maithreyi-mohan

വിസാ സംബന്ധമായ കാര്യങ്ങള്‍ നിര്‍വഹിച്ചശേഷം കാറിലേക്ക് കയറാന്‍ തുടങ്ങുമ്പോഴായിരുന്നു ആ പേഴ്സ് എന്റെ കണ്ണില്‍ പെട്ടത്. അതെടുത്തു നോക്കണോ അതോ എടുക്കാതെ പോകണോ എന്ന് ഞാന്‍ പലവട്ടം ആലോചിച്ചു. ഏതെങ്കിലും സ്വദേശിയുടെതാണെങ്കില്‍ ഉണ്ടായേക്കാമായ പൊല്ലാപ്പുകള്‍ എന്നെ പിന്നോട്ടുവലിച്ചു. കാറില്‍ കയറി ഞാന്‍ അല്‍പ്പ സമയം കൂടി വെറുതെ അതില്‍ തന്നെ നോക്കി..ആരും അത് തിരഞ്ഞു വരാത്തതുകൊണ്ടും, അതില്‍ എന്തെന്നുള്ള ആകാംക്ഷ കൊണ്ടും അവസാനം ഞാന്‍ അതെടുത്തു. കാറിലേക്ക് തിരിയെ കയറും മുന്‍പ് ഞാന്‍ രണ്ടു വശത്തും നോക്കി..ഇല്ല…ആരും പെഴ്സിനായി വരുന്നില്ല .

നീലനിറത്തിലുള്ള ആ പേഴ്സില്‍ ” ഗസ് “എന്ന് എഴുതിയിരുന്നു . ഐ.ഡി കാര്‍ഡില്‍ അതീവ സുന്ദരിയായ ഒരു സ്ത്രീയുടെ രൂപം.വിടര്‍ന്ന വലിയ കണ്ണുകള്‍.ചുണ്ടിന്റെ കോണില്‍ ഒരു ചെറിയ പുഞ്ചിരി. കണ്ണിമക്കാതെ ഞാന്‍ അതില്‍ തന്നെ കുറെ നേരം നോക്കിയിരുന്നു. തപ്പി തടഞ്ഞു ഞാന്‍ പേര്‍ വായിച്ചെടുത്തു…മൈത്രേയി മോഹന്‍.

ഐ.ഡി കാര്ടല്ലാതെ പണം ഒന്നും തന്നെ അതില്‍ ഉണ്ടായിരുന്നില്ല.പിന്നെ കുറെ ബില്ലുകള്‍ മാത്രം.അതിലൊരു ലോണ്ട്രി ബില്ലില്‍ ഒരു ടെലിഫോണ്‍ നമ്പര്‍ ..

ആരെകിലും വിസാ ആവശ്യത്തിനോ മറ്റോ വന്നപ്പോള്‍ അറിയാതെ താഴെപ്പോയതായിരിക്കാം..ഐ .ഡി കളഞ്ഞു പോയിക്കഴിഞാലുണ്ടാകാവുന്ന ബുദ്ധിമുട്ടിനെ പറ്റി ശരിക്കും അറിയാവുന്നതിനാല്‍ ഞാന്‍ ഉടനെ തന്നെ ഫോണ്‍ വിളിക്കാമെന്നു തീരുമാനിച്ചു .ഒരുപാട് നേരം നീണ്ട ഫോണ്‍ ബെല്ലിനു ശേഷം ഒരു പുരുഷ ശബ്ദം കേട്ടു…മൈത്രെയിയുടെ ഭര്‍ത്താവാകുമോ ?

“ഞാന്‍ രാധാകൃഷ്ണന്‍ ..എനിക്ക് മൈത്രേയി മോഹനെ “എന്ന് പറഞ്ഞു തുടങ്ങുംമ്പോഴേക്കും അയാള്‍ തിരക്കിട്ട സ്വരത്തില്‍ പറഞ്ഞു.. “ഞാന്‍ അല്‍പ്പം തിരക്കിലാണ്..നിങ്ങള്‍ പിന്നീട് വിളിക്കു” എന്ന് പറഞ്ഞു അയാള്‍ ഫോണ്‍ കട്ട് ചെയ്തു.

അപമാനിതനായതുപോലെ എനിക്ക് തോന്നി.അയാളുടെതോ അല്ലെങ്കില്‍,അയാളുടെ ആരുടെയെ ങ്കിലുമോ കാര്യത്തിനായി വിളിച്ചിട്ട് ഈ തരം പ്രതികരണം എനിക്ക് താങ്ങാനാവാ ത്തതായിരുന്നു.പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ കാറിന്റെ ചില്ല് താഴ്ത്തി ഞാന്‍ ആ പേഴ്സ് കിടന്നിടത്തേ ക്ക് തന്നെ വലിച്ചെറിഞ്ഞു..റ്റു ഹെല്‍ വിത്ത്‌ മൈത്രേയി..

