നിലക്കാതെ നിലവിളിച്ചുകൊണ്ട് എതിരെനിന്നും ഒരു വാഹനം കൂടി കടന്നുപോയി. തിരക്കിനിടെ കൂട്ടം തെറ്റിയ കുട്ടിയെപ്പോലെ തലച്ചോറിന്റെ കൈവിട്ട് എവിടെയെന്നില്ലാതെ തറഞ്ഞു നിന്ന കണ്ണുകൾ ഒരിക്കൽക്കൂടി തന്റെ കർത്തവ്യത്തിലേക്കു കടന്നു. വാഹനത്തിന്റെ വലതുവശത്തായി, അതിവേഗം പിന്നോട്ടോടിക്കൊണ്ടും കണ്ണിൽനിന്ന് മറയാത്ത ജാലവിദ്യ കാണിച്ചുകൊണ്ടിരുന്ന സൂര്യന്റെ ചുവന്നു തുടുത്ത കവിളുകളിൽനിന്നുതിർന്ന പ്രകാശശരങ്ങളെ മറ്റെന്നത്തേയും പോലെ ഇന്ന് തനിക്കാസ്വദിക്കാൻ കഴിയാത്തതിൽ വിഷമം തോന്നുന്നു. ഇടവപ്പാതിയിൽ കുതിർന്ന ആകാശത്തിനും മേൽക്കൂരക്കും കീഴെ മൂടിപ്പുതച്ചുറങ്ങുന്നവന്റെ പുതപ്പു വലിച്ചുമാറ്റും കണക്കാണ് സാഹചര്യങ്ങൾ എത്രമേൽ ആസ്വാദ്യമായതിനെയും അദ്ര്യശ്യമാക്കുന്നത്. അല്ലെങ്കിൽ മൂന്നാത്മാക്കളുടെ മാത്രം ചിത്രം പ്രദർശിപ്പിച്ച ഈ മുറിയുടെ മുൻവാതിലൂടെ കടന്നു പിൻവാതിലിലൂടെ പുറത്തുപോകുന്ന കാറ്റിൽ, തന്റെ പിൻകഴുത്തിൽ മൃദുവായി പൊള്ളലേൽപ്പിച്ചുകൊണ്ട് പിന്നോട്ടാളുന്ന തന്റെ നരച്ച മുടിയിഴകളെ, തുടരെത്തുടരെ വ്യർത്ഥമായി അടക്കി നിർത്താൻ ശ്രമിച്ചുകൊണ്ടാനന്ദം കണ്ടെത്താൻ ഇന്നെന്തുകൊണ്ട് സാധിക്കുന്നില്ല??
ഒരുവാഹനം കൂടി കടന്നുപോയി.ഇത്തവണ വാഹനത്തിന്റെ നിലവിളിക്കൊപ്പം സാരഥിയുടെ ആക്രോശവും കേൾക്കാമായിരുന്നു. അവനും തന്നെക്കാൾ അസ്വസ്ഥനായിരിക്കണം. അദ്ദേഹമോ?….. അദ്ദേഹം തന്റെ സ്വതസിദ്ധമായ സ്ഥാനത്ത് ; മുൻപിൽ ഇടതുവശത്തായുള്ള സീറ്റിലിരുന്ന് തുറന്ന ജനാലയിലൂടെ ഇടതുവശം ചേർന്ന് ധാരമുറിയാതെ ഒഴുകിയിരുന്ന പച്ചനദിയിൽ ഏതോ തടസ്സങ്ങൾ തീർത്ത ചെറുചുഴികളിൽ കറങ്ങിക്കൊണ്ടിരുന്നു. ഇത്തവണ കാർ ഒരു പടുക്കുഴിയിൽ കയറിയിറങ്ങി. തിരയിൽ പെട്ട ചെറുവള്ളം പോലെ ആടിയുലഞ്ഞ അതിന്റെ അണിയത്തിരുന്ന് തന്റെ ഒരുവശത്തായിരുന്ന മകനെ നോക്കിയ അദ്ദേഹത്തിന്റെ മുഖത്തു നിറഞ്ഞ വിഷാദം അമരത്തിരുന്നിട്ടും തനിക്കു വ്യക്തമായി കാണാമായിരുന്നു. മകന്റെ ഡ്രൈവിങ്ങിനെക്കുറിച്ച് 10 വർഷം മുൻപ് ചോദിച്ചപ്പോൾ, “അവനെക്കാൾ നല്ല സാരഥി സാക്ഷാൽ ശ്രീകൃഷ്ണനേയുള്ളു” എന്ന് മറുപടി തന്ന അദ്ദേഹം, ഇന്ന് വിഷമിക്കുന്നത് ശ്രീകൃഷ്ണനെക്കാൾ തന്റെ മകൻ പിന്നിലാകുന്നത് വികാരപരാവശ്യത്തെ നിയന്ത്രിക്കുന്നതിലെ കഴിവുകേടുകൊണ്ടാണെന്നത് തിരിച്ചറിഞ്ഞിട്ടാണോ അതോ അതേ പാരാവശ്യത്തിനു കാരണം താനാണെന്ന തിരിച്ചറിവിലാണോ എന്ന് മാത്രം വ്യക്തമാകുന്നിലായിരുന്നു. അദ്ദേഹത്തിന്റെ മനസ്സിന്റെ ആകാശത്ത് കറുത്തിരുണ്ട് കൂടുന്ന വാക്കുകൾ ഇനിയും മഴയായി പെയ്യരുതെന്നു മാത്രം പ്രാർത്ഥിച്ചുപോകുന്നു. വാക്കുകളായിരുന്നല്ലോ അൽപ്പം മുൻപും… വാക്കുകളായിരുന്നല്ലോ എന്നും…
