പ്രകൃതി ചികിത്സയിലേക്കു വരൂ, നിങ്ങള്‍ക്കും ഡോക്ടറാവാം: ഈ ചികിത്സയിലെ തട്ടിപ്പുകള്‍

0
2020

01

‘രോഗിയായി വരൂ…ഡോക്ടറായി മടങ്ങൂ’

ഇതു പ്രകൃതി ചികിത്സകരുടെ ആപ്തവാക്യമാണ്..

ശരിയാണ് ഇന്ന് പ്രകൃതി ചികിത്സ ഡോക്ടര്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന മിക്കവരും ഇങ്ങനെ ഡോക്ടറായവരാണ്. എത്ര ലളിതം അല്ലേ? എന്‍ട്രന്‍സ് വേണ്ട, നാലര വര്‍ഷം പഠിക്കേണ്ട, ഒരു വര്‍ഷം ക്ലിനിക്കല്‍ ട്രെയിനിങ് അറ്റന്‍ഡ് ചെയ്യേണ്ട. മെഡിക്കല്‍ കൗണ്‍സിലില്‍ രെജിസ്റ്റര്‍ ചെയ്യേണ്ട. ചുമ്മാതെ ഒരു ഡോക്ടറാവാം. അടിസ്ഥാന യോഗ്യതയും വേണ്ട. ഇന്ന് കേരളത്തിലെ പ്രകൃതി ചികിത്സാ ഡോക്ടര്‍ എന്നു പറയുന്നവരില്‍ പലരും SSLC പോലും പാസ്സായിട്ടില്ല എന്നറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടിയേക്കാം. എന്നാലും അതൊരു സത്യമാണ്.

ഇതാണ് പ്രകൃതി ചികിത്സാ എന്ന പേരില്‍ ഇന്ന് കേരളത്തില്‍ നടക്കുന്ന തട്ടിപ്പിന്റെ പുതിയ മുഖം. ഇതു തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. പലര്‍ക്കും അറിയാവുന്ന പരസ്യമായ ഒരു രഹസ്യമാണിത്. പ്രകൃതി ചികിത്സാ മേഖലയിലെ തട്ടിപ്പുകളെ കുറിച്ചു പച്ച വെള്ളം പോലെ അറിയാവുന്ന വ്യക്തിയാണ് ഞാന്‍. അതിനുള്ള കാരണം രണ്ടാണ്. തിരൂരിലെ അറിയപ്പെടുന്ന ഒരു പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍ പ്രമേഹം നിയന്ത്രിക്കാന്‍ പോയി അഡ്മിറ്റായി, ഒടുവില്‍ ഡോക്ടര്‍ എന്നു പറയപ്പെടുന്നയാളുടെ (ഡയറ്റ്) നിര്‍ദേശ പ്രകാരം ഭക്ഷണ ക്രമീകരണവും, യോഗയും പതിവാക്കി പ്രമേഹത്തിനു വര്‍ഷങ്ങളായി കഴിച്ചിരുന്ന ടാബ്ലെറ് ഒഴിവാക്കിയ എന്റെ പിതാവിന് വന്ന ദുരവസ്ഥ. രണ്ടു ഇതു പോലെ പ്രകൃതി ചികിത്സയില്‍ ആകൃഷ്ടനായ എന്റെ പിതൃ സഹോദരന്‍ തിരൂരിനടുത്തു തുടങ്ങിയ ആയുര്‍വേദ പ്രകൃതി ചികിത്സാ റിസോര്‍ട് /ഹോസ്പിറ്റല്‍ മാനേജ്‌മെന്റിന്റെ ഭാഗമായി ലഭിച്ച വിവരങ്ങള്‍. ഇന്ന് ആ സ്ഥാപനത്തില്‍ പ്രകൃതി ചികിത്സയ്‌യോ, ഡോക്ടര്‍മാരോ ഇല്ല. നല്ല നിലയില്‍ നടക്കുന്ന എല്ലാ സൗകര്യങ്ങളോടും കൂടിയ ആയുര്‍വേദ റിസോര്‍ട് / ഹോസ്പിറ്റലാണ് പ്രസ്തുത സ്ഥാപനമിന്നു.

