പട്ടരുടെ ശാപം! – സംഭവകഥ
കാലത്തെ ടൈ ഒക്കെ കെട്ടി ലോഡ്ജിന്റെ താഴത്തെ വരാന്തയിലും ഒക്കെ എല്ലാവരും നടപ്പോട് നടപ്പ്. ടൈ കെട്ടിയ സാറന്മാരെ കടാക്ഷിക്കാനും ഒക്കെ പെണ്ണുങ്ങളും കൂടി തുടങ്ങിയപ്പോള്‍, ബി. പി. കൂടിയത് ഗ്രൂപ്പ് ലീഡറിനായിരുന്നു
152 total views

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി നാല് ഏപ്രില്‍ മാസം .
എറണാകുളം കേന്ദ്രമായുള്ള ഒരു മാര്‍ക്കടിംഗ് കമ്പനിയില്‍ ആയിരുന്നു ഞാന്‍ ജോലി ചെയ്തിരുന്നത്. പെരുമ്പാവൂര്‍ ഏരിയ വര്‍ക്ക് ചെയ്യാന്‍ ആയിരുന്നു ആ മാസത്തെ സെയില്‍സ് മീറ്റിങ്ങും അതിനോടനുബന്ധിച്ചു നടത്താറുള്ള ആചാര വെടിക്കും ശേഷം ഞങ്ങളുടെ ഡിവിഷണല്‍ മാനേജെരുടെ തീരുമാനം. പല ലോഡ്ജുകളും പോയി നോക്കിയെങ്കിലും ഞങ്ങള്‍ക്ക് അവസാനം ബോധിച്ചത്, ലിസി ലോഡ്ജ് ആയിരുന്നു. ഒരു മതില് അപ്പുറത്ത് തന്നെ ടി.ടി.സി സ്കൂള്‍ .പിന്നെ ലോഡ്ജിന്റെ പുറകില്‍ തന്നെ പെണ്ണുങ്ങളുടെ ഹോസ്റ്റലും.ആനന്ദ ലബ്ധിക്കു ഇനി എന്ത് വേണം.വാടക അല്‍പ്പം കൂടിയാലും ഇത് മതി..ഇതു മതി എന്ന് എല്ലാരും ഒരേ സ്വരത്തില്‍.രണ്ടു മൂന്നു മാസം സമയം ഉണ്ടല്ലോ.ഏതെങ്കിലും ഒരെണ്ണം തടയും എന്ന് ഞങ്ങള്‍ എല്ലാരും മനസ്സില്‍ ഓര്‍ത്തു!ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ഞാന്‍,പിന്നെ സോണി, അനൂപ്,പട്ടര് എന്ന് വിളിക്കുന്ന രാമസ്വാമി. പിന്നെ ഞങ്ങളുടെ ഗ്രൂപ്പ് ലീഡര്‍ സുമേഷ്.
കാലത്തെ ടൈ ഒക്കെ കെട്ടി ലോഡ്ജിന്റെ താഴത്തെ വരാന്തയിലും ഒക്കെ എല്ലാവരും നടപ്പോട് നടപ്പ്. ടൈ കെട്ടിയ സാറന്മാരെ കടാക്ഷിക്കാനും ഒക്കെ പെണ്ണുങ്ങളും കൂടി തുടങ്ങിയപ്പോള്‍, ബി. പി. കൂടിയത് ഗ്രൂപ്പ് ലീഡറിനായിരുന്നു .കാരണം ആചാര വെടി കൂടുതല്‍ സഹിക്കേണ്ടത് അങ്ങോര് ആയിരുന്നല്ലോ.”എടാ,വായിനോട്ടം ഒക്കെ ബ്രേക്ക് ടൈമില്‍ ആയിക്കോ.കാലത്തെ പണിക്കു പോകാന്‍ നോക്ക്” എന്നൊക്കെ പറയും എങ്കിലും, സുമേഷും അതില്‍ ഒട്ടും മോശം ആയിരുന്നില്ല. ഞങ്ങളെക്കാള്‍ ഒക്കെ സീനിയര്‍ ആയിരുന്നകൊണ്ട് സുമേഷ് കണ്ടെത്തിയത് ഒരു ടീച്ചറെ ആയിരുന്നു !