വാക്കുകളുടെ മൂർച്ചയും അവ പുറന്തള്ളപ്പെടുന്ന അളവും തമ്മിൽ എന്നും ഒരവിശുദ്ധ ബന്ധം ഒളിച്ചും പാത്തും പിൻമതിൽ ചാടിയും നിലനിന്നിരുന്നുവല്ലോ. മടുപ്പിക്കുന്നതെങ്കിലും അല്പം ഫലിതങ്ങൾ പ്രയോഗിക്കുന്നവരുടെ വാക്കുകളെ അപേക്ഷിച്ച് മിതഭാഷികളുടെ വാക്കുകൾക്ക് മുനയേറും. രണ്ടുപേർ പരിധിയിലധികം അടുത്താലോ, ഒരാളുടെ വാക്കിന്റെ മുന രണ്ടുപേരുടെയും ഉള്ളങ്ങളിൽ ഒരുപോലെ തുളച്ചുകയറുന്നു. മനുഷ്യന്റെ ചെവിയുടെ സ്വഭാവമാവട്ടെ ഒന്നുകിൽ സ്ത്രൈണമോ അല്ലെങ്കിൽ മനുഷ്യൻ സസ്വസ്ഥം സ്ത്രൈണമെന്നു മുദ്രകുത്തിയ ഒന്നോ ആണ്. താൻ കേൾക്കുന്ന വാക്കുകളെ തന്നിൽ ഒതുക്കാൻ കഴിയാത്ത അവ അത് തന്റെ ലോകത്തെ ജനസഞ്ചയത്തോട് ; മനസ്സും ഹൃദയവും ഉൾപ്പെടെ, വിളിച്ചുകൂവുകയും അപ്രകാരം അവക്കും താൻ കേട്ട വ്യഥകൾ തുല്യമായി വീതിച്ചുകൊടുക്കുകയും ചെയ്യുന്നു. അതുകൊണ്ടാവണം അവ കർണ്ണങ്ങളെന്നറിയപ്പെടുന്നത്. വാക്കുകളെ ദാനം ചെയ്യുന്ന ദാനവീരന്മാരായ കർണ്ണങ്ങൾ….
അദ്ദേഹം ഏറ്റവും വെറുത്തത് ഇതേ വാക്കുകളെയായിരുന്നു. ഏറ്റവും സ്നേഹിച്ചത് തന്റെ മകനെയും.തനിക്കു കിട്ടാതെ പോയ സ്വാതന്ത്ര്യങ്ങളോടുള്ള പ്രതിഷേധവും, ഒന്നിനെയും കൂസാത്ത മനോഭാവവും സമം ചേർത്ത്, ദുർവിനിയോഗിക്കുന്നില്ല എന്ന ശ്രദ്ധയോടെ മാത്രം എല്ലാ സ്വാതന്ത്ര്യങ്ങളും മകന് കാഴ്ചവെച്ച അദ്ദേഹവും, ഒരു യുവാവായിട്ടും തന്റെ പിതാവിന് തന്റെ മനസ്സിൽ ഒരു താരപരിവേഷം കല്പിച്ചുനൽകിയ മകനും ചേർന്ന് തന്നിൽനിന്നും പറിച്ചെടുത്തത് ഒരു കുടുംബത്തിൽ ഒരു സ്ത്രീക്കുള്ള ഏറ്റവും വലിയ കർത്തവ്യമാണ്. പരസ്പരം ഉരസി ശബ്ദമുണ്ടാക്കുന്ന പൽച്ചക്രങ്ങൾക്കിടയിൽ വഴുവഴുപ്പും പുത്തൻ ചെരുപ്പുകൾ പോലും തോൽക്കുന്നയിടങ്ങളിൽ ചരൽക്കല്ലുകളുമാകുകയെന്ന കർത്തവ്യം… അല്ല, ഇരുട്ടില്ലാത്തിടത്ത് എന്തിന് വിളക്ക് ?? പക്ഷെ ഇന്ന് … രണ്ടാഴ്ചയോളമായി നീരാവിയായി വീട്ടിനുള്ളിലെ ഭിത്തികളോടൊട്ടിച്ചേർന്ന് ഇറ്റിറ്റു്വീണ് പരക്കുന്ന ഇരുട്ടിനെ, കർത്തവ്യബോധമില്ലാതെ അലക്ഷ്യമായി അലഞ്ഞ് ക്ലാവ് പിടിച്ച ഈ വിളക്കിന് തോൽപ്പിക്കാനാകുമോ എന്ന് ഭയന്നുപോകുന്നു.
അല്ല, എന്തിന് മറ്റാരെയെങ്കിലും പഴിക്കുന്നു? തന്റെ നിർബന്ധമായിരുന്നല്ലോ ഇന്നുതന്നെ പോകണമെന്നത്. രക്തക്കുഴലുകളിലും വാൽവുകളിലും ഇത്തിൾക്കണ്ണിപോലെ പറ്റിച്ചേർന്ന് ചീർത്ത്‌വീർത്ത എണ്ണത്തുള്ളികളുടെയും, വഴിനടക്കാനായുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി രക്തത്തിന്റെയും ഇടയിൽ നടന്ന വടംവലികളിൽപ്പെട്ട് ആശുപത്രിക്കിടക്കയിലായ മരുമകളുടെ അച്ഛനെ കാണാൻ പോകണമെന്ന നാട്ടുനടപ്പോർത്താണ്, അല്ലെങ്കിൽ…
അല്ല, പോക്കുവരവുകളുടെ കണക്കുകൾ ആദ്യമായല്ലല്ലോ തനിക്കു വിനയാകുന്നത്… തലമുറകളുടെ അന്തരത്തിലും അത് തന്നെ വേട്ടയാടുന്നുവല്ലോ…..
