രണ്ടാത്മഹത്യകൾ

നിലാവുചിതറിവീണ നാട്ടിടവഴിയിലൂടെ കുമാരനും ശങ്കരനും ചേർന്നുനടന്നു.

കല്ലംപറമ്പുഷാപ്പിൽനിന്നും അന്തിക്കള്ളുംമോന്തി ബീക്കുട്ടിയുമ്മയുടെ പെട്ടിക്കടയിൽനിന്നും ഇത്തിരി ഉണക്കമീനും വാങ്ങിയാണ് നടപ്പ്.

ശങ്കരന്റെ കൈയിൽ മുഴക്കോലു പുറത്തേക്കുതള്ളിനിൽക്കുന്ന പണിയായുധങ്ങൾ നിറച്ച സഞ്ചിയുണ്ട്.
കുമാരനാണെങ്കിൽ അന്തിച്ചെത്തുകഴിഞ്ഞ് കത്തിപ്പുട്ടിൽ അരയിൽനിന്നഴിച്ചിട്ടില്ല.
നിക്കറൂരി തോളത്തുമിട്ടിരുന്നു.

കുമാരന് അന്തിക്കള്ളകത്തുചെന്നാൽ ആകയൊരു പന്തികേടാണ്, ചിലപ്പോൾ നിക്കറൂരാനുള്ള സമയം കിട്ടിയെന്നുവരില്ല. അതുകൊണ്ടാണ് അരയിൽനിന്നും തോളത്തേക്കുള്ള ഈ സ്ഥാനമാറ്റം.

ഒരു കാട്ടുപൂച്ചയോ മറ്റോ ഇടവഴിക്കു കുറുകെ ഓടിമറഞ്ഞു.

”ചങ്കരോ”

”എന്തോ ”

”നിയ്ക്കൊരു സംശയം;ആ പോയ സാധനത്തിന് വാലുണ്ടായിരുന്നോന്ന് ”

ഒടിയന്മാരാകുമ്പോൾ ഒരവയവം കുറവാകുമെന്ന് കാരണന്മാർവഴി കിട്ടിയ അറിവാണ് കുമാരന്.

”ഏയ്.. അതിനുമാത്രം ചങ്കുറപ്പുള്ള ഒടിയന്മാരുണ്ടോന്നും മ്മ്ടെ നാട്ടിൽ ”

” അതും ശരിയാ” കുമാരൻ സമ്മതിച്ചു.

നാട്ടിടവഴിയുടെ വീതിയളന്നുകൊണ്ടുള്ള നടത്തത്തിനിടയിൽ കുമാരൻ അതിരുവേലിയുടെ ഇല്ലിമുള്ളിൽച്ചെന്നു കോർത്തു.
ഇല്ലിമുള്ളേറ്റ നീറ്റലിൽ കലികയറിയ കുമാരൻ വേലിയുടമയെ ചീത്തവിളിച്ചു.

”ഡാ.. പാക്കരാ..
എടവഴി നിന്റെ തന്തേടെ വകയാണോ..
വഴിക്ക് നടുക്കാണവന്റെ വേലികെട്ട്, ചവുട്ടിപ്പൊളിച്ചുകളയും കുമാരനോടാ അവന്റെ കളി ”

തന്റെ പുരയിടത്തിന്റെ മുളകൊണ്ടുള്ള അത്താണി ചാടിക്കടക്കുന്നതിനിടയിൽ ശങ്കരൻ കൂട്ടുകാരനെ ഒന്നുപദേശിച്ചു.

” ചെനാരേ…. ങ്ങ്ള് ന്നിത്തിരി ജാസ്തിയാ ആ ചേത്ത്യാർക്കും കുട്ട്യോൾക്കും കെടക്കപ്പൊറുതി ഇല്ല്യാണ്ടാക്കരുത്”

ചങ്ങായിയുടെ ഉപദേശംകേട്ട് കുമാരനത്ര രസിച്ചില്ലെങ്കിലും ഒന്നു മൂളി.

കുമാരൻ കുളി കഴിഞ്ഞെത്തിയപ്പോളേക്കും അയൽവീടിന്റെ അടുക്കളയിൽനിന്നും ചുവന്നുള്ളിയും മുളകും ചതച്ചിട്ട ഉണക്കമീൻ എണ്ണയിൽമൊരിയുന്ന മണം പരന്നുതുടങ്ങിയിരുന്നു.

മുന്നിലേക്ക് നീക്കിവെച്ച കഞ്ഞിപ്പാത്രംകണ്ട് കുമാരൻ ചോദ്യഭാവത്തിൽ പ്രിയതമയെനോക്കി.