02

പ്രശസ്തമായ നിളാ തീരത്തു ആധുനിക സൗകര്യങ്ങളും സജ്ജീകരണങ്ങളോട് കൂടിയ സ്ഥാപനമായതില്‍ പ്രകൃതി ചികിത്സാ യൂണിറ് നടത്താന്‍ തല്പരരായ പല പ്രകൃതി ചികിത്സകരും മാനേജ്‌മെന്റ് നെ സമീപിച്ചിരുന്നു. അംഗീകൃത ഡോക്ടര്‍മാര്‍ (BNYS)പലരും അവിടെ സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നു. എല്ലാവരും ചെറുപ്പക്കാരായതിനാല്‍ അവരുമായി വളരെ ഊഷ്മളമായ ഒരു ബന്ധമാണ് എനിക്കുണ്ടായിരുന്നത്. പക്ഷെ അവരിലൊരാളും തന്നെ ഇന്ന് കേരളത്തില്‍ അറിയപ്പെടുന്ന പ്രകൃതി ചികിത്സകന്മാരെ, അവരുടെ ചികിത്സാ രീതിയെ പിന്തുണച്ചിരുന്നില്ല എന്നതാണ് എടുത്തു പറയേണ്ട വസ്തുത. ജേക്കബ് വടക്കാഞ്ചേരിയെ പോലുള്ളവരോടുള്ള ആ അംഗീകൃത ഡോക്ടര്‍മാരുടെ നിലപാട് വളരെ നിഷേധാത്മകമായിരുന്നു. പ്രധാനമായും ഇത്തരം ചികിത്സകരുടെ ചികിത്സാ രീതിയെക്കുറിച്ചു, അവരുടെ യോഗ്യതകളെക്കുറിച്ചുമായിരുന്നു അവ..ഇതിനെ കുറിച്ചു കൂടുതല്‍ മനസ്സിലാക്കണമെങ്കില്‍ പ്രകൃതി ചികിത്സയെകുറിച്ചും, പ്രകൃതി ചികിത്സകര്‍ക്കു വേണ്ട അടിസ്ഥാന യോഗ്യത്തെക്കുറിച്ചും, ഇന്ന് കേരളത്തില്‍ നടക്കുന്ന പ്രകൃതി ചികിത്സയുമായുള്ള വൈരുധ്യങ്ങളെക്കുറിച്ചും അറിയണം.

എന്താണ് പ്രകൃതി ചികിത്സാ?

സ്വയം രോഗാവസ്ഥ തരണം ചെയ്യാനുള്ള മനുഷ്യ ശരീരത്തിന്റെ കഴിവില്‍ അധിഷ്ഠിതമായ ( self Healing ) ഒരു ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ ശാഖയാണ് പ്രകൃതി ചികിത്സാ അഥവാ നാച്ചുറോപ്പതി. നാച്യുറോപ്പതിയുടെ ഉത്ഭവം 19 നൂറ്റാണ്ടില്‍ യൂറോപ്പിലാണ്. 19 നൂറ്റാണ്ടില്‍ യൂറോപ്പിലുണ്ടായ നാച്ചുറല്‍ ക്യൂര്‍ മൂവ്‌മെന്റിന്റെ ചുവടും പറ്റിയാണ് ഈ ശാഖാ പടര്‍ന്നു പന്തലിച്ചത്.

യഥാത്ഥത്തില്‍ 1. ഹെര്‍ബല്‍ മെഡിസിന്‍, ഹോമിയോപ്പതി, അക്യൂപങ്ച്ചര്‍, ഡയറ്റിംഗ്, സൈക്കോതെറാപ്പി, ജല ചികിത്സ, ഫിസിക്കല്‍ മെഡിസിന്‍, ഹെയര്‍ അനാലിസ്, ലൈവ് ബ്ലഡ് അനാലിസിസ്, ഓസോണ്‍ തെറാപ്പി, ചില ആയുര്‍വേദ ചികിത്സാ രീതികള്‍ എന്നിവയുടെ സമന്വയ ചികിത്സയാണിത്..

