മഹേഷിന്റെ പ്രതികാരവും ഭാസ്കരന്റെ പ്രതികാരവും – ഒരു താരതമ്യ പഠനം

0
62

Melwin Paul എഴുതിയത്

അർഹതപ്പെട്ടതെങ്കിലും, മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുക്കളെ പരാമർശിക്കുമ്പോൾ ഏറെയൊന്നും ഉയർന്നു കേൾക്കാത്ത പേരാണ് രഘുനാഥ് പലേരിയുടേത്. ഗ്രാമീണനായ ഒരു മലയാളി ‘അത്യാധുനിക’നും, ‘പരിഷ്കാരി’യുമെല്ലാം ആയിത്തീരുന്നതിനും മുൻപ് എപ്രകാരമുള്ളവരായിരുന്നു എന്നതിനെക്കുറിച്ചുള്ള ഏകദേശം കൃത്യമായ ഒരു വിവരം തരാൻ തക്കവണ്ണം പ്രാപ്തിയുള്ളവയാണ് അദ്ദേഹത്തിന്റെ മിക്ക രചനകളും. മുഖ്യധാരാ ചലച്ചിത്രങ്ങളിൽ കണ്ടുവരുന്ന പൊടിപ്പും, തൊങ്ങലുകളും രചനകളിൽ കാണാമെങ്കിലും, അത്യതിശയോക്തിയുടെയും, തനി കച്ചവടത്തിന്റെയും തലങ്ങളിലേക്ക് താണുപോകാതെയുള്ള രൂപകല്പനയാണ് രഘുനാഥ് പലേരിയുടെ ഭൂരിഭാഗം രചനകൾക്കും. പൊൻമുട്ടയിടുന്ന താറാവ്, മഴവിൽക്കാവടി, മേലേപ്പറമ്പിൽ ആൺവീട് എന്നിങ്ങനെ ഒരു ശരാശരി കേരളീയപ്രേക്ഷകൻ എന്നും ഗൃഹാതുരതയോടെ സ്നേഹിക്കുന്ന തരം ചലച്ചിത്രങ്ങൾക്കെന്നപോലെത്തന്നെ സ്വം, വാനപ്രസ്ഥം തുടങ്ങി (ഷാജി എൻ കരുണിനൊപ്പം) അന്താരാഷ്ട്ര പ്രസിദ്ധിയാർജ്ജിച്ച ചലച്ചിത്രങ്ങൾക്കും അദ്ദേഹം രചന നിർവ്വഹിച്ചിട്ടുണ്ട്.

My top five are... - The Hinduഈ ചിത്രം ‘ഭാസ്കരന്റെ പ്രതികാരമാണ്’. നിങ്ങൾക്കിതു കേൾക്കുമ്പോൾ ‘മഹേഷിന്റെ പ്രതികാരം’ ഓർമ്മ വന്നെങ്കിൽ അത് യാദൃശ്ചികമല്ല! കാരണം, ‘താറാവി’ലെ പല കഥാപാത്രങ്ങളും, സന്ദർഭങ്ങളും ‘മഹേഷിന്റെ പ്രതികാരത്തിലും’ കാണാനാവും. ആദ്യത്തേത് ‘സ്നേഹലത’ തന്നെ. തട്ടാൻ ഭാസ്കരനെ ‘നൈസായി ഒഴിവാക്കു’ന്ന സ്നേഹലത ചെയ്യുന്നതു തന്നെയാണ് ‘മഹേഷിന്റെ പ്രതികാര’ത്തിൽ ‘സൗമ്യ’യും ചെയ്യുന്നത്. രണ്ടിലും, പിതാവിന്റെ നിർബന്ധത്തിനു വഴങ്ങുന്നു എന്നതിലുപരിയായി മെച്ചപ്പെട്ട ഒരു ജീവിതനിലവാരം തന്നെയാണ് രണ്ട് കഥാപാത്രങ്ങളുടെയും ലക്ഷ്യം. സൗമ്യ തന്റെ വിഷമം ഒരു കെട്ടിപ്പിടുത്തത്തിലൂടെയും, കരച്ചിലിലൂടെയും ഒഴുക്കിക്കളയുമ്പോൾ, സ്നേഹലതയുടെ വിഷമം (എതെങ്കിലും ഉണ്ടെങ്കിൽ!) അത് പെണ്ണ് കാണാൻ വരുന്ന പവിത്രനെക്കാണുമ്പോൾത്തന്നെ തീരുന്നുണ്ട്. രണ്ടു പേരും വിവാഹം കഴിക്കുന്നത് പ്രവാസികളെ. കാലമിത്രയായിട്ടും, വിവാഹമെന്നു വരുമ്പോൾ കേരളീയ സമൂഹത്തിൽ ഇപ്പോഴും പ്രഥമ പരിഗണന വിദേശനാണ്യത്തിനു തന്നെ! പിന്നെ നായകൻമാരുടെ അച്ഛൻ കഥാപാത്രങ്ങൾ. പ്രണയനഷ്ടത്തിൽ തകർന്നു പോകുന്ന മക്കളെ ആശ്വസിപ്പിക്കുന്നവരാണ് തട്ടാൻ ഗോപാലനും, വിൻസെന്റ് ഭാവനയും. ഭാസ്കരനും, മഹേഷും പിൻതുടരുന്നത് കുലത്തൊഴിലുകൾ തന്നെ. ആദ്യ പ്രണയത്തകർച്ചയിൽ നിന്നും രണ്ടു നായകന്മാരും ഉയിർത്തെഴുന്നേൽക്കുന്നത് അവരവരുടെ തൊഴിൽമേഖലയിൽ മെച്ചപ്പെട്ടുകൊണ്ടാണ്. അടുത്ത സാമ്യം അവർ തങ്ങളുടെ ജീവിതപങ്കാളികളെ കണ്ടെത്തുന്നിടത്ത്. ഭാസ്കരന് തനിത്തങ്കമായ ഡാൻസ് ടീച്ചർ പാർവ്വതിയും, മഹേഷിന് മനോഹരമായി നൃത്തം വെക്കുന്ന, തന്റേടിയായ ജിൻസിയും പിന്നീട് കടന്നു വരുന്നു. ചിത്രങ്ങളുടെ അന്ത്യവും ഏതാണ്ട് സാമ്യമുള്ളത്. അതായത്, രണ്ടിലും നായകൻമാർ വിവാഹിതരായേക്കാം എന്നൊരു ശുഭപ്രതീക്ഷ പ്രേക്ഷകന് നൽകിക്കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.

