തന്മാത്രക്കാലം
——–
- ഡിസംബർ. 16
ഒരു വെള്ളിയാഴ്ച്ച.
സമയം രാവിലെ ഒൻപതര കഴിഞ്ഞു കാണും. കോഴിക്കോട് പുതിയ സ്റ്റാൻഡിൽ ബസ്സിറങ്ങി മാവൂർ റോഡിലൂടെ ധൃതിയിൽ നടക്കുകയാണ് ഞാൻ. ഇന്നാണ് ’തന്മാത്ര’ റിലീസ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ കൈരളി തിയേറ്ററാണ് ലക്ഷ്യ സ്ഥാനം. ലാലേട്ടൻ ബാല്യം മുതലേ രക്തത്തിൽ അലിഞ്ഞു ചേർന്ന വൈകാരിക ആവേശമായതുകൊണ്ട് പ്രിയ നടന്റെ സിനിമകളുടെ ആദ്യ ഷോ ഒരിക്കലും മുടക്കാറില്ല.
തൊട്ടു മുൻപിറങ്ങിയ ‘നരൻ’ വലിയ വിജയമായിരുന്നു. അതിനാൽ തന്മാത്രയുടെ ആദ്യ ഷോയ്ക്ക് നല്ലതിരക്കുണ്ടാകാൻ സാധ്യതയുണ്ട്. സിനിമ കാണലിനോടൊപ്പം തന്നെ രസിപ്പിക്കുന്ന ഒന്നാണ് ആദ്യദിവസത്തെ തിയേറ്ററിനു മുൻപിലുള്ള ആരാധകരുടെ ആഹ്ളാദാരവങ്ങളും ശിങ്കാരി മേളവുമൊക്കെ. വൈകിയതു കാരണം ആ കാഴ്ച്ചകളെല്ലാം നഷ്ടപ്പെടുമോ എന്ന ഉത്കണ്ഠയിലാണ് ഞാൻ.
കൈരളിയിൽ എത്തിയ ഞാൻ അത്ഭുതപ്പെട്ടുപോയി. അവിടെ ആകെയുള്ളത് ഏഴെട്ട് പേർ മാത്രം. ആരവങ്ങളും ചെണ്ട മേളങ്ങളുമില്ലാതെ ശൂന്യമായിക്കിടക്കുന്ന ടിക്കറ്റ് കൗണ്ടറുകൾ കണ്ട എനിക്ക് കടുത്ത നിരാശ തോന്നി. തൊട്ടടുത്ത് നിൽക്കുന്ന നാല്പതിനോടടുത്ത് പ്രായം തോന്നിക്കുന്ന ഊശാൻ താടിക്കാരനോട് ഞാൻ ചോദിച്ചു:
” ഇതെന്താ ആരെയും കാണാത്തത്. ഇന്ന് ഷോ ഇല്ലേ ?”
” അവാർഡ് പടം പോലെ തോന്നുന്നുണ്ട് . അതാകും. ഞാൻ തന്നെ ട്രെയിൻ ലേറ്റ് ആയത് കാരണം സമയം കളയാനാ വന്നത്. ഛെ!
വെരണ്ടായിരുന്നു. “
അടുത്ത കാലത്ത് കണ്ട ഉശിരില്ലാത്ത സിനിമ റിലീസ് ആയല്ലോ ”പടച്ചോനെ” എന്ന് വിലപിച്ചുകൊണ്ട് ടിക്കറ്റെടുത്ത് ഞാൻ തിയേറ്ററിനകത്തേക്കു കയറി. 10 മണിയുടെ ആദ്യ ഷോ ആരംഭിക്കാറായപ്പോൾ കുറച്ചു ആളുകൾ കൂടി വന്നു ചേർന്നു.
ചുറുചുറുക്കുള്ള പ്ലസ് ടു വിദ്യാർത്ഥിയായ മനുവിന്റെ സീനുകളോടെ ‘തന്മാത്ര’ തുടങ്ങി. തുടർന്നു വന്ന രമേശൻ നായരുടെ സ്നേഹാർദ്രമായ കുടുംബ ഭാഗങ്ങൾ ഹൃദ്യമായി കാഴ്ചക്കാരെ നിമിഷങ്ങൾക്കുള്ളിൽ സിനിമയിലേക്ക് അടുപ്പിച്ചു. പ്ലസ് ടു വിന് പഠിക്കുന്നത് കാരണം കഥയുടെ അന്തരീക്ഷവുമായി ഞാനും വേഗത്തിൽ താദാത്മ്യം പ്രാപിച്ചു കഴിഞ്ഞിരുന്നു. ഇതുപോലൊരു അച്ഛനും അമ്മയും എന്റെ വീട്ടിലുമുണ്ട്. മകന്റെ സ്വപ്നങ്ങളും പഠിത്തവും പ്രോത്സാഹിപ്പിച്ച് അവനു വേണ്ടി ജീവിക്കുന്ന രണ്ടുപേർ.
മെല്ലെ മെല്ലെ സിനിമാ കാഴ്ചയെന്നുള്ളത് മറന്ന് ഒരു ജീവിതം മുൻപിലൂടെ കടന്നു പോകുന്നതു പോലായി കാര്യങ്ങൾ. ഞാൻ പരിസരം മറന്നു കഴിഞ്ഞിരുന്നു. ഇടയ്ക്കെപ്പോഴോ മനസ്സിൽ നിന്നും ഉതിർന്നു വീണ കണ്ണു നീരിനെ ഒപ്പാനായി കീശയിലുള്ള തൂവാല ഞാൻ പുറത്തെടുത്തു.
