‘കൊട്ടാരത്തില്‍ പണിത പുതിയ കക്കൂസ്സില്‍ പ്രജാപതിക്കുംമുന്നേ ആരോ കേറി സാധിച്ചു ‘

138

മഹേഷ്‌ വിജയന്‍ വർത്തമാനകാല സംഭവത്തെ അടിസ്ഥാനമാക്കി എഴുതിയ പൊളിറ്റിക്കൽ സറ്റയർ . ഒ.വി വിജയന്റെ ധർമ്മപുരാണം എന്ന വിഖ്യാതമായ രചനയെ ഓർക്കുക

(അ)ധര്‍മ്മപുരാണം..

കൊട്ടാരത്തില്‍ പണിത പുതിയ കക്കൂസ്സില്‍ പ്രജാപതി തൂറും മുന്നേ ആരോ തൂറി. വാര്‍ത്ത കാട്ടുതീയായി പടര്‍ന്നു. തൂറിയവനെ തേടി സൈന്യം നാടെങ്ങും അരിച്ച് പെറുക്കി നടന്നു. മന്ത്രി കൊട്ടാരം ജ്യോതിഷിയെ അടിയന്തിരമായി വിളിച്ച് വരുത്തി. ജ്യോതിഷി കവടി നിരത്തി പ്രജാപതിക്ക് കീഴ്ശ്വാസം വിടാന്‍ പറ്റിയ പുതിയ മുഹൂര്‍ത്തം നിശ്ചയിച്ചു. അതിന് മുന്നേ നാടന്‍ പശുവിന്റെ പാലും പുണ്യാഹവും ഒഴിച്ച് കക്കൂസ് വൃത്തിയാക്കണം. സേനാധിപന്‍ നേരിട്ട് കക്കൂസിന് കാവല്‍ നിന്നു. ഒരീച്ചപോലും അകത്ത് പോയ്‌ക്കൂടാ.

പ്രജാപതി ആകെ അസ്വസ്ഥനായി. കേരപുരി രാജ്യം ഉണ്ടായപ്പോള്‍ മുതല്‍ ജനങ്ങൾക്ക് വേണ്ടി നടത്തി വരുന്ന ചടങ്ങാണ് തെറ്റിക്കപ്പെട്ടത്. തന്റെ മുതുമുത്തച്ഛനായിരുന്നു കൊട്ടാരത്തിലെ ആദ്യത്തെ കക്കൂസ് തൂറി ഉദ്ഘാടനം ചെയ്തത്. ജനങ്ങള്‍ അപ്പോള്‍ തുള്ളിച്ചാടി ആഹ്ലാദനൃത്തം ചവിട്ടി. എന്തൊരു വലിയ ആഘോഷമായിട്ടായിരുന്നു അത്. ആ പാരമ്പര്യം മുടക്കിയവർ രാജ്യദ്രോഹികൾ.
“ഇനി നോം തൂറും മുമ്പ് ആരും തൂറാനോ വളി വിടാനോ പാടില്ല.”

വിദൂഷകരും രാജ കിങ്കരന്മാരും രാജ കല്പന നാടൊട്ടുക്ക് വിളംബരം കൊട്ടി പ്രജകളെ അറിയിച്ചു. രാജാവ് ഉണരാന്‍ വൈകുന്ന ദിവസങ്ങളില്‍ ജനങ്ങള്‍ പുറത്തിറങ്ങാതെ മൂക്ക്പൊത്തി വീടിനുള്ളില്‍ കാത്തിരുന്നു. പലരും തൂറാനേ മടിച്ച് നിന്നു. തൂറിയവനെ കണ്ടില്ലെങ്കില്‍ കണ്ടവനെ പൊക്കുന്നവരാണ് രാജകിങ്കരന്മാര്‍. രാജാവ് കീഴ്ശ്വാസം വിടുമ്പോള്‍ ദേശീയഗാനം ആലപിക്കപ്പെട്ടു; ജനങ്ങള്‍ എഴുന്നേറ്റ് നിന്ന് രാജഭക്തി പ്രകടിപ്പിച്ചു. അനന്തരം അവര്‍ കക്കൂസുകളിലേക്ക് പോയി.

“മഹാരാജന്‍ ഇവനാണാ മഹാപരാധി.”
കൊട്ടാരം തൂത്ത് വൃത്തിയാക്കാന്‍ പുതിയതായി വന്ന ഒരു തൂപ്പുകാരനെ രാജകിങ്കരന്മാര്‍ വലിച്ചിഴച്ച് കൊണ്ടു വന്നു. ദര്‍ബാര്‍ ഹാളില്‍ പലതരത്തിലുള്ള ആക്രോശങ്ങള്‍ മുഴങ്ങി.
ഇവനെ കൊല്ലണം…
ഈ രാജ്യദ്രോഹിയെ നാട് കടത്തണം…
പ്രജാപതി സിംഹാസനത്തില്‍ ആസനസ്ഥനായി. തൂപ്പുകാരന്റെ കുറ്റ വിചാരണ ആരംഭിച്ചു. സര്‍വ്വ സൈന്യാധിപന്‍ കുറ്റപത്രം ഉറക്കെ വായിച്ചു.
“പ്രജാപതിയ്ക്ക് മുന്നേ തൂറി കൊട്ടാരം അശുദ്ധമാക്കി. കൊട്ടാരം അശുദ്ധമാക്കാന്‍ പലരേയും പ്രേരിപ്പിച്ചു. കൂടാതെ പതിനായിരം ചക്രത്തിന്റെ നഷ്ടം കക്കൂസിന് ഉണ്ടാക്കി.”
“ഇവന്‍ തന്നെയാണോ അത് ചെയ്തത്….? പ്രജാപതി ചോദിച്ചു.
“അതേ അവിടുന്നേ…അടിയന്‍ മണത്ത് നോക്കി സ്ഥിരീകരിച്ചതാണ്, ഇവന്‍ തന്നെയാണ് അത് ചെയ്തത്”
“നിനക്കെന്താ പറയാനുള്ളത്….?”
തൂപ്പുകാരന് നേരെ തിരിഞ്ഞ് രാജാവ് ചോദിച്ചു.
“മാപ്പാക്കണം… അടിയന്‍ മുട്ടിപ്പോയപ്പോള്‍ ചെയ്തതാണേ..”
സദസ്സില്‍ കൂട്ടച്ചിരി ഉണര്‍ന്നു.
“കക്കൂസ് ഇല്ലാത്ത ഒരു ദ്വീപിലേക്ക് ഇവനെ നാട് കടത്താന്‍ നോം ഉത്തരവിടുന്നു.”
കിങ്കരന്മാര്‍ രാജശാസനം ശിരസ്സാ വഹിച്ചു.
രാജ്യം സന്തോഷത്താല്‍ നീണാള്‍ വാണു.

വാല്‍ക്കഷണം: ഈ കഥയ്ക്ക്‌ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തേലും സാദൃശ്യം തോന്നിയാല്‍ അത് യാദൃശ്ചികമാണ്…