ഹോസ്റ്റല്‍ നടത്തിയിരുന്ന ടീച്ചറുടെ മകന് ബിനീഷും ആയി ഞങ്ങള്‍ പെട്ടെന്ന് തന്നെ അടുത്തു. ഹോസ്ടലിന്റെ അടുത്ത് പോകാനും, പെണ്ണുങ്ങളെ ഒക്കെ അടുത്ത് കാണാനും ഒക്കെ ഒരു മാര്‍ഗം വേണമല്ലോ. എന്തെങ്കിലും ഒക്കെ കാരണം ഉണ്ടാക്കി ഓരോരുത്തരായി ടീച്ചറിന്റെ വീട്ടില്‍ പോകും.
കൂടത്തില്‍ ഒരു അതിസുന്ദരി ഉണ്ടായിരുന്നു.അവളെ ഞങ്ങള്‍ “പച്ച ” എന്ന് വിളിച്ചു.മിക്കവാറും പച്ച ചുരിദാറോ, പച്ച പാവാടയും ബ്ലൌസുമോ അല്ലെങ്കില്‍ പച്ച ഹാഫ് സാരിയോ ആയിരിക്കും അവളുടെ വേഷം.അവളുടെ പേര് ശ്രീജ എന്നായിരുന്നു എന്ന വിവരം ചോര്‍ത്തി തന്നത് ബിനീഷ് ആയിരുന്നു. എന്നിട്ടും അവളെ റെഫര്‍ ചെയ്യാന്‍ പച്ച എന്ന വാക്ക് തന്നെ ഞങ്ങള്‍ ഉപയോഗിച്ചു. എല്ലാരും തന്നെ പച്ചയിലേക്ക് തന്നെ കോന്‍സെന്റ്ട്രേറ്റ് ചെയ്തപോലായി. പച്ച ആണെകില്‍ ആരോടും മുഷിച്ചില് കാട്ടിയില്ല.ടൈ കെട്ടിയ ചേട്ടന്മാര് എല്ലാരോടും ചിരിച്ച മുഖം തന്നെ കാട്ടി.എല്ലാവരും കരുതി പച്ച ലൈന്‍ ആയതു അവരോടു ആയിരുന്നു എന്ന്. പരസ്പരം പാര വെച്ചും,അവളുടെ മുന്നില്‍ ആളായും മറ്റുള്ളവരെ ഇടിച്ചു താഴ്ത്തിയും ഒക്കെ ഞങ്ങള്‍ മത്സരിച്ചു.
വിഷുവിന്റെ തലേന്ന് വര്‍ക്ക് കഴിഞ്ഞു വരുമ്പോള്‍ എല്ലാവരും ഉണ്ട് എന്റെ റൂമില്‍.പിന്നെ ബിനീഷും .കുരങ്ങു ചത്ത കുറവനെ പോലെ രാമസ്വാമി. ബിനീഷ് ആണ് എഴുത്ത് എടുത്തു തന്നത്. അത് പച്ചയുടെ എഴുത്തായിരുന്നു. ബിനീഷിനോട് ചോദിച്ചു അവള് എന്റെ പേരും അഡ്രസ്സും വാങ്ങി പോസ്റ്റ് വഴി ലോഡ്ജിലേക്ക് അയച്ചതായിരുന്നു എന്ന് എഴുത്ത് പരിശോധിച്ചപ്പോള്‍ തന്നെ പിടികിട്ടി.ഇനി നമ്മക്കിട്ടു ആരെങ്കിലും പണിതതാണോ എന്നറിയണമല്ലോ.
ടി. ടി. സി. ക്ലാസ്സ് അടുത്ത മാസം തീരും എന്നും അത് കഴിഞ്ഞു വീട്ടില്‍ കല്യാണം ആലോചിച്ചു വരാമോ എന്നും ആയിരുന്നു പച്ചയുടെ എഴുത്തിന്റെ സാരം. അപ്പൊ പച്ച എന്റെ തലേല് ആയി ! ചുമ്മാ ടൈം പാസ് ആയിരുന്നു എന്ന് കൊച്ചിന് അറിയില്ലല്ലോ. പിന്നെ ..കല്യാണം ! ബെസ്റ്റ് !പക്ഷെ ഞാന്‍ അത് പുറത്തു പറഞ്ഞില്ല.ഇവന്മാരുടെ ഇടയില്‍ ഒന്ന് ആളാവേണ്ടത് എന്റെ ആവശ്യം ആയിരുന്നല്ലോ .