രമേശൻ നായർക്ക് ഓർമ നഷ്ടപ്പെട്ടു തുടങ്ങിയത് മുതലുള്ള ഭാഗങ്ങൾ ഇരിപ്പുറയ്ക്കാതെ ഒരു വീർപ്പുമുട്ടലോടെ മാത്രമേ കാണികൾക്ക് കണ്ടിരിക്കാൻ സാധിച്ചുള്ളൂ. . അൽഷിമേഴ്സ് എന്നൊരു രോഗത്തെക്കുറിച്ചും ആദ്യമായി മനസ്സിലാക്കിത്തുടങ്ങുന്നത് അപ്പോഴാണ്. മഹാനടന്റെ അത് വരെ കണ്ടിട്ടില്ലാത്ത വിസ്മയിപ്പിക്കുന്ന ഭാവ പ്രകടനങ്ങൾ കാഴ്ചക്കാരെ മുഴുവൻ സങ്കടത്തിന്റെ ആഴക്കടലിലെത്തിച്ചു .
കൂടെയഭിനയിച്ച മറ്റെല്ലാവരും മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ കാലത്തെ അതിജീവിക്കുന്ന ഒരു ക്ലാസിക് നേർ മുന്നിൽ ജനിച്ചു വീഴുന്നതിന് ഞാനും സാക്ഷിയായി. ഒടുവിൽ ” ലോകം മുഴുവൻ വെളിച്ചം നൽകുന്ന സൂര്യ തേജസ്സിന് പോലും ഒരു പകൽ മാത്രമാണ് ആയുസ്” എന്നെഴുതിക്കാണിച്ച് പാതി തുറന്ന കണ്ണുകളുമായി കിടക്കുന്ന രമേശൻ നായരുടെ ദൃശ്യത്തോടെ തന്മാത്ര അവസാനിച്ചു; തിരശീലയിലെ ആദ്യ കാഴ്ച്ചയിൽ മാത്രം.
തിയേറ്ററിനകത്ത് നിറഞ്ഞ കൈയ്യടി. അതൊന്നും കേൾക്കാൻ കഴിയാതെ തല കുമ്പിട്ടിരിക്കുകയാണ് ഞാൻ. നെഞ്ചിലാകെ ഒരു കടൽ ഇളകിമറയുന്നത് പോലെ. ഒരു സിനിമയാണ് കണ്ടു തീർന്നതെന്ന യാഥാർഥ്യം മനസ്സ് അംഗീകരിച്ചു തുടങ്ങുന്നേയില്ല . തുടക്കത്തിൽ പുറത്തെടുത്ത തൂവാല അപ്പോഴേക്കും നിറഞ്ഞു പുതിർന്നിരുന്നു. ദുഃഖ ഭാരത്തോടെ തിയേറ്ററിന് പുറത്തേക്ക് കടന്ന ഞാൻ രാവിലെ കണ്ട ഊശാൻ താടിക്കാരനെ വീണ്ടും കണ്ടു.
” എങ്ങനെ ഉണ്ട് പടം ? “. ഞാൻ ചോദിച്ചു.
മറുപടി പറയാതെ അയാൾ കലങ്ങിയ കണ്ണുകളോടെഎന്തോ ആലോചിച്ചു കൊണ്ട് മുന്നോട്ട് നടന്നു. പെട്ടന്ന് തിരിഞ്ഞു നോക്കി എന്നോട് പറഞ്ഞു:
” ഇന്നിനി യാത്രയില്ല. നേരെ വീട്ടിലേക്ക് പോകാണ്. ഭാര്യയെയും കുട്ടിയേയും കാണാൻ തോന്നുന്നു.”
മാർക്കറ്റിൽ നിന്ന് മീനും പച്ചക്കറിയും വാങ്ങി വീട്ടിലെത്തുമ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. ”എന്താ വൈകിയത്?” എന്ന ആശങ്ക നിറഞ്ഞ അമ്മയുടെ ചോദ്യത്തെ പതിവ് പല്ലവിയായ ” സ്പെഷ്യൽ ക്ലാസ് ഉണ്ടായിരുന്നമ്മേ” എന്ന ചിരിയോടെയുള്ള സുരക്ഷിത മറുപടി കൊണ്ട് നേരിട്ടില്ല. പകരം തന്മാത്ര കണ്ട കാര്യം തുറന്നു പറഞ്ഞു.
ഭക്ഷണം കഴിച്ച് നേരത്തെ ഉറങ്ങാൻ കിടന്നെങ്കിലും ചിന്തകളുടെ കനം വയ്ക്കലുകൾ കാരണം നിദ്രയുടെ സ്ഥിര ദൂതന്മാർ ഒരു തരത്തിലും എന്റടുത്തേക്ക് വന്നുചേർന്നില്ല. അപ്പോഴും തന്മാത്രയിലെ ചില സംഭാഷണങ്ങൾ എനിക്കു ചുറ്റും വട്ടമിട്ട് പറന്നു കൊണ്ടിരിക്കുകയായിരുന്നു.
” ബ്രെയിനിനെക്കുറിച്ചും അതിന്റെ ഫങ്ക്ഷൻസിനെ കുറിച്ചും പഠിക്കുന്നത് പോലെ തന്നെ ഇമ്പോർട്ടന്റ് ആണ് അത് പ്രവർത്തിക്കാതിരിക്കുമ്പോഴുള്ള അവസ്ഥയും. തലച്ചോറിലുണ്ടാകുന്ന ക്ഷതങ്ങൾ, അൽഷിമേഴ്സ്, ഡിമെൻഷ്യ …ഇതൊക്കെ മനസ്സിലാക്കിയാലേ ദൈവം തന്ന ജീവന്റെ വലിപ്പമറിയൂ.
ഒരുമിച്ചിങ്ങനെ യാത്ര പോയിട്ട് പിരിയുമ്പോ പ്രിയപ്പെട്ടവർക്ക് ഒരു ടാറ്റാ നൽകാൻ പോലും കഴിയാതെ ജീവനുള്ള ശരീരം മാത്രം നമുക്ക് തന്നിട്ടു പോകുന്ന മനസ്സിന്റെ ഒരു മടക്കയാത്ര.
അമ്മേന്ന് നമ്മള് കരഞ്ഞുകൊണ്ടാ വിളിക്കാൻ പഠിക്കുന്നത്. ഇങ്ങനെ കണ്ടും കേട്ടും പഠിച്ചുമൊക്കെ നേടിയെടുത്ത അറിവുകളും സ്ഥാനമാനങ്ങളും ബുദ്ധിയുമൊക്കെ നമ്മളറിയാതെ ഒരു ദിവസം അങ്ങ് തിരിച്ചെടുക്കുക.
