നക്ഷത്രത്തിലേക്ക് കയറുന്ന ഒരുറുമ്പ്

271

നക്ഷത്രത്തിലേക്ക് കയറുന്ന ഒരുറുമ്പ്

കവിത : സി.എസ്.പ്രദീപ് മാള  
………………………………………….

കാൽപ്പാദങ്ങളിൽ ചുംബിച്ചു വേണം
ഒരു വിധവയെ പ്രണയിച്ചു തുടങ്ങുവാൻ.
അവളുടെ സ്പർശനമേറ്റ മണ്ണടരുകളെ
നെഞ്ചിലേക്ക് കുറുക്കിയെടുക്കണം.

കുഞ്ഞുങ്ങൾ ചെടികൾ പിഴുതെടുക്കും പോലെ
എല്ലാ ദിവസവും നോക്കണം
അവളുടെ വേരുകൾ
പ്രണയത്തിലേക്ക് വളർന്നുവോയെന്ന്.

കാറ്റിൽ മെഴുകുതിരി നാളത്തെയെന്നപോലെ എന്നും എപ്പോഴും
അവളുടെ സങ്കടത്തീ മുഖം
കൈകൾക്കുള്ളിലാക്കണം

ആകാശത്ത് നിന്നും ചൂണ്ടയിട്ട്
മീനുകളെ പിടിച്ചു കൊടുക്കണം.

പാടത്തിന്റെ അപ്പുറമിപ്പുറവും നിന്ന്
പാതി വഴിയേ പെയ്തു പോകുന്ന
മഴയെ കാണിച്ച് രസിപ്പിക്കണം.

മഴവില്ലിന്റെ നിറങ്ങളെ
ഉടയാടകളിലേക്ക് ചാലിച്ച്
അവളെ അത്ഭുതപ്പെടുത്തണം.

ചുണ്ടിലേക്ക് പിശുക്കുന്ന
മന്ദഹാസത്തെ പൊട്ടിച്ചിരിയാക്കണം

എന്നാലും ഒരു മാത്ര
അയാളുടെ ഓർമ്മയിൽ
ദേഹത്തേക്ക് അരിച്ചു കയറിയ
ഉറുമ്പിനെയെന്ന പോലെ
അവളെന്നെ
വിരലുകളാൽ തട്ടിക്കളയും.

Cspradeep Mala