പ്രേമം സാക്ഷാല്‍ക്കരിച്ചതിന്റെ ചെലവ് രണ്ടു ഫുള്‍ ഓസീയാര്‍. പിന്നെ അടിമാലി എന്ന് ഞങ്ങള്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന കുട്ടപ്പായി ചേട്ടന്റെ തട്ടുകടയില്‍ ഫുഡ്. എല്ലാവനും നല്ല ഫിറ്റ്.പ്രേമം പോളിഞ്ഞതിന്റെ വിഷമത്തില്‍ രാമസ്വാമിക്ക് വേണ്ടി സോണി “സുമംഗലി നീ ഓര്‍മ്മിക്കുമോ ” എന്ന ഗാനം രണ്ടു പ്രാവശ്യം പാടി. വെള്ളം അടിച്ചു വീലായപ്പോള്‍ ബിനീഷ് ആ സത്യം പറഞ്ഞു.പച്ചയെ കഴിഞ്ഞ ഒരു വര്‍ഷമായി അവനും പ്രേമിച്ചു കൊണ്ടിരിക്കുകയിരുന്നു എന്ന് !
അടിച്ചു പെരുത്ത് കഴിഞ്ഞപ്പോള്‍ പട്ടര് വയലന്റ് ആയി. പച്ചക്ക് ഒരു ജീവിതം കൊടുക്കാം എന്നൊക്കെ ഓര്‍ത്തിരിക്കുകയായിരുന്നു എന്നൊക്കെ പറഞ്ഞു കരഞ്ഞു. എനിക്കും വിഷമമായി. ഇവന് ഇത്രക്കും അസ്ഥിയില്‍ പിടിച്ചിരുന്നു എന്ന് ആരറിഞ്ഞു . എങ്കില്‍ ഞാന്‍ പിന്മാറാം എന്ന് പറഞ്ഞപോള്‍ പട്ടര് ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കിയിട്ട് വെളിയിലേക്ക് ഇറങ്ങി പോയി.
പിറ്റേന്ന് വിഷു ആണല്ലോ.ഞാനും സുമേഷും കൂടി രാത്രി തന്നെ വീട്ടില്‍ പോകാന്‍ ഇറങ്ങി. രണ്ടു പേരും നല്ല ഫിറ്റ്. ഒരു വിധത്തില്‍ രണ്ടു പേരും ടൂ വീലര്‍ ഓടിച്ചു എറണാ കുളത്തേക്ക് . സമയം പത്തുമണി കഴിഞ്ഞിരുന്നു. ആലുവാ എത്തിയപ്പോഴാണ് ഞാന്‍ എങ്ങനെയോ ബൈക്കില്‍ നിന്നും വീണത്. സുമേഷ് വന്നു പിടിച്ചു എഴുന്നെല്പിച്ചപ്പോള്‍, നെറ്റി പൊട്ടി ചോര വരുന്നു. ഞങ്ങള്‍ നേരെ ആലുവയില്‍ ഉള്ള ഒരു ഹോസ്പിറ്റലില്‍ എത്തി ഡ്രസ്സ് ചെയ്തു. ഡോക്ടര്‍ നിര്‍ബന്ധമായി പറഞ്ഞത് കൊണ്ട് അന്ന് രാത്രി എന്നെ അവിടെ കിടത്തിയിട്ട് സുമേഷ് നേരെ വീട്ടില്‍ പോയി. ഏകദേശം മുപ്പതിനായിരം രൂപ കളക്ഷന്‍ ഉണ്ടായിരുന്നു. രാത്രിയില്‍ അതുമായി പോകണ്ട എന്ന് ഞാന്‍ തന്നെ പറഞ്ഞതിനാല്‍ അതും അതിന്റെ ഇന്‍ വോയിസുകളും എന്റെ കൈയില്‍ തന്നു.
അരമണിക്കൂര്‍ കഴിഞ്ഞിട്ടുണ്ടാവും, മുറിയില്‍ നിറയെ പോലീസ്. അവര്‍ എന്നെ താഴെ കൊണ്ടുപോയി. എന്തിനു എന്ന് ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല. താഴെ ചെന്നപോള്‍ ഒരുപാട് പോലീസ് വണ്ടികള്‍ . എന്നെ അവര്‍ എറണാകുളത്തേക്കു കൊണ്ടുപോയി..