ഈ കടല് തിരയെ തിരികെ വിളിക്കുന്നതുപോലെ അവസാനം പഠിച്ചത് ആദ്യവും ആദ്യം പഠിച്ചത് അവസാനവുമായി മറന്നു പോവുക.
100, 99, 98, 97, 96….. like that
ജരാനരകൾ ബാധിച്ച വാർധക്യത്തിൽ നിന്നും ശൈശവത്തിലേക്കുള്ള മടക്കയാത്ര. ശിശുവിനെപ്പോലെ ജീവിച്ച് ബ്രഹ്മത്തിലേക്കെത്തുന്ന മോക്ഷപ്രാപ്തി.”
ഞാൻ സ്വയം ചോദിച്ചു:
” ഇത്രയൊക്കെ അല്ലേ ഉള്ളൂ നമ്മുടെയൊക്കെ ജീവിതം?
ആർക്കും എപ്പോഴും എന്ത് വേണമെങ്കിലും സംഭവിക്കാം.
പഠിക്കുക, മാർക്ക് വാങ്ങുക – ഇതിൽപ്പരം എന്ത് സ്വപ്നവും ലക്ഷ്യവുമാണ് എന്റെ ജീവിതത്തിനിപ്പോ ഉള്ളത് ?
ഇങ്ങനൊരു ജീവിതം ജീവിച്ചു തീർത്താൽ മാത്രം മതിയോ ?
തന്മാത്ര പോലൊരു സിനിമയ്ക്ക് ഇത്രയും അസ്വസ്ഥത എന്റെ ഉള്ളിൽ സൃഷ്ടിക്കാൻ കഴിയുന്നു. നടീ നടന്മാരുടെ പ്രകടനങ്ങൾക്കപ്പുറം ബ്ലെസി എന്ന എഴുത്തുകാരന്റെയും സംവിധായകന്റെയും പ്രതിഭ കൊണ്ടല്ലേ ഇതൊക്കെ സംഭവിച്ചത്. എന്നെപ്പോലെ ആയിരക്കണക്കിനാളുകൾ ഇതേപോലെ ഇന്ന് ചിന്തിക്കുന്നുണ്ടായിരിക്കണം.
എനിക്കും ഇതുപോലെ ആളുകളെ സ്വാധീനിക്കാൻ കഴിയണം.
ചിന്തിപ്പിക്കാൻ കഴിയണം.
What to do ???
അതിനൊരു വഴിയേ മുന്നിൽ തെളിയുന്നുള്ളൂ.
I should Write & I should make films.
അധികമൊന്നും വേണ്ട , ഒരെണ്ണം..ഒരേ ഒരെണ്ണമെങ്കിലും ഇഹലോക വാസം വെടിയുന്നതിനു മുന്നെ സൃഷ്ടിക്കാൻ എനിക്ക് കഴിയണം.
ഇനിയുള്ള ജീവിതത്തിൽ അതായിരിക്കും എന്റെ ഏറ്റവും വലിയ സ്വപ്നം.’’
ബ്ലെസി സാറിനും ലാലേട്ടനും നന്ദി പറഞ്ഞു. നിമിഷങ്ങൾക്കകം ഞാൻപോലുമറിയാതെ സുഖ സുഷുപ്തി എന്നെ തെളിഞ്ഞുറക്കി.
നേരമ്പോക്കായ് മാത്രം സിനിമയെക്കണ്ടിരുന്ന ഒരാൾ സിനിമയെ പ്രണയിക്കുന്ന വ്യക്തിയായി അവിടെ രൂപാന്തരപ്പെട്ടു കഴിഞ്ഞിരുന്നു.
ആഴ്ചകൾ കഴിഞ്ഞപ്പോൾ മികച്ച പ്രേക്ഷക അഭിപ്രായത്തോടെ തന്മാത്ര അതിന്റെ വിജയ യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു. 2006 ഫെബ്രുവരിയിൽ പ്രഖ്യാപിച്ച സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ചിത്രം, സംവിധായകൻ, തിരക്കഥ, നടൻ, പ്രത്യേക ജൂറി പരാമർശം ഉൾപ്പെടെ 5 അവാർഡുകൾ വാരിക്കൂട്ടി പുരസ്ക്കാര കളരിയിലും പ്രിയചിത്രം പ്രഥമ സ്ഥാനം അലങ്കരിച്ചു.
നാലു മാസങ്ങൾക്കുള്ളിൽ എന്റെ പ്ലസ് ടു കഴിഞ്ഞു. ശരാശരി ബുദ്ധിയും പഠന നിലവാരവും വച്ചു പുലർത്തിയിരുന്ന ഞാൻ റിസൾട്ട് വന്നപ്പോൾ സ്കൂളിന്റെ ടോപ് സ്കോറർ. അദ്ധ്വാനിച്ചു പഠിച്ചതും ദൈവാനുഗ്രഹം കൊണ്ടുള്ള ഭാഗ്യവും മാത്രം കാരണം. തുടർന്ന്, സ്വാഭാവികമായും പ്രതീക്ഷകളുടെ പിൻതള്ളലുകളാൽ എത്തിച്ചേർന്നത് കോഴിക്കോട്ടെ പ്രശസ്തമായ മെഡിക്കൽ എൻട്രൻസ് പരിശീലന കേന്ദ്രത്തിൽ. ഒരു തരത്തിലും ആ അന്തരീക്ഷവുമായി എനിക്ക് യോജിച്ചു പോകാൻ കഴിഞ്ഞില്ല. ”ഇതല്ല എന്റെ വഴി” എന്ന് മനസ്സ് ഓരോ നിമിഷവും മന്ത്രിച്ചു കൊണ്ടേയിരുന്നു. രണ്ടു മാസങ്ങൾക്കുള്ളിൽ വൈദ്യ ശാസ്ത്ര ജ്ഞാന ഭിക്ഷുക്കളുടെ കൂട് പൊളിച്ചു ആശ്വാസത്തോടെ ഞാൻ രക്ഷപ്പെട്ടു.
