ഇന്ത്യയിൽ സാധാരണ ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന മതസൗഹാർദ്ദവും അത് ഉയർത്തിപ്പിടിച്ച മഹാത്മാ ഗാന്ധിയും

വെള്ളാശേരി ജോസഫ്

സംഘ പരിവാറുകാരുടെ സ്ഥിരം ഒരു രീതിയാണ് ക്ഷേത്രങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളെ കുറിച്ചുള്ള കൂടെ കൂടെയുള്ള ഓർമപ്പെടുത്തൽ. പക്ഷെ ഈ ഇന്ത്യ മഹാ രാജ്യത്ത് സാധാരണക്കാരായ ഹിന്ദുക്കളും, മുസ്ലീങ്ങളും തമ്മിൽ എന്തെങ്കിലും പ്രശനമുണ്ടോ? ഇല്ലേയില്ല. ഹിന്ദുക്കളും മുസ്ലീങ്ങളും തികഞ്ഞ സൗഹാർദത്തിലാണ് വാരണാസിയിൽ ജീവിക്കുന്നത്. വിശ്വ പ്രസിദ്ധമായ ‘ബനാറസ് സിൽക്ക് സാരി’

വെള്ളശേരി ജോസഫ്

നെയ്യുന്നത് മുസ്ലീങ്ങളാണ്. അവർ കാശി വിശ്വനാഥ ക്ഷേത്രത്തിന് ചുറ്റുമാണ് താമസിക്കുന്നതും.ഞാൻ പണ്ട് കാശി വിശ്വനാഥ ക്ഷേത്രത്തിൽ പോയപ്പോൾ അവിടെയുള്ളൊരു പണ്ഡിറ്റ് എൻറ്റെ കൂടെ വന്ന് ക്ഷേത്രത്തിൻറ്റെ ചരിത്രം മുഴുവൻ പറഞ്ഞു തന്നു. ഓരോ വിഗ്രഹവും ഏതു രാജാക്കന്മാർ ആണ് സ്ഥാപിച്ചതെന്നും വിശദമായി പറഞ്ഞു തന്നു. കാശി വിശ്വനാഥ ക്ഷേത്രത്തിലുള്ള ‘അന്നപൂർണേശ്വരി’ വിഗ്രഹത്തെ കുറിച്ചൊക്കെ ദീർഘമായി പറഞ്ഞു തന്നു. ഇപ്പോൾ അതൊക്കെ മറന്നു പോയി. അതല്ലെങ്കിൽ വിശദമായി എഴുതാമായിരുന്നു. ആ പണ്ഡിറ്റ് ഒരു ആക്രമണത്തെ കുറിച്ചും എന്നോട് പറഞ്ഞില്ല. ഒരു യോഗിനി ഇതെഴുതുന്ന ആളോട് പറഞ്ഞത് കാശി വിശ്വനാഥ ക്ഷേത്രം പോലുള്ള ശിവചൈതന്യം കുടികൊള്ളുന്ന ക്ഷേത്രങ്ങൾക്ക് ഏതാക്രമണത്തേയും പ്രതിരോധിക്കാനുള്ള ഒരു സ്വയം ശക്തി ഉണ്ടെന്നാണ്. കാശിയിൽ മുഗൾ ആക്രമണകാരികളെ പേടിച്ചു മണ്ണിൽ ശിവലിംഗം കുഴിച്ചിട്ടു എന്നാണ് കഥ. ഇപ്പോഴും കാശി വിശ്വനാഥ ക്ഷേത്രത്തിലെ ശിവലിംഗം താഴ്ന്നാണ് സ്ഥിതി ചെയ്യുന്നത്. ശിവ ക്ഷേത്രത്തിന് ആക്രമണം മൂലം എന്തെങ്കിലും കേടുപാട് സംഭവിച്ചതായി അറിവില്ല. കാശി വിശ്വനാഥ ക്ഷേത്രത്തിലെ ശിവലിംഗത്തിന് യാതൊരു കേടുപാടും ഇല്ലാ. ഞാൻ വളരെ അടുത്തു നിന്ന് ആ ശിവലിംഗം കണ്ടതാണ്. കാശി വിശ്വനാഥ ക്ഷേത്രം വളരെ ചെറിയൊരു ക്ഷേത്രമാണ്; പ്രസിദ്ധി ഉണ്ടന്നേയുള്ളൂ. ആർക്കും കാശിയിൽ പോയി കണ്ട് ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ. ഉത്തരേന്ത്യൻ ക്ഷേത്രങ്ങളൊക്ക അല്ലെങ്കിലും ചെറുതാണ്. ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങളുമായി വലിപ്പത്തിൽ ഒരു താരതമ്യം പോലും സാധ്യമല്ല.