പക്ഷെ നാച്ചുറോപ്പതി എന്ന ശാഖയെ evidence based scientific branch ആയി ശാസ്ത്രലോകം അംഗീകരിച്ചിട്ടില്ല. കാരണം ശാസ്ത്രീയമായി ഈ ചികിത്സകരുടെ വിശ്വസ്തത തെളിയിക്കപ്പെടാത്തതു കൊണ്ടു തന്നെ.

പ്രകൃതി ചികിത്സ ഇന്ത്യയില്‍

പ്രകൃതി ചികിത്സ ഇന്ത്യയില്‍ പ്രചരിപ്പിച്ചതു രാഷ്ട്ര പിതാവായ മഹത്മാ ഗാന്ധി ആയിരുന്നു..അതു കൊണ്ടു തന്നെ അദ്ദേഹത്തിന്റെ അഹിംസാ സിദ്ധാന്തവും പ്രകൃതി ചികിത്സയുമായി കൂട്ടി ചേര്‍ക്കപ്പെട്ടു എന്നു വേണം അനുമാനിക്കാന്‍..ഗാന്ധിജിയുടെ മരണാന്തരം പിന്നീടത് ഗാന്ധിയന്മാര്‍ ഏറ്റെടുത്തു..അതോടെ ഇന്ത്യന്‍ പ്രകൃതി ചികിത്സാ മേഖലകളില്‍ അഹിംസാ സിന്ധാന്തവും, മാംസാഹാര വിരുദ്ധതയും അരക്കെട്ടുറപ്പിച്ചു..പക്ഷെ ഒരിക്കലും തന്നെ മഹാരഥന്മാരായ പഴയ കാല ഗാന്ധയന്‍മാര്‍ ഡോക്ടര്‍ എന്നവകാശപ്പെടുകയോ, ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ ചികില്‍സിച്ചു ഭേദമാക്കാം എന്ന അവകാശവാദമുന്നയിക്കുകയോ ചെയ്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്..പകരം അവര്‍ ഈ ശൈലി ജീവിതത്തില്‍ പകര്‍ത്തി മാതൃകയായി. പക്ഷെ പിന്നീട് ഈ മേഖലയിലേക്ക് വന്ന പണക്കൊതിയന്മാരായ പ്രാപ്പിടിയന്മാരാണ് ഈ മേഖലയെ ചൂഷണങ്ങളുടെ കേന്ദ്രമാക്കിയത്..

ഇന്ത്യയില്‍ ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ ശാഖകളെല്ലാം ഇന്ന് ‘ആയുഷ് ‘ എന്ന റെഗുലേറ്ററി ബോര്‍ഡിന് കീഴിലാക്കിയിട്ടുണ്ട്..ഡിപ്പാര്‍ട്‌മെന്റ് ഓഫ് ആയുര്‍വേദ, യോഗ & നാച്ചുറോപ്പതി, യൂനാനി, സിദ്ധ ആന്‍ഡ് ഹോമിയോപ്പതി എന്നതിന്റെ ഷോര്‍ട് ഫോമാണ് ആയുഷ്..

ആരാണ് യഥാര്‍ത്ഥ പ്രകൃതി ചികിത്സാ ഡോക്ടര്‍മാര്‍ ?