ഇനി അടുത്ത വഴി എന്ത് ?
” BA ഇംഗ്ലീഷ് ലിറ്ററേച്ചർ അല്ലെങ്കിൽ BSC ഫിസിക്സ് എടുത്ത് കോഴിക്കോട് ആർട്സ് കോളേജിൽ പഠിക്കണം”.
അച്ഛനെയും അമ്മയെയും നിർബന്ധിച്ചു സമ്മതം വാങ്ങിയെങ്കിലും കോളേജിൽ അന്വേഷിച്ചപ്പോൾ അഡ്മിഷന്റെ സമയം അവസാനിച്ചിരിക്കുന്നു. എന്റെ അവസ്ഥ കണ്ട് വീട്ടുകാർക്ക് പരിഭ്രമം കൂടി. ആ സമയത്താണ് അച്ഛന്റെ സ്നേഹ നിർബന്ധത്താൽ മുൻപെഴുതിയ എൻജിനീയറിങ് എൻട്രൻസിന്റെ ഓർമ വരുന്നത്. ബി ടെക് പ്രവേശനത്തിനുള്ള അവസാന അലോട്ട്മെന്റ് നടക്കുകയാണ്. ഒടുവിൽ മറ്റു വഴികളില്ലാതെ അതിൽ അഭയം പ്രാപിച്ച് ഇലക്ട്രിക്കൽ എഞ്ചിനീയർ ബിരുദ പഠനത്തിനായി ഇടുക്കിയിലേക്ക് ജീവിത വണ്ടി തിരിച്ചു വിട്ടു.
ഇതിനകം എന്റെ ചിന്തകളെ പ്പോലും തന്മാത്ര ആഴത്തിൽ സ്വാധീനിച്ചു തുടങ്ങിയിരുന്നു. പ്രിയപ്പെട്ടവരുമായുള്ള സംഭാഷണങ്ങളിൽ അവരെ കളിയാക്കി സംസാരിക്കുന്ന ശീലമുണ്ടായിരുന്ന ഞാൻ പിന്നെ കൂടുതൽ ജാഗരൂകനാകാൻ തുടങ്ങി. തന്മാത്രയിലെ ലാലേട്ടന്റെ സംഭാഷണമാണ് എപ്പോഴും ആ സമയങ്ങളിൽ മനസ്സിന്റെ ദിശ തിരിക്കുക.
” മനൂ…പല തവണ ഞാൻ പറഞ്ഞിട്ടുള്ളതാ, ഒരാളെ ഇൻസൽട്ട് ചെയ്യുന്ന തരത്തിലുള്ള വാക്കുകൾ കളിയായിട്ടാണെങ്കിപ്പോലും ഉപയോഗിക്കരുതെന്ന്.”
ശിഥിലമാകുന്ന കുടുംബ ബന്ധങ്ങളും ആത്മഹത്യ എളുപ്പവഴിയാക്കുന്ന യുവത്വവും വാർത്തകളിൽ നിറയുമ്പോൾ രമേശൻ നായരുടെ ഈ വാക്കുകൾ ഇന്നും പ്രസക്തമാകുന്നു:
” ഡിവോഴ്സ് – ബന്ധം വേർപിരിയുക, സൂയിസൈഡ്- സ്വയം ഇല്ലാതാവുക. പിരിയുക…ഇല്ലാതാവുക. Two Negative Words. ഇത് നമ്മൾ വിദ്യാഭ്യാസത്തിലൂടെ ആർജ്ജിച്ചെടുത്ത അറിവുകളാണോ? വിദ്യാഭ്യാസത്തിലൂടെ വിവിധ മേഖലകൾ കീഴടക്കുന്ന നമ്മൾക്ക് ഈ അൽപ്പ ജീവിതത്തെ നയിക്കാൻ ഈ വിദ്യാഭ്യാസം കൊണ്ടു കഴിയുന്നുണ്ടോ ? ഇല്ല. Educated ആയിട്ടുള്ള പലർക്കും ഇവിടെ ജീവിതം പരാജയമാണ്. എങ്കിൽ….എങ്കിൽ നമ്മളെന്തിനു പഠിക്കണം.
നിങ്ങൾ നിങ്ങളുടെ കുട്ടികൾക്ക് പുതിയ ഉടുപ്പ് വാങ്ങിക്കൊടുക്കുന്നു. കമ്പ്യൂട്ടർ വാങ്ങുന്നു, സൈക്കിൾ വാങ്ങുന്നു, മൊബൈൽ ഫോൺ വാങ്ങുന്നു, ബൈക്ക് വാങ്ങുന്നു. അങ്ങനെ അവർ ആവശ്യപ്പെടുന്നതും ആവശ്യപ്പെടാത്തതുമായ പലതും വാങ്ങിക്കൊടുക്കുന്നു.
എന്നാൽ എപ്പോഴെങ്കിലും നിങ്ങളവരെ തലോടാറുണ്ടോ? അവരുടെ മൂർദ്ധാവിൽ ചുംബിക്കാറുണ്ടോ ? Skin desires to be touched, there should be a valid supply of stimulation. ഈ തലോടൽ ജനിച്ചു വീഴുന്ന കുഞ്ഞുങ്ങൾ മുതൽ ഇതാഗ്രഹിക്കുന്നു. അകന്നു കൊണ്ടിരിക്കുന്ന ബന്ധങ്ങളുടെ കണ്ണികളെ വിളക്കി ചേർക്കാൻ ഈ സ്പർശനവും തലോടലും മതി. ഇത് പാഠം ഒന്ന്.”
വയനാടൊഴിച്ചുള്ള എല്ലാ ജില്ലകളിലെയും വിദ്യാർത്ഥികൾ ഞങ്ങളുടെ ബാച്ചിലുണ്ടായിരുന്നു. പ്രൊഫഷണൽ കോഴ്സിന്റെ ശീലങ്ങളെ തുടക്കത്തിൽ ആർജ്ജിച്ചെടുക്കാൻ ബുദ്ദിമുട്ടിയെങ്കിലും ക്രമേണ അതെന്റെ വരുതിയിലേക്ക് വന്നു തുടങ്ങി.