Theliveyil' song of 'Maheshinte Prathikaaram' is love in times of death | Maheshinte  Prathikaram | Anusree | Fahadh Faasil | Music Newsഎനിക്കു തോന്നിയ ഈ സാമ്യങ്ങൾ ഇവിടെ കുറിയ്ക്കുന്നത് ‘മഹേഷിന്റെ പ്രതികാര’ത്തെ ഒരു തരത്തിലും വിമർശിക്കാനോ, താഴ്ത്തിക്കെട്ടാനോ അല്ല, തീർച്ചയായും. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകൾക്കിടയിൽ മലയാളത്തിൽ നിർമ്മിക്കപ്പെട്ട ഏറ്റവും സമതുലിതമായ (Balanced) ചലച്ചിത്രമായിക്കണ്ട് ഞാനിഷ്ടപ്പെടുന്ന ഒന്നാണ് ‘മഹേഷിന്റെ പ്രതികാരം’. രണ്ടു ചിത്രങ്ങളെയും ചേർത്തുവെച്ചു കൊണ്ടുള്ള എന്റെ നിരീക്ഷണം ആരംഭിച്ചത് ഒറ്റ ഘടകത്തിൽ നിന്നുമാണ്. ‘താറാവും’, ‘പ്രതികാരവും’ പ്രകടിപ്പിക്കുന്ന കൊതിപ്പിക്കുന്ന ലാളിത്യമാണത്. പ്രേക്ഷകനെ ലാളിത്യമെന്നത് അത്രയും സ്പർശ്യമായി അനുഭവിപ്പിക്കുന്ന മനോഹര സൃഷ്ടികളാണ് രണ്ടു സിനിമകളും. കാലഘട്ടം ഏതു തന്നെയായാലും, ഏതു സൃഷ്ടികളിലും പ്രതിപാദിപ്പിക്കപ്പെടുന്നത് മിക്കവാറും ഒരേ തരം സംഗതികൾ (മനുഷ്യാവസ്ഥകൾ) തന്നെയാണെന്നും ഇവിടെ കാണാം.

ഓഹരി വിപണിയിൽ ‘Futures and Options’ എന്നൊരു വിഭാഗമുണ്ട്. ഒരു നിക്ഷേപകൻ, തന്റെ മുടക്കുമുതലിന് സംഭവിച്ചേക്കാൻ സാദ്ധ്യതയുള്ള നഷ്ടത്തിന്റെ ആഘാതം പരമാവധി കുറയ്ക്കുവാൻ ഉപയോഗിക്കുന്ന സങ്കേതങ്ങളാണവ. അതിനയാൾ പ്രയോഗിക്കുന്ന തന്ത്രമാണ് ‘Hedging’. ഇപ്പറഞ്ഞ ഹെഡ്ജിംഗ് എന്റെയറിവിൽ മലയാളസിനിമയിലെന്നല്ല, ലോകസിനിമയിൽത്തന്നെ ആദ്യമായും അവസാനമായും പ്രണയത്തിനു വേണ്ടി പ്രയോഗിച്ച നായകൻ ‘പൊൻമുട്ടയിടുന്ന താറാവി’ലെ തട്ടാൻ ഭാസ്കരനാണ്. തന്റെ പ്രണയിനിയായ സ്നേഹലതയെ സ്വന്തമാക്കുവാൻ വേണ്ടി അവളുടെ അച്ഛനെ പ്രീണിപ്പിക്കുവാനാണ്, അവളുടെ തന്നെ നിർദ്ദേശപ്രകാരം അയാൾ ‘പത്തു പവ’ന്റെ മാല അവൾക്കായി ഉരുക്കിത്തീർത്തത്. ചെമ്പിൽത്തീർത്ത മാല സ്വർണ്ണം പൂശി അവൾക്ക് നൽകിയിടത്താണ് ഭാസ്കരൻ ‘ഹെഡ്ജിംഗ്’ പ്രയോഗിച്ചത്! അതായത്, ആ മാല വഴി സ്നേഹലത തന്റെ സ്വന്തമായിത്തീരുകയാണെങ്കിൽ വൻലാഭം; അതല്ല, മറിച്ച് സംഭവിക്കുകയാണെങ്കിൽ പത്തു പവൻ സ്വർണ്ണം തന്നെ നൽകിയിരുന്നെങ്കിൽ സംഭവിച്ചിരുന്നേക്കാവുന്ന നഷ്ടത്തിൽ നിന്നും അയാൾക്കു രക്ഷ!! ഭാസ്കരൻ നൽകിയ മാല സ്നേഹലതയുടെ അച്ഛൻ ‘സഹോദര സ്നേഹ’ത്തിൽ പൊതിഞ്ഞ് കൗശലത്തിൽ കൈവശപ്പെടുത്തിയപ്പോൾ ‘ഹെഡ്ജിംഗ്’ ഫലം കാണുകയാണ്.

