സ്ത്രീകളെ നിങ്ങൾ എന്ന് 100ശതമാനം സ്വതന്ത്രർ ആകുന്നോ, ഗർഭം ധരിക്കാനും, ഗർഭഛിദ്രം ചെയ്യാനുമുള്ള അവകാശം എന്ന് പൂർണമായി അവരുടേതാവുന്നോ അന്നുമുതൽ അവരെ കുറ്റംപറയാം

95
Malavika Radhakrishnan
സ്വന്തം ഉള്ളിലൊരു ബീജം വന്നു വീഴുന്നതിൽ ഭൂരിഭാഗം സന്ദർഭങ്ങളിലും സ്വന്തമായി ഒരു തീരുമാനം എടുക്കാൻ അവകാശമില്ലാത്ത, അബോർഷൻ എന്ന് കേൾക്കുമ്പോൾ ആളുകൾ നെറ്റിചുളിക്കുന്ന, അതിന് വേണ്ടുന്ന സ്വയം പര്യാപ്തതയോ സാമ്പത്തിക ഭദ്രതയോ സന്ദർഭമോ ലഭിക്കാത്ത, സ്വന്തം ഗര്ഭപാത്രത്തിനുമേൽ പോലും അവകാശമില്ലാത്ത സ്ത്രീകൾ അവർക്കുണ്ടാവുന്ന കുഞ്ഞുങ്ങളെ സ്നേഹിക്കുക മാത്രമേ ചെയ്യാവു എന്നത് നമ്മൾ എന്ന സിസ്റ്റം അവരുടെമേൽ അടിച്ചുവെച്ചതാണ്. അങ്ങനെ അടിച്ചേല്പിക്കപെട്ട ഒരു കെട്ടുമാറാപ്പാണ് അമ്മത്തം എന്നത്. അവരെ കേവലമൊരു മനുഷ്യനായി കണ്ടാൽ തീരാവുന്നതേയുള്ളു കൺഫ്യൂഷൻ. സ്നേഹിക്കാൻ മാത്രമല്ല സ്നേഹിക്കാതിരിക്കാനും വെറുക്കാനും അതിഭീകരമായ വെറുക്കാനും കഴിയുന്ന ജീവിയാണ് മനുഷ്യൻ.
അമ്മയെന്നത് നിങ്ങളുടെ സങ്കൽപ്പം മാത്രമാണ്. അതിനെ ചേർത്തണയ്ക്കുന്നവർ ഉണ്ടാവാം. അത് ജീവിതത്തിന്റെ അച്ചുതണ്ടായിക്കണ്ടു ജീവിക്കുന്നവർ ഉണ്ടാവാം. പക്ഷെ, എല്ലാ സ്ത്രീകളും അങ്ങനെ തന്നെയാവണം എന്നത് നമ്മുടെ മാത്രം വാശിയാണ്. അല്ലെങ്കിലും ഈ ലോകത്ത് നടക്കുന്ന എല്ലാ കുറ്റകൃത്യങ്ങളുടെയും സ്രോതസ് എപ്പോഴും ആരുടെയെങ്കിലുമൊക്കെ വാശിയാണല്ലോ !
സ്ത്രീകളെ നിങ്ങൾ എന്ന് 100ശതമാനം സ്വതന്ത്രർ ആകുന്നോ, ഗർഭം ധരിക്കാനും, ഗർഭഛിദ്രം ചെയ്യാനും, പ്രസവിക്കാനും ഉള്ള അവകാശം എന്ന് പൂർണമായി അവരുടേതാവുന്നോ, അന്ന്, അന്ന് മാത്രം നമുക്ക് മക്കളെ സ്നേഹിക്കാത്തതിന്റെ കുറ്റം പൂർണമായി അവരുടെമേൽ ചാരാം !