പദങ്ങള്‍ക്കു മാറ്റം സംഭവിച്ചിട്ടുണ്ട് (ലേഖനം) – സുനില്‍ എം എസ്

0
726

എഴുതിയത്: സുനില്‍ എം എസ്, മൂത്തകുന്നം

‘നമുക്ക് വാക്കുകള്‍ തെറ്റാതിരിക്കാന്‍’ എന്ന ശീര്‍ഷകത്തില്‍ ശ്രീ ഇ എ സജിം തട്ടത്തുമല ‘ബൂലോക‘ത്തില്‍ ഡിസംബര്‍ 27നു പോസ്റ്റു ചെയ്തിരുന്ന ലേഖനത്തെപ്പറ്റിയുള്ളതാണ് ഈ പോസ്റ്റ്. സജിം എഴുതിയിരിയ്ക്കുന്ന ചില പദരൂപങ്ങള്‍ കാണുമ്പോള്‍ സന്തോഷം തോന്നുന്നുണ്ട്. അവ പരിചിതമാണ്, ഞാനുള്‍പ്പെടെ പലരും ഇപ്പോഴും ഉപയോഗിച്ചു പോരുന്നവയുമാണ്. എങ്കിലും, അവയ്ക്കിപ്പോള്‍ ശരിരൂപങ്ങളെന്ന സ്ഥാനമില്ല. കാരണം, അവയ്ക്കു ലിപിപരിഷ്‌കരണത്തില്‍ മാറ്റം സംഭവിച്ചുപോയിരിയ്ക്കുന്നു. കെട്ടുകള്‍ അഴിച്ചും മറ്റും അവ ലളിതവല്‍ക്കരിയ്ക്കപ്പെട്ടിരിക്കുന്നു. അവയുടെ നിലവിലുള്ള പദരൂപങ്ങള്‍ താഴെ കൊടുക്കുന്നു:

അഥര്‍വ്വം – അഥര്‍വം (‘ര്‍’ എന്ന ചില്ലു കഴിഞ്ഞു വരുന്ന വകാരം ഇരട്ടിക്കേണ്ടതില്ല.)

അധഃസ്ഥിത – അധസ്ഥിത (മലയാളത്തില്‍ ദുഃഖം എന്ന ഒരേയൊരു പദത്തിലൊഴികെ, മറ്റെല്ലാ പദങ്ങളില്‍ നിന്നും വിസര്‍ഗം നീക്കം ചെയ്തിട്ടുണ്ട്. പകരം, തുടര്‍ന്നുള്ള അക്ഷരം ഒന്നുകില്‍ ഇരട്ടിക്കണം, അല്ലെങ്കില്‍ കൂട്ടക്ഷരമായിരിയ്ക്കണം. ബൂലോകം പ്രസിദ്ധീകരിച്ചിട്ടുള്ള ‘ചില വ്യാകരണചിന്തകള്‍ ഭാഗം 1 ‘അഹ’ വേണ്ട’ എന്ന എന്റെ ബ്ലോഗില്‍ ഇതേപ്പറ്റി പരാമര്‍ശമുണ്ട്. അതിന്റെ യൂ ആര്‍ എല്‍ ഇതാ.

അദ്ധ്യക്ഷന്‍ – അധ്യക്ഷന്‍ (കൂട്ടക്ഷരത്തോടൊപ്പം യകാരം വന്നിരിയ്ക്കയാല്‍ കൂട്ടക്ഷരത്തിന്റെ തുടക്കത്തിലുള്ള ദകാരം ആവശ്യമില്ല.)

അദ്ധ്വാനം – അധ്വാനം (കൂട്ടക്ഷരത്തോടൊപ്പം വകാരം വന്നിരിയ്ക്കയാല്‍ കൂട്ടക്ഷരത്തിന്റെ തുടക്കത്തിലുള്ള ദകാരം ആവശ്യമില്ല.)

അനര്‍ഗ്ഗളം – അനര്‍ഗളം (ര്‍ എന്ന ചില്ലിനെത്തുടര്‍ന്നു വരുന്ന ഗകാരം ഇരട്ടിക്കേണ്ടതില്ല.)

അന്തര്‍ദ്ധാനം – അന്തര്‍ധാനം (ര്‍ എന്ന ചില്ലിനെത്തുടര്‍ന്നു ദ്ധ എന്ന കൂട്ടക്ഷരം വരുമ്പോള്‍ കൂട്ടക്ഷരത്തിന്റെ തുടക്കത്തിലുള്ള ദകാരം ആവശ്യമില്ല.)

അന്തര്‍ഗ്ഗതം – അന്തര്‍ഗതം (ര്‍ എന്ന ചില്ലിനെത്തുടര്‍ന്നു വരുന്ന ഗകാരം ഇരട്ടിക്കേണ്ടതില്ല.)

അന്തഃപുരം – അന്തപ്പുരം (ഇതിനുള്ള കാരണം മുകളില്‍ പറഞ്ഞുകഴിഞ്ഞിട്ടുണ്ട്.)

