ഈ ഡോക്ടർമാരെ ആര് ചികിത്സിക്കും ?

0
224

മഹമൂദ് മൂടാടി

അപ്പോത്തിക്കിരി

ഈ ഡോക്ടർമാരെ ആര് ചികിത്സിക്കും ?

കോർട് മാർഷൽ അഥവാപട്ടാള കോടതിയുടെ വിചാരണയിലൂടെ പട്ടാളത്തിൽ മാത്രമല്ല ഇന്ത്യൻ ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളിലും കൊടികുത്തിവാഴുന്ന ജാതീയമായ അപമാനവീകരണത്തെ നിർദ്ദയം തുറന്നുകാണിച്ച മേൽവിലാസം എന്ന മാധവ് രാമദാസിന്റെ സിനിമ മലയാളിയുടെ പൊതു പൈങ്കിളിഭാവുകത്വത്തെ പൊളളലേൽപിച്ച ചിത്രമായിരുന്നു.

ടി.വി.ചന്ദ്രനും,ലെനിൻ രാജേന്ദ്രനും,സാക്ഷാൽ ജോണിനും ശേഷം ചലച്ചിത്രമെന്ന മാധ്യമത്തെ പൊളിറ്റിക്കലായി നവീകരിച്ച സംവിധായകനായി മാധവ് രാമദാസ് മേൽവിലാസം എന്ന കന്നിച്ചിത്രത്തിലൂടെ സ്വയം അടയാളപ്പെടുത്തിയെന്നു പറയാം.

കോടതി വിചാരണമുറി മാത്രം കേന്ദ്രീകരിച്ച് സംഭാഷണപ്രധാനമായ ഒരു കഥാഖ്യാനത്തിലൂടെ പ്രേക്ഷകരെ രണ്ടരമണിക്കൂറോളം ഒട്ടും ബോറടിപ്പിക്കാതെ പിടിച്ചിരുത്തിയ മേൽവിലാസം ഒരു വേറിട്ട ദൃശ്യാനുഭവം തന്നെയായിരുന്നു.

ആധുനിക മലയാളസിനിമ ആദ്യമായി ജാതിപ്രശ്നത്തെ അഡ്രസ് ചെയ്യുന്നത് “മേൽവിലാസ”ത്തിലൂടെയാണെ­ന്ന് തന്നെ തീർത്തുപറയാൻ മാത്രം ധൈര്യം നൽകിയ ഒരു കാഴ്ചാനുഭവം കൂടിയായിരുന്നു ആ ചിത്രം! മൂന്ന് വർഷത്തിനുശേഷം മാധവ് രാമദാസ് അപ്പോത്തിക്കിരി എന്ന ചിത്രവുമായെത്തിയപ്പോൾ അതുകൊണ്ട് തന്നെ ഏറെപ്രതീക്ഷയും,സന്തോ­ഷവുമുളളിലുണ്ടായിരുന്നു.താങ്ക്സ്,മാധവ്!

പ്രതീക്ഷ അസ്ഥാനത്തായില്ല. മലയാളചലച്ചിത്രം ഇതുവരെ പറയാനും,കാണാനും മടിച്ച ഒരു ഏരിയ ‐ആതുരചികിത്സമേഖല‐യെ മാധവ് അപ്പോത്തിക്കിരി എന്ന പുതിയ ചിത്രത്തിലൂടെ പ്രശ്നവത്ക്കരിക്കുന്നത്. ആധുനിക വൈദ്യ ചികിത്സ മേഖല ഒരു പക്കാ കച്ചവടവും,മണിമേക്കിം­ങ് ബിസിനസ്സുമായി ഡീ‐ഹുമനൈസ് ചെയ്യപ്പെട്ട സമകാലീന കേരളീയ പരിസരത്തെ നിർദ്ദയം തുറന്ന് കാണിക്കുന്ന ഒരു ഉത്തമ ചിത്രമാണിത്.

