മക്കളെ എന്തിനു സ്കൂളിലയക്കണം…

304

കല്യാണപ്രായമെത്തിയ മക്കള്‍ക്ക്‌ ബി എഡും, എം എഡും ഒക്കെ യോഗ്യതയുള്ള വധൂവരന്മാരെ തേടുകയാണിന്നു രക്ഷിതാക്കള്‍, കല്യാണം കഴിഞ്ഞാല്‍ പിന്നെ കുട്ടികളുണ്ടാവും, അതൊന്നും ഒരു കൃഷ്ണയ്യര് വിചാരിച്ചാലും തടയാന്‍ കഴിയില്ലല്ലോ.. കുട്ടികളായാല്‍ അവരെ പഠിപ്പിക്കണം, വളര്‍ത്തി വലുതാക്കണം, വലുതായി അവരൊക്കെ ഒരു നിലയില്‍ എത്തുന്നത് വരെ അവര്‍ക്ക് ഒരു പോറലും ഏല്‍ക്കാതിരിക്കാന്‍ സ്വയം ഉരുകണം; ഇതാണല്ലോ ഒരു രക്ഷിതാവിന്റെ ബാധ്യത. പല്ല് തേപ്പിച്ചും, നഖം വെട്ടിയും, മുടി ചീകിയും, മുഖം മിനുക്കിയും കുട്ടികളെ താലോലിക്കാത്ത ഒരു രക്ഷിതാവുമുണ്ടാവില്ല. അത് കൊണ്ട് തന്നെ കുട്ടികള്‍ എന്ന് പറഞ്ഞാല്‍ നമുക്ക് പോന്നോ, പെട്രോളോ ഒന്നുമല്ല, അതിനെക്കാളും മൂല്യമുള്ള ഒരമൂല്യനിധിയാണ്‌. ആ കുട്ടികള്‍ക്ക് അക്ഷരാഭ്യാസം നല്‍കാനും, അറിവ് നുകരാനുമുള്ള കേന്ദ്രങ്ങള്‍ മലീമാസമായാല്‍ പിന്നെ കുട്ടികള്‍ക്ക് പഠനത്തിനു വീടാണുത്തമം എന്ന് ആരെങ്കിലും കണ്ടെത്തിയാല്‍ അവരെ കുറ്റം പറയാനാവില്ല.കേരളക്കരയിലെ സ്കൂള്‍ അകത്തളങ്ങളില്‍ നിന്നും പുറത്തു വരുന്ന ലൈംഗീക പീഡനങ്ങളുടെ നാറുന്ന കഥകള്‍ കേട്ടാല്‍ സ്കൂളുകളിലെ അധ്യാപകര്‍ കാമാന്ധത ബാധിച്ച രാക്ഷസന്മാരാണ് എന്നും തോന്നിപ്പോകും, കുട്ടികളെ ഈ രാക്ഷസന്മാര്‍ക്കു വിട്ടു കൊടുക്കാതെ വീട്ടിലിരുത്തി പഠിപ്പിക്കാനുള്ള യോഗ്യത രക്ഷിതാക്കള്‍ക്കുന്ടെങ്കില്‍ പിന്നെ സ്കൂളുകള്‍ ആരവമൊഴിഞ്ഞ ഉത്സവപ്പറമ്പ് പോലെയാകും, കുട്ടികളുടെ എണ്ണം കുറഞ്ഞതിനു പ്രൊട്ടക്ഷന്‍ നഷ്ടപ്പെടുന്നു എന്ന് സങ്കടപ്പെട്ടിട്ടും കാര്യമുണ്ടാകില്ല. ഒരധ്യാപക പാകെജും അധ്യാപകര്‍ക്ക് രക്ഷയാവുകയുമില്ല.

