പ്രണയരതി (കഥ)

714

പ്രണയരതി (കഥ)

അനിൽ ടി.വി
*************
മഴയുടെ വരവറിയിച്ച് ഇടിമുഴങ്ങിയപ്പോഴാണ് മാർഗരറ്റ് മയക്കത്തിൽ നിന്നുണർന്നത്.. ശരീരമാകെ വേദന.. പനി വിട്ടുമാറിയിട്ടില്ല.. ഫോൺ റിംഗ് ചെയ്തു.. ഹലോ.. ങ്ങാ .. ശരി ബുക്കും പൈസയും കടയിൽ ഏൽപിച്ചിട്ടുണ്ട്…

മണി ഗ്യാസ് കുറ്റിയേറ്റി അടുക്കളയിലേക്ക് നടന്നു.. സഹായത്തിന് അവൻമാത്രമേയുള്ളു. എന്തായിട്ടെന്താ വയസുകാലത്ത് നോക്കാനും കാണാനുമാരുമുണ്ടാവില്ല.. എല്ലാരുടേം സ്ഥിതിയതൊക്കെയാ.. പ്രായം അൻപത്തിയാറായെങ്കിലും മാർഗ്ഗരറ്റിൻറ്റെ ശരീരവടിവിനൊന്നുമൊരുകുറവുമില്ല.. ഫെയ്സ് ബുക്കിലെ ഫോട്ടോ പലരേയും ചഞ്ചലപ്പെടുത്തുന്നതാണെന്ന് ഇൻബോക്സിലെ പഞ്ചാരചാക്കുകൾ മറിയുന്നതു കാണുമ്പോഴറിയാം. അതവളെ സന്തോഷിപ്പിക്കാറുമുണ്ട്.. എല്ലാവരും ചോദിക്കുന്നത് പതിവ് ചോദ്യം തന്നെ.. ഞാൻ പ്രണയിച്ചോട്ടെ.. പക്ഷെ ഒരിക്കൽ തനിക്കുവന്ന മെസെജ് അവളെ വല്ലാതാകർഷിച്ചു.. ‘ നീയെനിക്ക് മഴയാണ്.. മഞ്ഞാണ്.. പൂവാണ്.. എന്നുകരുതി പ്രണയമൊന്നുമില്ല ട്ടോ…’
എന്താ പ്രണയിച്ചാൽ…
തമാശയ്ക്കാണ് അങ്ങനെയൊന്നിട്ടത്.. അതിടുമ്പോൾ പഴയകാലമായിരുന്നു മനസിൽ..
കോളെജ് കാലം.. ആരിലും പ്രണയനിറങ്ങൾ നിറയുന്ന കാലം
മാർഗരറ്റും പ്രണയിച്ചു.. വാകമരച്ചോട്ടിലുംലവേഴ്സ് കോർണറിലും ബേക്കറിയുടെ ഒഴിഞ്ഞകോണിലും പ്രണയം ഒഴുകിയിറങ്ങി.. കൈത്തണ്ടകളിലും തുടകളിലും മാറിലും കുളിർനിറച്ച കാമാതുരമായിരുന്നു

വിദേശത്ത് ജോലിയുള്ളയാൾ വന്ന് കൂട്ടിലാക്കുന്നതുവരെയായിരുന്നത്.
പിന്നെ കഥയിലും കവിതയിലും മാത്രമായി പ്രണയസാന്നിദ്ധ്യം..അദ്ദേഹം മരണപ്പെട്ടതിന് ശേഷം മകളായിരുന്നു മാർഗരറ്റിൻറ്റെ ലോകം.
ഇപ്പോഴിതാ ഈ മഴക്കാലത്ത് തൻറ്റെയുള്ളിൽ നിറയുന്നു പ്രണയം…

എഫ് ബി തുറന്നു.. ചാറ്റ്ബോക്സിലാ ഐഡിയിലെത്തി.. അത് ലൈവാണ്.. ഉം.. എന്നുമാത്രമാണിട്ടത്.. ഉടൻ വന്നു മറുപടി..’കാതരേ നീയെന്നെ വിവശനാക്കുന്നു’

എന്തേ കാമം..

പ്രണയം നിറയെ രതിയല്ലേ

എനിക്ക് തോന്നുന്നില്ല..

ആണ് പ്രിയേ.. അതല്ലെ ലോക ക്ലാസിക്കുകളിലൊക്കെ രതി നിറഞ്ഞിരിക്കുന്നത്

സമൂഹത്തിൻറ്റെ മുൻപിലത്..

പ്രിയേ.. അർദ്ധനാരീശ്വര സങ്കൽപവും.. രാധാകൃഷ്ണ ലീലകളും ഉദാത്തരതിയുടെ ചിത്രമല്ലേ നമ്മിൽ നിറയ്ക്കുന്നത്..
എനിക്ക് നിന്നോട് പ്രണയമാണ് പ്രിയേ…
മറുപടി നൽകുന്നതിനുപകരം വിറയാർന്ന വിരലുകൾ ലാപ്ടോപ്പിൻറ്റെ ഷട്ഡൗൺ ബട്ടൺ തിരയുകയായിരുന്ന.