അടക്കാനാവാത്ത ദേഷ്യത്തില്‍ ഞാന്‍ വിറച്ചു.കാറില്‍ തന്നെ ഞാന്‍ കുറെ നേരം ഇരുന്നു.അല്‍പ്പസമയം കഴിഞ്ഞു ഞാന്‍ വീണ്ടും നോക്കുമ്പോള്‍ പേഴ്സ് തുറന്ന നിലയില്‍ ആയിരുന്നു.മൈത്രെയിയുടെ ചിത്രം എന്നെ നോക്കി ചിരിക്കുന്നതുപോലെ എനിക്ക് തോന്നി..എന്തെന്നറിയാത്ത ഒരു ആകര്‍ഷണീയത അവര്‍ക്ക് തോന്നി..എടുക്കണോ വേണ്ടയോ എന്ന് ഞാന്‍ വീണ്ടും ചിന്തിച്ചു.അവസാനം ഞാന്‍ അതെടുക്കാന്‍ തന്നെ തീരുമാനിച്ചു…മൈത്രെയിയുടെ സൌന്ദര്യമാണോ അത് വീണ്ടും എടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത് എന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചു.ഫോണില്‍ സംസാരിച്ചയാള്‍ എന്തെങ്കിലും അത്യാവശ്യ കാര്യത്തിലോ മീറ്റിങ്ങിലോ അയിരിക്കാമെന്നതുകൊണ്ടാവാം അങ്ങനെ പെരുമാറിയത് എന്ന് ഒരു ന്യായീകരണം കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞതില്‍ ഞാന്‍ അത്ഭുതപ്പെട്ടു. ഇനി ഭാര്യയെ മറ്റ് പുരുഷന്മാര്‍ വിളിക്കുന്നതില്‍ വിദ്വേഷം ഉള്ള പോസസ്സീവായ അല്ലെങ്കില്‍ അരസികനായ ഏതോ ഭാര്താവായിരിക്കുമോ അയാള്‍?

“മൈത്രേയി മോഹന്റെ പേഴ്സ് കളഞ്ഞു കിട്ടി..തിരിയെ വിളിക്കു”എന്നൊരു ചെറിയ മെസ്സേജ് അയാള്‍ക്ക്‌ അയച്ചതിന് ശേഷം ഞാന്‍ ഓഫീസില്‍ എത്തി. പേഴ്സ് തുറന്നു മൈത്രെയിയുടെ ഫോട്ടോ ഒന്നുകൂടി ഞാന്‍ നോക്കി..ആ വലിയ കണ്ണുകള്‍ അന്നേ ദിവസം മൂന്നു തവണകൂടി ആ പേഴ്സ് എടുക്കാന്‍ എന്നെ പ്രേരിപ്പിച്ചു. മൂന്നാം തവണ ഫോട്ടോ നോക്കുമ്പോഴേക്കും മൈത്രേയി ഫേസ് ബുക്കില്‍ ഉണ്ടാവുമോ എന്ന് നോക്കാം എന്ന തീരുമാനത്തിലേക്ക് ഞാന്‍ എത്തിയിരുന്നു.

വളരെ അപൂര്‍വമായി കാണാറുള്ള പേരായതുകൊണ്ടാവണം സേര്‍ച്ച്‌ ചെയ്തപ്പോള്‍ ആദ്യം കണ്ടത് തന്നെ അവരുടെ പേരായിരുന്നു..ഐ. ഡി കാര്‍ഡിലെ അതെ ഫോട്ടോ. പ്രൊഫൈല്‍ തുറന്നു മെയില്‍ ഐ.ഡിയോ മറ്റേതെങ്കിലും വിവരങ്ങളോ ഉണ്ടോ എന്ന് ഞാന്‍ നോക്കി..ഒന്നുമില്ല. വല്ലതോരാവേശത്തില്‍ ഞാന്‍ ഓരോ ഫോട്ടോകളായി മറിച്ചു നോക്കി.പല വേഷങ്ങളില്‍ പല സ്ഥലങ്ങളില്‍ സുന്ദരിയായ മൈത്രേയി..ഫ്രണ്ട്സ് റിക്വസ്റ്റ് അയച്ചതിന് ശേഷം ഞാന്‍ ഒരു മെസ്സേജ് കൂടി അയച്ചു…പേഴ്സ് കളഞ്ഞു കിട്ടി..ദയവായി വിളിക്കുക..