“എന്താ ഇവള് പോയാല്??” ചോദ്യത്തിനൊക്കാത്ത നിസ്സംഗതയോടെ അദ്ദേഹത്തിന്റെ ശബ്ദം പിറന്നുവീണു…
“പോവണ്ട… അത്ര തന്നെ…” അച്ഛന്റെ മറുപടി ശകാരരൂപേണയായിരുന്നു.
“അതിനൊരു കാരണമാണ് ഞാൻ ചോദിക്കുന്നത്.. രണ്ടുമാസം മാത്രമുള്ള ഒരു ട്രെയിനിങ്… പാരീസിൽ… അതിനുശേഷം മടക്കം.പിന്നെന്താ??”
“കല്യാണത്തിന് മുൻപേ ഞങ്ങൾ വാക്കു കൊടുത്ത കാര്യമൊന്നുമല്ലല്ലോ.. അല്ല അതിലും ഞങ്ങൾക്കെന്താ പറയാനുണ്ടായിരുന്നത്?? ഇവള് തല്ക്കാലം പോകുന്നില്ല ..” ഇതിനിടയിലും തങ്ങളുടെ പ്രണയവിവാഹത്തിന്മേലുള്ള വിമർശനം ഉയർന്നത് അദ്ദേഹത്തെ ശരിക്കും ചൊടിപ്പിച്ചു.
“അതേ, ഇവൾടെ ഭർത്താവ് ഞാനാ.. ഇവൾടെ കാര്യം ഇവള് കഴിഞ്ഞാൽ പിന്നെ തീരുമാനിക്കുന്നതും ഞാനാ.. പോണംന്നാണ് ഇവൾടെ തീരുമാനമെങ്കിൽ ഇവള് പോവും.. ആരെതിർത്താലും… സ്വപ്നങ്ങൾക്ക് വാക്കിനേക്കാൾ വിലയുണ്ടെന്ന് നിങ്ങൾ ഓർക്കണം..”
സ്വപ്നങ്ങൾക്ക് വളരെ അധികം വിലകൊടുത്ത ഒരു വ്യക്തി തന്നെയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കൗമാരത്തിൽ, വിജയസാധ്യത തുലോം തുച്ഛമായിരുന്ന ഉദ്യമത്തിന് അദ്ദേഹത്തിന്റെ പിതാവ് തടസ്സം നിന്നതോടെ, അതിൽനിന്നും വഴിതിരിച്ചുവിട്ടതോടെ, തന്റേതുമാത്രമായ മണല്പരപ്പു തിരയുന്ന ഒരു പുഴപോലെ, ജോലിക്കും ഉയർന്ന ശമ്പളത്തിനും സുഖസൗകര്യങ്ങൾക്കും ഇടയിൽ അദ്ദേഹം ചുറ്റിത്തിരിഞ്ഞു. ജഗത്തേക്കാൾ വില സുഖത്തിനില്ലെന്നും, സ്വപ്നത്തേക്കാൾ വില യാഥാർത്യത്തിനില്ലെന്നും വിശ്വസിച്ച, ഓരോ കൊച്ചു സ്വപ്നത്തെയും അത് നെയ്തുകൂട്ടിയ വ്യക്തിയെയും തന്റെ ആവേശത്തിന്റെ പാരമ്യത്തിൽ നിന്നുകൊണ്ട് പ്രോത്സാഹിപ്പിച്ച അദ്ദേഹത്തിന്റെ പിന്താങ്ങലിനെയും ഒടുവിൽ താൻ നിരസിച്ചു. ഒരു പിളർപ്പിലേക്ക് നീങ്ങുമായിരുന്ന കുടുംബത്തെ രക്ഷിക്കാൻ, കരിയറിനെക്കാളും മീതെ കുടുംബമെന്ന സ്ത്രീസഹജമായ മൂഢത്വം തലവഴി മൂടി താൻ പോകുന്നില്ലെന്ന് പറയുമ്പോൾ, ഋതുമതിയായ ഇരുട്ടിലേക്ക് നീണ്ട വഴിവിളക്കിന്റെ കരങ്ങളെ ജനാലക്കൽ തടഞ്ഞു കർട്ടൻ തീർത്ത അതിർത്തികൾക്കുള്ളിൽ, സുരക്ഷിതയായ ഇരുട്ടിൽ, അനുഭൂതികളുടെ ശവമഞ്ചവും ചുമന്നുള്ള വിലാപയാത്രയുടെ ആലസ്യത്തിൽ വിയർപ്പുതുള്ളിയൊട്ടിയ കൺതടങ്ങൾ തീർത്ത മെത്തമേൽ വിശ്രമിച്ച കണ്ണുകളിലെ പ്രകാശം അകമെനിന്നാരോ അണച്ചു.