കാശി വിശ്വനാഥ ക്ഷേത്രവും, അവിടുത്തെ തെരുവുകളും വളരെ പുരാതനമാണ്. ആർക്കും ഒറ്റ നോട്ടത്തിൽ തന്നെ അത് മനസിലാകും. കാശി വിശ്വനാഥ ക്ഷേത്രത്തിനടുത്തുള്ള വാരണാസിയിൽ തന്നെയുള്ള ആനന്ദമയി മായുടെ ആശ്രമവും, യോഗിയായ ലഹരി മഹാശയയുടെ വീടും ഞാൻ സന്ദർശിച്ചതാണ്. അവിടെ ഹിന്ദുക്കളും മുസ്ലീങ്ങളും തികഞ്ഞ സൗഹാർദത്തിലാണ് ജീവിക്കുന്നത്. ‘ബനാറസ് സിൽക്ക് സാരി’ വാങ്ങിക്കാൻ എന്നെ ഒരു മുസ്ലിം നെയ്ത്തുകാരൻറ്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത് തന്നെ യോഗിയായ ലഹരി മഹാശയയുടെ വീടിന് അടുത്തുള്ള ഒരു കച്ചവടക്കാരനാണ്. ഇന്ത്യയുടെ ക്ഷേത്ര നഗരികളിലെല്ലാം ഇതുപോലെ ഹിന്ദുക്കളും മുസ്ലീങ്ങളും തികഞ്ഞ സൗഹാർദത്തിലാണ് ജീവിക്കുന്നത്.

രാമേശ്വരം ക്ഷേത്രത്തിനടുത്താണ് നമ്മുടെ മുൻ പ്രസിഡൻറ്റ് ഡോക്ടർ അബ്ദുൽ കലാം ജനിച്ചു വളർന്ന വീട്. രാമേശ്വരത്തും ഹിന്ദുക്കളും മുസ്ലീങ്ങളും തികഞ്ഞ സൗഹാർദത്തിലാണ് ജീവിക്കുന്നത്. അതുപോലെ തന്നെ വേളാങ്കണ്ണിയിലും, മുംബയിലെ മാഹി പള്ളിയിലും, ഡൽഹിയിലെ ഖാൻ മാർക്കെറ്റിൽ ഉള്ള മാതാവിൻറ്റെ പള്ളിയിലും ദിവസേന ഒഴുകിയെത്തുന്ന അന്യമതക്കാർ ആയിരങ്ങളാണ്. ഇതൊക്കെ കാണിക്കുന്ന മറ്റൊരു കാര്യവുമുണ്ട്. ഇന്ത്യയുടെ കാര്യത്തിൽ ഇടതു പക്ഷവും, യുക്തി വാദികളും, നമ്മുടെ അക്കാഡമിക് പണ്ഡിതരും മനസിലാക്കേണ്ട ഒന്നാണ് ഇവിടെ എക്കാലവും നിലനിന്നിരുന്ന ഭക്തിയും, ആത്മീയതയും. ഇടതു പക്ഷം പലപ്പോഴും ഈ ഭക്തിയേയും, ആത്മീയതയേയും ഹൈന്ദവം ആയി മാത്രം കാണുന്നു.