പ്രയോഗികമതിയെങ്കിലും, ഒരു കുഞ്ഞിന്റെ കാതുകുത്തുമ്പോൾ ഹൃദയത്തിൽ അതിന്റെ വേദനയനുഭവിക്കുന്ന തട്ടാൻ ഭാസ്കരനെയും, തട്ടാനെ വലച്ച സ്നേഹലതയേയും, വീട്ടിനകത്ത് വിവാഹപ്രായമായ ഒരു മകളും, നെഞ്ചിനകത്ത് തീയുമായി നിൽക്കുന്ന പണിക്കരെയും, മരണമില്ലാത്തവനായ തട്ടാൻ ഗോപാലനെയും, പകലിലും ഇരവിലും താൻ ചെയ്യുന്ന പാപങ്ങൾ പൊറുത്തുതരാൻ തന്റെ ഉപാസനാ മൂർത്തിയോട് പ്രാർത്ഥിക്കുന്ന നിഷ്കളങ്കനായ വെളിച്ചപ്പാടിനെയും, രാത്രിയുടെ മറവിൽ ദേവയാനിക്ക് സദാചാരമൂട്ടാൻ പരിപ്പുവടയുമായി പോകുന്ന നാട്ടിലെ പ്രമാണി മാധവൻ നായരെയും, മൂന്നു തലമുറയായി തങ്ങൾ വാങ്ങി വിൽക്കുന്ന പശുവിന്റെ പാൽകുടിക്കാൻ യോഗമില്ലാത്ത തനി കച്ചവടക്കാരൻ പാപ്പിയെയും, തന്റെ തലയ്ക്കു മീതെ നൃത്തം വെയ്ക്കുന്ന ദുരിതത്തെ പുകച്ചു പുറത്താക്കാൻ ശ്രമിക്കുന്ന അവുക്കറെയും, പുറത്തിറങ്ങി മഴവില്ലു കാണാൻ കൊതിക്കുന്ന തന്റെ കൽമയി ബീവിയെ വീട്ടിനകത്തുതന്നെ അതുകാണിക്കുന്ന ഹാജിയാരെയും, വിവേകിയായ പവിത്രനേയും, പൂച്ചക്കണ്ണുകളുള്ള പാർവ്വതിട്ടീച്ചറെയും, ഇതിനേക്കാളെല്ലാം ഞാൻ വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന എന്റെ പഴയ നാട്ടുകാരെയും, നാട്ടുവഴികളുമെല്ലാം കണ്ടാസ്വദിക്കുവാനായി വർഷത്തിലൊരിക്കലെങ്കിലും ഒരനുഷ്ഠാനം പോലെ ഞാൻ കാണാറുണ്ടീ സിനിമ!

(ദുഃഖം മറക്കാൻ ദേവയാനിയൊഴിച്ചു കൊടുത്ത 500 മില്ലിയടിച്ചു തലയുറയ്ക്കാതെ ഇരിയ്ക്കുന്ന ഭാസ്കരനോട് അച്ഛൻ തട്ടാൻ ഗോപാലൻ ഒരു 200 മില്ലി തനിക്കുവേണ്ടി കൊണ്ടു വരാമായിരുന്നില്ലേ എന്നു ചോദിക്കുന്ന രംഗം. തന്റെ മകന്റെ ദുഃഖത്തിൽ താനും ഒപ്പം ദുഃഖിക്കുന്നു എന്ന് പറയാതെ പറയുന്ന ആ രംഗമാണ് എനിക്കീ ചിത്രത്തിൽ ഏറ്റവും പ്രിയപ്പെട്ടത്! ഇഷ്ട കഥാപാത്രം സ്നേഹലതയും.)