“അവള് പോണില്ലത്രേ…” ഒരു മാസക്കാലം ഒരു കുടുംബത്തിലെ സ്വസ്ഥത കെടുത്തിയ ഒരു സംഭവത്തിന് അന്ത്യം കുറിച്ച വാക്കുകൾക്കുശേഷം തന്നെ നോക്കിയ അദ്ദേഹത്തിന്റെ കണ്ണുകളിൽ ചുവന്ന മിന്നൽപ്പിണരുകൾ എഴുന്നുനിന്നു. പിന്നീടാരും അതിനെപ്പറ്റി ഒന്നും സംസാരിച്ചില്ല, അമ്മയുടെ മരണം വരെ.
അരങ്ങേറ്റത്തിന് വേദിയുടെ പിന്നിൽ കാത്തുനിൽക്കുന്ന കൊച്ചുനർത്തകിയുടെ കണ്ണിലെ ഉത്കണ്ഠയോടെ ഐ.സി.യൂ വിലേക്ക് അവർ വിളിപ്പിച്ചത് സ്വന്തം മകനെയോ മകളെയോ ആയിരുന്നില്ല, മരുമകളായ തന്നെയായിരുന്നു. ആ മുറിയുടെ പച്ചയിൽ, മരത്തിന്മേൽ വേരുറപ്പിച്ചു ഒരു വെളുത്ത പഴം പോലെ നിന്ന സിസ്റ്ററുടെ താക്കീത് ലംഘിച്ചും അവർ തന്നോട് സംസാരിച്ചു. “മോൾടെ പാരീസ് യാത്ര… അതിൽ നിങ്ങൾ ഒന്നും പ്ലാൻ ചെയ്തില്ലെങ്കിൽകൂടീം, മനപ്പൂർവ്വമല്ലെങ്ങിക്കൂടി അവിടത്തെ സുഖസൗകര്യങ്ങളൊക്കെ കാണുമ്പോ നിങ്ങള് വേരോടെ അങ്ങോട്ട് മാറൂന്ന് അച്ഛൻ കൊറേ പേടിച്ചു. നിങ്ങൾക്കന്ന് ജനിക്കുക കൂടി ചെയ്തട്ടില്ലാത്ത എന്റെ പേരമക്കളോടുള്ള സ്വാർത്ഥത കൊണ്ട് ഞാൻ പോലും…..”
കണ്ണിൽ ഉയർന്നു പൊങ്ങി ഒരു ജലാശയം തീർത്ത കണ്ണീർ തിളച്ചുതൂവി…
“അവന് ഇപ്പളും എനോട് ദേഷ്യായിരിക്കും.. അത് സാരല്യ…. പക്ഷെ അച്ഛൻ… അച്ഛനോടെങ്കിലും ക്ഷെമിക്കാൻ നീ അവനോടു പറയണം.. അച്ഛൻ… അച്ഛൻ…”
അച്ഛന്റെ മരണദിവസം ഒരിക്കൽക്കൂടി തന്റെ കണ്മുന്നിൽ ഘനീഭവിച്ചത് അമ്മ അറിഞ്ഞിരിക്കില്ല. പാതിരാത്രി കിടക്കവിട്ട് മേശക്കരികിൽ മുഖംപൊത്തിയിരുന്ന അദ്ദേഹത്തിന്റെ കൈകൾ പിടിച്ചുമാറ്റിയപ്പോൾ താൻ പ്രതീക്ഷിച്ചപോലെ കണ്ണീർ ഒഴുകിയ ചാലുകൾ കണ്ടില്ലെങ്കിലും കണ്ണൂകൾ നിറഞ്ഞിരിക്കുന്നത് കണ്ടു.. എന്തെങ്കിലും ചോദിക്കും മുൻപദ്ദേഹം പറഞ്ഞു; “സ്വപ്‌നങ്ങൾ, അതെത്ര ബുദ്ധിമുട്ടി നേടേണ്ടതായാലും അതിനു പറ്റിയില്ലെങ്കിൽ ഒരു വെഷമാണ്… നമ്മളിങ്ങനെ എനിക്ക് പറ്റീല്ലല്ലോന്നോർത്ത് വെഷമിച്ചോണ്ടിരിക്കും… അതീന്നു പോലും എന്നെ രെക്ഷിച്ചതാ എന്റെ അച്ഛൻ…. ഇതൊന്നു മൊഖത്ത് നോക്കി പറയാത്തതിന് എനിക്ക് മാപ്പില്ല… എനിക്ക് ഇനി ഇത് പറയാനും പറ്റില്ല… ഞാൻ… ഞാൻ… തന്നോടെങ്കിലും പറഞ്ഞേ പറ്റൂ. ഞാൻ തന്റെ തലയിൽ കെട്ടിവെക്കാനാഗ്രഹിക്കുന്ന ഒരേ ഒരു ബാധ്യത അതാണ്…”
ഇത്തരമൊരവസ്ഥയിൽ ഈ വാക്കുകളെപ്പറ്റിയുള്ള അറിവ് ആ വൃദ്ധക്കേകിയേക്കാവുന്ന ആശ്വാസത്തെ വിസ്മരിക്കാതെ തന്നെ, തുലോം തുച്ഛമായ തന്റെ ആരോഗ്യവും തുലച്ചുകൊണ്ട് സംസാരിക്കാൻ ശ്രമിക്കുന്ന അമ്മക്കിടയിൽക്കടന്ന് പറയുവാൻ വിഷമിച്ച് മാത്രം താൻ ആ ബാധ്യത സ്വയം ഇരുമുടിയായി സ്വീകരിച്ചുവല്ലോ…
