആൺ-പെൺ സൗഹൃദം എന്നിവയെ കുറിച്ച് പുതിയ ചിന്തകളും വിചിന്തനങ്ങളും ഈ സിനിമയിലുടനീളം മുന്നോട്ട് വെക്കുന്നുണ്ട്. പെൺകുട്ടികളോട് അവരുടെ സ്വാതന്ത്ര്യത്തിന്റെ അതിർവരമ്പുകൾ സ്വയം സ്ഥാപിക്കാനും രാത്രിയെ ഭയപ്പെടരുതെന്നും, സൂര്യാസ്തമയം എന്നത് അത് പകലിന്റെ ഒരു തണൽ മറവാണെന്നും മറിച്ച് ലോകാവസാനമല്ലായെന്നുമുള്ള സ്ത്രീ കേന്ദ്രീകൃതമായ സംഭാഷണങ്ങൾ കൊണ്ടു കൂടി സമ്പന്നമായ ചിത്രം സ്ത്രീകളോടുള്ള നമ്മുടെ സമൂഹത്തിന്റെ ” നോട്ടപ്പിശകു”കളെ ക്കുറിച്ച് സൂക്ഷ്മമായും കണിശമായും സംസാരിക്കുവാൻ ധൈര്യപ്പെടുന്നുണ്ട്.
മഞ്ജുവിന്റെയും ജയസൂര്യയുടെയും ആദ്യ ഓൺ-സ്ക്രീൻ സഹകരണം മോശമായില്ലായെന്ന് പ്രേക്ഷകർക്ക് ഉറപ്പിച്ച് പറയാവുന്ന ഈ ചിത്രത്തിൽ ശിവദ, ജോണി ആന്റണി, ഗൗതമി നായർ, സുധീർ കരമന,എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. സംഗീതസംവിധായകൻ എം ജയചന്ദ്രൻ, ഗാനരചയിതാവ് ബി കെ ഹരിനാരായണൻ, ഗായകരായ അന്ന ആമി, കൃഷ്ണചന്ദ്ര എന്നിവർ ഗാനങ്ങൾ കൊണ്ട് വികാരങ്ങളുടെ മാസ്മരിക ഭാവപ്രപഞ്ചം സൃഷ്ടിച്ച ഈ ചിത്രത്തിൽ നൗഷാദ് ഷെരീഫിന്റെ ഛായാഗ്രഹണം മികവുറ്റതാണ്.
❤️
588 total views, 3 views today