അനാഥത്വത്തിൻെറ ബാലകാണ്ഡം

238

അനാഥത്വത്തിൻെറ ബാലകാണ്ഡം

Ansari Basheer
– – – – – – – – – – – – – –
എവിടെവിടെവിടെന്നുടയവരെവിടെ?
എവിടെവിടെവിടെന്നുറ്റവരെവിടെ ?
എവിടെവിടെന്നെ ധരയിലയച്ചി-
ട്ടെവിടേയ്ക്കോപോയ് മാഞ്ഞവരെവിടെ?
എവിടെവിടെന്നെ തെരുവിലുപേക്ഷി_
ച്ചകലേയ്ക്കൊഴുകി മറഞ്ഞവരെവിടെ?

ചേരിനിവർത്തിയ കൈകളിലേയ്ക്കെൻ
ചേതനയെ പ്രസവിച്ചിട്ട്
ചേറുതുടച്ചകലേയ്ക്ക് നടന്നൊരു
വേദനയുണ്ടവളിന്നെവിടെ?
ഇറ്റുപടർന്നൊരു കണ്ണീർനനവിൽ
വിത്തുവിതച്ച് കടന്നവനെവിടെ?
ഉത്തരവാദിയതാരെന്നുള്ളതി-
നുത്തരമായ്തീരേണ്ടവനെവിടെ?
എവിടെവിടെവിടെന്നുടയവരെവിടെ?
എവിടെവിടെവിടെന്നുറ്റവരെവിടെ ?
എവിടെവിടെന്നെ ധരയിലയച്ചി-
ട്ടെവിടേയ്ക്കോപോയ് മാഞ്ഞവരെവിടെ?
എവിടെവിടെന്നെ തെരുവിലുപേക്ഷി-
ച്ചകലേയ്ക്കൊഴുകി മറഞ്ഞവരെവിടെ?

എൻെറ കിനാവിൻ കുടിലിന് വെളിയിൽ
കൂരിരുൾ മുട്ടിവിളിക്കുമ്പോൾ,
കുഞ്ഞിക്കരളിന്നറവാതിൽക്കൽ
ക്രൂരതയാഞ്ഞുതൊഴിക്കുമ്പോൾ,
ഒന്നൊഴിയാതെ കളിപ്പാട്ടങ്ങൾ
എന്നിൽനിന്നുമടർത്തുമ്പോൾ,
വിങ്ങിയ കുഞ്ഞുകിനാവിനുനേരേ
പൊങ്ങിയ ചാട്ട മുഴങ്ങുമ്പോൾ
എവിടെവിടെവിടെന്നുടയവരെവിടെ?
എവിടെവിടെവിടെന്നുറ്റവരെവിടെ?
എവിടെവിടെന്നെ ധരയിലയച്ചി-
ട്ടെവിടേയ്ക്കോപോയ് മാഞ്ഞവരെവിടെ?
എവിടെവിടെന്നെ തെരുവിലുപേക്ഷി-
ച്ചകലേയ്ക്കൊഴുകി മറഞ്ഞവരെവിടെ?

തിന്മ കുലച്ചുതൊടുത്ത ശരങ്ങൾ
വന്നുപതിച്ചെൻബാല്യത്തിൽ
നന്മകൾവന്ന് തപസ്സിലിരുന്നു
പുണ്യമിയന്നൊരുപ്രായത്തിൽ
എൻെറ വരും കാലത്തിൻ നടയിൽ
ശൂന്യതയാർത്തുചിരിക്കുമ്പോൾ,
തെന്നലെടുത്ത വെറുംപൂമൊട്ടായ്
മണ്ണിൽഞാനിന്നലയുമ്പോൾ,
എൻെറ സമപ്രായക്കാർക്കരുകിൽ
ചെന്നൊരരൂപിയായ് നിൽക്കുമ്പോൾ
തൊണ്ടക്കുഴിയിലെരിഞ്ഞവിലാപ –
ത്തുണ്ടുകൾ നെഞ്ചിലുരുണ്ടുറയുമ്പോൾ
എവിടെവിടെവിടെന്നുടയവരെവിടെ?
എവിടെവിടെവിടെന്നുറ്റവരെവിടെ?
എവിടെവിടെന്നെ ധരയിലയച്ചി-
ട്ടെവിടേയ്ക്കോപോയ് മാഞ്ഞവരെവിടെ?
എവിടെവിടെന്നെ തെരുവിലുപേക്ഷി-
ച്ചകലേയ്ക്കൊഴുകി മറഞ്ഞവരെവിടെ?

എൻെറ വിരൽത്തുമ്പൊന്നുപിടിക്കൂ
കണ്ണിമയാലെന്നുള്ള് തലോടു
ഒരു സ്പർശംകൊണ്ടെന്നിൽ നിറയൂ
ഒരു ശബ്ദംകൊണ്ടെന്നെത്തഴുകൂ
കരുതൽ തൊട്ടറിയാത്തൊരു കരളിൽ
കനിവിൻ തൂവൽത്തുമ്പൊന്നുഴിയൂ
എന്തായാലുമെടുത്തൊരു ജന്മം
ഉന്തുകതന്നെയതന്തിവരേയ്‌ക്കും
– അൻസാരി-

കവിത കവിയുടെ ശബ്ദത്തിൽ