ഒരിക്കൽക്കൂടി എന്തോ പറയാൻ വാ പൊളിച്ചുകൊണ്ട് അത് മുഴുമിക്കാനാവാതെ അവർ തന്റെ വായും കണ്ണുകളും കൂടി കൊട്ടിയടച്ചു. എന്തിനോ പുറത്തുപോയി തിരികെയെത്തിയ സിസ്റ്ററുടെ ശകാരങ്ങൾക്കിടയിലൂടെ തിങ്ങിഞെരുങ്ങി പുറത്തുകടന്ന താൻ അമ്മക്ക് സംഭവിച്ചത് ഒരു ബോധക്ഷയം മാത്രമായിരുന്നുവെന്നറിഞ്ഞ് സ്വതന്ത്രമാക്കിയ നെടുവീർപ്പിന് ഉറക്കച്ചടവുള്ള മകരമാസപ്പുലരിയുടെ തണുപ്പായിരുന്നു. എന്നാൽ പിറ്റേന്ന് തന്നെ, രക്തപ്രസാദമേതുമില്ലാത്ത, കരിയും പുകയും തീർത്ത താവഴിയിലെ തനിക്കു നൽകിയ വാക്കുകൾ അവസാനത്തെ ശേഷിപ്പുകളാക്കി, പുറംതള്ളപ്പെട്ട ജീർണ്ണങ്ങൾക്കിടയിൽ കിടന്നുകൊണ്ട് ആ അമ്മ യാത്രയായി. വിണ്ണേറുന്ന ജീവന് ശരീരത്തിനകത്തെ ജീർണ്ണങ്ങൾ ഒരു ബാധ്യതയായിരിക്കണം…
തന്റെ ജീവിതത്തിൽ ഒരുപക്ഷെ ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്തതും ഇനി ഒരിക്കലും ഉപയോഗിക്കില്ലാത്തതുമായ കണ്ണുനീരിന്, വെളുത്ത ഇടനാഴികളാൽ ചുറ്റപ്പെട്ട കറുത്ത തടവറയിൽ നിന്നദ്ദേഹം മോചനം നല്കിയതന്നാണ്. ഒരു കൊച്ച് കുഞ്ഞിനെപ്പോലെ തന്റെ മടിയിൽക്കിടന്ന്, മരണമടഞ്ഞ അമ്മക്കുവേണ്ടി കരഞ്ഞ ആ മകന് മറ്റൊരാളുടെ പിതാവിനോട് ഇപ്രകാരം പറയുവാൻ സാധിച്ചുവെന്നത്, അല്ല ഇപ്രകാരം ചിന്തിക്കാൻ കൂടി കഴിയുന്നുവെന്നത് അത്ഭുതമാണ്..
രണ്ടാംവട്ടവും വിരുന്നെത്തിയ ഹൃദ്രോഗത്തിന്റെ വിവരം വെള്ളിടി വെട്ടിയപ്പോൾ മുളച്ചുപൊന്തിയതാണാ അസ്വസ്ഥതയുടെ വിഷക്കൂൺ. ആദിയിൽ അത് ആരോഗ്യത്തെ സംബന്ധിച്ചായിരുന്നുവെങ്കിൽ അന്ത്യത്തിൽ അത് സ്വന്തം മകനുമേലുള്ള അവകാശപ്രശ്നമായിരുന്നു. ഏകമകളുടെ പിതാവും, ബന്ധുമിത്രാദികളിൽനിന്നും സ്വല്പം ദൂരെ മാറിത്താമസിക്കുനവനുമായ ഭാര്യാപിതാവിന് കൈത്താങ്ങാവുകയെന്ന ധാർമ്മികതയെ മുറുകെപ്പിടിച്ച മകന് തന്റെ അച്ഛന്റെ ഉള്ളിൽ നിറഞ്ഞതായി താൻ കണ്ടിട്ടുള്ള ധാർമ്മികതയുടെ കണ്ണുകൾ പുത്രവാത്സല്യം തീർത്ത സ്വാർത്ഥത കണ്ട് മഞ്ഞളിക്കുന്നത് കാണാൻ കഴിഞ്ഞില്ല. പകൽ ജോലിയും രാത്രി ആശുപത്രിയും ഇടയിൽ അൽപ്പനേരം വീടുമായി, ഘടികാരസൂചിയുടെ അഗ്രം പോലെ ദിവസങ്ങൾ ഓടിത്തീർത്തിരുന്ന, ആശുപത്രിയിൽനിന്നും മടക്കിയിട്ടും ഭാര്യാഗൃഹത്തിൽ ചെന്ന് കാര്യാന്വേഷണങ്ങൾ തുടർന്നുപോന്ന അവന്റെ അമിതാത്മാർത്ഥതയെ അവന്റെ പിതാവ് സംശയിക്കുമെന്നോ, പതിറ്റാണ്ടുകളായി ജോലിഭാരം പങ്കിട്ടെടുത്ത ഒരു ജോഡി കണ്ണുകൾ അത്തരം ഒരു മരുവിലും ഒരുറവിനായി ആഞ്ഞ് കുഴിക്കുമെന്നോ ആ ശുദ്ധഗതിക്കാരൻ സ്വപ്നത്തിൽ പോലും സങ്കല്പിച്ചിരിക്കയില്ല. അല്ല, ഒന്നിനെപ്പറ്റിയും ഗാഹ്യമായി ചിന്തിക്കാതെ എടുത്തുചാടുന്ന അവന്റെ അച്ഛന്റെ സ്വഭാവം അവനും കിട്ടിയിരുന്നുവല്ലോ. പെണ്ണുകാണലിനുശേഷം, ഭാവിയിൽ ബാധ്യതയായേക്കാവുന്ന ഏകമകളുടെ മാതാപിതാക്കളെ ചൂണ്ടിക്കാട്ടിയ തന്നെ മകന്റെ ഇഷ്ടം തിരിച്ചറിഞ്ഞ് ശകാരിച്ചത് അദ്ദേഹമായിരുന്നല്ലോ. വിവാഹശേഷം, പ്രസ്തുത സംരംഭത്തിൽ രണ്ടുകുടുംബങ്ങളാകുന്ന കടലാസുതുണ്ടുകളെ താലിച്ചരടുകൊണ്ട് എത്രമേൽ കൂട്ടിയൊട്ടിച്ചാലും അവയുടെ കണ്ഠഭാഗം പിളർന്നെ ഇരിയ്ക്കു എന്നൂട്ടിയുറപ്പിച്ചുകൊണ്ട് താനും അവളുടെ അമ്മയും പരോക്ഷമായി തുലോം തുച്ഛമായെങ്കിലും ഏറ്റുമുട്ടിയപ്പോളും, ദമ്പതിമാരുടെ പിതാക്കന്മാർ തമ്മിൽക്കാണുന്ന ഓരോ അവസരത്തിലും ഏതെങ്കിലുമൊരു ടീപ്പോയുടെയോ മേശയുടെയോ, അല്ലെങ്കിൽ ശൂന്യതയിലും കുത്തിനിറക്കപ്പെട്ട വായുവിനോ ഇരുവശവുമായിരുന്ന്, ഫലിതങ്ങളുമായി ഒരാൾ ഒരുവശവും മന്ദഹാസവുമായി മറ്റൊരാൾ മറുവശവും അലങ്കരിച്ചുപോന്നു.ഇന്നും കാര്യങ്ങൾ ഒട്ടേറെ വ്യത്യസ്തമായിരുന്നില്ല. തങ്ങളുടെ ഉടയാടകൾ അഴിച്ചതിൽ അരിശംപൂണ്ടും ചൂളിയും കൈകളിലിരുന്ന ഒരുകൂട്ടം ആപ്പിളുകളെ കഷണങ്ങളാക്കിക്കൊണ്ട് ഇദ്ദേഹം പൂർവ്വാധികം ഊർജ്ജസ്വലനായി കട്ടിലിലും, തന്റെ സ്മാർട്ഫോണിനെ തൊട്ടും തലോടിയും അദ്ദേഹം ഇടയിൽ നിറഞ്ഞ വായുവിന് മറുവശമായി സ്വല്പം മാറ്റി സ്ഥാപിച്ച കസേരയിലും. അദ്ദേഹത്തിന് ഒരുവശത്തായുള്ള ജനാലപ്പടിയിൽ മകനും. അമ്മയെ ചായയെടുക്കാൻ സഹായിക്കാനെന്നവണ്ണം മുറിക്കുപുറത്തേക്കുപോയ മരുമകൾ, തന്റെ ഗൃഹത്തിലെന്നതുപോലെ ഭർതൃഗൃഹത്തിലും അരുമയായ, അർദ്ധനഗ്നമായ കണ്ണൂകളിൽ കുസൃതി നിറഞ്ഞ നിഷ്കളങ്കതയും, കൺപീലികൾക്ക് കീഴെ കറുത്ത നിറത്തിന്റെ മേലങ്കി ധരിച്ചാൽ അതിനോട് കിടപിടിക്കും വിധം വീതുളിയുടെ മൂർച്ചയും നിറഞ്ഞ, വീടിന്റെ മുക്കും മൂലയും തന്റെ മധുരശബ്ദത്തിൽ പല ഭാഷകളിലെ ഗാനങ്ങൾ കൊണ്ടും, കിടപ്പുമുറി പലതരം കരടിപ്പാവകൾകൊണ്ടും അലങ്കരിച്ച, ഒരു ഇൻഡോ- ഇറാനിയൻ വംശത്തെ മുഴുവൻ തന്റെ പേരിലൊതുക്കിയ തന്റെ മരുമകൾ, അടുക്കളയിൽനിന്നും ഹാളിലേക്ക് കടക്കുന്ന വാതില്പടിക്കരികെ നിന്ന് അവനെ നോക്കി കുസൃതി കാട്ടുന്നത് മുറിയുടെ ഒരു മൂലയിൽ സ്ഥാപിച്ച അലമാരയിലെ ബൃഹത്തായ കണ്ണാടിയിലൂടെ തനിക്കു വ്യക്തമായി കാണാമായിരുന്നു.
പൊടുന്നനെ, ഏതോ ഒരു ഫലിതത്തിന് ഹരിശ്രീ കുറിക്കാനായി തളികയിൽ അരി ചിക്കിപ്പരത്തികൊണ്ട് ഇദ്ദേഹം പറഞ്ഞു “കേട്ടോ ചേട്ടാ, ഇതിപ്പോ രണ്ടാമത്തെയാണ്….”
