മലയാളികൾക്ക് പ്രേമിക്കാൻ അറിയില്ലെന്ന് പറഞ്ഞാൽ എന്നെ തല്ലാൻ വരരുത്, നമ്മൾ മദ്യപിക്കുന്നതും പ്രേമിക്കുന്നതും ഏതാണ്ട് ഒരുപോലെയാണ്

226

Nazeer Hussain Kizhakkedathu

 

മലയാളികൾക്ക് പ്രേമിക്കാൻ അറിയില്ലെന്ന് പറഞ്ഞാൽ എന്നെ തല്ലാൻ വരരുത്, നമ്മൾ മദ്യപിക്കുന്നതും പ്രേമിക്കുന്നതും ഏതാണ്ട് ഒരുപോലെയാണ്, തുടങ്ങാനറിയാം, നിർത്താനറിയില്ല. മാത്രമല്ല, പലപ്പോഴും മലയാളി ആൺകുട്ടികൾ പ്രേമം എന്നപേരിൽ കൊണ്ടാടുന്നത് മലയാളത്തിൽ ഒരു വാക്കില്ലാത്ത ഇംഗ്ലീഷിൽ stalking എന്ന് പറയുന്ന ഒന്നിനെയാണ്. ഒരു പെൺകുട്ടിയോട് നേരിട്ട് പ്രണയം വെളിപ്പെടുത്താതെ അവളുടെ പിന്നാലെ തേരാപാരാ നടക്കുന്നത് പ്രേമമല്ല, ഒരുതരം മാനസികരോഗമാണ്. ഇനി ആ പെൺകുട്ടി എനിക്കിയാലേ ഇഷ്ടമല്ല എന്നുപറഞ്ഞാൽ ആസിഡ് ഒഴിക്കലായി, വെട്ടും കുത്തുമായി, തേപ്പുകാരി എന്നുള്ള വിളികളായി.

അല്ലെങ്കിൽ ഈയടുത്ത് കൊച്ചിയിൽ നിന്ന് മാത്രം കേട്ട വാർത്തകൾ നോക്കൂ. ഈവ ആന്റണിയെ കൊലപ്പെടുത്തി കാട്ടിൽ കൊണ്ടുപോയി തള്ളിയത് കഴിഞ്ഞ ദിവസമാണ്. പ്രണയം നിരസിച്ചതിനെ തുടർന്നു കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണു പ്രതി സഫർഷായുടെ മൊഴി. വാഴക്കാലയിൽ അമൽ എന്ന ഇരുപതുകാരൻ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച യുവതി ഇപ്പോഴും ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്. തന്നെ തേച്ചിട്ട് പോകുമെന്ന ഭയം ആയിരുന്നത്രേ കാര്യം. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ദേവികയെ തീകൊളുത്തി കൊന്നത്, പെട്രോളൊഴിച്ച് തീകൊളുത്തിയ മിഥുൻ എന്ന യുവാവും മരിച്ചു. പ്രണയഭ്യാര്‍ത്ഥന നിരസിച്ചതാണ് കൊല്ലപാതകത്തിന് കാരണം എന്നാണ് കണക്കാക്കപ്പെടുന്നത്.

മലയാളി ആൺകുട്ടികൾ അടിയന്തിരമായി മനസിലാക്കേണ്ട കാര്യം പെൺകുട്ടികളും സ്വന്തമായി അഭിപ്രായങ്ങളും വികാരങ്ങളും ഉള്ളവരാണ് എന്നതാണ്. അവർക്ക് നിങ്ങളോട് ഇഷ്ടമല്ല എന്ന് പറയാനുള്ള എല്ലാ അവകാശങ്ങളുമുണ്ട്. അതുകൊണ്ട് നിങ്ങൾ ഇഷ്ടപെടുന്ന പെൺകുട്ടി നിങ്ങളെ ഇഷ്ടമല്ല എന്ന് പറഞ്ഞാൽ, ആ പെൺകുട്ടിയും ആയി മുൻപുണ്ടായിരുന്ന സൗഹൃദം തുടരാൻ കഴിഞ്ഞില്ലെങ്കിലും, ഒരു ദീർഘ ശ്വാസം വിട്ടിട്ട് വേറെ പണി നോക്കി പോകാൻ പഠിക്കണം. താഴെ കൊടുക്കുന്ന ചില കാര്യങ്ങൾ നിങ്ങൾക്ക് ഉപകാരപ്പെടും.

