condolence
ചലച്ചിത്രനടനായ ഖാലിദ് അന്തരിച്ചു

ചലച്ചിത്രനടനായ ഖാലിദ് അന്തരിച്ചു. അറിയപ്പെടുന്ന ഗായകനുമായിരുന്നു അദ്ദേഹം. ആലപ്പി തിയറ്റേഴ്സ് അംഗമായിരുന്നു അദ്ദേഹം. ഫോർട്ടു കൊച്ചി ചുള്ളിക്കൽ സ്വദേശിയാണ്. ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകൻ ഖാലിദ് റഹ്മാൻ എന്നിവർ മക്കളാണ്. ടൊവീനോക്കൊപ്പം അഭിനയിക്കേ ആയിരുന്നു അന്ത്യം. വെെക്കം ഇന്തോ അമേരിക്കന്‍ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ടൊവിനൊ ഉൾപ്പടെയുള്ള സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലുണ്ട്.
പാട്ട്, നൃത്തം, അഭിനയം, മാജിക്, നാടകരചന, സംവിധാനം, മേക്കപ്പ് തുടങ്ങി ഏറെ കലാമേഖലകളിൽ പ്രാവീണ്യമുള്ള വി പി ഖാലിദ് കൊച്ചിൻ നാഗേഷ് എന്നാണ് അറിയപ്പെട്ടിരുന്നത്. മഴവിൽ മനോരമയിലെ മറിമായത്തിലൂടെ ആണ് സുമേഷെന്ന കഥാപാത്രവും പേരും ഖാലിദിനെ ഏറെ പ്രശസ്തനാക്കുന്നത്. പ്രൊഫഷണൽ നാടകരംഗത്ത് കൊച്ചിൻ സനാതനയുടെ “എഴുന്നള്ളത്ത്” ആലപ്പി തിയറ്റേഴ്സിന്റെ “ഡ്രാക്കുള”, അഞ്ചാം തിരുമുറിവ് എന്നിങ്ങനെ പല സൂപ്പർഹിറ്റ് നാടകങ്ങളിലും വേഷമിട്ടിരുന്നു.
ഫോർട്ട് കൊച്ചിയിൽ നിന്നുള്ള ആംഗ്ലോ ഇന്ത്യൻ സ്വാധീനം വെസ്റ്റേൺ ഡാൻസിലേക്ക് നയിച്ചു. റോക്ക് & റോൾ, ട്വിസ്റ്റ് നൃത്ത ശൈലികളൊക്കെ അഭ്യസിച്ച ഖാലിദ്, ആദ്യകാല മാജിക് ആചാര്യനായ വാഴക്കുന്നം നമ്പൂതിരിയിൽ നിന്നും മാജിക്കും അഭ്യസിച്ചിരുന്നു. സൈക്കിൾ യജ്ഞക്യാമ്പിൽ റെക്കോർഡ് ഡാൻസറായുള്ള പ്രകടനം ജനശ്രദ്ധയാകർഷിച്ചിരുന്നതിനാൽ സംഗീതം, നൃത്തം, പാവകളി, മാജിക്, സർക്കസ് തുടങ്ങിയ കലാരൂപങ്ങളൊക്കെ ഒത്തിണക്കി ടിക്കറ്റ് ഷോ പ്രകടനങ്ങൾ നടത്തിയിരുന്നു.
1973ൽ പിജെ ആന്റണി സംവിധാനം ചെയ്ത പെരിയാറെന്ന സിനിമയിലൂടെ ആണ് ഖാലിദ് മലയാള സിനിമയിലേക്കെത്തുന്നത്. ഏണിപ്പടികൾ, പൊന്നാപുരം കോട്ട തുടങ്ങിയ ചിത്രങ്ങളിൽ തുടർന്ന് അഭിനയിച്ചു. ഛായാഗ്രാഹകനും സംവിധായകനുമായ ഷാജി ഖാലിദ്, ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകനായ ഖാലിദ് റഹ്മാൻ എന്നിവർ മലയാള സിനിമയിലെ പ്രശസ്തരാണ്. മകൾ ജാസ്മിനും സ്കൂൾ-കോളേജ് നൃത്തവേദികളിൽ സജീവമായിരുന്നു.
സിനിമകളുടെ ലിസ്റ്റ് : https://m3db.com/v-p-khalid
PRO കൊട്ടാരക്കര ഷായുടെ കുറിപ്പ്
ഹൃദയം നുറുങ്ങുന്ന വേദനയാണ് എനിക്കീ മരണം. ജീവിതത്തിൽ സിനിമയ്ക്കായി ഏറെ നഷ്ടങ്ങൾ സഹിച്ച മനുഷ്യൻ.. ജീവിക്കാനായി പ്രവാസലോകത്ത് വർഷങ്ങളോളം ജോലി ചെയ്തപ്പോഴും, വാർദ്ധക്യം പടിവാതിൽക്കൽ എത്തിയപ്പോഴും സിനിമാ ഭ്രമം ഉപേക്ഷിക്കാത്ത മനുഷ്യൻ..! ആൺമക്കളെയെല്ലാം മലയാളസിനിമാ മേഖലയുടെ വിവിധ വിഭാഗങ്ങളുടെ സാരഥ്യത്തിൽ എത്തിച്ചിട്ടാണ് വിടവാങ്ങുന്നത്. അവസാന കാലത്ത് മറിമായത്തിലൂടെയും സിനിമകളിലൂടെയും തിളങ്ങിയ പ്രിയപ്പെട്ട ഖാലിദിക്കയ്ക്ക് ആദരാഞ്ജലികൾ.
732 total views, 4 views today