പഠനത്തേക്കാൾ സാഹിത്യവും സിനിമയുമായിരുന്നു ഇന്നത്തെപ്പോലെ അന്നും എന്റെ ഏറ്റവും പ്രിയ വിഷയങ്ങൾ. ആവശ്യത്തിനു പഠിച്ച് ആവശ്യത്തിലധികം സ്വപ്നങ്ങളും സിനിമയും കണ്ടു നടക്കുന്ന സമയമായിരുന്നു അത്. ക്രിയാത്മകമായ എന്തെങ്കിലും ചെയ്യണമെന്ന് ക്രമേണ മനസ്സ് ആഗ്രഹിച്ചു തുടങ്ങി. ആവശ്യക്കാരന്റെ മുന്നിൽ അക്ഷയപാത്രം പ്രത്യകഷപ്പെട്ടെന്നോണം അത്തവണത്തെ കോളേജ് ഇലക്ഷനിൽ KSU വിജയക്കൊടി പാറിച്ചു. മാഗസിൻ എഡിറ്ററായി തിരഞ്ഞെടുക്കപ്പെട്ടത് എന്റെ ക്ലാസ്സിലെ രാജീവ്. ഒരു ദിവസം രാജീവിനോട് ഞാൻ ചോദിച്ചു:
” അളിയാ … മാഗസിന്റെ വർക്ക് തുടങ്ങിയോ ? ഞാനും ചെറുതായി ഹെൽപ് ചെയ്യാം. നമുക്ക് ബ്ലെസി യുടെ ഒരു ഇന്റർവ്യൂ ചെയ്താലോ മാഗസിനു വേണ്ടി.”
” അതിനെന്താ, നീയും കൂടിക്കോ . ബ്ലെസി യുടെ ഇന്റർവ്യൂ ഒക്കെ നടക്കുമോ ? അവരെയൊക്കെ കോൺടാക്ട് ചെയ്യാൻ തന്നെ ബുദ്ദിമുട്ടല്ലേ ?”
” അതൊക്കെ ഞാൻ ശരിയാക്കാം . നീ കൂടെ നിന്നാൽ മതി.”
സത്യത്തിൽ മാഗസിന് വേണ്ടിയെന്നതിനേക്കാൾ ബ്ലെസി സാറിനെ കണ്ടു നേരിട്ട് കുറച്ചു നേരം സംസാരിക്കുക എന്നത് അക്കാലത്തെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. അതിനൊരു സുവർണാവസരമാണ് കൈ വന്നിരിക്കുന്നത്. പക്ഷെ എങ്ങനെ അദ്ദേഹത്തെ ഈ ആവശ്യം അറിയിക്കും? ഞങ്ങളെ പരിചയപ്പെടുത്താൻ ആരുമില്ല.
ഓർക്കുട്ടിൽ അന്വേഷണം നടത്തിയപ്പോൾ CET യിലെ മാഗസിനു വേണ്ടി ബ്ലെസി സാറിനെ ഇന്റർവ്യൂ ചെയ്ത അജീഷേട്ടനെ പരിചയപ്പെട്ടു. അദ്ദേഹം തന്ന നമ്പർ വഴി അന്ന് തന്നെ ബ്ലെസി സാറിനെ വിളിച്ചു. ശാന്ത സ്വരത്തിൽ തെളിഞ്ഞു കേട്ട മറുപടി ശബ്ദത്തോട് കാര്യം അവതരിപ്പിച്ചു. ” പറ്റുമെങ്കിൽ നാളെ തന്നെ വന്നോള്ളൂ , ഈ ആഴ്ച ഞാൻ വീട്ടിലുണ്ട്” എന്ന വാക്കുകൾ തെല്ലൊന്നുമല്ല എന്നെ ആഹ്ളാദിപ്പിച്ചത്.
പിന്നൊന്നും ആലോചിച്ചില്ല. അന്ന് തന്നെ രാജീവും ഞാനും ഫാസിലും അടൂരിലേക്ക് യാത്ര തിരിച്ചു. ഫാസിലിന്റെ വീട്ടിൽ താമസിച്ച് പിറ്റേന്ന് രാവിലെ സുഹൃത്തായ അഭിലാഷേട്ടനെയും കൂട്ടി തിരുവല്ല KSRTC ബസ് സ്റ്റാന്റിനടുത്തുള്ള ബ്ലെസി സാറിന്റെ വീട്ടിൽപ്പോയി. മൂന്നര മണിക്കൂറിലധികം നീണ്ടു നിന്ന ആ ചർച്ചയിൽ ബ്ലെസി സാറിന്റെ വാക്കുകളെ സാകൂതം ഇലക്ട്രോണിക് റെക്കോർഡറിൽ ഞാൻ ഒപ്പിയെടുത്തു. ഞങ്ങളുടെ ആവേശം കണ്ട് അമ്പരപ്പോടെ അദ്ദേഹം ചോദിച്ചു:
” സത്യത്തിൽ നിങ്ങൾ എൻജിനീയറിങ് വിദ്യാർത്ഥികൾ തന്നെയല്ലേ.”
ആ വാക്കുകളായിരുന്നു അന്ന് ലഭിച്ച ഏറ്റവും വലിയ അംഗീകാരം.
