കൊറോണക്കാലത്തെ സീരിയലുകൾ

108
മൈന ഉമൈബാൻ
കൊറോണക്കാലത്തെ സീരിയലുകൾ
രണ്ടു മൂന്ന് പോസ്റ്റുകൾ ഷെയർ ചെയ്തു എന്നതൊഴിച്ചാൽ കോവിഡ് 19 പശ്ചാത്തലത്തിൽ ഒന്നും എഴുതിയില്ല. പലപ്പോഴും എഴുതാൻ കൈതരിച്ചിട്ടുണ്ട്. പിന്നെ വേണ്ടെന്ന് വെയ്ക്കും.
തുടക്കം മുതൽ വിഷയത്തെപ്പറ്റി ആധികാരികമായി അറിയുന്നവരുടെ പോസ്റ്റുകൾ നിരീക്ഷിച്ചു വരുന്നു. മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം, പ്രധാനമന്ത്രിയുടെ രാജ്യത്തോടുള്ള അഭിസംബോധന ലൈവായി കണ്ടു വരുന്നു.
ഫേസ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ എല്ലാ മാധ്യമങ്ങളും ശ്രദ്ധിക്കുന്നു. ഒപ്പം പറ്റും പോലെ ചുറ്റുപാടും.
കോളറ, പ്ലേഗ്, വസൂരി തുടങ്ങിയ മഹാമാരിയെ പറ്റി, അതുണ്ടാക്കിയ പ്രശ്നങ്ങളെ, പ്രതിസന്ധികളെ, അതിജീവനത്തെപ്പറ്റിയൊക്കെ ഇന്നു ജീവിച്ചിരിക്കുന്നവരിൽ ഭൂരിഭാഗവും കേട്ടിട്ടേയുള്ളൂ. വായിച്ചിട്ടേയുള്ളൂ. അതാണ് നമ്മുടെ പ്രശ്നവും എന്നു തോന്നുന്നു. അതൊക്കെ പണ്ടെന്നോ അല്ലേയെന്നോ നമുക്കൊരിക്കലും പുതുവ്യാധി വരില്ലെന്നുമുള്ള അഹന്ത ഏറെപ്പേരിലുമുണ്ട്. ആത്മവിശ്വാസം നല്ലതു തന്നെ പക്ഷേ, ലോകം കാണിച്ചു തരുന്നത് മറ്റൊന്നാണ്.
കുട്ടിക്കാലത്ത് ഞാൻ കണ്ട പകർച്ചവ്യാധികൾ ചെങ്കണ്ണ്, മഞ്ഞപ്പിത്തം, ചൂടുപനി തുടങ്ങിയവയാണ്. അപ്പോഴേ വീട്ടിൽ നിന്ന് നിർദ്ദേശം കിട്ടും ആ വഴിയ്ക്കു പോകേണ്ടെന്ന്. മുതിർന്ന ശേഷമാണ് ചൂടുപനി ആശ്ലേഷിച്ചത്. ബാങ്കിൽ ജോലി ചെയ്യുമ്പോഴാണ്. പനിച്ചു തുടങ്ങിയ കുട്ടിയെ അവൻ്റെ മുത്തശ്ശി ബാങ്കിൽ കൊണ്ടുവരികയായിരുന്നു. രണ്ടു ദിവസം കഴിഞ്ഞറിഞ്ഞു അവന് ചൂടുപനിയാണെന്ന്.
എന്നിൽ നിന്ന് ഇതളിനും (മകൾ) ബന്ധുവായ കുട്ടിയ്ക്കും പകർന്നു കിട്ടി. ഇതളിൽ നിന്ന് പകരാതെ നോക്കി. പക്ഷേ, ആ കുട്ടിയിൽ നിന്ന് എത്ര പേർക്ക് കിട്ടിയെന്ന് ഒരു പിടിയുമില്ല.
ഒരു ചൂടുപനിയ്ക്ക് കൊടുക്കുന്ന ശ്രദ്ധ പോലും കൊവിഡ് 19 സ്ഥിരീകരിച്ചപ്പോൾ വ്യക്തിപരമായി ജനങ്ങളെടുത്തോ എന്ന് സംശയമാണ്.
ശരിക്കു പറഞ്ഞാൽ നമ്മളോരോരുത്തരമാണ് മുൻകരുതലെടുക്കേണ്ടത്. അത് നടക്കാതെ വരുന്നു എന്നു കാണുമ്പോഴാണ് ഭരണകൂടത്തിന് ഇടപെടേണ്ടി വരുന്നത്. നിർദ്ദേശങ്ങളായി, നിയന്ത്രണങ്ങളായി വരുന്നത്. എന്നിട്ടും ബഹു ഭൂരിപക്ഷത്തിനും കാര്യങ്ങൾ പിടികിട്ടിയിട്ടില്ല.
ശ്രദ്ധയിൽ പെട്ട ചില കാര്യങ്ങൾ ചുവടെ
1. വിദേശത്തു നിന്ന് വന്നിട്ട് ക്വാറൻ്റൈൻ പറഞ്ഞിട്ടും നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി ചുറ്റി നടന്നവർ.
