Share The Article

തീവണ്ടിയോടിക്കുമ്പോൾ
***************

1

തീവണ്ടിയോടിക്കുമ്പോൾ രാത്രിയിൽ…,നിലാവിന്റെ
ജാലകം തുറക്കുന്നൂ ….
പാല പൂത്തിരുന്നതായ്
പാതിരാക്കാറ്റോതുന്നൂ …..

ശപിച്ചും പുലമ്പിയും
ആരോ പിന്തുടരുന്നൂ
ഇരുട്ടിൻ ജടയഴി –
ച്ചിട്ടേതോ പിശാചിനി..?

2

കാടുകൾ…., വിജനമാം
പീഠഭൂമികൾ താണ്ടി
രാവിനെ മുറിച്ചു, തീ- ക്കണ്ണുമായോടിപ്പോകെ

ഏതു യക്ഷിയീ രാവിൽ തേയ്ക്കുന്നൂ ,നിലാവിന്റെ
നൂറിനാൽ തളിർ വെറ്റ ഗൂഢസുസ്മിതവുമായ്…..?

പാതിരാവടുക്കുമ്പോൾ
ഓടിയെത്തുന്നൂ … നിലാ-
സാധകം ചെയ്യും ,കരി –
മ്പാറകൾ, കോൾപ്പാടങ്ങൾ…

മുടിക്കെട്ടുലച്ചേതോ
തോറ്റങ്ങൾ പാടും ,കരി –
മ്പനകൾ, അകലത്തെ
പുഴ തൻ നിലവിളി…..

ദീനമായ് കരയുന്ന
തിപ്പൊഴീ ത്തീവണ്ടിയോ
പ്രാണനീപ്പാളങ്ങളിൽ
ഹോമിച്ചു കളഞ്ഞോരോ?

3

ഉറങ്ങിക്കിടക്കുന്നു ണ്ടാകണമൊരായിര-
മാളുകൾ, കിനാവിന്റെ
പേടകങ്ങളിൽ, പിന്നിൽ….
രാവിലീ നിലാവൊരു
മന്ത്രവാദിനിയെപ്പോൽ
ആയിരം കരങ്ങളാൽ ഭൂമിയെയാശ്ലേഷിക്കെ,
ഞാനേതോ കിനാവിലൂ
ടേകനായ് പോകും പോലെ

ജീവിതമേതോ ചാരു
ചിത്രമായ് മാറും പോലെ……..

യാത്രികർ, രണ്ടറ്റവും
കൂട്ടിമുട്ടിക്കാനോടി
പ്പോകുമീ വഴികളിൽ ഓടിക്കൊണ്ടിരിക്കിലും

ജീവിതം തന്നെ യാത്ര –
യായി മാറുമീ മായാ
വീഥിയിലെങ്ങോട്ടേയ്ക്കു
മെത്താതെ പോകുന്ന പോൽ…..

4

തീവണ്ടിയോടിക്കുമ്പോൾ കൂടെയെത്തുന്നൂ….യാത്ര –
യാക്കിടുമേതോ ഒരു
പ്രാർത്ഥന;എങ്ങോ ദൂരെ –
കാത്തുനിന്നീടുന്നൊരു വേദന;എന്നേയ്ക്കുമായ്
വേർപിരിഞ്ഞൊരാളുടെ
തേങ്ങലിൻ പ്രതിധ്വനി….!

5

ചിലപ്പോഴാരോ വന്നു
പിൻവിളി വിളിക്കാറു
ണ്ടേകയായ് …..ദയനീയ –
മാകുമാ മിഴികളാൽ….

പോയിടാതിരിക്കുവാ-
നാവില്ലെന്നറിഞ്ഞപ്പോൾ
ലോകമേ മുന്നിൽ നിന്നു
മൂർന്നു പോയീടുന്ന പോൽ

ആതുരാലയത്തിന്റെ
മൂലയിലനാഥയായ്
സാലഭഞ്ജിക പോലെ
നിന്നു പോയീടുന്നൊരാൾ ….

ആരുമായീടാമതു ,
പ്രേയസി, മകൾ, അമ്മ….
ജീവിതം കടപ്പെട്ടൊ
രുറ്റ സ്നേഹിതൻ, ബന്ധു….!

പാലിക്കാനാവാതെ പോയ്
മറന്ന വാഗ്ദാനങ്ങൾ…
പ്രാണസങ്കടങ്ങൾ തൻ
വാരാന്ത്യക്കുറിപ്പുകൾ…..

6

തീവണ്ടിയോടിക്കുമ്പോൾ
ചിലപ്പോഴൊരാൾ.., ജീവൻ
വെടിഞ്ഞെന്നറിയാറു –
ണ്ടെത്രയും പ്രിയപ്പെട്ട …,
ജീവിതത്തിനെക്കാളും
സ്നേഹിച്ചു പോയുള്ളൊരാൾ…..

ദൂരത്തിനെന്താണിത്ര
ദൂരമെന്നോർക്കെ, അപ്പോൾ
ഓടാറുണ്ടൊരിക്കലും
കെടാത്ത തീയിൻ വണ്ടി…..!

സുരേഷ് കുമാർ .ജി

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.