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കേണ്ടുന്നതിന്റെ ആവശ്യകതയെ ഒരിക്കൽക്കൂടി സാധൂകരിച്ചുകൊണ്ട് മുഖത്തുവീണ വെള്ളിവെളിച്ചത്തിൽനിന്ന് കണ്ണുകളുയർത്തുക പോലും ചെയ്യാതെ അശ്രദ്ധ പുതച്ചിരുന്ന അദ്ദേഹത്തിന്റെ നാവിൽനിന്നും ഒരുകൂട്ടം വാക്കുകൾ പുറത്തുചാടി.
“സാരല്യ…ഒന്നിൽ പിഴച്ചാൽ മൂന്നെന്നാണ് കണക്ക്… അതോടെ എനിക്കെന്റെ മകനെ തിരിച്ച് കിട്ടുകയും ചെയ്യും..” ഇതേ വാചകം രോഗാതുരനായ വ്യക്തിയുടേതാകുമ്പോൾ അത് അയാളുടെ കൂസലില്ലായ്മയാണ്. എന്നാൽ അത് മറ്റൊരാളുടെ വായിൽനിന്നാകുമ്പോൾ അത് തീർത്തും ക്രൂരമാകുന്നു. സ്വന്തമായി ഒരർത്ഥത്തിൽ, ഒരേ തീവ്രതയിൽ ഉറച്ചുനിൽക്കാൻ കഴിയാത്ത, നപുംസകങ്ങൾ ആണല്ലോ വാക്കുകൾ, അവയുടെ സഞ്ചയങ്ങളാകുന്ന വാക്യങ്ങൾ… ആ വാക്കുകളെയും ചുമലിൽ പേറി വേച്ച് വേച്ച് നടന്നുനീങ്ങിയ
ശബ്ദശകലത്തെ എത്ര ശ്രമിച്ചാലും അദ്ദേഹത്തിന് തടയാനാവുമായിരുന്നില്ല. വായുവിൽ മുഴങ്ങിയ അതിന്റെ മാറ്റൊലികൾ തട്ടി അടുക്കളയിൽനിന്ന് വന്ന സാധുസ്ത്രീയുടെ കയ്യിൽ നിന്നും ചായക്കപ്പുകൾ അണിനിരന്ന മൈതാനം അപ്പാടെ നിലംപൊത്തി. തന്റെ നെറ്റിയിൽ വിശ്രമം കൊള്ളുന്ന ചുവപ്പുരേഖ ഭർത്തൃരാഹിത്യത്തിൽ വെളിച്ചമില്ലാത്ത വെളിച്ചപ്പാടിനെപ്പോലെയാണെന്ന സത്യം അവരെ മഥിച്ചിരിക്കണം. വെളുത്ത മാർബിൾ തറയിൽ തന്റെ അതിർത്തി വലുതാക്കിക്കൊണ്ടിരുന്ന ചായ, ഒരുനിമിഷത്തേക്കെങ്കിലും താൻ നിൽക്കുന്നത് പൂഴിമണ്ണിലാണെന്നും അവിടെയാരോ ഒരു കുടം വെള്ളം കമിഴ്ത്തിയെന്നും തോന്നിപ്പിച്ചു. അത് തുടച്ചുമാറ്റാനുള്ള തത്രപ്പാടിനിടെ, പതിറ്റാണ്ടുകളായി “താൻ സുമംഗലി”യെന്ന് അവർ നെറ്റിയിൽ എഴുതിയൊട്ടിച്ച ചുവപ്പിനെ ഒരു വിയർപ്പുതുള്ളി നെടുനെറ്റിയിലൂടെ ഉരുകിയൊലിപ്പിച്ച് ഒഴുക്കിയത് അവർ അറിഞ്ഞില്ല.
മറവികൊണ്ടുമാത്രമായിരിക്കണം കസേരയിൽ, ചായക്കറ പറ്റിയ മുണ്ടുമായിരുന്ന അദ്ദേഹത്തോട് അത് തുടക്കാൻ തുണി വേണോയെന്ന ചോദ്യമോ ബാത്റൂമിൽ പോയി കഴുകിക്കൊള്ളു എന്ന നിർദ്ദേശമോ മുഴങ്ങിക്കേട്ടില്ല.അദ്ദേഹമാകട്ടെ താൻ അലക്കിത്തേച്ചുമടക്കിയ മുണ്ടിൽ താൻ തന്നെ വാരിപ്പൊത്തിയ ചെളിയാണിതെന്നപോലെ ജനലിലൂടെ വിഷണ്ണനായി ദൂരേക്ക് നോക്കിയിരുന്നു. അദ്ദേഹത്തിന്റെയുള്ളിൽ ദിവസങ്ങളിലായി പുകഞ്ഞിരുന്ന അഗ്നിപർവ്വതം സ്‌ഖലനം ചെയ്തപ്പോൾ തീയും പുകയും വമിച്ചത് അവന്റെ കണ്ണുകളിൽ നിന്നായിരുന്നു. അവന്റെ ഭാര്യയാകട്ടെ വിഷമമോ അങ്കലാപ്പൊ ദേഷ്യമോ എന്തെല്ലാമോ കൂടിക്കലർന്ന്, പരസ്പരവിരുദ്ധമായ രുചികളിൽ കുഴങ്ങിയ രസമുകുളത്തെപ്പോലെ വികാരങ്ങളെ ശരിയായി പ്രകടിപ്പിക്കാൻ ബദ്ധപ്പെട്ട മുഖത്തോടെ തന്റെ മകനെ നോക്കുക മാത്രം ചെയ്യുന്നതും കണ്ണാടിയിലൂടെ കാണാമായിരുന്നു. ഒടുവിൽ കറുത്തിരുണ്ട ആകാശത്തിനു കീഴെ യാത്രപറഞ്ഞു പുറത്തിറങ്ങുമ്പോഴും, ഒരു പറ്റം ഈച്ചകൾ മാർബിൾ തറയിൽ ചായ തീർത്ത മണ്മറഞ്ഞ സാമ്രാജ്യത്തിനു ചുറ്റും അതിന്റെ സ്മരണകൾ അവയെ കുരുക്കിട്ട് പിടിച്ചതുപോലെ വലം വെച്ചു.