അന്തഃകരണം – അന്തക്കരണം (ഇതിനുള്ള കാരണം മുകളില്‍ പറഞ്ഞുകഴിഞ്ഞിട്ടുണ്ട്.)

അഭ്യര്‍ത്ഥന – അഭ്യര്‍ഥന (ര്‍ എന്ന ചില്ലിനെത്തുടര്‍ന്നു ത്ഥ എന്ന കൂട്ടക്ഷരം വരുമ്പോള്‍, അതിന്റെ തുടക്കത്തിലുള്ള തകാരം ആവശ്യമില്ല.)

അര്‍ദ്ധരാത്രി – അര്‍ധരാത്രി (ര്‍ എന്ന ചില്ലിനെത്തുടര്‍ന്നു ദ്ധ എന്ന കൂട്ടക്ഷരം വരുമ്പോള്‍ കൂട്ടക്ഷരത്തിന്റെ തുടക്കത്തിലുള്ള ദകാരം ആവശ്യമില്ല.)

അര്‍ത്ഥവ്യത്യാസം – അര്‍ഥവ്യത്യാസം (ര്‍ എന്ന ചില്ലിനെത്തുടര്‍ന്നു ത്ഥ എന്ന കൂട്ടക്ഷരം വരുമ്പോള്‍, അതിന്റെ തുടക്കത്തിലുള്ള തകാരം ആവശ്യമില്ല.)

അധിക്രമം – പ്രചാരത്തിലുള്ളൊരു നിഘണ്ടുവില്‍ ഈ പദം ഉള്‍പ്പെടുത്തിക്കാണുന്നില്ല.

കൈയ്യേറ്റം – കൈയേറ്റം (യകാരം ഇരട്ടിക്കേണ്ടതില്ല), കയ്യേറ്റം: ഇവ രണ്ടും ശരി തന്നെ.

അര നൂറ്റാണ്ടു മുമ്പു മലയാളത്തില്‍ കൂട്ടക്ഷരങ്ങളുള്‍പ്പെടെ അഞ്ഞൂറോളം അക്ഷരങ്ങളുണ്ടായിരുന്നു. ഇതു മൂലം അച്ചടി എഴുത്തും ദുഷ്‌കരമായിരുന്നു. ലിപിപരിഷ്‌കരണം അക്ഷരങ്ങളുടെ എണ്ണം നൂറില്‍ത്താഴെയാക്കി. അനേകം കൂട്ടക്ഷരങ്ങളുടെ കെട്ടുകളഴിഞ്ഞു. അച്ചടി സുഗമമായി, ചെലവും കുറഞ്ഞു.

അന്താരാഷ്ട്രതലത്തില്‍ സാന്നിദ്ധ്യമുള്ള യൂണിക്കോഡ് ഫോണ്ട് സമ്പ്രദായത്തില്‍ മലയാളമുള്‍പ്പെടെയുള്ള ഭാരതീയഭാഷകള്‍ കൂടി കഴിഞ്ഞ പതിറ്റാണ്ടിനിടയില്‍ ഉള്‍പ്പെട്ടപ്പോള്‍ ലിപിപരിഷ്‌കരണത്താല്‍ കാലഹരണപ്പെട്ടുപോയ പഴയ കൂട്ടക്ഷരങ്ങള്‍ക്കു പുനര്‍ജന്മം കിട്ടി. യൂണിക്കോഡ് മലയാളം ഫോണ്ടുകളുപയോഗിച്ച് പല പഴയ കൂട്ടക്ഷരങ്ങളും അനായാസമെഴുതാം.

യൂണിക്കോഡിന്റെ സൗഹൃദം മൂലം ലിപിപരിഷ്‌കരണത്തിനു മുമ്പുള്ള മലയാളം എഴുതിപ്പഠിച്ചവരുടെ ഓണ്‍ലൈനെഴുത്തില്‍ പഴയ പല കൂട്ടക്ഷരങ്ങളും ഇപ്പോള്‍ കടന്നുവരുന്നുണ്ട്. ലിപിപരിഷ്‌കരണത്തിനു ശേഷമുള്ള മലയാളം എഴുതിപ്പഠിച്ചവരുടെ എഴുത്തില്‍ അവ പുതിയ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു. ഒന്നു പഴയ രീതിയും, മറ്റേതു പുതിയ രീതിയും. ഇവയിലേതാണു ശരി?

പുതിയ രീതി തെറ്റ്, പഴയ രീതിയാണു ശരിയെന്ന് സജീമിനേയും എന്നേയും പോലുള്ളവര്‍ വാദിച്ചേയ്ക്കാമെങ്കിലും, കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ എന്തു പഠിയ്ക്കണമെന്നു തീരുമാനിയ്ക്കാനുള്ള പൂര്‍ണാധികാരം കേരളസര്‍ക്കാരിനായതുകൊണ്ട് കേരളസര്‍ക്കാര്‍ തങ്ങളുടെ സ്‌കൂളുകളില്‍ ഇന്നു പഠിപ്പിയ്ക്കുന്ന മലയാളമാണ് ഇന്നത്തെ ഔപചാരികമലയാളം.