പ്രളയമുഖത്തുനിന്നുള്ള സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചുകൊണ്ടിരിയ്ക്കുന്നതിനിടയിൽ ഭർത്താവ് ‘ധർമ്മപാലൻ’;വസ്ത്രങ്ങൾ അടുക്കി വച്ച അലമാരയിൽ വാരിവലിച്ചു തിരഞ്ഞുകൊണ്ടിരുന്ന ഭാര്യ ‘സാവിത്രിയോടു’ ദേഷ്യപ്പെട്ടു..
” അതേ.. ഇവിടെ നമ്മുടെ കുറച്ചു പഴയവസ്ത്രങ്ങൾ കാണില്ലേ.. അതു തിരഞ്ഞതാ…”
” അടുത്തെവിടെയോ വീടുകളിൽ വെള്ളം കയറിയത്രേ..
”ദുരിതാശ്വാസ ക്യാമ്പിലേയ്ക്കുള്ള സാധനങ്ങൾ ശേഖരിക്കുന്നതിനായി കുറച്ചു കുട്ടികൾ വന്നിട്ടുണ്ട്, അവർക്കു കൊടുക്കാലോ ” സാവിത്രി വിശദീകരിച്ചു..
“ഛേ.. പഴയതാണോ കൊടുക്കുന്നത്?
സാവിത്രി അവിശ്വസനീയതയോടെ ധർമ്മപാലനെ നോക്കി..
“എന്നാപ്പിന്നെ ഓണപ്പുടവകളിൽ ഒന്നുരണ്ടെണ്ണം എടുത്തുകൊടുക്കാല്ലേ”…
മറുപടിക്കു കാത്തുനിൽക്കാതെ സാവിത്രി തുണികൾക്കിടയിൽ നിന്നും നീളത്തിലുള്ള പാക്കറ്റ് കൈയിലെടുത്തുകൊണ്ടു പറഞ്ഞു..
“നോക്കണ്ട ഇതു നിങ്ങൾക്കു ഗുണമുള്ളതൊന്നുമല്ല ”
‘ദുരിതാശ്വാസത്തിന് ഇതും വേണോ!
ധർമ്മപാലന് ആശ്ചര്യം..
ഇന്നു രാവിലെ മുറ്റത്തു തലചൊറിഞ്ഞു നിൽക്കുന്ന റബ്ബറുവെട്ടുകാരനെയാണ് കണികണ്ടത്..
‘ ഓണമിങ്ങെത്തി, രണ്ടു കുഞ്ഞുമക്കളുമുണ്ട്, പൈസവല്ലതും കിട്ടിയാൽ നന്നായിരുന്നെന്ന്…. ‘
നമുക്കുചുറ്റും മരണക്കയത്തിൽപ്പെട്ടുഴലുന്ന സഹജീവികൾക്കിടയിൽ ഓണമാഘോഷിക്കുന്നതിന്റെ ഔചിത്യക്കുറവ് അവനെ ബോധ്യപ്പെടുത്തിയെടുക്കാൻ ഒരുപാടു മെനെക്കെടേണ്ടിവന്നു..
എന്നിട്ടും
അവന്റെ മുഖം തെളിഞ്ഞമട്ടില്ല..
പടിയിറങ്ങി പോകുമ്പോൾ എന്തൊക്കയോ പിറുപിറുക്കുന്നതു കണ്ടു..
* *
അന്നുരാത്രി സുഖസുഷുപ്തിയുടെ ഏതോയാമത്തിൽ ധർമ്മപാലനൊരു സ്വപ്നം കണ്ടു..
‘തന്റെ റബ്ബർതോട്ടവും ഇരുനിലമാളികയും വിഴുങ്ങിയുയരുന്ന ‘പ്രളയജലം’..
ആ പെരുംവെള്ളത്തിൽ നിരാശ്രയനായി ‘ആലിലക്കണ്ണനായി’ താൻ..
ഉറക്കത്തിൽനിന്നും ഞെട്ടിയുണർന്ന സാവിത്രി കണ്ടത് ‘ വെള്ളം’.. വെള്ളം..
എന്നുപറഞ്ഞുകൊണ്ടു കൈകൊണ്ടു ചുറ്റും പരതുന്ന ഭർത്താവിനെയാണ്..
‘എടുത്തുനീട്ടിയ വെള്ളം മടമടാകുടിച്ചിറക്കുന്നതിനിടയിലും ധർമ്മപാലൻ ‘വെള്ളം വെള്ളം എന്നു പിറുപിറുത്തുകൊണ്ടിരുന്നു..
‘പെട്ടെന്നൊരു വെളിപാടുപോലെ ധർമ്മപാലൻ പറഞ്ഞു..
”എനിക്കേതെങ്കിലും ദുരിതാശ്വാസക്യാമ്പിൽ പോകണം”..
”പോകാം.. നേരം വെളുത്തോട്ടേ.. സമാധാനമായി ഉറങ്ങൂ..
സാവിത്രി സന്തോഷത്തോടെ ഭർത്താവിന്റെ മുടിയിഴകളിൽ തഴുകി ആശ്വസിപ്പിച്ചു..
നിറഞ്ഞമനസ്സോടെ ദൈവത്തിനു നന്ദിപറഞ്ഞു..
* *
പിറ്റേന്നു രാവിലെ ഭർത്താവിനെ വിളിച്ചുണർത്തിക്കൊണ്ടു സാവിത്രി ചോദിച്ചു..
”നമുക്കു പോകേണ്ടേ”?
ധർമ്മപാലന് ഉറക്കം മുറിഞ്ഞ ഈർഷ്യയിൽ
” എവിടേയക്ക്?
”ഇന്നലെ രാത്രി ദുരിതാശ്വാസക്യാമ്പിൽ പോകണമെന്നു പറഞ്ഞില്ലേ..
”നീ രാവിലെ മുറ്റത്തും പറമ്പിലും നോക്കിയിരുന്നോ?
ധർമ്മപാലൻ മറുചോദ്യമെറിഞ്ഞു..
”ഉവ്വ്..
”വെള്ളം കയറിയിട്ടുണ്ടോ?
” ഇല്ലല്ലോ..
”എങ്കിൽ പിന്നെ ഭാര്യേ.. നീ നിന്റെ പാടുനോക്ക് ”
സ്വയം തലയ്ക്കു തല്ലിപ്പോയ സാവിത്രി പിന്നീട് പറഞ്ഞതൊന്നും ധർമ്മപാലൻ കേൾക്കാൻ വഴിയില്ല..
തലവഴി മൂടിപ്പുതച്ച് മുറിഞ്ഞുപോയ ഉറക്കത്തിലേയ്ക്കയാൾ വീണ്ടും ഊളിയിട്ടുകഴിഞ്ഞിരുന്നു..
* * * *