”ഇവിടെ കുട്ട്യോൾടെ തലയിൽപുരട്ടാൻ ഒരിറ്റു എണ്ണയില്ല പിന്നാ..!”

ചുട്ടെടുത്ത ഉണക്കമീനിന്റെ ചെതുമ്പലുകൾ നീക്കുകയായിരുന്നു കുമാരൻ
അയൽവീട്ടിൽനിന്നും പാത്രങ്ങൾ എടുത്തെറിയുന്ന ശബ്ദവും കൂടെയുയർന്ന കുട്ടികളുടെ നിലവിളിയും കേട്ട് കുമാരന്റെ ഭാര്യ പിറുപിറുത്തു.
” തുടങ്ങീലോ കൂട്ടുകാരൻ ”

”അയ്യോ.. ഓടി വായോ.. ന്റെ കെട്ടിയോൻ കെണറ്റീച്ചാടിച്ചാവണേ.. നാട്ടാരേ.. രക്ഷിക്കണേ.. ”

ശങ്കരന്റെ കെട്ടിയോളുടെ നിലവിളികേട്ട് കഞ്ഞിപ്പാത്രത്തിനുമുന്നിൽനിന്നും കുമാരൻ എഴുന്നേറ്റോടി.

കിണറ്റിൽനിന്നും ഏറെപ്പണിപ്പെട്ട് മരക്കസേരയിൽ കെട്ടിവലിച്ച് മുകളിലെത്തിച്ച ശങ്കരൻ വെള്ളം കുടിച്ചുവീർത്ത വയറുമായി കിണറ്റുകരയിൽ കുത്തിയിരുന്നു.

”ചങ്കരോ”
അടുത്തുചെന്ന കുമാരൻ കൂട്ടുകാരനെ സ്നേഹത്തോടെ വിളിച്ചു.

തലയുയർത്തിനോക്കിയ ശങ്കരന്റെ കരണക്കുറ്റിനോക്കി ഒന്നുപൊട്ടിച്ചു കുമാരൻ.

”ന്നാ മ്മക്കു പൂവ്വാം” അവിടെ കൂട്ടംകൂടിനിന്ന നാട്ടുകാരെ വിളിച്ച് കുമാരൻ നടന്നു.
* *
ഒഴിഞ്ഞ കള്ളുകുപ്പിക്കുമുന്നിൽ തലകുമ്പിട്ടിരുന്ന ശങ്കരൻ ബഞ്ചിന്റെ മറ്റേഅറ്റത്തു കുമാരൻ വന്നിരുന്നതറിഞ്ഞിട്ടും ശ്രദ്ധിക്കാനേ പോയില്ല.
നിറഞ്ഞ ഒരു കുപ്പി കള്ള് മുന്നിലെത്തിയപ്പോൾ ശങ്കരന്റെ ദേഷ്യമലിഞ്ഞു.

”ന്നാലും ന്റെ ചെനാരേ.. വല്ലാത്ത ചെയ്ത്തായിപ്പോയിട്ടോ”…
ശങ്കരന് പരിഭവം തീരുന്നില്ല.

”അന്നെ അരിഞ്ഞുകളയേണ്ടതായിരുന്നു അമ്മാതിരി തെണ്ടിത്തരല്ലേ നീയ്യ് ചെയ്തത്.”

കള്ളുകുപ്പിക്കുമുന്നിൽ പരിഭവത്തിനുസ്ഥാനമില്ല.
കുമാരൻ കൂട്ടുകാരന്റെ ഒഴിഞ്ഞ ഗ്ലാസ്സ് വീണ്ടും നിറച്ചുവെച്ചു.
* *
നിലാവു പെയ്തിറങ്ങുന്നതു കണ്ടപ്പോൾ ശങ്കരന് ശൃംഗരിക്കാനൊരു പൂതി.

പ്രിയതമയുടെ മടിയിൽ തലവെച്ചുകിടക്കുന്ന നേരത്താണ് കൈയിൽ കെട്ടുപോയ ചിമ്മിനി വിളക്കുമേന്തി കുമാരന്റെ കെട്ടിയോൾ കാറിക്കരഞ്ഞെത്തിയത്.

”ചങ്കരാ.. അവര് മുറ്റത്തെ പ്ലാവിൽ കെട്ടിത്തൂങ്ങി.. യ്യൊന്ന് വേഗം രക്ഷിക്ക് അല്ലെങ്കിപ്പോച്ചാവും” ..

കൈയിൽത്തടഞ്ഞ വീതുളിയുമായി ഇരുട്ടിലേക്കുപായുമ്പോൾ ശങ്കരൻ ഉറക്കെ വിളിച്ചുകൂവി
” ചെനാരെ ഞാനിന്നറുക്കും തീർച്ച

സുനിൽകുണ്ടോട്ടിൽ