‘
ജീവിതക്കാഴ്ചകളോടെ’ എന്ന പേരിൽ അഭിമുഖം ഞാൻ എഴുതി തയ്യാറാക്കി. രമ്യ ചേച്ചിയുടെ മാല പണയം വച്ചും പല തിരിമറികൾ നടത്തിയും കഷ്ടപ്പെട്ട് പണം സംഘടിപ്പിച്ച് മാഗസിൻ ജോലികൾ രാജീവ് പൂർത്തിയാക്കി. രാജീവ് തന്നെ നിർദ്ദേശിച്ച ‘അങ്ങനെ കുയിലുമൊരു കൂടുണ്ടാക്കി’ എന്ന വ്യത്യസ്തമായ പേരോടെ 2009 ജനുവരിയിൽ മാഗസിൻ ഞങ്ങൾ പുറത്തിറക്കി. അന്ന് വരെ GECI കണ്ട ഏറ്റവും നല്ല മാഗസിനുകളിൽ ഒന്നായി അതോടെ ഞങ്ങടെ ‘കുയില്’ മാറി. സബ് എഡിറ്ററായി ആദ്യ താളുകളിൽ എന്റെ പേര് തെളിഞ്ഞു കണ്ടപ്പോൾ ആദ്യം മനസ്സിൽ നന്ദി പറഞ്ഞത് ‘തന്മാത്ര’ എന്ന ചിത്രത്തോടാണ്; സ്വപ്നങ്ങൾ കാണാനറിയാത്ത ഒരു പ്ലസ് ടു ക്കാരനെ ജീവിതത്തിന്റെ വ്യത്യസ്തത മനസ്സിലാക്കി മുന്നോട്ട് നയിക്കാനുള്ള ശക്തിയും പ്രചോദനവും നൽകിയതിന്.
കോളേജിലെ തന്മാത്രക്കാലത്തെക്കുറിച്ചു പറയുമ്പോൾ ആദ്യം ഓർമ വരുന്നത് ആ പെൺകുട്ടിയെയാണ്. S3 യിലാണെന്ന് തോന്നുന്നു. ഒരു ദിവസം കോളേജ് വിട്ട് മഞ്ഞ നിറത്തിലുള്ള കുഞ്ഞൻ ബസ്സിൽ കയറിയിരിക്കുകയാണ് ഞാൻ. പുറത്ത് നല്ല മഞ്ഞ് പെയ്യുന്നുണ്ട്. അതിൽ കുളിച്ച് മഞ്ഞ നിറത്തിലുള്ള ജമന്തിപ്പൂക്കളുടെ പശ്ചാത്തലത്തിൽ GECI (Gov. Engineering College, Idukki) കൂടുതൽ സുന്ദരിയായിരിക്കുന്നു. ആ കാഴ്ചകൾ കണ്ട് ആസ്വദിച്ചിരിക്കുമ്പോൾ ഒരു പെൺകുട്ടി വന്ന് എന്റെ തൊട്ടടുത്തുള്ള സീറ്റിലിരുന്നു. മുൻപ് പലപ്പോഴായി പക്വത നിറഞ്ഞ ഒരു ചിരിയോടെ ചെറിയ വട്ട പൊട്ട് തൊട്ടിട്ടുള്ള ആ മുഖം ഞാൻ കണ്ടിട്ടുണ്ട്. സീനിയർ ചേച്ചിയാണെന്നു കരുതി അപ്പോഴെല്ലാം ബഹുമാനം വാരിക്കോരിക്കൊടുത്ത് തല കുനിച്ചു നടക്കാറാണ് പതിവ്. എന്നാൽ അന്നത്തെ ബസ് യാത്രയിലെ പരസ്പരമുള്ള സംസാരത്തിൽ ഞാനറിഞ്ഞു സഹ ബാച്ചുകാരിയായ ഒരാളാണ് കക്ഷിയെന്ന്.
ഞങ്ങളുടെ വർത്തമാനം ക്ലാസും പഠിത്തവും സുഹൃത്തുക്കളും അധ്യാപകരും കടന്ന് ഒടുവിൽ സിനിമയിലെത്തി. പിന്നെ ഒന്നും ആലോചിചിക്കാതെ തന്മാത്രയെക്കുറിച്ചായി എന്റെ സംസാരം. ആ സിനിമ എന്നെ സ്വാധീനിച്ചതിനെക്കുറിച്ചും ജീവിതത്തിന്റെ കാഴ്ചപ്പാടുകളെ മാറ്റിയതിനെക്കുറിച്ചുമെല്ലാം ഞാൻ വാതോരാതെ പറഞ്ഞു. എല്ലാം ശ്രദ്ധയോടെ നിറഞ്ഞ പുഞ്ചിരിയോടെ കേട്ടുകൊണ്ടവൾ ഇരിക്കുകയായിരുന്നു. പാറേമാവ് എത്താറായപ്പോൾ ബസ്സിൽ നിന്നും ഇറങ്ങാൻ നേരം അവൾ എന്നോട് പറഞ്ഞു:
” ഞാൻ പോട്ടെ, സ്റ്റോപ്പ് ആവാറായി. പിന്നൊരു കാര്യം, തന്മാത്ര നിന്നെപ്പോലെ, ഒരുപക്ഷെ നിന്നേക്കാൾ എന്റെ പ്രിയ്യപ്പെട്ട സിനിമയാണ്.”
ആ പറഞ്ഞത് എനിക്കത്ര സുഖിച്ചില്ല. എന്നേക്കാൾ തന്മാത്ര ഇഷ്ടപ്പെടുന്ന മറ്റൊരാളോ ?
കുശുമ്പ് നിറഞ്ഞ അസൂയ പുറത്തു കാണിക്കാതെ ഞാൻ ചോദിച്ചു:
” ആഹാ …ആണോ … എന്താ കാരണം? ”
” അതൊരു സസ്പെൻസ് ആയിരിക്കട്ടെ, അടുത്ത തവണ കാണുമ്പോൾ പറയാം.”
ഒരു കുസൃതിച്ചിരി സമ്മാനിച്ച് അവൾ ബസ്സിറങ്ങി ഹോസ്റ്റലിലേക്ക് പോയി.