ഇക്കഴിഞ്ഞ ദിവസം പരപ്പനങ്ങാടിയിലെ നെടുവ ജി യു പി സ്കൂളിലെ അധ്യാപകന്‍ അഷ്‌റഫ്‌ 50 ലേറെ വരുന്ന ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനു വിധേയമാക്കിയ വാര്‍ത്ത ഞെട്ടലോടെയാണ് വായിച്ചത്. നിരന്തരമായ പരാതികളുണ്ടായിട്ടും, രക്ഷിതാക്കളുടെ ഇടപെടലുണ്ടായിട്ടും ക്രൂരമായ പീഡനങ്ങള്‍ തുടരുകയായിരുന്നു ഈ അദ്ധ്യാപകന്‍. അധ്യാപകന്റെ പീഡനം ഭയം മൂലം പുറത്തു പറയാതിരിക്കുകയായിരുന്നത്രേ പലരും. പിടിയിലായതോടെയാണ് അമ്പതിലേറെ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ലോകമറിയുന്നത്. പലപ്പോഴും സ്കൂള്‍ സമയത്തിന് ശേഷമായിരുന്നു അഷ്‌റഫ്‌ മാഷ്‌ ഈ ക്രൂര വിനോദത്തിനു സമയം കണ്ടെത്തിയിരുന്നത്. സര്‍ക്കാര്‍ സ്കൂള്‍ ആയതിനാല്‍ അതും സൌകര്യമായി. ഈ പ്രദേശത്തുകാരന്‍ എന്ന നിലയിലും, ഒരു ആണ്‍കുട്ടിയുടെ രക്ഷിതാവ് എന്ന നിലയിലും അഷ്‌റഫ്‌ മാഷിന്റെ ചെയ്തികളില്‍ ഭയപ്പെട്ടു കഴിയുമ്പോഴാണ് തൊട്ടടുത്ത്‌ തിരൂരിലെ സ്കൂളില്‍ നിന്നും പെണ്‍ കുട്ടികളെ പീഡിപ്പിച്ച അബ്ദുറഹിമാന്‍ മാഷുടെ കാമാലീലകര്‍ പുറത്തു വരുന്നത്.തിരൂരിലെ ചെറിയ പരപ്പൂരില്‍ ഇംഗ്ലീഷ്മീഡിയം സ്കൂള്‍ അധ്യാപകനായ ഇദ്ദേഹം 25 ഓളം വരുന്ന പെണ്‍കുട്ടികളയാണ് പീഡനത്തിനു വിധേയമാക്കിയത്. എന്നെ പോലെ പെണ്‍കുട്ടികളുമുളള രക്ഷിതാക്കളെ ആകെ ഭയപ്പെടുത്തുന്ന ഇത്തരം വാര്‍ത്തകള്‍ സ്കൂളുകളെ കുറിച്ച് മോശം ചിന്തകള്‍ ഉണര്തുന്നില്ലേ. കുട്ടികളെ പലതും കാണിച്ചു വശീകരിച്ചാണ് ഈ അധ്യാപകരോക്കെ തങ്ങളുടെ കാര്യങ്ങള്‍ സാധിചെടുത്തതത്രേ. അത്തരം കാര്യങ്ങള്‍ സാധിക്കുന്ന ആ സാധനം അങ്ങ് ചേദിക്കാന്‍ ഇന്നാട്ടില്‍ നിയമമൊന്നുമില്ലല്ലോ.

കാസര്‍ഗോഡ്‌ മദ്രസ്സ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ അയൂബ് സഖാഫി എന്ന മദ്രസ്സ അധ്യാപകനെയും, ചങ്ങനാശേരിയില്‍ മദ്രസ്സ വിദ്യാര്‍ഥികളെ പീഡിപ്പിച്ചതിനു ജലാലുധീന്‍, റഷീദ് എന്നീ രണ്ടു അധ്യാപകരെയും മുമ്പ് പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ഇസ്ലാമികമായ ചുറ്റുപാടുകളില്‍ ജീവിതം നയിക്കേണ്ട ഉസ്താദുമാര്‍ പോലും അനിസ്ലാമികമായ ഈ അസാന്മാര്‍ഗിക കേളികളില്‍ സ്വയം രമിക്കുമ്പോള്‍ നാം ആരില്‍ നിന്നാണ് നന്മകള്‍ പ്രതീക്ഷിക്കേണ്ടത്. മത ബോധം വളര്‍ത്തേണ്ട ഉസ്താദുമാര്‍ ഇങ്ങനെ നിന്ന് പാത്തിയാല്‍ (മൂത്രമൊഴിക്കുക) കുട്ടികള്‍ നടന്നു പാത്തില്ലേ..