ഇന്ത്യയിൽ നിലനിൽക്കുന്ന ഭക്തിയും, ആത്മീയതയും കേവലം ഹൈന്ദവം മാത്രമല്ലാ. ഫക്കീറായിരുന്ന ഷിർദി സായി ബാബയേയും, ക്വാജ മൊയ്നുദ്ദീൻ ചിഷ്ടിയേയും, ആരാധിക്കുന്ന അന്യ മതക്കാർ ആയിട്ടുള്ളവർ ആയിരങ്ങളാണ്. പുനെയ്ക്കടുത്തുള്ള ഷിർദ്ദി സായി ബാബയുടെ ഖബറിൽ പോകുന്നവരിൽ മിക്കവാറും എല്ലാവരും ഹിന്ദുക്കളാണ്. “അള്ളാ മാലിക്ക്” (ദൈവമാണ് എല്ലാവരുടേയും ഉടമസ്ഥൻ), “സബ് കാ മാലിക്ക് ഏക്ക്” (എല്ലാവരുടേയും ഉടമസ്ഥൻ ഒരാൾ തന്നെ) എന്നു പറഞ്ഞ ഒരു മുസ്ലീമിൻറ്റെ ഖബറിന് ചുറ്റുമാണ് അവിടെ ഒരു അമ്പലമുള്ളത്. പച്ചത്തുണി വിരിച്ച ഖബറിൽ താടി വളർത്തിയ മുസൽമാന്മാർ വിശറി വീശുന്നത് അവിടെ ആർക്കും കാണാം. ആയിരക്കണക്കിന് വരുന്ന ഭക്ത ജനങ്ങളിൽ ഒരു മുസ്ലീമിനേയും അവിടെ കാണാറില്ല. ഹിന്ദുക്കളാണ് സായി ബാബയെ കൂടുതലും ദൈവമായി കണ്ട് ആരാധിക്കുന്നത്. ഇതൊക്കെ കാണിക്കുന്നത് ഭക്തിയുടേയും, ആത്മീയതയുടേയും കാര്യത്തിൽ ഇന്ത്യയിലെ വലിയൊരു വിഭാഗം സാധാരണ ജനങ്ങൾ മത വ്യത്യാസങ്ങൾ നോക്കാറില്ല എന്നാണ്. ഇങ്ങനെ തികഞ്ഞ മത സൗഹാർദത്തോടെ ജീവിക്കുന്ന ഇൻഡ്യാക്കാരിൽ രാഷ്ട്രീയ താൽപര്യം മാത്രം ലക്ഷ്യം വെച്ച് ഭിന്നിപ്പുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നു. അപ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അത് അയോധ്യയുടെ കാര്യത്തിലാണെങ്കിലും, കാശിയുടെ കാര്യത്തിലാണെങ്കിലും. പുറത്തുനിന്നുള്ളവരാണ് പ്രശ്നങ്ങളൊക്കെ ഉണ്ടാക്കുന്നതും. നൂറ്റാണ്ടുകളായി അവിടെ ഒരുമിച്ചു ജീവിക്കുന്ന ഹിന്ദുവിൻറ്റേയും മുസ്ലീമിൻറ്റേയും ഇടയിൽ പ്രശ്നങ്ങളൊന്നുമില്ല.