പിന്നീട് കുറേ നാളുകൾ ഞാനാ മുഖം കണ്ടില്ല. ഒരു ദിവസം വൈകുന്നേരം. അതേ കുഞ്ഞൻ ബസ്സിൽ ഞാനിരിക്കുകയാണ്. ആകാശം കറുത്ത് ഇരുണ്ടിരിക്കുന്നു. ചെറുതായി ചാറ്റൽ മഴയുണ്ട്. കാലാവസ്ഥ പന്തിയില്ലാത്തതിനാൽ എങ്ങനെയെങ്കിലും ഹോസ്റ്റലിലെത്തിയാൽ മതിയെന്നാണ് എന്റെ ചിന്ത. കുറച്ചു വിദ്യാർത്ഥികൾ ബസ്സിലേക്ക് വന്ന് കയറി. അക്കൂട്ടത്തിൽ അവളുമുണ്ടായിരുന്നു. അവളെന്റെ അടുത്ത് വന്നിരുന്നു. ”കുറെ നാളുകൾക്ക് ശേഷമാണല്ലോ കാണുന്നതെന്ന” ഔപചാരിക വാക്കേറിലൂടെ വിശേഷങ്ങൾ ഞാൻ ചോദിച്ചു. ബസ് മുന്നോട്ടിഴഞ്ഞു കോളേജിന്റെ മലയിറങ്ങിത്തുടങ്ങി. കഴിഞ്ഞ തവണത്തെ അപൂർണ്ണമായ ചർച്ചയുടെ കാര്യം അപ്പോഴാണ് എനിക്കോർമ്മ വന്നത്. ആകാംക്ഷ നിറഞ്ഞ ത്വരയോടെ ഞാൻ ചോദിച്ചു:
” തന്മാത്രയുടെ ഇഷ്ടത്തിനു പിന്നിലെ ആ സസ്പെൻസ് എന്താണ്? ഇന്നെന്തായാലും എനിക്കത് പറഞ്ഞു തരണം.”
തന്റെ പതിവ് ചിരി ചിരിച്ചു കൊണ്ടവൾ എന്നോട് പറഞ്ഞു:
” ആ അതോ, എനിക്കതൊരു സിനിമ അല്ലെടാ. അതെന്റെ ജീവിതം തന്നെയാ. എന്റെ അച്ഛനും അതെ അവസ്ഥയിലൂടെ ജീവിച്ചതാ. അവസാനം രമേശൻ നായരെപ്പോലെ അമ്മയെയും ചേട്ടനെയും എന്നെയും തനിച്ചാക്കി ഒരു ദിവസം അച്ഛൻ പോയി.”
ആ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു. എന്ത് തിരിച്ചു പറയണമെന്നറിയാതെ ഞാൻ നിസ്സഹായനായി . വിഷയം മാറ്റാൻ വേറെ ചില കാര്യങ്ങൾ പറഞ്ഞെങ്കിലും അതൊന്നും അവളുടെ ശ്രദ്ധയിലേക്ക് വന്നില്ല. അവൾ തുടർന്നു:
” അച്ഛന് അൽഷിമേഴ്സ് അല്ലായിരുന്നു. ഒരു സ്ട്രോക്ക് വന്ന് തലയിലെ ഏതോ നെർവിന് പ്രോബ്ലം ആയതാ. പക്ഷേ, അതോടെ ഓർമ കുറഞ്ഞു. എന്നെയും ചേട്ടനെയും പോലും കുറേ പറഞ്ഞാലേ മനസ്സിലാകൂ. ഏഴു വർഷം അങ്ങനെ ജീവിച്ചാ അച്ഛൻ പോയത്.”
അച്ഛനോടുള്ള തീവ്ര സ്നേഹം ആ വാക്കുകളിൽ തുളുമ്പി നിന്നിരുന്നു.
” അച്ഛന് നിന്നെക്കുറിച്ചു വല്ല സ്വപ്നങ്ങളുമുണ്ടായിരുന്നോ ? ” ഞാൻ ചോദിച്ചു.
”എനിക്ക് SSLC ക്ക് സ്കൂളിൽ ഫസ്റ്റ് കിട്ടിയപ്പോ അച്ഛൻ കുറെ സന്തോഷിച്ചു . ചെറുപ്പത്തിൽ അച്ഛൻ പറയുമായിരുന്നു എന്നെ IPS കാരി ആക്കണമെന്ന്. അതൊന്നുമായില്ലെങ്കിലും ഒരു നല്ല നിലയിൽ എനിക്ക് പഠിച്ചെത്തണം. അതാ അച്ഛന് കൊടുക്കാൻ കഴിയുന്ന എന്റെ ഏറ്റവും വലിയ ദക്ഷിണ. ”
പുറത്ത് ചാറ്റൽ മാറി മഴ കനത്തു പെയ്യുകയാണ് .
” എല്ലാം നടക്കും. പ്രാർത്ഥിക്കാം.” ഞാൻ പറഞ്ഞു.
അപ്പോഴാണ് ഒരു കാര്യം ഓർക്കുന്നത്. ഇത്രയൊക്കെ സംസാരിച്ചെങ്കിലും അവളുടെ പേര് എനിക്കറിയില്ലായിരുന്നു. ഞാൻ സോറി പറഞ്ഞുകൊണ്ട് പേര് ചോദിച്ചു. അവൾ പേര് പറഞ്ഞു. ഭഗവാന് പ്രിയ്യപ്പെട്ടൊരു നാമം.
ബാഗിൽ നിന്നും കുടയെടുത്ത് ബസ്സിറങ്ങാൻ നേരം അവൾ എന്നോട് പറഞ്ഞു:
” ഈ കോളേജിൽ എന്റൊരു ഫ്രണ്ടിനൊഴിച്ച് വേറാർക്കും ഇ കാര്യം അറിയില്ല. മഹേഷിന് ‘തന്മാത്ര’ ഇത്രയും ഇഷ്ടമാണെന്ന് പറഞ്ഞതു കൊണ്ടാ ഞാനിതെല്ലാം പറഞ്ഞത്. ഈ സെന്റിമെന്റൽ ഫ്ലാഷ്ബാക്ക് തൽക്കാലം വേറാരോടും പറയണ്ട. ”
“മ്മ് …ശരി”. ഞാൻ തല കുലുക്കി.
ആ ബസ് യാത്രയ്ക്ക് ശേഷം അപൂർവ്വമായേ ഞങ്ങൾ കണ്ടിട്ടുള്ളൂ. പക്ഷെ ഇന്നും GECI സമ്മാനിച്ച ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളാണ് ആ പെൺകുട്ടി.