മൂന്നു മണിക്കൂറിനു ശേഷവും ഫോണിലേക്ക് വിളി ഒന്നും വന്നില്ല.ഫേസ് ബുക്കിലും വിവരം ഒന്നുമില്ല എന്ന് കണ്ടപ്പോള്‍ എന്തിനെന്നറിയാത്ത ഒരു വിഷാദം എന്നെ ബാധിച്ചു. .മൈത്രേയി തന്നെയായിരുന്നു എന്റെ മനസ്സില്‍. അവരെ പറ്റി കൂടുതല്‍ അറിയാന്‍ മനസ്സ് കൊതിച്ചതെന്തിനാണ് എന്ന് എനിക്ക് മനസ്സിലായില്ല.ഭാര്യയില്‍ നിന്നും വേര്‍പെട്ടു താമസിക്കുന്നവര്‍ എല്ലാം ഇങ്ങനെയാവുമോ ?

വൈകുന്നേരം കമ്പനി ക്വാര്ട്ടെഴ്സില്‍ വെറുതെ ഇരിക്കുബോള്‍ മൈത്രെയിയെ കണ്ടുമുട്ടിയാല്‍ എന്ത് പറയണം എന്ന് ഞാന്‍ ആലോചിച്ചു. കണ്ണാടിയില്‍ നോക്കിയപ്പോള്‍ കണ്ട നരച്ച മുടിയിഴകള്‍ ഞാന്‍ പിഴുതു. കണ്ണിനടിയിലെ കറുത്ത പാടുകള്‍ എങ്ങനെ മാറ്റാം എന്ന് ഞാന്‍ ആലോചിച്ചു.

രാത്രിമുഴുവന്‍ മൈത്രെയിയെപ്പറ്റി ഞാന്‍ ഓര്‍ത്തു. പല പ്രാവശ്യം ഫേസ് ബുക്ക്‌ പ്രൊഫൈല്‍ ഞാന്‍ എടുത്തു നോക്കി…രണ്ടു പ്രാവശ്യം ഫോണ്‍ ചെയ്തിട്ടും, യാതൊരു മറുപടിയും ഉണ്ടായില്ല. പിറ്റേന്ന് ഓഫീസില്‍ ജോലി ചെയ്യുമ്പോഴും, മൈത്രേയി പല പ്രാവശ്യം മനസ്സിലേക്ക് കയറി വന്നു.

രണ്ടു മണിക്കായിരുന്നു അയാളുടെ ഫോണ്‍ വന്നത്. തിരിച്ചു വിളിക്കാത്തതില്‍ ക്ഷമാപണം ഒന്നും അയാള്‍ പറഞ്ഞില്ല. പറ്റുമെങ്കില്‍ സബാ ഹോസ്പിറ്റലില്‍ ഒന്ന് വരൂ എന്ന് മാത്രം അയാള്‍ പറഞ്ഞു. വാര്‍ഡ്‌ നമ്പരും, റൂം നമ്പരും എഴുതിയെടുക്കുമ്പോള്‍ മൈത്രെയിയെ കാണാന്‍ പോകുന്നതിന്റെ സന്തോഷത്തില്‍ തന്നെ ആയിരുന്നു ഞാന്‍.

റൂമിന് പുറത്തെത്തി ഞാന്‍ ഒരിക്കല്‍ കൂടി വിളിച്ചു..വാതില്‍ തുറന്നു പുറത്തേക്കു വന്ന മെല്ലിച്ച രൂപത്തെ സഹതാപത്തോടെ ഞാന്‍ നോക്കി..”രാധാകൃഷ്ണന്‍ അല്ലെ”എന്നയാള്‍ ചോദിച്ചു”…” എന്താ നിങ്ങള്‍ക്ക് അസുഖം ” എന്ന എന്റെ ചോദ്യത്തിന് അയാളും മറുപടി പറഞ്ഞില്ല. കാന്‍സര്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഒരാള്‍ക്ക്‌ എന്ത് രോഗമാണ് എന്ന് ചോദിക്കുന്നതിലെ അര്‍ത്ഥ ശൂന്യത എനിക്ക് മനസ്സിലായി എങ്കിലും, എന്തെങ്കിലും ചോദിക്കേണ്ടേ എന്ന് ഞാന്‍ സമാധാനിച്ചു.

മൈത്രെയിയെ കാണാനുള്ള ആവേശത്തിലായിരുന്നു ഞാന്‍. “മൈത്രേയി എവിടെ ” എന്ന് ഞാന്‍ അയാളോട് ചോദിച്ചു.

