ഇങ്ങനെ മൗനമായിരിക്കാൻ കഴിയുന്നത് എങ്ങനെയാണ് ? ചോദ്യം ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകരോടാണ്?

8340

Maina Umaiban എഴുതുന്നു 

ഇങ്ങനെ മൗനമായിരിക്കാൻ കഴിയുന്നത് എങ്ങനെയാണ് ? ചോദ്യം ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകരോടാണ്?

ചോദിക്കുന്നത് ദേശീയ പൗരത്വ പട്ടികയിൽ നിന്നും പുറത്താക്കപ്പെട്ടവരുടേതാണ്. അവരോട് ചേർന്ന് നിൽക്കുന്നവരുടേതാണ്.

ഭരിച്ചിരുന്നവർ, നേതൃത്വം കൊടുത്തിരുന്നവർ അക്കാലത്ത് ചെയ്ത അഴിമതിയെ ഭയക്കുന്നു. ചിദംബത്തിന്റെ ഗതി ആർക്കും വരാമെന്നറിയാം. അതു കൊണ്ട് മൗനമാണ് നല്ലതെന്ന് അവർക്കറിയാം! തെറ്റ് ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് പറഞ്ഞാൽ ആരുമില്ല. അതാണ് ഈ മൗനം. ജനാധിപത്യത്തെ തൂക്കിലേറ്റാൻ കൂട്ടുനിന്നവരാണ്. മുന്നിൽ കണ്ടത് ജനത്തെ ആയിരുന്നില്ല. അവരവരുടെ സമ്പത്തിന്റെ വലിപ്പം കൂട്ടുന്നതിനെയാണ്.
ജനാധിപത്യത്തിൽ ആര് ആർക്ക് വേണ്ടി നില്ക്കും? രാജ്യം എങ്ങോട്ടാണ് പോകുന്നത്?

അസമിൽ എല്ലായിടത്തും പട്ടാളത്തെ വിന്യസിപ്പിച്ചിരിക്കുകയാണ്. അതിർത്തി പ്രദേശങ്ങളിൽ കൂടുതലായി. ഒരു ശബ്ദവും ഉണ്ടാവാൻ പാടില്ല.

അസമിൽ അതിർത്തി പ്രദേശത്ത് ജോലി ചെയ്യുന്ന മാമി ആകുലതകളോടെയാണ് സംസാരിച്ചത്. അവരുടെ കുക്ക് ഇന്നലെ മുതൽ വളരെ വിഷമത്തിലാണ്. അദ്ദേഹവും ഭാരതീയനല്ല. റേഷൻ കാർഡ് മാത്രമാണുള്ളത്. ഇനി എന്തൊക്കെ സംഭവിക്കും എന്ന് അദ്ദേഹത്തിനറിയില്ല. വീട്ടുകാരിൽ ചിലർ അന്തിമ ലിസ്റ്റിലുണ്ട്. ചിലർ പുറത്തും. അദ്ദേഹത്തോട് ഒന്നും സംസാരിക്കാനാവുന്നില്ലെന്ന് മാമി പറയുന്നു. അതുപോലെ എത്രയോ പേർ ചുറ്റിലും …

Image result for assam refugee campഭാരതീയരല്ലെന്ന് എങ്ങനെ പറയും? രേഖകളുടെ അഭാവം അങ്ങനെ പറയിപ്പിക്കുന്നു. ബംഗ്ലാദേശിനും അവരെ വേണ്ട. അവരുടെ കണക്കിലും ഇവരില്ല.
പിന്നെ, ഏതു ദേശത്തിന്റെ ഭാഗമാണിവർ?

എന്നിട്ടും പുറത്താക്കപ്പെട്ടവർ നിശബ്ദരാണ്. എന്തു ചെയ്യണമെന്നവർക്ക് അറിയില്ല. അവരുടെ ശബ്ദം നിലച്ചുപോയിരിക്കുന്നു. അവർക്ക് വേണ്ടി ശബ്ദിക്കാൻ ആരുമില്ല.

എന്തിനാണ് ഈ അതിർത്തികളും വേലികളും?

പറഞ്ഞ് പറഞ്ഞ് ക്ലീഷേയായ മാർട്ടിൻ നീമുള്ളരുടെ വാക്കുകൾ വീണ്ടും ഉപയോഗിക്കേണ്ടി വരുന്നതിൽ ക്ഷമിക്കുക.

അവസാനം അവർ എന്നെത്തേടി വന്നു. അപ്പോൾ എനിക്കു വേണ്ടി സംസാരിക്കാൻ ആരുമുണ്ടായിരുന്നില്ല.

“Then they came for me—and there was no one left to speak for me.” -Martin Niemoller

മൈന ഉമൈബാൻ
01.09.2019