ശിശു കേന്ദ്രീകൃതമാണല്ലോ പുതിയ ബോധനരീതി! അധ്യാപകര്‍ കുട്ടികളുമായി ഇടകലര്‍ന്ന് അവരെ പാഠഭാഗങ്ങള്‍ പഠിപ്പിക്കണം എന്നുമാണല്ലോ.. പുതിയ ബോധനരീതി പ്രകാരം ലൈംഗീക അവബോധം ഉണ്ടാക്കാന്‍ കുട്ടികള്‍ക്കുള്ള പ്രക്ടിക്കലാണ് ഇതെന്നു കരുതാമോ. കാരണം കേരളത്തിലെ സകല വിദ്യാലയങ്ങളില്‍ നിന്നും മാത്രമല്ല, മതപഠനകേന്ദ്രങ്ങളില്‍ നിന്ന് പോലും പുറത്തു വരുന്നത് ഇത്തരത്തിലുള്ള പീഡനകഥകളാണ്. പീഡനവിധേയരായ കുട്ടികളുടെ രക്ഷിതാക്കള്‍ പലതവണ പരാതി പറഞ്ഞതിന്റെ ഫലമാണ്ഏതാനും അധ്യാപകര്‍ കെണിയില്‍ പെടാനിടയാക്കിയത്. പോലീസിലും, സ്കൂള്‍ മേലധികാരികള്‍ക്കുമൊക്കെ പരാതി നല്‍കിയിട്ടും ഒരു നടപടിയുമുണ്ടാകാത്ത എത്രയെത്ര പീഡനങ്ങള്‍ ഇന്നാട്ടില്‍ നടക്കുന്നു..വീട്ടില്‍ നിന്നുമിറങ്ങി, സ്കൂളില്‍ എത്തുന്നത് വരെയും, സ്കൂളില്‍ നിന്നും ഇറങ്ങി വീട്ടിലെത്തുന്നത് വരെയും നമ്മുടെ കുട്ടികളുടെ പിന്നാലെ കൂടുന്ന ആണ്‍/പെണ്‍ വാണിഭക്കാരില്‍ നിന്നും നമ്മുടെ കുട്ടികളെ രക്ഷിക്കാന്‍ ഇനി ഒരു സദാചാരപോലീസുണ്ടാകണോ? നിരന്തരമായ പരാതികള്‍ക്ക് നേരെ മുഖം തിരിക്കുന്ന നിയമപാലകരും, ക്രൂരന്മാരായ അധ്യാപകന്മാര്‍ക്കെതിരെ നടപടികള്‍ക്ക് മടിക്കുന്ന സ്കൂള്‍ അധികൃതരും ഒക്കെ സദാചാര പോലീസുകളെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത് എന്ന് പറയാതെ വയ്യ.

നവംബര്‍ നമ്മള്‍ ശിശു ദിനാചരണം നടത്തുന്ന മാസമാണല്ലോ. ഈ മാസത്തില്‍ തന്നെ മേല്‍ പറഞ്ഞ രണ്ടു പീഡനങ്ങളും പുറത്തു വന്നത് ചൈല്‍ഡ് ലൈന്‍ എന്ന പൊതു താല്പര്യ സംഘടനയുടെ മികവാണ്. ചൈല്‍ഡ് ലൈനില്‍ ഈ കുട്ടികളുടെ രക്ഷിതാക്കള്‍ പരാതി നല്കിയിരുന്നില്ലെങ്കില്‍ ഈ അധ്യാപകര്‍ ഇപ്പോഴും നമ്മുടെ മുമ്പില്‍ പകല്‍ മാന്യന്മാരായി ഞെളിഞ്ഞു നടക്കുന്നുണ്ടായിരുന്നു. കൂടുതല്‍ കുട്ടികളെ കൌന്സിലിങ്ങിനു വിധേയമാക്കി പീഡനങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് അന്വേഷണം നടത്തുന്നുമുണ്ട് ഈ സംഘടന, ഒരു പക്ഷെ കേരളം കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത അധ്യാപക പീഡനങ്ങളുടെ നാറുന്ന കഥകളായിരിക്കും അടുത്ത ദിവസങ്ങളില്‍ പുറത്തു വരിക..