2. കൊറോണക്കാലത്തും ടൂർ പോകുന്നവർ. കഴിഞ്ഞ ദിവസം നിലമ്പൂരിൽ നിന്ന് വയനാട്ടിലേക്ക് വരുമ്പോൾ ശ്രദ്ധയിൽ പെട്ടതാണൊന്ന്. നാടുകാണി തമിഴ്നാട് അതിർത്തി വഴി വണ്ടി കടത്തിവിടില്ലെന്നറിഞ്ഞ് താമരശ്ശേരി വഴിയായിരുന്നു യാത്ര.( നിലമ്പൂരിൽ ജോലി ചെയ്യുകയും ഐഡി പ്രകാരം വയനാട് സ്വദേശിയുമാണ് ഞാൻ ) അന്ന് കോഴിക്കോട് നിരോധനാജ്ഞയായിരുന്നു. ചുരം അവസാനിക്കുന്നിടത്ത് വയനാട് അതിർത്തിയിൽ പോലീസ് ചെക്കിംഗ് ഉണ്ടായിരുന്നു. പല വണ്ടികളും തിരിച്ചുവിട്ടു. വെറുതെ ഇരിക്കുകയല്ലേ കറങ്ങിയേക്കാം എന്നു കരുതി വന്നവരാണ് ആ ആൺകൂട്ടങ്ങൾ!
3. തൊഴിലുറപ്പ് ഇപ്പോഴും നടക്കുന്നു. ചെറിയ സംഘങ്ങളാക്കും എന്ന് സർക്കാർ പറഞ്ഞിട്ടുണ്ട്. എങ്കിലും പറയാതെ വയ്യ. വിശ്രമിക്കുന്നത് കൂട്ടത്തോടെയാണ്. മരച്ചുവട്ടിലോ ചില വീട്ടുവരാന്തകളിലോ ഒക്കെയായി…. പലർക്കും കൊറോണയെപ്പറ്റി കാര്യമായ അറിവില്ല. ബോധവത്ക്കരണം നടത്തേണ്ട സമയം അതിക്രമിച്ചു.
4. വാർത്തകൾ ശ്രദ്ധിക്കുന്നവർ കുറവാണ്. ശ്രദ്ധിക്കുന്നവരിൽ ഗൗരവമായി കാണുന്നവർ അതിലും കുറവ്. ഇതൊക്കെ വേറേതോ ഗ്രഹത്തിൽ സംഭവിക്കുന്നതായാണ് പലർക്കും. ഞങ്ങളുടെ പരിസരത്തടുക്കില്ലെന്ന വിശ്വാസം. നിലവിൽ കൊവിഡ് 19 സ്ഥിരീകരിച്ച് ആശുപത്രിയിൽ കിടക്കുന്ന ആളുകളും ഇങ്ങനെ തന്നെയാണ് വിചാരിച്ചിരിക്കുക.
5. സീരിയലും സിനിമയും സംഗീത ചാനലുമൊക്കെയാണ് മിക്കവർക്കും പ്രിയം. വാർത്ത കാണാത്ത എത്രയോ പേരെ അറിയാം.
ഇവിടെ എന്തു ചെയ്യാനാവുമെന്ന് ആലോചിക്കേണ്ടതാണ്.
a ) സിനിമ, സീരിയൽ, സംഗീത പരിപാടിയ്ക്കുക്കുള്ളിൽ വാർത്ത കൊടുക്കുക.
b) പരസ്യം പോലെ ആവരുത്. ചാനൽ മാറ്റും.
c) Scroll ചെയ്താൽ മതി.
d) അതിൽ ബോധവത്ക്കരണം, ഗൗരവം, പ്രാധാന്യമെല്ലാം വേണം.
e) മലയാളം ചാനലുകളിൽ മാത്രമല്ല എല്ലാ ചാനലുകളിലും.
6. ഇങ്ങനൊക്കെയായാലും കേരളത്തിൽ മാത്രമാണെൻ്റെ പ്രതീക്ഷ. കൊവിഡ് പോസീറ്റീവ് ആണെന്ന് അറിഞ്ഞ് മൂന്ന് നാലു ദിവസത്തിനുള്ളിൽ മരണത്തിലേക്ക് പോകുന്നത് മറ്റു സംസ്ഥാനങ്ങളിൽ കാണുന്നു. ലോക്ക് ഡൗണിലാണെങ്കിലും സമൂഹ വ്യാപനമുറപ്പിക്കുന്നുണ്ട് ഇത്തരം വാർത്തകൾ.
7.തീർച്ചയായും ആശങ്കയുടെ കാലമാണ്. മാനസിക പിരിമുറക്കം കുറയ്ക്കാൻ ശ്രമിക്കാം. ഈ കാലം ഏതെങ്കിലും വിധത്തിൽ സർഗ്ഗാത്മകമാക്കാൻ ശ്രമിക്കാം.
8. ചുറ്റുപാടുകൾ നിരീക്ഷിക്കാം. സഹജീവികളെ സ്നേഹിക്കാൻ പറ്റുന്ന അവസരവുമാണ്.
ശ്രദ്ധയിൽ, ഓർമയിൽ വന്ന ചില കാര്യങ്ങൾ കുറച്ചുവെന്നു മാത്രം.
നമ്മൾ അതിജീവിക്കുമെന്ന പ്രതീക്ഷയോടെ, ജാഗ്രതയോടെ
മൈന ഉമൈബാൻ
25.03.2020