കുരുക്കിൽപെട്ട വാഹനം ഓരോ അടി മുന്നോട്ടുനീങ്ങുമ്പോളും വധൂഗൃഹത്തിൽനിന്നകലുന്നതിൽ ആശ്വാസവും, മകളിൽനിന്നകലുന്നതിൽ വിഷമവും തോന്നുന്നു. എന്നാൽ മുന്നിലെ രണ്ടു സീറ്റുകൾക്കിടയിലുള്ള ദൂരം പോലും താനും മകളും തമ്മിൽ ഇല്ലെന്നത് തെല്ലും ആശ്വാസം നൽകുന്നുമില്ല. ഒരുപരിധിവിട്ടകലാത്തിടത്തോളം രണ്ട് വ്യക്തികൾ തമ്മിൽ നിശ്ചിത അകലം ഉണ്ടാകുന്നത് നല്ലത് തന്നെ. കുറഞ്ഞത് ചിന്തകളുടെ പ്രതിധ്വനികൾ കേൾക്കാത്തയത്രയുമെങ്കിലും.പരിധി വിട്ടാലോ?? പരിധി വിടുന്നത് പുത്രവാത്സല്യമാണെങ്കിലോ?? പരിധിവിട്ടാൽ പുത്രവാത്സല്യം ഒരു മാറലായാണ്. ജനലഴികൾ പോലെ ചുവരോടൊട്ടി നിന്ന് സർവ്വതും കാണേണ്ടുന്ന മാതാപിതാക്കളുടെ കണ്ണുകളും ഹൃദയവും ആ മാറാല തുല്യം വിഭജിച്ചെടുക്കുന്നു. ഗൃഹങ്ങളിലെ മാറാലയുടെ പഴി ഗൃഹനാഥനാണെങ്കിൽ, മനുഷ്യനെ ജനലഴികളാക്കി നിർമിക്കപ്പെട്ട വീടിന്റെ ഗൃഹനാഥനെ പഴിക്കാനുള്ള കഴിവ് മനുഷ്യന് ശിഖണ്ഡിയുടെ പൗരുഷമായതിനാൽ, പഴി ജനലഴികൾക്കാണ്. ഒടുവിൽ കാലം അവക്ക് ചെങ്കോലും കിരീടവും ധൃതരാഷ്ട്രഛായയും നൽകി ആദരിക്കുന്നു.. അല്ല, ഇന്ന് പുത്രവാത്സല്യത്തിന്റെ പേരിൽ അദ്ദേഹത്തെ വിമർശിക്കാൻ മുതിരുന്ന താനോ?? അദ്ദേഹം ചെയ്തതിൽ അറിയാതെ ഒരാത്മനിർവൃതി തന്റെ ഉള്ളിൽ വേര് പടർത്തുന്നതും, വിഷലിപ്തങ്ങളായ തന്റെ ഇലകൾ പടർത്തി തഴച്ചുവളരുന്നതും എന്തുകൊണ്ട്?? അതിന്റെ വിത്ത് എവിടെനിന്ന്, ഏത് പക്ഷിയുടെ ജീർണത്തിൽ നിന്നെന്ന കുരുക്ക് മുറുകുമ്പോഴും വാഹനത്തിനെ ചുറ്റിയ കുരുക്ക് പതിയെ അഴിയുന്നു. വീട്ടിലെത്താൻ ഏറിയാൽ അര മണിക്കൂർ. അവിടെയേതെങ്കിലും മൂലയിൽ ഒരു കറുത്ത തുണി കാണാതിരിക്കില്ല. തനിക്കും തന്റെ കണ്ണുകൾ കെട്ടണം. മുന്നിൽ പതിയിരിക്കുന്ന ഇരുട്ട് തന്റെ ധൃതരാഷ്ട്രനൊപ്പം തനിക്കുകൂടി അവകാശപ്പെട്ടതാണെന്ന് ഉറക്കെ വിളിച്ചുപറയണം. ഒടുവിൽ, മരണശയ്യയിൽ, വീടിനടുത്തുള്ള പള്ളിയിൽ മുറതെറ്റാതെ നിസ്കാരസമയങ്ങളിൽ ഉയർന്നു കേട്ട ശബ്ദം കണക്കെ ആശുപത്രിയുടെ വെളുത്ത മിനാരങ്ങളുടെ ഔന്നത്യത്തിൽ, മാപ്പപേക്ഷിച്ച്, അനുഗ്രഹിച്ച് തന്റെ താവഴിയുടെ അനന്തരാവകാശിയെ സ്ഥാനാരോഹണം ചെയ്യണം….

നിഗൂഢതകളുടെ പറുദീസയായ ആമസോൺ കാടുകളിലേക്ക് ഒരു വലിയ പര്യവേഷണമാണ് ഈ ചിത്രം
The Lost City of Z(2016) Raghu Balan ആമസോൺ കാടുകളിൽ ഉണ്ടെന്ന്