പെൺകുട്ടിയുടെ അച്ഛൻ
Cspradeep Mala

അയാളെ കണ്ടാൽ
മക്കളില്ലാത്തവനെന്നോ
അവിവാഹിതനെന്നോ
തോന്നില്ല.

എല്ലാ ദിവസവും രാവിലെ
കൊച്ചു ടി വി യിലെ
ഡോറയുടെ പ്രയാണമാണ്
അയാൾ കാണുക.

ഡോറ
കുട നിവർത്താൻ പറയുമ്പോൾ
അയാൾ
കുട നിവർത്തും.
ബാഗ് ബാഗ്
എന്നു പറയും.
അവൾക്ക് സഞ്ചരിക്കേണ്ട
രഹസ്യ വഴികൾ
കാണിച്ചു കൊടുക്കും.

വീടിന്റെ മുന്നിലൂടെ
സ്കൂൾ ബസ് പോകുമ്പോൾ
മകളെ യാത്രയാക്കി
സ്കൂളിലേക്കയയ്ക്കുന്നത്
അയാൾ സങ്കല്പിക്കും.

അവൾ മടങ്ങി വരുമ്പോൾ
തലയിണകളെ ആൾരൂപമാക്കി
പുതപ്പിട്ട് മൂടി ക്കൊണ്ട്
കട്ടിലിനടിയിൽ
അയാൾ ഒളിച്ചിരിക്കും.
പുതപ്പു മാറ്റി
അവൾ , അച്ഛാ അച്ഛാ
എന്നു കരഞ്ഞു തുടങ്ങുമ്പോൾ
പിന്നിലൂടെ വന്ന്
അവളുടെ കണ്ണൂകളിൽ
വിരലുകളമർത്തും.

വീട്ടിലെ
കുറിഞ്ഞിപ്പൂച്ചയെ ചൂണ്ടി
ഇത് ലോകത്തിലെ
എ ല്ലാ ഭാഷയിലും സംസാരിക്കും
എന്ന വളോട്
തമാശ പറയും.

അവൾക്കിഷ്ടമുള്ള
ഉപ്പുമാവിനായി
ഉളളി യരിഞ്ഞ കത്തിയാൽ
ചുവന്നു പോയ
വിരലുകളുമായി നിൽക്കുമ്പോൾ ,
ലോകത്തിലെ ഏറ്റവും
ദുരന്തമാണതെന്നർത്ഥത്തിൽ
അവൾ
കരഞ്ഞു നിൽക്കുമ്പോൾ
അയാളറിയുന്നു
പെൺകുട്ടിയുടെ
അച്ഛനാണ്
ഏറ്റവും
നല്ല
അച്ഛനെന്ന്

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.