നാല് വർഷത്തെ കോളേജ് ജീവിതം കഴിയാറാകുന്ന വേളയിൽ ഓട്ടോഗ്രാഫിനായി ഞാൻ കൊടുത്ത ഡയറിയിൽ അവളെഴുതി:
” മഹേഷിന്റെ മുഖത്തൊരു ദൃഢ നിശ്ചയമുണ്ട്. മറ്റൊരു തന്മാത്ര ഒരിക്കൽ ഉറപ്പായും സംഭവിക്കും. ആശംസകൾ.”
എൻജിനീയറിങ് കഴിഞ്ഞു. സ്വപ്നങ്ങളുടെ രാജ്യത്ത് നിന്നും യാത്ര ചെയ്ത് യാഥാർഥ്യങ്ങളുടെ പ്രായോഗിക ലോകത്ത് ഞാൻ എത്തിച്ചേർന്നു. സിനിമ അപ്പോഴും ഒരു പ്രണയമായി കൂടെയുണ്ടായിരുന്നു. ബ്ലെസി സാറിന്റെയും മറ്റ് ചില സംവിധായകരുടെയും സഹായിയാകാനുള്ള ചില ശ്രമങ്ങൾ നടത്തി നോക്കി. പക്ഷേ ഒന്നും ഫലം കണ്ടില്ല. അതാണല്ലോ കുറെ കാലമായുള്ള നമ്മുടെ അനുഭവം !
ചരിത്രം ആവർത്തിച്ചു തുടങ്ങിയപ്പോഴേക്കും സാമ്പത്തിക അസ്ഥിരതയും അപകർഷതയും എന്നെ കൂടുതൽ മാനസികമായി തളർത്തിത്തുടങ്ങി. തരക്കേടില്ലാത്ത മാർക്കോടെ പാസ്സായെങ്കിലും മെച്ചപ്പെട്ട ശമ്പളമുള്ള ഒരു ജോലിയും ലഭിക്കുന്നുമില്ല. വിസിറ്റ് വിസ വഴി ദുബായിയിലേക്ക് പറന്നെങ്കിലും അവിടെയും ധന നഷ്ടം മാത്രം മിച്ചം.
ഇതിനിടയിൽ വിവാഹവും നടന്നു. കടൽ കടക്കുക മാത്രമായിരുന്നു ജീവിതം കരുപ്പിടിപ്പിക്കാനുള്ള പിന്നത്തെ ഏക വഴി. രണ്ടാമൂഴത്തിൽ ദുബായിയിലെ ഒരു കമ്പനിയിൽ എനിക്ക് ജോലി ലഭിച്ചു. പ്രവാസ ജീവിതത്തിന്റെ തിരക്കിലേക്ക് കടന്നപ്പോൾ ‘സിനിമ സൃഷ്ടിക്കുക’ എന്ന ജീവിത സ്വപ്നംഎവിടെയോ നഷ്ടപ്പെട്ട അത്ഭുത വിളക്ക് പോലെയായി. എല്ലാം മറന്നു തുടങ്ങിയിരിക്കുന്നു!
കൊറോണക്കാലത്തെ ഒഴിവ് സമയത്ത് ഞാനെഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് വായിച്ച് ആ പെൺകുട്ടി 8 വർഷങ്ങൾക്കു ശേഷം എനിക്കൊരു മെസ്സേജ് അയച്ചു :
” ഹലോൺ … എഴുത്ത് വീണ്ടും തുടങ്ങിയതിൽ സന്തോഷം. ഇയാൾടെ സിനിമ പ്രതീക്ഷിക്കുന്ന ആൾക്കാർടെ കൂട്ടത്തിൽ ഞാനുണ്ട്ട്ടോ. ”
‘തന്മാത്ര’ സമ്മാനിച്ച ആ സുഹൃത്തിന് ഞാൻ നന്ദി പറഞ്ഞു.തിരുവന്തപുര ത്തുള്ള ഒരു MNC യിൽ ജോലി ചെയ്യുന്നതും വിവാഹം കഴിഞ്ഞ് ഭർത്താവിനും കുഞ്ഞിനുമൊപ്പം സന്തോഷത്തോടെ ജീവിക്കുന്നതുമായ അവളുടെ വിശേഷങ്ങൾ എന്നെ കുറേ സന്തോഷിപ്പിച്ചു. അവളുടെ അച്ഛൻ അകലെയുള്ള മറ്റൊരിടത്ത് നിന്ന് ഇതെല്ലാം കണ്ട് മനസ്സ് നിറഞ്ഞു ആനന്ദിക്കുന്നുണ്ടായിരിക്കും. തീർച്ച.
വർഷങ്ങൾക്ക് ശേഷം തന്മാത്ര വീണ്ടും എന്നെ വിസ്മയിപ്പിക്കുകയാണ് . ആ പെൺകുട്ടിയിലൂടെ. എന്തുകൊണ്ടായിരിക്കും ഈ ചിത്രം ഞങ്ങളെപ്പോലെ നിരവധി പേരെ ജീവിതത്തിൽ ഇത്രയും സ്വാധീനിക്കുന്നത് ?
തന്മാത്രയുടെ അവസാന ഭാഗത്ത് IAS ഇന്റർവ്യൂ പാനലിന് മുൻപിൽ മനു പറയുന്ന വാക്കുകളിലൂടെ സിനിമ തന്നെ അതിനുള്ള ഉത്തരം നൽകുന്നുണ്ട്. ഞാനും നിങ്ങളുമുൾപ്പെടുന്നവർ പലപ്പോഴും ചിന്തിച്ചിട്ടുള്ള അതേ കാര്യം.
“Who is your motivator?”
“My Father is my motivator. Brahma the creator created the God Brahman. My Parents are my guards. He who leads one from darkness to light is a true Guru.
My father is my Guru.
ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു ഗുരുർ ദേവോ മഹേശ്വര
ഗുരു സാക്ഷാത് പരബ്രഹ്മ തസ്മൈ ശ്രീ ഗുരുവേ നമഃ”
( മഹേഷ് ലാൽ
15. Dec. 2020)