രാത്രി മുഴുവനും, കാലത്തെയും തിരിച്ചും മറിച്ചും ചോദ്യങ്ങള്‍. തലേന്ന് രണ്ടു മുഖം മൂടികള്‍ എറണാകുളത് ഒരു ജൂവലറി അടക്കുന്ന സമയത്ത് പടക്കം ഒക്കെ എറിഞ്ഞു കുറെ സ്വര്‍ണവും പണവും കവര്‍ച്ച ചെയ്തുവത്രേ . ഇറങ്ങി ഓടിയ വഴിക്ക് ഷട്ടര്‍ മുട്ടി ഒരാളുടെ തല മുറിഞ്ഞതായി വാച്ച് മാന്‍ പറഞ്ഞു. എറണാകുളം ജില്ലയില്‍ ഉള്ള എല്ലാ ആശുപതിയിലും അവര്‍ സന്ദേശം കൊടുത്തിരുന്നു. അതാണ് പരുക്ക് സാരമുള്ളത് അല്ലാഞ്ഞിട്ടും ആ ദ്രോഹി ഡോക്ടര്‍ കിടക്കാന്‍ പറഞ്ഞത്.ദൈവമേ എന്റെ വിഷു !
ഞാന്‍ പല പ്രാവശ്യം പറഞ്ഞു നോക്കി.ഞാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന ആളല്ല എന്നും എന്റെ മേല്‍വിലാസവും, കമ്പനി അഡ്രസ്സും ഒക്കെ കൊടുത്തു ..ഓരോരുത്തരായി ചോദ്യം ചെയ്യല്‍ തന്നെ.എടുത്ത പണം എന്ത് ചെയ്തു? സ്വര്‍ണം എവിടെ ഒളിപ്പിച്ചു എന്നൊക്കെ. ഉത്തരം പറഞ്ഞു കഴിഞ്ഞാല്‍ ഉടനെ വീണും ചോദിക്കും ആദ്യം മുതല്‍.പിന്നെ എന്റെ കൈയില്‍ ഉള്ള പണം സ്വര്‍ണക്കടയിലേത് ആണെന്ന്. ഇന്‍ വോയിസ് കാണിച്ചിട്ടും കമ്പനി ഐ ഡി കാട്ടിയിട്ടും ഒന്നും ഒരു രക്ഷയും ഇല്ല. ഞാന്‍ കൊടുത്ത അഡ്രസ് അനുസരിച്ച് ഓഫീസ് അന്വേഷിച്ചു പോയ ആള് വിഷു അവധി ആയതു കൊണ്ട് തിരിയെ വന്നു. അന്നൊന്നും മൊബൈല്‍ ഇല്ല.സുമേഷിന്റെ വീടിന്റെ അടുത്തു ഒരു വീട്ടില്‍ വിവരം അറിയിച്ചത് അനുസരിച്ച് സുമേഷ് വേഗം മാനേജരെ കൂട്ടി വൈകുന്നേരം ആയപ്പോഴേക്കും വന്നു. പിന്നെ ആരെ ഒക്കെയോ വിളിച്ചു പറയിപ്പിച്ചു രാത്രിയില്‍ വിട്ടയച്ചു. ദോഷം പറയരുതല്ലോ. വിഷുവിന്റെ അന്ന് ഉച്ചക്ക് നല്ല മീന്‍ വറുത്തത് ഒക്കെ കൂട്ടി സാറുമ്മാര് ചോറ് വാങ്ങി തന്നു.
വീട്ടിലേക്കു പോവാന്‍ തോന്നിയില്ല. നേരെ ലിസി ലോഡ്ജിലേക്ക്.അപ്പോഴതെക്കും അവിടെ വിവരം അറിഞ്ഞിരുന്നു.എല്ലാവരും സഹതപിച്ചു.വേറെ ഒന്നും പറ്റിയില്ലല്ലോ എന്ന് ആശ്വസിപ്പിച്ചു.
ഇനി പട്ടരുടെ ശാപം വല്ലോം ആണോ!ബ്രാഹ്മണ ശാപം ഫലിക്കുമെന്നാണ്!ഞാന്‍ പട്ടരോട് ചോദിച്ചു. “പച്ച എന്നെ പ്രേമിച്ചത് കൊണ്ട് നീ എന്നെ മനസ്സറിഞ്ഞു പ്രാകിയൊന്നും ഇല്ലല്ലോ അല്ലെ? അല്ല …. ഇത്രേം വലിയ ഒരു ഏടാകൂടത്തില്‍ പെട്ടത് കൊണ്ട് ചോദിച്ചതാ! ”
പട്ടര് ഒന്ന് ചിരിച്ചു..എന്നിട്ട് ചോദിച്ചു.. പോലീസുകാര്‍ നിന്നെ ഇടിച്ചൊന്നും ഇല്ലല്ലോ അല്ലെ !
153 total views, 1 views today