  1. ഒരു പെൺകുട്ടിയുടെ നോ പറച്ചിലിൽ തീരേണ്ട ജീവിതം അല്ല നിങ്ങളുടേത്. അങ്ങിനെയാണ് എന്ന് തോന്നുന്നുണ്ടെങ്കിൽ നിങ്ങൾ നിങ്ങളുടെ ജീവിതത്തെ കുറിച്ച് ഒരു വീണ്ടുവിചാരം നടത്താൻ സമയമായി. ഇത് നിങ്ങൾ പ്രണയം പറയാൻ പോകുന്ന പെൺകുട്ടികളുടെ കാര്യത്തിലും, ഇപ്പോൾ നിലവിൽ ഇങ്ങള് പ്രേമിക്കുന്ന പെൺകുട്ടിയുടെ കാര്യത്തിലും സത്യമാണ്. അവർക്ക് ഒരു വീണ്ടുവിചാരമുണ്ടായി പ്രേമം വേണ്ടെന്നു വയ്ക്കുന്നത് തീർത്തും സ്വാഭാവികമായ കാര്യം മാത്രമാണ്. സമയം മായ്ക്കാത്ത വിഷമങ്ങളൊന്നും ജീവിതത്തിലില്ല
  2. ജീവിതത്തിൽ ഒരു ഹോബി കണ്ടെത്തുക. ഇപ്പോൾ പ്രണയം ഉണ്ടെങ്കിലും ഇല്ലെങ്കിലും. വായനയെ, പാട്ടുപാടാലോ, യാത്രയോ നിങ്ങൾക്ക് ഇഷ്ടമുള്ള എന്തായാലൂം. പ്രേമം പരാജയപ്പെട്ടാലും ഇത്തരം ഹോബികൾ നിങ്ങൾക്ക് വിഷമം കുറക്കാൻ സഹായിക്കും.
  3. പ്രണയ നിരാസത്തിൽ നിന്ന് നമുക്ക് പഠിക്കാൻ കുറെയുണ്ടാവും. ഒരു പക്ഷെ നിങ്ങൾക്ക് കുറേകൂടി നല്ല മനുഷ്യനാക്കാനുള്ള മാറ്റങ്ങൾ കൊണ്ടുവരാൻ ഇത് സഹായിച്ചേക്കും.
  4. ഓർക്കുക ഒരു പ്രണയ നിരാസം ജീവിതത്തിന്റെ അവസാനമല്ല, ഒരു ഘട്ടം മാത്രമാണ്. അടുത്ത പ്രണയം, ഒരുപക്ഷെ മുമ്പത്തേതിനേക്കാൾ ആഴത്തിൽ നിങ്ങളെ മനസിലാക്കുന്ന ഒരാൾ എവിടെയോ നിങ്ങൾക്കായി കാത്തിരിപ്പുണ്ട്, അതുവരെ പഴയ പെൺകുട്ടിയെ ശല്യപ്പെടുത്താതെ ജീവിച്ചാൽ മാത്രം മതി.

  5. അടുത്ത കൂട്ടുകാരോട് ഈ പ്രശ്ങ്ങൾ പങ്കുവച്ചാൽ, ആദ്യം കുറച്ചു കളിയാക്കുമെങ്കിലും പിന്നീട് ഇതൊരു ജീവിത പ്രശ്നം ഒന്നുമല്ലെന്ന് അവരുടെ അനുഭവങ്ങളും നിങ്ങൾക്ക് മനസിലാക്കിത്തരും.

ഇനി പെൺകുട്ടികളോട് ഒരു വാക്ക്. ഒരാൺകുട്ടിയുടെ പ്രണയം , ആദ്യമായി പറയുമ്പോഴോ, പ്രണയത്തിന്റെ ഇടയിലോ നിങ്ങൾക് വേണ്ടെന്ന് വയ്ക്കണം എന്ന് തോന്നിയാൽ, ഏറ്റവും നല്ല മാർഗം അത് തുറന്നു മുഖത്ത് നോക്കി സൗമ്യമായി പറയുന്നതാണ്. ഉദാഹരണത്തിന്, “നിങ്ങൾ നല്ല ഒരാളാണ്, പക്ഷെ എന്റെ ഭാവി സങ്കൽപ്പത്തിൽ ഉള്ള കാമുകൻ / ഭർത്താവ് എന്നതും ആയി യോജിച്ചു പോകുന്ന ഒരാളല്ല എന്നത് കൊണ്ട് ഇത് നടക്കില്ല. വേറെ താങ്കൾക്ക് യോജിച്ച ഒരാളെ കിട്ടാൻ ഞാനും പ്രാർത്ഥിക്കാം” എന്നോ മറ്റോ പറഞ്ഞു ഒഴിവാക്കുന്നതാണ് നല്ലത്. ഒരു മറുപടി പറയാതെ നീട്ടികൊണ്ടു പോകുന്നത് കൊണ്ട് , പിന്നീട് rejection അറിയാൻ ഇടവരുമ്പോൾ മറ്റുള്ളവർക്ക് ഹൃദയ വേദന കുറക്കാൻ നേരത്തെ തന്നെ പറയുന്നതാണ് നല്ലത്. ഓർക്കുക നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്, അത് വ്യക്തമായി മറ്റുള്ളവരോട് പ്രകടിപ്പിക്കുക.

