കാലാവസ്ഥാ വ്യതിയാനം, പ്രളയം – ചില നിരീക്ഷണങ്ങൾ

250

Maina Umaiban എഴുതുന്നു 

കാലാവസ്ഥാ വ്യതിയാനം, പ്രളയം – ചില നിരീക്ഷണങ്ങൾ

നിലമ്പൂർ ഭാഗത്ത് ആഗസ്ത് ഏഴിനാണ് മഴ ശക്തി പ്രാപിച്ചത്. പക്ഷേ, കഴിഞ്ഞ വർഷത്തേക്കാൾ വ്യത്യാസമുണ്ടായിരുന്നു ഇക്കൊല്ലത്തെ മഴയ്ക്ക്.

Maina Umaiban
Maina Umaiban

കഴിഞ്ഞ വർഷം ഇതേ തീയതികളിൽ അതിശക്തമായ മഴയുണ്ടാകുന്നു. സാമാന്യം കാറ്റുമുണ്ടായിരുന്നു. ഒരേ ശക്തിയിൽ നിർത്താതെ പെയ്യുന്നു. എന്നാൽ ഇക്കൊല്ലത്തേതുപോലുള്ള ഉരുൾപൊട്ടൽ, പ്രളയം ഉണ്ടായില്ല. ഉണ്ടായിരുന്നില്ലെന്നല്ല, പ്രശ്നങ്ങൾ കുറവായിരുന്നു.

അതേ സമയം ഈ വർഷത്തെ മഴയും അതിശക്തമായിരുന്നു. പക്ഷേ, നിർത്താതെ പെയ്യുകയല്ല. അരമണിക്കൂർ മഴ പെയ്താൽ പതിനഞ്ച് – ഇരുപത് മിനിറ്റോളം മഴ പൂർണ്ണമായും മാറി നിന്നു. രണ്ടാഴ്ച മുമ്പ് പെയ്ത മഴയും ഇതേ രീതിയിലായിരുന്നു. മഴ അതിശക്തമായിരുന്നെങ്കിലും ഇടവേളകളുണ്ടായിരുന്നതുകൊണ്ട് പ്രളയമുണ്ടാകുമെന്ന് വിചാരിക്കുന്നേയില്ല. കഴിഞ്ഞ വർഷം ഇതേ നേരത്തെ മഴയ്ക്ക് ഞങ്ങളുടെ ഇടതു വശത്തുളള മതിലിൽ (വെട്ടുകൽ മതിൽ) പൊത്തുകളുള്ളിടത്തു നിന്ന് ഉറവകളുണ്ടാവുകയും ചെറുവെള്ളച്ചാട്ടങ്ങളുമുണ്ടായി. മണ്ണിന്റെ മേൽപ്പാത്തിവരെ വെള്ളം നിറഞ്ഞതുകൊണ്ടാവണം.
മാത്രമല്ല, മുറ്റത്ത് മതിലിനോട് ചേർന്ന ഭാഗം കൈത്തോടു പോലെയായിരുന്നു. ഈ വർഷം അങ്ങനൊന്നുണ്ടായില്ല. രണ്ടാഴ്ച മുമ്പത്തെ മഴയിലാണ് കിണറ്റിൽ സാമാന്യം വെള്ളമുണ്ടായത്. എന്നാലും നിറഞ്ഞിരുന്നില്ല.

*ഒഴുകുന്ന മേഘങ്ങൾ*

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇരുണ്ട ആകാശമായിരുന്നില്ല.
മഴ മാറി നിൽക്കുന്ന അവസരങ്ങളിൽ മേഘങ്ങൾ അതിവേഗത്തിൽ കിഴക്കോട്ട് ഒഴുകി നീങ്ങുന്നത് കാണാമായിരുന്നു. ഈ ഒഴുകുന്ന മേഘങ്ങൾ അധികം ഉയരത്തിലായിരുന്നില്ല. മഴ പെയ്തു തുടങ്ങുമ്പോഴും മേഘമൊഴുകുന്നത് കാണാമായിരുന്നു. ഇടയ്ക്ക് ശക്തമായ മിന്നലും ഇടിയുമുണ്ടായിരുന്നു. അതാവണം മേഘവിസ്പോടനം എന്നൊക്കെ പറയുന്നതിനു പിന്നിൽ. 2018ലെ മഴയിലും ഇവിടെ ഇടിയും മിന്നലുമുണ്ടായിരുന്നു. കാലവർഷത്തിൽ ഇടിയും മിന്നലും പതിവില്ല.

