മണവാട്ടിപ്പെണ്ണിനെ ഇറക്കിക്കൊടുക്കാന്‍ സമയമായി, എല്ലാവരും പെണ്‍കുട്ടിയുടെ ഉമ്മ സൂറാബിത്തയെ തിരയുകയാണ്. വിളി കേട്ട് പന്തലില്‍ സ്നേഹവാക്കുകള്‍ക്കും സഹായത്തിനും നന്ദി പറഞ്ഞ് നിന്നിരുന്ന സൂറാബിത്ത കൈ ഉടുത്തിരുന്ന സാരിയില്‍ തുടച്ച്, തലയിലെ തട്ടം നേരെയാക്കിയിട്ട് മുഖം തുടച്ച് മുന്നിലെ പന്തലിലേക്കിറങ്ങി വന്നു.

എല്ലാവരുടേയും കണ്ണുകള്‍ മണവാട്ടിയിലേക്കും സൂറാബിത്തയിലേക്കുമായി.

നേരെ മൂത്ത ആങ്ങളയുടെ മുഖത്തു നോക്കി സൂറാബിത്ത പറഞ്ഞു. ഇക്ക എന്താ നോക്കി നിക്കണേ, റസിയാനെ കൈപിടിച്ച് ഇറക്കിക്കൊടുക്ക് ഇക്കാ..

‘അതെ ബാപ്പയില്ലാത്തിടത്ത് മൂത്ത മാമാക്ക് തന്നെ സ്ഥാനം..’ ബീരാന്‍ക്ക അത് പറഞ്ഞപ്പോള്‍ സൂറാബിത്താടെ മനസ്സ് വര്‍ഷങ്ങള്‍ക്ക് പിന്നോട്ട് പോയി.

റസിയാനെ പ്രസവിച്ചതു മുതലാണ്‍ തങ്ങള്‍ക്കിടയില്‍ താളപ്പിഴകളുണ്ടായത്. ജീവിക്കാന്‍ ഏറെ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും പാടത്തും പറമ്പിലും പണിയെടുത്ത് ഭര്‍ത്താവിനെ സഹായിച്ചിരുന്ന തനിക്ക് രണ്ടാമത്തെ പ്രസവത്തോടെ രണ്ട് പെണ്‍കുട്ടികളായി.

‘പെണ്ണു പിന്നെയും പെണ്ണിനെതന്നെ പെറ്റു’ പീടികത്തിണ്ണയിലിരുന്ന് കുട്ടികളുടെ ബാപ്പ മുരണ്ടത് താനറിഞ്ഞെങ്കിലും അറിഞ്ഞ ഭാവം നടിച്ചില്ല. പ്രസവം കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയപ്പോള്‍ വീട്‌ അടഞ്ഞു കിടക്കുന്നത് കണ്ട് അന്വാഷിച്ചപ്പോഴാണ്‍ ആശുപത്രിയില്‍ തന്നെ കൂട്ടാന്‍ അങ്ങേര്‍ വരാതിരുന്നതിന്‍റെ കാരണങ്ങള്‍ മനസ്സിലായത്.. വലിച്ചു വിട്ട ബീഡിപ്പുകയില്‍ തെളിഞ്ഞു വന്ന ബുദ്ധിയാകാം കൂടെ പണിയെടുത്തിരുന്ന അമ്മിണിയേയും കൊണ്ട് നാടുവിടാന്‍ അങ്ങേര്‍ക്ക് തോന്നിച്ചത്.

തൊണ്ണൂറു തികയാന്‍ കാത്തിരുന്നില്ല, പണിയെടുക്കാന്‍ തനിക്ക് തീരെ മടിയുമില്ലാതിരുന്നതുകൊണ്ട് രണ്ടു കുട്ടികള്‍ക്കും തിന്നാനും കുടിക്കാനും മുട്ടുണ്ടായില്ല. കാലം വളരെ വേഗം മാറിമറഞ്ഞു. അതിനിടക്ക് അങ്ങേര്‍ക്കും അമ്മിണിക്കും കുട്ടികളുണ്ടായെന്നും രണ്ടും പെണ്ണായിരുന്നെന്നും കേട്ടു, അങ്ങേരോടപ്പോള്‍ വരേയുണ്ടായിരുന്ന ദേഷ്യം മാറി സഹതാപമാണ്‍ തോന്നിയത്. കിട്ടുന്നതില്‍ കുറച്ച് മിച്ചം വെച്ച് നാട്ടുകാരുടെ സഹായത്തോടെ മൂത്തമോളെ ഒരുത്തന്‍റെ കൂടെ പറഞ്ഞു വിട്ടപ്പോഴും രണ്ടാമത്തെ മോള്‍ടെ കാര്യവും പിന്നെയും ഒരു തീയായി മനസ്സില്‍ നിന്നു. ആ മോഹവും ഇപ്പോള്‍ പൂവണിയുകയാണ്….

