അപൂർണ്ണമായ സത്യം, നുണ പോലെത്തന്നെ അപകടകരമാണ്

295

Mahesh Haridas എഴുതുന്നു 

പണ്ട് മനോജ് ഗിന്നസിന്റെയോ മറ്റോ കോമഡി പ്രോഗ്രാമിൽ കണ്ട ഒരു സംഭാഷണമാണ്.

“മഹാരാജൻ, ഇന്ന് രാവിലെ ഉണർന്ന് ഞാൻ കണ്ണാടിയിൽ നോക്കിയപ്പോൾ എന്റെ മുഖത്ത് വലിയൊരു ഓട്ട”

“ഓഹോ, എന്നിട്ട്?”

“എന്നിട്ടെന്താ, കോട്ടുവാ ഇട്ടുകഴിഞ്ഞ് വാ അടച്ചപ്പോ അതുപോയി”

Mahesh Haridas
Mahesh Haridas

ഏറെക്കുറേ ഇതിൽ ആദ്യം പറഞ്ഞ വാചകം പോലെയാണ് ഇന്ന് കാണുന്ന പല വാർത്തകളും. ഈയടുത്ത് ഏറെ വിവാദമായ ഓമനക്കുട്ടൻ എന്ന വ്യക്തിയെക്കുറിച്ചുള്ള വാർത്ത ഉൾപ്പെടെ.

സത്യമാണോ, ആണ്. പക്ഷേ പൂർണ്ണമാണോ? അല്ല.

അപൂർണ്ണമായ സത്യം, നുണ പോലെത്തന്നെ അപകടകരമാണ്.

കരുതുന്നതിലും വളരെ വലുതാണ് വാർത്തയുടെ ശക്തി. പ്രത്യേകിച്ച് സാങ്കേതികത ഇത്രയേറെ പുരോഗമിച്ച ഈ കാലത്ത്. അമേരിക്കൻ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്ന ഇലക്ഷന്റെ റിസൾട്ടിനെ സ്വാധീനിക്കാൻ ഫേസ്ബുക്ക് വ്യാപകമായി ഉപയോഗിക്കപ്പെട്ടു എന്ന ആരോപണം മാത്രം മതിയല്ലോ ഉദാഹരണമാക്കാൻ.

അമ്പരപ്പിക്കുന്ന വേഗതയിലാണ് ഇന്ന് ഇൻഫർമേഷൻ യാത്ര ചെയ്യുന്നത്. സത്യമായാലും നുണയായാലും, ഒരു വാർത്ത പബ്ലിക്ക് ഡൊമൈനിൽ എത്തിക്കഴിഞ്ഞാൽ അതിനെ പിന്നെ നിയന്ത്രിക്കുക എന്നത് ഏറെക്കുറേ അസാധ്യമാണ്.

ഒരു സാധാരണക്കാരനെ സംബന്ധിച്ച് കണ്ട വാർത്തയുടെ സത്യസന്ധത അന്വേഷിച്ച് കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമാവില്ല. ഒരു ദുരുദ്ദേശത്തോട് കൂടിയല്ലെങ്കിൽ പോലും, കണ്ട വാർത്ത കൂടുതൽ പേരിലേക്ക് എത്തിക്കാൻ മാത്രമേ അയാൾ പലപ്പോഴും ശ്രമിക്കൂ. അതിന് അയാൾക്കുള്ള ചിലവ് കേവലം ഒരു ഷെയർ ബട്ടൻ അമർത്തുക എന്നതോ കോപ്പി ചെയ്ത് വാട്ട്സാപ്പിൽ അയക്കുക എന്നതോ മാത്രമാണ്.

അതുകൊണ്ടുതന്നെയാണ് വാർത്തയുടെ ഉറവിടങ്ങളിലെ സത്യസന്ധത അത്രയേറെ പ്രസക്തമാകുന്നത്.

വാർത്തക്കായി ജനങ്ങൾ ആശ്രയിക്കുന്ന പത്രങ്ങളും TV ചാനലുകളും ഓൺലൈൻ ന്യൂസുകളുമെല്ലാം വാർത്തകളിൽ മായം കലർത്തുന്നത് അപകടകരമാണ്.

വാർത്തകൾ ഉണ്ടാക്കുന്നവരോടും സത്യാവസ്ഥ അന്വേഷിക്കാതെ ഷെയർ ചെയ്യുന്നവരോടുമുള്ള അപേക്ഷയാണ്, രാഷ്ട്രീയമോ മതപരമോ അല്ലെങ്കിൽ മറ്റെന്തെങ്കിലുമോ ആയ ചായ്‌വുകൾ വാർത്തകളിൽ മായം കലർത്താൻ കാരണമാകരുത്.

എരിതീയിൽ എണ്ണയൊഴിക്കാനും വെള്ളമൊഴിക്കാനും നിങ്ങൾക്ക് സാധിക്കും. അഥവാ വെള്ളം ഒഴിച്ചില്ലെങ്കിലും, ദയവായി എണ്ണ ഒഴിക്കാതിരിക്കാനെങ്കിലും ശ്രമിക്കുക.

മഹേഷ് ഹരിദാസ്.

Previous articleശരശയ്യ പോലും, ശരശയ്യ…ത്ഫൂ
Next articleടെർമിനേറ്ററിലെ തോക്കൊരു സാധാരണ തോക്കല്ല
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.