ആയുഷിന്റെ നിയമാവലി പ്രകാരം 5.5 വര്‍ഷം ദൈര്‍ഘ്യമുള്ള BNYS ( ബാച്ചലര്‍ ഓഫ് നാച്ചുറോപ്പതി ആന്‍ഡ് യോഗിക് സയന്‍സ്) ആണ് പ്രകൃതി ചികിത്സാ ഡോക്ടര്‍ക്കു ഉണ്ടായിരിക്കേണ്ട മിനിമം യോഗ്യത..BNYS ബിരുദധാരികള്‍ക്കു വിവിധ മെഡിക്കല്‍ കൗണ്‍സിലില്‍ പ്രകൃതി ചികിത്സാ ഫിസിഷ്യന്മാരായി A ക്ലാസ്സ് രെജിസ്‌ട്രേഷന്‍ ലഭിക്കുന്നതാണ്…ഈ യോഗ്യത നേടിയവര്‍ക്ക് മാത്രമേ ‘ഡോക്ടര്‍ ‘ എന്ന പദം പേരിന്റെ കൂടെ ഉപയോഗിക്കാവൂ എന്നാണ് നിയമം.

2010 ലെ കണക്കു പ്രകാരം ഇന്ത്യയില്‍ BNYS കോഴ്‌സ് നടത്തുന്ന സ്ഥാപനങ്ങള്‍ 12 എണ്ണം മാത്രമേ ഉള്ളൂ…ദക്ഷിണേന്ത്യയില്‍ തമിഴ്‌നാട്ടിലെ : Dr .MGR Medical Universtiy യും കര്‍ണാടകയിലെ Rajive Gandhi universtiy of Medical and Allied Health മാണ് ഈ കോഴ്‌സുകള്‍ നടത്തി വരുന്നത്…ഇതു കൂടാതെയുള്ളതു ഇന്ത്യയിലെ തന്നെ പ്രശസ്ത സ്ഥാപനമായ National Institute of Naturopathy ആണ്..പൂനയിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്…

BNYS യോഗ്യത നേടിയ ഡോക്ടര്‍മാര്‍ വളരെ കുറവാണ്..കൃത്യമായ കണക്കുകള്‍ ട്രാവന്‍കൂര്‍ മെഡിക്കല്‍ കൗണ്‍സിലില്‍ ലഭ്യമാണ്..

കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന പ്രകൃതി ചികിത്സകരുടെ യോഗ്യത?

സ്വയം ഡോക്ടര്‍ എന്നു വിശേഷിപ്പിക്കുന്ന പ്രകൃതി ചികിത്സകരുടെ യോഗ്യതകള്‍ ഇനി പറയുന്നവയാണ്…

ND അഥവാ നാച്ചുറോപ്പതി ഡിപ്ലോമ ..10 ക്ലാസ് അടിസ്ഥാനമാക്കിയുള്ള ഒരു വര്‍ഷത്തെ ഡിപ്ലോമയാണിത്..

DNYS അഥവാ ഡിപ്ലോമ ഇന്‍ നാച്ചുറോപ്പതി ആന്‍ഡ് യോഗിക് സയന്‍സ് പേരില്‍ സൂചിപ്പിക്കുന്ന നിലവാരമൊന്നും കോഴ്‌സിനില്ല എന്നതാണ് സത്യം..ഇതും ND യുടെ നിലവാരത്തിലുള്ള കോഴ്‌സാണ്..പരിഷ്‌കരിച്ച പേരുണ്ട് എന്നു മാത്രം…

ഒരു പ്രത്യേക ബോര്‍ഡോ അല്ലെങ്കില്‍ സര്‍വ്വകലാശാലകളോ നല്‍കുന്ന വാലിഡ് സര്‍ട്ടിഫിക്കറ്റുകള്‍ അല്ലിവ..ഇതു പോലുള്ള ചികിത്സകരുടെ അസോസിയേഷന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍..പലതിനും അറ്റസ്റ്റേഷന്‍ പോലും ലഭ്യമാവില്ല…

03

ഇതെല്ലാത്ത പല സ്ഥാപനങ്ങളും ഈ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നുണ്ട്..പലതും തട്ടിക്കൂട്ടിയെടുത്ത സ്ഥാപനങ്ങള്‍..വേണ്ടത്രേ പ്രാക്ടിക്കല്‍ സൗകര്യങ്ങളോ , മനുഷ്യ ശരീരത്തിന്റെ ബേസിക് ഫിസിയോളജിയോ,അനാട്ടമിയോ,ഫാര്‍മക്കോളജിയോ, ശാസ്ത്രീയമായ ഡയറ്റിംഗോ ഒന്നും പാഠ്യവിഷയമല്ലാത്ത ഈ കോഴ്‌സുകള്‍ എന്തിനു ?