അതിരാവിലെ ബാഗും, കുടയും, ഉച്ചയൂണും കൊടുത്തു കുട്ടികളെ വിടുന്നത് ഒരു കൂട്ടം രാക്ഷസന്മാരുടെ മുമ്പിലേക്കാണെന്നാണ് ആനുകാലിക സംഭവങ്ങള്‍ തെളിയിക്കുന്നത്. നന്മകളുടെ നനവ്‌ അവശേഷിക്കുന്ന അധ്യാപകര്‍ എന്നോടും ഈ പോസ്ടിനോടും ദയവു ചെയ്തു ക്ഷമിക്കണം എന്നൊരഭ്യര്തന ഞാന്‍ പങ്കു വെക്കുന്നു. ഗുരു ശിഷ്യ ബന്ധത്തിന്റെ പവിത്രതയും, ദൃഡതയും ഒക്കെ ആര്‍ക്കും അറിയാവുന്നതാണ്, എത്ര തന്നെ പ്രശസ്തിയുടെ കൊടുമുടികളില്‍ വിരാചിതനായാലും ഏതൊരാളും മറക്കാതെ ഓര്‍മ്മിക്കാറുണ്ട് അവരവരുടെ ഗുരുനാഥന്മാരെ! അക്ഷരമുറ്റത്തു പിച്ച വെക്കുമ്പോള്‍ കൈ പിടിച്ചു എഴുതാന്‍ പടിപ്പിച്ചവരെയും, അക്ഷരങ്ങളുടെയും, അറിവിന്റെയും ലോകത്തേക്ക് ആനയിച്ചവരെയും ആരും മറക്കാറില്ല. നമ്മുടെ സ്കൂള്‍ ജീവിതങ്ങളില്‍ വിദ്യാര്‍ഥി-അധ്യാപക ബന്ധം അത്തരത്തില്‍ ഒരു നന്മയുടെ കോണില്‍ നിന്ന് കൊണ്ടാണ് നമ്മള്‍ ഇത് വരെ വായിചെടുത്തതെങ്കില്‍ ഇന്നത് മാറി. അധ്യാപനത്തിന്റെ നന്മകളും, വിദ്യാര്തിത്വത്തിന്റെ നൈര്‍മല്യങ്ങളും എന്നെന്നേക്കുമായി നമുക്ക് നഷ്ടപ്പെടുകയാണെന്ന ദുഖകരമായ വസ്തുതകള്‍ക്ക് നേരെ മുഖം തിരിച്ചിട്ടു കാര്യമുണ്ടോ? ബാല്യത്തിന്റെ നൈര്‍മല്യങ്ങളെ പോലും തിരിച്ചറിയാത്ത ക്രൂരന്മാരായ ചില അധ്യാപകര്‍ വെറും വികാരജീവികളായി അധപ്പതിച്ചോ? നിഷ്കളങ്കമായ ഇന്നത്തെ ബാല്യങ്ങളാണ് നാളത്തെ തലമുറ എന്ന കാര്യം അധ്യാപനത്തിന്റെ ബോധന രീതിശാസ്ത്രത്തില്‍ നിന്നും മറഞ്ഞോ?
നമ്മുടെ വീടുകളില്‍ ഇരിക്കുന്നതിനേക്കാള്‍ മണിക്കൂറുകള്‍ നമ്മുടെ കുട്ടികള്‍ ചെലവഴിക്കുന്നത് സ്കൂളിലും, അധ്യാപകരുടെ മുമ്പിലുമാണ്.അത് കൊണ്ട് തന്നെ മാതാ പിതാക്കളെക്കാള്‍ കുട്ടികള്‍ക്ക് മാതൃക അധ്യാപകരാണ്, കുട്ടികളുടെ സാംസ്കാരികവും, സാമൂഹ്യവുമായ വളര്‍ച്ചക്ക് മുമ്പേ നടക്കേണ്ട ചാലകശക്തികളാണ് അധ്യാപകര്‍. ഈ അധ്യാപക സമൂഹം ധാര്‍മ്മികമായ ചുറ്റുപാടുകളില്‍ നിന്നും അധപ്പതിച്ചു അസാന്മാര്‍ഗിക കേളികളില്‍ മുഴുകുമ്പോള്‍ നമുക്ക് നഷ്ടമാവുന്നത് നമ്മുടെ കുട്ടികളെയാണ്..നമ്മോടു ബന്ധപ്പെടുത്തുന്ന നാളെയുടെ കണ്ണികളെക്കൂടിയാണ്.ഒരു പക്ഷെ നാളത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയെയോ , പ്രസിടന്റിനെയോ, കേരള മുഖ്യമന്ത്രിയെയോ മാത്രമല്ല ലോകപ്രശസ്തരായ പലരെയും ഇവരില്‍ നിന്നും നമ്മളൊക്കെ പ്രതീക്ഷിക്കുന്നില്ലേ. ആ പ്രതീക്ഷ അസ്ഥാനത്താവുകയാണോ?