മാൾ‐പ്രാ­ക്ടീസ് ഒരു കരിയറായി മാറ്റിയ ചില ഭിഷഗ്വരന്മാരെയും, ആശു­പത്രി വ്യവസായ രംഗത്തെ കോർപ്പറേറ്റ് താത്പര്യത്തേയും പ്രതിക്കൂട്ടിലാക്കുന്ന അപ്പോത്തിക്കിരി യഥാർത്ഥത്തിൽ നമ്മുടെ രോഗ‐ചികിത്സാരംഗത്ത് നിന്നും നിർദ്ദയം ഡിസ്ചാർജ് ചെയ്യപ്പെട്ട അനുകമ്പത്തെയും, കാരുണ്യത്തേയും, സാന്ത്വനത്തേയും കുറിച്ചുളള വേവലാതിയും വേദനയുമാണ് പങ്കുവെക്കുന്നത്.അതു­കൊണ്ട് തന്നെ ഉളളുപിടയാതെ,കണ്ണ് നനയാതെ അപ്പോത്തിക്കിരിയിലെ സുബി ജോസഫ് എന്ന രോഗിയുടെയും,വിജയ് നമ്പ്യാർ എന്ന ഡോക്ടറുടെയും ഖേദ‐നിസ്സഹായതകളിലൂടെ കടന്ന്പോകാനാവില്ല,തീർച്ച!

കിക്ക് – ബാക്ക് എന്ന് പേരിടാവുന്ന പാരിതോഷികങ്ങളുടെ തടവറയിൽ മോഹപ്പെട്ടുപോയ ഡോക്ടർമാരുടെ അൺ‐എത്തിക്കലായ പ്രാക്ടീസ് ഒരു പൊതുപ്രവണതയായി മാറിയ ആഗോളീകരണത്തിന്റെ ഈ പ്രലോഭനകാലത്തെ രോഗി‐ഡോക്ടർ ബന്ധവും,വൈദ്യസദാചാരവും,നൈതികതയും കടലെടുക്കുന്നതെങ്ങിനെയെന്ന് അപ്പോത്തിക്കിരിയിലൂടെ മാധവ് രാമദാസ് ഹൃദയസ്പർശിയായി പറയുന്നു. സർറിയലിസവും,മെലോഡ്രാമയും പടത്തിന്റെ അവസാനഭാഗങ്ങളിൽ പരിധിവിടുന്നുണ്ടെങ്കിലും പ്രമേയത്തിലും,ആഖ്യാന­ത്തിലും കാണിച്ച ഒത്തുതീർപ്പില്ലാത്ത സർഗാത്മക ധൈര്യവും,സാമൂഹികാവബോ­ധവും മാധവിന്റെ ഈ ചിത്രത്തെ മലയാളത്തിലെ മികച്ച ചിത്രങ്ങളുടെ പട്ടികയിലും,ചലച്ചിത്രത്തെ ഒരു എന്റർറ്റെയ്മന്റിനുമപ്പുറം സീരിയസായി കാണുന്ന പ്രേക്ഷകമനസ്സിലും ഇടം പിടിച്ചിരുത്തുമെന്ന് തീർച്ച! കോക്ക്ടെയിൽ,ട്രിവാന്ധ്രം ലോഡ്ജ് എന്നീ ചിത്രങ്ങൾക്കു ശേഷം ജയസൂര്യ അസാധാരണമായ ഭാവങ്ങളിലൂടെ നമ്മെ വിസ്മയിപ്പിക്കുന്നു.­

രോഗവും ദാരിദ്ര്യവും ശാരീരികമായും മാനസികമായും തകർത്തുകളഞ്ഞ ഒരു യുവാവിന്റെ ഹതാശയഭാവം ജയസൂര്യ സുബിയെന്ന കഥാപാത്രത്തെ പൂർണതയിലെത്തിക്കുന്നുണ്ട്.അമിതാഭിനയമില്ലാതെ ഒരു സൈക്കിക് ഭാവം സ്വാഭാവികതയിലൂടെ തന്നെ സുരേഷ്ഗോപിയും കുറ്റമറ്റതാക്കുന്നു. ഇന്ദ്രൻസും,ആസിഫുമെല്ലാം സ്വാഭാവികാഭിനയത്തിലൂടെ ഈ ചിത്രത്തെ മികച്ചതാക്കുന്നു. ഷേക്ക് ഇലാഹിയുടെ സംഗീതം അപ്പോത്തിക്കിരിയുടെ മൊത്തം ടോണിന് യോജിച്ചതും ഒപ്പം പ്രേക്ഷകരിൽ നെഞ്ചുരുകുന്ന വേദനയായി ചിത്രാന്ത്യം വരെ നിറയുന്നുമുണ്ട്!! മാധവ് രാമദാസ്,നന്ദി….
അഭിനന്ദനങ്ങൾ…!!!!
❤️