പ്രകൃതിയിലേക്ക് മടങ്ങൂ..ക്യാന്‍സര്‍ ഏതു സ്റ്റേജിലായാലും 100% ഗ്യാരന്റിയോടെ ഇല്ലാതാക്കാം?

ആധുനിക വൈദ്യ ശാസ്ത്രത്തിനു പോലും 100% ഫലപ്രാപ്തി ലഭിക്കാത്ത അസുഖങ്ങളില്‍ ഒന്നാണ് ക്യാന്‍സര്‍..പ്രത്യേകിച്ചു ഫൈനല്‍ സ്റ്റേജിലെത്തിക്കഴിഞ്ഞാല്‍ എത്ര ആധുനിക ചികിത്സ കൊടുത്താലും രോഗിയുടെ മരണം ഏകദേശം ഉറപ്പാണ്..എന്നാല്‍ 100% ഗ്യാരന്റിയോടെ പൂര്‍ണ മോചനം വാഗ്ദാനം ചെയ്തു പകല്‍ക്കൊള്ള നടത്തുകയാണ് പല പ്രകൃതി മുറി വൈദ്യന്മാരും…ഇതിന്റെ എന്നല്ല ഏതു രോഗത്തിന്റെ ശാസ്ത്രീയ വശം ചോദിച്ചാലും ഇവര്‍ക്ക് പറയാനുള്ളത് ശരീരത്തിലെ മാലിന്യങ്ങളെക്കുറിച്ചാവും..ഡയറ്റിംഗിലൂടെ പൂര്‍ണമായും പട്ടിണി കിടത്തി ഈ മാലിനിയം പുറം തള്ളിയാല്‍ എല്ലാ രോഗങ്ങളെ പോലെ ക്യാന്‍സറും മാറും..ഇതാവും മിക്കവാറും ഇവരുടെ മറുപടി…

വാസ്തവത്തില്‍ പകല്‍ക്കൊള്ള മാത്രമല്ല, ജീവിക്കാനുള്ള ഒരു ക്യാന്‍സര്‍ രോഗിയുടെ അവസാന ആശയെയാണ് ഈ നീചന്മാര്‍ ചൂഷണം ചെയ്യുന്നത്…പ്രിയപ്പെട്ടവരുടെ നഷ്ടമൂലം മനസ്സു തളര്‍ന്ന ബന്ധുക്കള്‍ ഇവരുടെ തട്ടിപ്പിനെതിരെ പ്രതികരിക്കാത്തത് വീണ്ടും ഈ തട്ടിപ്പു ആവര്‍ത്തിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നു

എല്ലാ രോഗത്തിനും പ്രകൃതിയില്‍ മരുന്നുണ്ട്

ക്യാന്‍സര്‍ മുതല്‍ ചൊറിച്ചില്‍ വരെയുള്ള അസുഖങ്ങള്‍ക്ക് പ്രകൃതി ചികിത്സയില്‍ ഫലപ്രദമായ ചികിത്സയുണ്ടെന്നാണ് പ്രകൃതി ചികിത്സകരുടെ വാദം..ലൈംഗിക ശേഷിക്കും, വന്ധ്യതയ്ക്കും എപ്പോഴും നല്ല ഡിമാന്ഡായതു കൊണ്ടു അതും ഈ ഡോക്ടര്‍മാരുടെ ഇഷ്ടപ്പെട്ട മേഖലകളില്‍ പെടും..

പ്രമേഹമാണ് മറ്റൊന്ന്..14 ദിവസത്തെ ഉപവാസ ചികിത്സയിലൂടെ പ്രമേഹം പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാം എന്നാണ് മറ്റൊരു അവകാശവാദം..ഇതിന്റെ കൂടെ അഭ്യസിക്കുന്ന യോഗ മുറകള്‍ മനസ്സിനെ നിയന്ത്രിച്ചും, വ്യായാമത്തിന്റെ ഫലം നല്‍കിയും പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കും എന്നത് നിഷേധിക്കാനാവില്ല..ആ വസ്തുത നിഷേധിച്ചാല്‍ ഈ ലേഖനം ഒരു പൂര്‍ണമായ വിമര്‍ശനം മാത്രമായിപ്പോവും..

ഇത്തരം ഒരു ട്രീട്‌മെന്റിലൂടെയാണ് എന്റെ പിതാവിന് അദ്ദേഹത്തിന്റെ ഒരു കണ്ണിന്റെ കാഴ്ചയുടെ 70% നഷ്ടപ്പെട്ടത്..ദീര്‍ഘകാലമായി പ്രമേഹരോഗത്തിനു ടാബ്‌ലറ്റ് കഴിക്കുന്ന അദ്ദേഹം പ്രമേഹം നിയന്ത്രണ വിധേയമാക്കാനായി തിരൂരില്‍ പ്രവര്‍ത്തിച്ചിരുന്ന (ഇപ്പോഴും പ്രവര്‍ത്തിക്കുന്ന) ഒരു പ്രമുഖ ചികിത്സാ കേന്ദ്രത്തില്‍ അഡ്മിറ്റായി..രണ്ടാഴ്ചയോളം ഉപവാസവും സ്‌പെഷ്യല്‍ ഡയറ്റിംഗും..വീട്ടില്‍ വന്ന അദ്ദേഹം കൂടുതലും പഴങ്ങളും,പകുതി വേവിച്ചതും വേവിക്കാത്തതുമായ പച്ചക്കറികളുമാണ് കാഴ്ച്ചിരുന്നത്..സ്ഥിരമായി യോഗ്യയും അഭ്യസിച്ചിരുന്നു..ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇതു തുടര്‍ന്നു പൊന്നു..ഞങ്ങളുടെ നിര്ബന്ധ പ്രകാരം ആയിടെ പ്രമേഹം ചെക്ക് ചെയ്തപ്പോള്‍ കുറച്ചു കുറവായിരുന്നു..അതു താന്‍ പിന്തുടരുന്ന ജീവിത ശൈലിയുടെ മേന്മയായി കരുതി നിര്‍ദേശ പ്രകാരം അദ്ദേഹം ടാബ്‌ലറ്റ് കഴിക്കല്‍ നിറുത്തിയിരുന്നു..ഫിസിഷ്യന്‍ പോയി കണ്ടു പ്രമേഹം ചെക്ക് ചെയ്യാന്‍ പറയുമ്പോഴെല്ലാം തന്നെ ‘എന്റെ ശരീരത്തിലെ പ്രമേഹം കുറവാണ്, എനിക്കതു ഫീല്‍ ചെയ്യുന്നുണ്ട്’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി..ഒരുവര്‍ഷത്തോളം കഴിഞ്ഞു റിട്ടയര്‍മെന്റിനു ശേഷം ഒരു ബന്ധുവിന്റെ നിര്‍ദേശ പ്രകാരം അമൃത മെഡിക്കല്‍ കോളേജില്‍ ഒരു ടോട്ടല്‍ ചെക്കപ്പിന് പോയ അദ്ദേഹത്തിന്റെ നേത്ര പരിശോധന റിപ്പോര്‍ട് കണ്ടു ഞങ്ങള്‍ ഞെട്ടി..പ്രമേഹം മൂര്‍ജ്ജിച് ‘ഡയബറ്റിക് റെറ്റിനോപ്പതി’ കാരണം ഇടത്തെ കണ്ണിന്റെ കാഴ്ചയുടെ 65% ലധികം നഷ്ടപ്പെട്ടിരുന്നു..ഉള്ള കാഴ്ച നില നിര്‍ത്താനും അടുത്ത കണ്ണിലേക്കു സ്‌പ്രെഡ് ചെയ്യാതിരിക്കാനും വേണ്ടി ഞങ്ങള്‍ ഒരുപാട് നേത്ര ആശുപത്രികളില്‍ പോകേണ്ടി വന്നു…ലേസര്‍ ചികിത്സ മൂന്നിലധികം തവണ നടത്തേണ്ടതായി വന്നു…