അദ്ധ്യാപനം എന്നത് മാന്യന്മാര്‍ക്കു ചേര്‍ന്ന പണിയാണ്..പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ അക്ഷീണയത്നം തന്നെ നടത്തുന്നവര്‍ക്കെ ആ പണി മാന്യമായി കൊണ്ടുനടക്കാനും, ലക്‌ഷ്യം പൂര്തീകരിക്കാനും സാധിക്കുകയുള്ളൂ. അത്തരം അധ്യാപകര്‍ നമ്മുടെ വിദ്യാലയങ്ങളില്‍ കുറഞ്ഞു വരുന്നുവെന്നത് വേദനാജനകമാണ്. ചില സാമൂഹ്യ ദ്രോഹികള്‍ അധ്യാപനവൃത്തിയുടെ മാന്യത കെടുത്തുന്നതാണ് നാം ദിനേന കണ്ടു കൊണ്ടിരിക്കുന്നത്. പ്രൈമറി ക്ലാസുകളിലെ പിഞ്ചു പൈതങ്ങളെ പോലും ലിംഗ വിത്യാസമില്ലാതെ ലൈംഗീക വേഴ്ചക്ക് വിധേയമാക്കിയ ഈ ‘അധ്യാപഹയന്മാര്‍’ സാമൂഹ്യ ദ്രോഹികള്‍ തന്നെയല്ലേ…വണ്ടേ നീ സ്വയം ഉരുകുന്നു, വിളക്കും കെടുത്തുന്നു എന്ന് കവി പാടിയത് ഈ അധ്യാപഹയന്മാരെ കുറിച്ചാണോ.

വാളകത്ത് അധ്യാപകന്റെ മുന്നിലാണോ, പിന്നിലാണോ കുത്തിയത് എന്നും, വാളാണോ, പാരയാണോ കയറ്റിയത് എന്നുമൊക്കെ ഒന്നും ഒന്നരയും മാസം വെച്ചാണല്ലോ നമ്മളും, നമ്മുടെ ചാനലുകളും ആഘോഷിച്ചത്.കുറെ കുട്ടികളെ അധ്യാപകര്‍ ‘കമ്പിപ്പാര’ തന്നെ കയറ്റിയ ഈ വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുമ്പോള്‍ ആരുണ്ടിവിടെ ചോദിക്കാന്‍ എന്ന് ഉറക്കെ ചോദിച്ചു പോവുകയാണ്.പുതു തലമുറകളെ വാര്‍ത്തെടുക്കേണ്ട അധ്യാപകര്‍ ഇങ്ങനെ ‘അധ്യാപഹയന്മാര്‍’ ആയാല്‍ നമ്മുടെ കുട്ടികളെ എങ്ങനെ സ്കൂളില്‍ പറഞ്ഞയക്കും എന്ന് ഓരോ രക്ഷിതാവും ഭയപ്പെട്ടു കൊണ്ടിരിക്കുകയാണ്.

Comments are closed.