ഇന്ത്യയിൽ നിലവിലുള്ള അനവധി മതങ്ങളേയും, എല്ലാ മതങ്ങളിലുമുള്ള ഭക്തിയേയും, ആത്മീയതയേയും ശരിയായി മനസ്സിലാക്കാതെ, കമ്യൂണിസ്റ്റുകാർക്കും, ലിബറലുകൾക്കും ഇന്ത്യയെ കണ്ടെത്താനാവുകയില്ല. ഇന്ത്യയുടെ ദേശീയ ബോധത്തിൽ ഉള്ള ഈ ഭക്തിയെയും ആത്മീയതയേയും സൂക്ഷ്മമായി കണ്ടെത്തിയതും രാഷ്ട്ര നിർമാണ പ്രക്രിയക്ക് വേണ്ടി ഉപയോഗപ്പെടുത്തിയതും ഗാന്ധി ആയിരുന്നു. കമ്യൂണിസ്റ്റുകൾ രാഷ്ട്രീയ വിശദീകരണ യോഗം സന്ഖടിപ്പിച്ചപ്പോൾ ഗാന്ധിജി പ്രാർഥനാ സമ്മേളനങ്ങളാണ് സന്ഖടിപ്പിച്ചത്. കാരണം ആധ്യാത്മികതക്ക് വളരെയേറെ പ്രാധാന്യം ഉള്ള രാജ്യമാണ് ഇന്ത്യ. പാശ്ചാത്യ രാജ്യങ്ങളിലെ മത നിരപേക്ഷത അല്ല ഇന്ത്യയുടെ മത നിരപേക്ഷത. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നതാണ് ഇന്ത്യയുടെ മത നിരപേക്ഷത. മഹാത്മാ ഗാന്ധി എല്ലാ വൈകുനേരവും പ്രാർഥനാ സമ്മേളനം വിളിക്കുമായിരുന്നു. ബൈബിളും, ഗീതയും, ഖുറാനും ഒക്കെ അവിടെ വായിക്കുമായിരുന്നു.

നമ്മുടെ രാഷ്ട്ര പിതാവായിരുന്ന ഗാന്ധിജി “When I survey the wondrous Cross” എന്ന ഗാനം അവസാന നിരാഹാര സത്യാഗ്രഹത്തിന് മുൻപ് സുശീല നയ്യരെ കൊണ്ട് പാടിപ്പിച്ചു. അതു പോലെ തന്നെ വർഗീയ കലാപം ഉണ്ടായപ്പോഴൊക്കെ നിരാഹാര സത്യാഗ്രഹം പോലുള്ള സഹന സമരത്തിലൂടെയാണ് അദ്ദേഹം ജനങ്ങൾക്കിടയിലുള്ള സമാധാനം പുനഃ സ്ഥാപിച്ചത്. ജനങ്ങളുടെ ഹൃദയത്തോട് ചേർന്ന് നിന്ന് കൊണ്ട് ജനങ്ങളോട് സംസാരിച്ചു. അതാണ് മത സൗഹാർദത്തിന് ഏറ്റവും നല്ലത്. ഇവിടെ ആത്മാർധതയും, സത്യ സന്ധതയും ആണ് വേണ്ടത്.