ഇത്തരം പ്രകൃതി ചികിത്സകന്മാരുടെ മുറിവൈദ്യത്തിനു ഉദാഹരണങ്ങള്‍ ഒരുപാടുണ്ടാകാം ….സ്വന്തം അനുഭവം പ്രതിപാദിച്ചു എന്നു മാത്രം ….

ഇന്നിവരില്‍ പലര്‍ക്കും സ്വന്തമായി ഒന്നിലധികം പ്രകൃതി ചികിത്സാ കേന്ദ്രങ്ങളുണ്ട്..ആധുനിക വൈദ്യശാസ്ത്രത്തെയും അതിനു പിന്നിലെ ചൂഷണത്തെയും അത്യന്തം വിമര്‍ശിക്കുന്ന ജേക്കബ് വടക്കുംചേരിക്കും ഒന്നിലധികം ചികിത്സാ കേന്ദ്രങ്ങളുണ്ട്.അതിലൊരു ഹൈ ടെക് ഹോസ്പിറ്റല്‍ എറണാംകുളം ജില്ലയില്‍ സ്ഥിതി ചെയ്യുന്നു..ഇതിലെ സൗകര്യങ്ങള്‍ സ്റ്റാര്‍ ഹോട്ടല്‍ നിലവാരത്തിലുള്ളതാണ്..ബില്ലിന്റെ കാര്യം കൂടുതല്‍ പറയേണ്ടി വരില്ലല്ലോ… പ്രകൃതി ചികിത്സയിലൂടെ നേടിയ പണം കൊണ്ടുണ്ടാക്കിയതാണ് ഇതെല്ലാം എന്നതില്‍ സംശയമില്ല..അപ്പോള്‍ പ്രകൃതി ചികിത്സയില്‍ സൗജന്യ ചികിത്സയല്ല എന്നര്‍ത്ഥം…

ജേക്കബ് വടക്കാഞ്ചേരി അടക്കമുള്ള പ്രകൃതി ചികിത്സകരുടെ ഇപ്പോഴത്തെ പ്രചാരണം വാക്‌സിനേഷന് എതിരെ ആണ് .ഇതു തീര്‍ത്തും തെറ്റിദ്ധാരണാജനകമാണ് . ഇതിനു പിന്നിലെ ഉദ്ദേശ ശുദ്ധിയെ സംശയിക്കേണ്ടിയിരിക്കുന്നു ….വസൂരി ,പിള്ളവാതം ,വില്ലന്‍ചുമഅഥവാ ഡിഫ്തീരിയ മുതലായ മാരക രോഗങ്ങളെ ഒരു പരിധിവരെ ഇല്ലാതാക്കിയത് വാക്‌സിനേഷനാണ് .മലപ്പുറം ജില്ലയില്‍ ഒന്നിലധികം കുട്ടികളില്‍ ഇപ്പോള്‍ തന്നെ ഡിഫ്ത്തീരിയ റിപ്പോര്‍ട് ചെയ്തിട്ടുണ്ട് ..ഈ സന്ദര്‍ഭത്തില്‍ അവസ്ഥ കൂടുതല്‍ വഷളാകാനേ വടക്കാഞ്ചേരിയുടെ ഇത്തരം പ്രസ്താവനകള്‍ വഴി തെളിക്കൂ.