മലയാളിയെ വീടുപണി ഭ്രാന്തൻമാർ എന്ന് വിളിച്ചാൽ തെറ്റുണ്ടോ ?

0
294

Jafar A Plus

ഇരു നില വീടുകൾ തൻ അടിമകൾ നമ്മൾ

മലയാളിയെ വീടുപണി ഭ്രാന്തൻമാർ എന്ന് വിളിച്ചാൽ തെറ്റുണ്ടോ എന്നെനിക്കറിയില്ല. പക്ഷെ ഇരു നില വീടു ഭ്രാന്തൻമാർ എന്നു വിളിച്ചാൽ തെറ്റില്ല എന്ന് പലപ്പോഴും തോന്നാറുണ്ട്. ടൗണുകളിലെ പരിമിതമായ സ്ഥലത്ത് ആവശ്യാനുസരണം Space കിട്ടാൻ നിലകളായി കെട്ടിടങ്ങൾ പണിയുന്നത് മനസിലാക്കാം.. പക്ഷെ ഇഷ്ടം പോലെ സ്ഥലമുണ്ടെങ്കിലും വലിയൊരു മാളിക പണിതാലേ നമുക്ക് ഉറക്കം വരു… നമ്മുടെ അഭിമാനം ഉയരൂ.അറബ് രാഷ്ട്രങ്ങളിലോ, യൂറോപ്പ് – അമേരിക്കൻ സിനിമകളിലോ എല്ലാം റസിഡൻഷ്യലായ കെട്ടിടങ്ങൾ കൂടുതലും ഒറ്റ നിലയിൽ കെട്ടിയതായാണ് കാണുന്നത്.

രാത്രി സമയങ്ങളിൽ വിളക്ക് പോലും തെളിയാത്ത മുകൾ നിലകൾ നിറഞ്ഞ വീടുകൾ കേരളത്തിൽ സാധാരണമാണ്.വീടിന്റെ മുകളിലെ നില എത്രത്തോളം നമുക്ക് ഉപയോഗപ്പെടുത്താൻ സാധിക്കാറുണ്ട്…..? അൽപം പ്രായമായാൽ വൃത്തിയാക്കി കൊണ്ട് നടക്കാൻ പോലും പ്രയാസമുള്ളതായാണ് കണ്ടു വരുന്നത്. മാസങ്ങളായി ആരും ഉപയോഗിക്കാതെ കിടക്കുന്ന ബെഡ് റൂം / ബാത്റൂം.വലിയ കൊട്ടാരത്തിനകത്ത് താഴെ നിലയിൽ പരസ്പരം ഒന്ന് പുഞ്ചിരിക്കാൻ പോലും സമയം തികയാത്ത 3 – 4 മനുഷ്യ ജീവികൾ. ഉയർന്ന മതിൽക്കെട്ടും, വലിയൊരു ഗേറ്റും കൂടിയായാൽ അകത്ത് ആള് ജീവിച്ചിരിപ്പുണ്ടോ എന്നു പോലും പുറത്തൊരാൾക്ക് അറിയാൻ സാധിക്കില്ല.ഈ അണു കുടുംബ കാലഘട്ടത്തിൽ വീടു നിർമാണത്തിൽ നമ്മൾ മലയാളികൾ ഒരു പൊളിച്ചെഴുത്ത് നടത്തേണ്ടതില്ലേ –.?