ഇപ്പറഞ്ഞതൊക്കെ പ്രണയം തുറന്ന് പറയുന്നവരുടെ കഥയാണ്, stalking അഥവാ എന്നും നിങ്ങളുടെ പിറകെ നടക്കുന്നവരെ അധികം പോത്സാഹിപ്പിക്കരുത്, മാതാപിതാക്കൾ സുഹൃത്തുക്കൾ എന്നിവരോട് എത്രയും പെട്ടെന്ന് പറഞ്ഞു ഒരു പക്ഷെ പോലീസിന്റെ സഹായത്തോടെ തീർച്ചയായും പെട്ടെന്ന് തന്നെ നിർത്തേണ്ട ഒരു കാര്യമാണിത്. പലപ്പോഴും തുറന്നു പറയാൻ വിമുഖതയുള്ള കൂട്ടരാണ് ഇത്തരം stalking ചെയ്യുന്നവർ.

നമ്മുടെ പ്രണയ സങ്കൽപ്പങ്ങളെ ഇത്ര വഷളാക്കിയതിൽ സിനിമകൾക്കും കുറെ പങ്കുണ്ട്. ദേഷ്യക്കാരിയായ നായികയെ ബലമായി ചുംബിച്ചു തന്റേതാക്കുന്ന നായകൻ (കന്മദം എന്ന സിനിമയിൽ അങ്ങിനെയാണെന്നാണ് ഓർമ), ഒന്നൊച്ച വച്ചിരുന്നെങ്കിൽ എന്നൊക്കെയുള്ള ഏറ്റവും വൃത്തികെട്ട ഡയലോഗ് ഉള്ള ഹിറ്റ്ലർ എന്ന സിനിമ തുടങ്ങി നായികയുടെ പിറകെ നടക്കുന്നത് (stalking) പ്രേമമാണെന്ന് തെറ്റിദ്ധരിക്കുന്ന അന്നയും റസൂലും എന്ന ചിത്രം വരെ പ്രണയത്തെക്കുറിച്ച് മലയാള ആണുങ്ങൾക്ക് നൽകിയിട്ടുള്ളത് തെറ്റിദ്ധാരണകൾ മാത്രമാണ്.

പല തരത്തിലുള്ള പ്രണയങ്ങളിലൂടെ കടന്നുപോയാണ്‌ നമ്മൾ നമ്മുടെ ചിന്താരീതികളുമായി ഏറ്റവും അടുത്ത സഖാവിനെ കണ്ടെത്തുന്നത്. അതാണ് പ്രണയത്തിൽ നിന്ന് companionship ലേക്കുള്ള വഴി. ആദ്യത്തെ പ്രണയങ്ങൾ അവസാനത്തെ ഏറ്റവും ഉദാത്തമായ പ്രണയത്തിലേക്കുള്ള വഴികൾ മാത്രമാണ്. അതുമനസിലാക്കിയാൽ പിന്നെ പ്രണയ നിഷേധങ്ങൾ ജീവിതത്തിന്റെ ഒരു ഒഴിവാക്കാനാവാത്ത കാര്യമാണെന്ന് കാണാൻ സാധിക്കും.

അതുകൊണ്ട് നിങ്ങൾ ഇപ്പോൾ ആരെയെങ്കിലും പറയാതെ പ്രേമിക്കുന്നുണ്ടെകിൽ തുറന്നു പറയുക, അവർ നോ പറഞ്ഞാൽ, അത് അവരുടെ സ്വാതന്ത്ര്യം ആണെന്ന് മനസിലാക്കി ഒഴിവാക്കുക. നിങ്ങൾക്കായി വേറെയൊരാൾ എവിടെയോ കാത്തിരിപ്പുണ്ട്.