വാതില്‍ തുറന്നു ഞങ്ങള്‍ അകത്തേക്ക് കയറുമ്പോള്‍ ചരിഞ്ഞു കിടന്നു ജനലിലൂടെ പുറത്തേക്കു നോക്കി കിടക്കുകയായിരുന്നു മൈത്രേയി.വെളുത്ത ഒരു ഉടുപ്പായിരുന്നു അവര്‍ അണിഞ്ഞിരുന്നത്..എല്ലും തോലുമായ ആ രൂപത്തില്‍ ഞാന്‍ പരിചിതമായ ഒന്ന് മാത്രം കണ്ടു..ആ വലിയ കണ്ണുകള്‍..അവയില്‍ നിസ്സഹായത മാത്രം..

“അറിഞ്ഞപ്പോഴേക്കും വൈകിപ്പോയി” എന്നയാള്‍ പറഞ്ഞത് ഒരു അശരീരി പോലെ എനിക്ക് തോന്നി..ഫോട്ടോകളില്‍ കണ്ട യൌവന യുക്തയായ സുന്ദരി എവിടെ.എപ്പോഴെങ്കിലും കടന്നെ ത്തിയേക്കാവുന്ന മരണത്തെ കാത്തു കിടക്കുന്ന ഈ സ്ത്രീ എവിടെ..യാതൊരു പരിചയവും ഇല്ലാത്ത ഒരു യുവതിയുടെ ഫോട്ടോകള്‍ കണ്ടു ആസ്വദിച്ചതും, അവരെ പറ്റി രണ്ടു ദിവസം മുഴുവന്‍ ആലോചിച്ചതും ഓര്‍ത്തു എനിക്ക് എന്നോട് തന്നെ പുശ്ചം തോന്നി..ജീവിതം ഇത്രയൊക്കെയേ ഉള്ളു എന്ന തിരിച്ചറിവ് എന്നില്‍ ഒരു ഞെട്ടല്‍ ഉണ്ടാക്കി..നാളെ എനിക്കും സംഭവിച്ചേക്കാവുന്ന ഒന്നാണിത് എന്ന തോന്നല്‍ ഒരു ഇടിവാളുപോലെ എന്റെ മനസ്സിലേക്ക്…

പേഴ്സ് കൈമാറി തിരിച്ചിറങ്ങവേ ആറുമാസങ്ങള്‍ക്കു മുന്നേ അവസാനമായി വിളിച്ച ഒരു നമ്പര്‍ ഞാന്‍ ഡയല്‍ ചെയ്തു.. ഇല്ല വൈകിയിട്ടില്ല..ജീവിതം ഒന്നേയുള്ളൂ എന്ന് ആരോ എന്റെ ഉള്ളില്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരുന്നു

You May Also Like

‘ഇതിൽ എന്തെങ്കിലും സത്യമുണ്ടോ ?’

ലഭിക്കുന്ന പെഴ്സണൽ സന്ദേശങ്ങളിൽ ഭൂരിഭാഗത്തിലും പൊതുവായി കാണാറുള്ള ഒരു ചോദ്യമാണിത്. ഒപ്പം കോപ്പി-പേസ്റ്റ് ചെയ്ത ഒരു ലേഖനമോ, ഏതെങ്കിലും ലിങ്കോ ആയിരിക്കും. പച്ചമഞ്ഞളിന് മുന്നിൽ

കളരി ഗുരുക്കളുടെ മരണം

ഒരു വരത്തന്റെ തെറിവിളയാട്ടം അവസാനിപ്പിക്കണം എന്നു പറഞ്ഞു കുഞ്ഞേട്ടനെയും അനുജനെയും ചൂടാക്കിയത് കുഞ്ഞൂഞ്ഞാണ്.അവന് നല്ല തല്ല് കൊടുക്കണം.പഞ്ചായത്ത് മെംബര്‍ക്ക് ധൈര്യം വന്നില്ല.

അരം+അരം=കിന്നരം ! ജഗതി ചേട്ടനെ മനസ്സില്‍ ധ്യാനിച്ച്‌ ഒരു കോമഡി റീമൈക്ക്

“ജോസഫേ, കുട്ടിക്ക് മലയാളം അറിയാം”..ഒന്ന് കണ്ടു നോക്കു

ലോജിക്കൽ മിസ്റ്റേക്സിനും ക്ലൈമാക്സിലെ ട്വിസ്റ്റിനും നേരെ കണ്ണടച്ചു കൊണ്ട് ഈ ചിത്രം ആസ്വദിക്കാം

Bhool bhulayya 2 Sreeram Subrahmaniam മണിച്ചിത്രത്താഴ് എന്ന ചിത്രത്തിന്റെ തെലുഗ് , കന്നഡ റീമേക്കുകളുടെ…