ഗാന്ധിയുടെ മതം എന്നും ആത്മീയതയിലും, ധാർമികതയിലും അതിഷ്ടിതമായിരുന്നു. അത് ഒരിക്കലും ബി.ജെ.പി-യുടേത് പോലെ ജനങ്ങളെ ഭിന്നിപ്പിക്കാൻ വേണ്ടിയുള്ള ഒന്നല്ലായിരുന്നു. ഈ ധർമം അല്ലെങ്കിൽ ‘Righteousness’ ആണ് എക്കാലത്തും ഇന്ത്യയുടെ ആത്മീയ ബോധത്തെ മുന്നോട്ടു നയിച്ച ചാലക ശക്തി. ഇത് നഷ്ടപ്പെടുമ്പോഴാണ് രാഷ്ട്രം എന്ന നിലയിൽ നാം പ്രതിസന്ധി നേരിടുന്നത്. ഗാന്ധി അത് ഉൾക്കൊണ്ടിരുന്നതുകൊണ്ടാണ് ക്രിസ്തുവിൻറ്റെയും, ബുദ്ധൻറ്റെയും കൂടെ ചരിത്രത്തിൽ ഗാന്ധി ഇടം പിടിക്കുമെന്ന് മൗണ്ട് ബാറ്റൻ പ്രഭു പറഞ്ഞത്. മഹാത്മാ ഗാന്ധി ഇവിടെ ജീവിച്ചിരുന്നത് കൊണ്ടാണ് ഇന്ത്യ ഒരു മഹത്തായ രാഷ്ട്രം ആയി തീരാൻ കാരണം. വിഭജനത്തിൻറ്റെ സമയത്ത് പാക്കിസ്ഥാനിൽ എന്ത് സംഭവിച്ചാലും ഇന്ത്യ മത സൌഹാർദം പുലർതണമെന്നും, ഇന്ത്യയിൽ മുസ്ലീങ്ങൾ കൊല്ലപ്പെടരുതെന്നും നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി ശക്തമായ നിലപാടെടുത്തു. ഗാന്ധി അവസാനം ഹിന്ദു – മുസ്ലിം മത സൗഹാർദ്ദത്തിന് വേണ്ടി നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചപ്പോൾ അദ്ദേഹത്തിൻറ്റെ ജീവന് വേണ്ടി മോസ്ക്കുകളിൽ പോലും പ്രത്യേക പ്രാർത്ഥനകൾ നടന്നു. പാക്കിസ്ഥാനിൽ ഗാന്ധിജി കൊല്ലപ്പെട്ടതിന് ശേഷം ദുഃഖ സൂചകമായി സ്ത്രീകൾ വളകൾ പൊട്ടിച്ചു. ഇങ്ങനെ മത ന്യൂന പക്ഷങ്ങളുടെ വിശ്വാസം ആർജിക്കലാണ് ഇന്നും നമുക്ക് ആവശ്യം. മുസ്ലീമുകൾക്ക് ഹിന്ദു ഭൂരിപക്ഷ രാജ്യത്തു സുഖമായി ഉണ്ണാനും ഉറങ്ങാനും പറ്റും എന്ന് തെളിയിച്ചു കൊടുക്കേണ്ടത് ഹിന്ദുക്കളുടെ കൂടെ ചുമതലയാണ്. ഭൂരിപക്ഷം ന്യൂന പക്ഷത്തിൻറ്റെ വിശ്വാസം ആർജ്ജിച്ചു വേണം അവരോട് മത സൗഹാർദ്ദത്തിനും, സമാധാനത്തിനും വേണ്ടി സംസാരിക്കാൻ എന്നതായിരുന്നു ഗാന്ധിയൻ നിലപാട്. ഭൂരിപക്ഷം ന്യൂനപക്ഷത്തിൻറ്റെ വിശ്വാസം ആർജിക്കണം എന്ന രാഷ്ട്ര പിതാവിൻറ്റെ തത്ത്വസംഹിത എപ്പോഴും ഓർമിക്കപ്പെടേണ്ടതുണ്ട്. അല്ലാതെ ഒരു തീവ്രവാദത്തിനു പരിഹാരമായി മറ്റൊരു തീവ്രവാദം വന്നാൽ അത് എല്ലാ മനുഷ്യരെയും മതാന്ധരാക്കി മാറ്റും. മഹാത്മാ ഗാന്ധി കാണിച്ചു തന്ന ആ മത സൗഹാർദത്തിൻറ്റെ പാതയാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നമുക്ക് ആവശ്യം. ഇന്ത്യയുടെ രാഷ്ട്ര നിർമാണ പ്രക്രിയ മനസ്സിലാക്കണമെങ്കിൽ ഗാന്ധിയെ കൂടുതൽ ആഴത്തിൽ പഠിക്കേണ്ടതുണ്ട്. മത സൗഹാർദം ആഗ്രഹിക്കുന്ന എല്ലാവരും ഗാന്ധിയെ മനസിലാക്കേണ്ടതും ഈ സമയത്തിൻറ്റെ ആവശ്യകതയാണ്.