പാകിസ്ഥാനിലെ മലയാളി

0
80

പാകിസ്ഥാനിലെ മലയാളി

സമീർ എന്ന നവാഗത യൂട്യൂബ് വ്ലോഗർ, കറാച്ചിയിലെ ന്യൂനപക്ഷങ്ങളെ കുറിച്ചു കുറെയേറെ വ്ലോഗുകൾ ചെയ്യുകയുണ്ടായി. പാക്കിസ്ഥാനിൽ ഒറ്റപ്പെട്ട പോയ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിവിധ സമൂഹങ്ങളെ തേടി കണ്ടെത്തി അവരോട് സംസാരിക്കുന്നതും അവരുടെ സംസ്കാരം, ജീവിതരീതിയൊക്കെ കാണിക്കുകയുമാണ് ലക്ഷ്യം. ദുബൈയിൽ ജീവിച്ചിട്ടുള്ള പാക്കിസ്ഥാൻകാരനായ സമീറിന് ഇന്ത്യയിലെ പല സമൂഹങ്ങളിൽ നിന്നുള്ളവരുമായി ബന്ധമുണ്ടായിരുന്നു. ആ അടുപ്പമാണ്, സ്വന്തം നഗരത്തിൽ ജീവിക്കുന്ന ഇന്ത്യൻ വംശജരെ കണ്ടെത്താനും അവരുമായി കുശല സംഭാക്ഷണങ്ങൾ നടത്താനും അല്ലറ ചില്ലറ മലയാളം, തമിഴ് വാക്കുകൾ പറയാനും പ്രേരിപ്പിക്കുന്നത്. നാം ഒരിക്കലും നേരിൽ കാണാൻ സാധ്യതയില്ലാത്ത നഗരത്തിലെ കാണാക്കാഴ്ചകൾ വ്ലോഗ്ഗിലൂടെ നമുക്ക് നേരിട്ടറിയാൻ സാധിക്കുന്നു എന്നതാണ് സമീറിന്റെ വ്ലോഗ്ഗിനെ മികച്ചതാക്കുന്നത്.

ഈയടുത്ത് സമീർ ചെയിത ഒരു വ്ലോഗ് കറാച്ചിയിലെ മലയാളികളെ തേടിയിറങ്ങിയതായിരുന്നു. പാക്കിസ്ഥാൻ പൗരന്മാരായി മാറിയ മലയാളി സമൂഹത്തെ ആധികാരികമായി പരിചയപ്പെടുത്താനോ, മലയാളി സമൂഹം കറാച്ചിയിലെങ്ങനെ ഒറ്റപ്പെട്ടുവെന്ന ചരിത്ര പശ്ചാത്തലം അനാവരണം ചെയ്യുവാനോ ആ വീഡിയോ സഹായിക്കുന്നില്ലെങ്കിലും നഗരത്തിലെ ഒഴിഞ്ഞ കോണിൽ പ്രവർത്തിക്കുന്ന ഒരു പഴയ മലയാളി ചായക്കടയെ വീഡിയോ പരിചയപ്പെടുത്തുന്നു. ചെറിയ കടയിലെ ഇടപാടുകാരെല്ലാം കറാച്ചിയിലെ പ്രദേശവാസികൾ ആണെങ്കിലും കട നടത്തുന്നതും അവിടത്തെ ജീവനക്കാരുമൊക്കെ മലയാളം സംസാരിക്കാൻ അറിയുന്ന പാക്കിസ്ഥാനികൾ ആയിരുന്നു. നല്ല പ്രായമുള്ള അവിടത്തെ രണ്ട് ജോലിക്കാർ ക്യാമറയിലൂടെ മലയാളം സംസാരിക്കുന്നതും സമീർ ഒപ്പിയെടുത്തിട്ടുണ്ട്. കാലങ്ങളായി കറാച്ചിയിൽ പാക്കിസ്ഥാൻ പൗരന്മാരായി കഴിയുന്ന അവരുടെ കുടുംബ വേരുകൾ മലപ്പുറം ജില്ലയിലുണ്ടെന്നൊക്കെ അവർ പറയുന്നുണ്ട്.

നമ്മൾ മലയാളികൾ അധികം ചർച്ച ചെയ്യാത്ത ഒരു വിഷയമാണ് അതിർത്തിക്കപ്പുറത്ത് പെട്ടുപോയ മലയാളികളുടെ ജീവിതം. ഇന്ത്യാ പാക്കിസ്ഥാൻ വിഭജനത്തിന് മുമ്പും മറ്റും ഇന്നത്തെ പാക്കിസ്ഥാനിൽ എത്തപ്പെട്ട മലയാളികളെ പറ്റി നമ്മളധികം വായിച്ചിട്ടില്ല. എന്നാൽ പാക്കിസ്ഥാൻ രാഷ്ട്രീയത്തിലും സാമൂഹ്യ പ്രവർത്തനങ്ങളിലും പ്രശസ്തി നേടിയ ബി എം കുട്ടി എന്ന പാക്കിസ്ഥാൻ മലയാളിയെ നാം കേട്ടിരിക്കാം. ബി എം കുട്ടിയുടെ ജീവചരിത്രം പറയുന്ന ‘സിക്സ്റ്റി ഇയേഴ്സ് ഇൻ സെൽഫ് എക്സൈൽ – എ പൊളിറ്റിക്കൽ ഓട്ടോബയോഗ്രഫി’ ഏറെ ശ്രദ്ധയാകർഷിച്ച പുസ്‌തകമാണ്.

വിഭജനാന്തരം പാക്കിസ്ഥാനിലേക്ക് കുടിയേറി, നീണ്ട 60 വർഷത്തെ പാക്കിസ്ഥാനിലെ തന്റെ ജീവിതത്തിലെ കയ്പ്പും മധുരവും നിറഞ്ഞ അനുഭവങ്ങളെ കുറിച്ചും പൊതു ജീവിതത്തെക്കുറിച്ചും ബീയ്യത്ത് മുഹിയുദ്ദീൻ കുട്ടി എന്ന ബി എം കുട്ടി 2009 ല് എഴുതിയ പുസ്തകത്തിലുണ്ട്. 1930 ല് തിരൂരിൽ ജനിച്ച കുട്ടി മദ്രാസിലെ കോളേജ് പഠനത്തിന് ശേഷം നേരെ പോയത് ബോംബെയിലേക്കായിരുന്നു. ഇന്ത്യാ പാക്ക് വിഭജനം നടന്ന ആ കാലത്ത് ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാൻ ബോർഡർ കടക്കുവാൻ പാസ്സ്പോർട്ടിന്റെ ആവശ്യമൊന്നും ഉണ്ടായിരുന്നില്ല. 1949 ലാണ് ബോംബെയിൽ നിന്ന് ട്രെയിൻ മാർഗം രാജാസ്ഥാനിലെ ജോധ്പൂരിൽ എത്തിയ കുട്ടിയും ഒരു സുഹൃത്തും പാക്കിസ്ഥാൻ ബോർഡർ കടക്കുന്നത്. അതിന് ശേഷമുള്ള വിവരങ്ങൾ പുസ്തകത്തിൽ വായിക്കാം.