സൂറാബിത്തയെ ഓര്‍മ്മകളില്‍ നിന്ന് ഉണര്‍ത്തിയത് മകള്‍ വന്ന് കരഞ്ഞുകൊണ്ട് യാത്ര പറഞ്ഞപ്പോളാണ്. ആരുടേയും കണ്ണു നീരുകണ്ടു നില്‍ക്കാന്‍ ആവതില്ലാതിരുന്ന സൂറാബിത്ത കരഞ്ഞുകൊണ്ട് തന്നെയാണ്‍ കണ്ണീരിനു മറുപടികൊടുക്കാറ്. മൂത്ത മകളെ ഇറക്കിക്കൊടുത്തയന്ന് വാവിട്ട് കരഞ്ഞത് പന്തലിലുള്ളവര്‍ക്ക് പലര്‍ക്കുമറിയാം.

പക്ഷെ റസിയാടെ കണ്ണിരിനൊത്ത് സൂറാബിത്ത കരഞ്ഞില്ല, പുഞ്ചിരിയോടെ മകളെയാത്രയാക്കി. ഒരു ഭാരം മനസ്സില്‍ നിന്നിറക്കിവെച്ച് സൂറാബിത്ത വീട്ടിലേക്ക് തിരിഞ്ഞു, അപ്പോള്‍ മനസ്സിലൊരായിരം സൂറാബിമാര്‍ പൊട്ടിച്ചിരിച്ച് കൈക്കൊട്ടിപ്പാടുന്നുണ്ടായിരുന്നു. വേലിക്കരികില്‍ നിന്നിരുന്ന മൈലാഞ്ചിച്ചെടിയില്‍ നിന്ന് ഒരു പൂ മാത്രം കൊഴിഞ്ഞ് സൂറാബിത്തയുടെ തലയിലെ തട്ടത്തില്‍ വീണത് ആരും കണ്ടില്ല……

You May Also Like

മലയാള സിനിമ ഉപയോഗപ്പെടുത്താതെ പോയ ഒരു മികച്ച നടൻ

ഇരുപത്തിയേഴു വർഷങ്ങളോളം മലയാള സിനിമയിൽ സാന്നിധ്യമറിയിച്ചിട്ടും അനിൽ മുരളിയെന്ന നടനെ കാര്യമായി പരിഗണിച്ച സിനിമകൾ വിരളം എന്ന് പറയേണ്ടി വരും

മാലിക്കില്‍ ഫഹദ് കയ്യില്‍ എഴുതിയത് എന്താണ് ? രഹസ്യം വെളിപ്പെടുത്തി മീനാക്ഷി

നായികാ നായകന്‍ റിയാലിറ്റി ഷോയിലൂടെ എല്ലാവരുടെയും പ്രിയങ്കരിയായ താരമാണ് മീനാക്ഷി രവീന്ദ്രന്‍. ഷോ കഴിഞ്ഞ ശേഷം നടിയായും അവതാരകയായും മീനാക്ഷി

എഫ്ബിയില്‍ എന്ത് കാണണം കാണണ്ട എന്ന് നിങ്ങള്‍ക്ക് ഇനി പാട്ട് കേട്ട് കൊണ്ട് തീരുമാനിക്കാം

പുതിയ രൂപത്തിലും മുന്തിയ ഭാവത്തിലും എഫ്ബി ഉടന്‍ എത്തും

പന്തീരുകുലത്തിലൊരുവന്‍

പാറക്കഷണങ്ങള്‍ തകര്‍ന്നുടയുന്ന ശബ്ദം കേട്ട് വണ്ടിക്കാരന്‍ ഞെട്ടിയുണര്‍ന്നു..തന്റെ കാളവണ്ടി കൂട്ടം തെറ്റിയിരിക്കുന്നു.എന്നും ഒരുമിച്ചായിരുന്നൂയാത്ര.എട്ടാമത്തെ നമ്പറായിട്ടായിരുന്നു തന്റെ വണ്ടി.. മുന്‍പേ പോകുന്ന വണ്ടിക്ക് പിന്നാലെ മാത്രമേ തന്റെ കാളകള്‍സഞ്ചരിച്ചിരുന്നുള്ളൂ… ഇത് വരെ….. ഇന്നെന്തു പറ്റീ?