അലക്കിവിരിച്ച തുണികൾ മടക്കിവയ്ക്കുമ്പോൾ എന്തോ ഒരു തരളിത വികാരം മനസിൽ ഓടിയോ..
ഒരു ദീർഘനിശ്വാസവുമായി അടുക്കളയിലെത്തി.. പാചകമൊക്കെ കഴിഞ്ഞുവീണ്ടും
ലാപ്പിനടുത്തെത്തി… ഏയ്.. വേണ്ട
ശരിയാവില്ല.. ഈ പ്രായത്തിൽ പ്രണയമോ..
അലസമായി ബഡിലേക്ക് ചരിഞ്ഞു.. ചിന്തകൾ പലരൂപത്തിൽ പൂമ്പാറ്റകളെ പ്പോലെ പാറിനടന്നു.. പൂമ്പാറ്റകൾ മരിച്ച കുഞ്ഞുങ്ങളുടെ ആത്മാക്കളാണെന്ന് പറയാറുണ്ട്.. പക്ഷെ തനിക്ക് വളരെ അപൂർവ്വാവസരങ്ങളിൽ രതിമൂർച്ചയുണ്ടായപ്പോൾ പൂമ്പറ്റകൾ പാറുന്ന മനസായിരുന്നുവല്ലോ.. അപ്പോ പൂമ്പാറ്റകൾ…
ഉം.. പൂവിലെ തേൻ നുകരുന്ന ചിത്രശലഭത്തിൻറ്റെ ചിത്രം ഏതോ ഒരു ദിവസമാ അജ്ഞാത കാമുകൻ ഇൻബോക്സിലിട്ടതോർത്തപോൾ ഒരു പുഞ്ചിരി വിടർന്നു അവളുടെ ചുണ്ടുകളിൽ.

സുന്ദരനായ ചാറ്റർലീ പ്രഭുവിൻറ്റെ ഭാര്യ തോട്ടക്കാരനെ പ്രണയിച്ചതും രതിക്കുവേണ്ടിയായിരുന്നല്ലോ..
തിരക്കേറിയ ജീവിതയാത്രയിൽ ഭൂഗർഭറെയിൽവേയിൽ യാത്ര ചെയ്യുന്ന മധ്യവയസ്ക സ്ഥിരം കാണുന്ന, മകൻറ്റെമാത്രം പ്രായമുള്ള യാത്രക്കാരനുമായി രതിയിലേർപ്പെടുന്നതായി ഏതോ കഥയിൽ വായിച്ചതോർമ്മയിലെത്തി..

തീരുമാനിച്ചുറപ്പിച്ചപോലെ അവൾ ലാപ് ഓണാക്കി…

ഒന്നുകാണണം..
കാണാമല്ലോ… എന്താണ്..

വെറുതെ കാണാൻ..

പ്രണയത്തിൻറ്റെയെല്ലാ ഭാവങ്ങളോടെയുമാണോ കാണണ്ടത്…

എന്ന്വച്ചാൽ… അവൾ മനസിലാകാത്തതുപോലെ

ദിവ്യരതിയുമുണ്ടാവുമോ….

ഉം…

അങ്ങനെ ആ ദിനമെത്തി.. ദ്രുപദൻറ്റെ കൊട്ടാരത്തിൽ കൃഷ്ണൻ വരുന്നൂന്ന് അറിഞ്ഞതുമുതൽ കൃഷ്ണയുടെ മനസും ഒരുക്കങ്ങളുമെങ്ങനെയായിരുന്നോ അതുപോലെയായിരുന്നു മാർഗ്രറ്റും..

മഴ നനച്ച റോഡിൽ ഗെയ്റ്റിന് മുൻപിലായി ഒരോട്ടോ വന്നുനിന്നു.. അതിൽനിന്നും അരയ്ക്ക് താഴോട്ട് തളർന്ന ഒരു മെല്ലിച്ച രൂപം പുറത്തേക്കിറങ്ങി..
മാർഗരിറ്റിൻറ്റെ മുന്നിലായി വീണ്ടും മഴപെയ്തുതുടങ്ങി.. അവളുടെ ഹൃദയം നിറഞ്ഞൊഴുകുകയായിരുന്നു രതി.. വിശുദ്ധമായ രതി.. അധരങ്ങളിൽ രതി നിറയുന്നു.. അതുകുടിച്ച് മത്തരാകുന്ന ശലഭങ്ങൾ.. അവളുടെ മനസിൽ നിറയുകയായിരുന്നു.. പുറത്ത് ഇറയത്തുള്ളികൾ പെയ്ത്തുവെള്ളത്തിൽ വൃത്തങ്ങൾ വരച്ചുകൊണ്ടേയിരുന്നു…

…………അനി……….