*ഒഴുകിപ്പറന്ന മേഘങ്ങൾക്കെന്തു സംഭവിച്ചു?*

ഈ മേഘങ്ങൾ പശ്ചിമഘട്ട മലനിരകൾ തടഞ്ഞു നിർത്തിയിരിക്കാം. അതിശക്തമായ മഴ നിലമ്പൂർ -മേപ്പാടി മലനിരകളിൽ പെയ്തിറങ്ങിയെന്നു വേണം അനുമാനിക്കാൻ. അരീക്കോടു മുതൽ പോത്തുകല്ല് വരെയുള്ള പ്രദേശങ്ങളിലുള്ള സുഹൃത്തുക്കളോട് സംസാരിച്ചതിൽ നിന്ന് മനസ്സിലാകുന്നത് ഈ ഭാഗത്ത് പ്രളയമുണ്ടാകത്തക്കവിധത്തിലുള്ള മഴയായിരുന്നില്ല എന്നാണ്.

*സുഹൃത്തുക്കളുടെ നിരീക്ഷണങ്ങൾ*

1. കഴിഞ്ഞ വർഷം മലനിരകളിൽ സംഭരിക്കപ്പെട്ട അധികജലം പാറയ്ക്കും മണ്ണിനുമിടയിലുള്ള പാത്തിയിലായിരുന്നു. ഈ വർഷം കടുത്ത വേനലായിരുന്നു. ആ സമയത്ത് ശേഖരിക്കപ്പെട്ട വെള്ളം വറ്റിപ്പോവുകയും പാത്തി വിള്ളലുകളോടെ നില്ക്കുകയും ചെയ്തിരിക്കാം. മേൽഭാഗം ദുർബലമായിരുന്നിരിക്കാം.
മേഘങ്ങൾ അധിക തോതിൽ പെയ്തിറങ്ങുകയും ശൂന്യമായ പാത്തികൾ നിറയുകയും സംഭരിക്കാൻ കഴിയാത്ത നിലയിലെത്തുകയും കഴിഞ്ഞ വർഷത്തെ സാഹചര്യങ്ങൾക്കൊണ്ട് ദുർബലമായ മൺപാത്തി പൊട്ടിപ്പോവുകയുമായിരുന്നു.

Image result for heavy rain kerala2. റബ്ബർ തോട്ടങ്ങളിലെടുത്ത കുഴികൾ ചെരിഞ്ഞ ഇടങ്ങളിൽ കൂടുതൽ വിള്ളലുണ്ടാക്കി.

3. ഒരു മാസം കൊണ്ട് പെയ്യേണ്ട മഴ രണ്ടു ദിവസം കൊണ്ട് കോരിച്ചൊരിഞ്ഞു.

4. ഉഷ്ണമേഖലയിലായതും വനം കുറഞ്ഞതും അന്തരീക്ഷത്തിലെ കാർബൺ മിശ്രിതങ്ങളുടെ കൂടിയ അളവും ചൂടുകൂട്ടി. കാലാവസ്ഥ വ്യതിയാനത്തിനുള്ള കാരണങ്ങളെല്ലാം ഇവിടെ തന്നെയുണ്ടായിരുന്നു. സ്വാഭാവികമായി പെയ്യേണ്ടത് അതാത് സമയത്ത് പെയ്തില്ല.
5. ന്യൂനമർദ്ദം കിഴക്കോട്ട് നീങ്ങുകയും പശ്ചിമഘട്ട മലനിരകളിൽ പെയ്തിറങ്ങുകയും ചെയ്തു.
6. മേപ്പാടിയിലെ ഉരുൾപൊട്ടലിലുണ്ടായ വെള്ളവും മലയുടെ ഇപ്പുറത്തേക്ക് ചാലിയാറിലേക്ക് ഒഴുകിയെത്തി.
7. ക്വാറികൾ

Image result for heavy rain kerala8.ഇതുവരെ വെള്ളപ്പൊക്കത്തിലുണ്ടാകുന്ന ചെളിയല്ല ചിലയിടങ്ങളിൽ രൂപപ്പെട്ടത്. പശിമയുള്ള മണ്ണാണ് എന്നും അത് വയനാടൻ മണ്ണാണെന്നും പഴമക്കാർ പറയുന്നു.

ഇനിയും കൂട്ടിച്ചേർക്കലുകളാവാം. നിരീക്ഷണങ്ങൾ പങ്കുവെയ്ക്കുമല്ലോ

മൈന ഉമൈബാൻ
17.08. 2019, 9.49 PM

Advertisements