ഇന്ത്യയിൽ ഏറ്റവും അപകടകരമായ രീതിയിൽ വർഗീയവത്കരിക്കപ്പെട്ട സംസ്ഥാനം കേരളം

722

മലയാളികളെപ്പറ്റി ഒരു ആത്മഗതം

എൻ പി ആഷ്‌ലി (Ashley Np)എഴുതുന്നു

 

പ്രബുദ്ധമലയാളികൾ എന്ന് സ്വയം വിശ്വസിച്ചു വിളിക്കുന്ന നമ്മൾ നമ്മളെത്തന്നെ തോറ്റവരെന്നോ കപടരെന്നോ വിളിക്കുന്നതിലും പിറകിലല്ല. പക്ഷെ നാം ഉത്തരേന്ത്യക്കാരോട് അപേക്ഷിച്ചു എത്ര മേലെയാണെന്ന കാര്യത്തിൽ നമുക്ക് നല്ല ആത്മവിശ്വാസം ഉണ്ട് താനും.

വേറെ ഒന്നുമില്ലെങ്കിലും ഉത്തരേന്ത്യയിലെപ്പോലെ വർഗീയത ഇല്ലല്ലോ എന്നാണല്ലോ നമ്മുടെ സ്ഥിരം വിലാപം.

കഴിഞ്ഞ 9 വർഷമായി ഡൽഹിയിൽ ജീവിക്കുന്ന ഒരാളെന്ന നിലക്ക് ഒരനുഭവം പറയാം. ഞാൻ ഇന്ത്യയിൽ കണ്ട ഏറ്റവും അപകടകരമായ രീതിയിൽ വർഗീയമായ സംസ്ഥാനം കേരളമാണ്. ഇത്രയും സ്വസമുദായ/പാർട്ടി പക്ഷപാതവും അരക്ഷിതാവസ്ഥയും ഇരഭാവവും ഇതിൽ നിന്നൊക്കെയുണ്ടാവുന്ന ഇതരസമുദായ ദ്വേഷവും ഞാൻ ഇന്ത്യയിൽത്തന്നെ വേറെ എവിടെയും കണ്ടിട്ടില്ല.

ഒരുദാഹരണം പറയാം: നാലു വര്ഷം മുമ്പാണ്. തിരഞ്ഞെടുപ്പ് കാലത്തു ബിഹാറിലേക്കു പോവുകയായിരുന്നു. ഒരു ആർ എസ് എസ് പ്രവർത്തകനെ ട്രെയിനിൽ വെച്ച് കണ്ടു. സംസാരിച്ചു വന്നപ്പോൾ ആളൊരു ഭീകര മുസ്ലിം വിരോധി. “നിങ്ങള്ക്ക് ഒരു മുസ്ലിമിനോട് ഇസ്‌ലാമിനെപ്പറ്റി എന്തെങ്കിലും വിമർശനം പറയാൻ കഴിയുമോ? അത് കേട്ടിരിക്കുന്ന ഒരു മുസ്ലിമിനെയെങ്കിലും കാണിച്ചു തരാൻ കഴിയുമോ?” “ഇന്ത്യാവിഭജനത്തെ എതിർക്കുന്ന ഏതെങ്കിലും ഒരു മുസ്ലിമിനെ കാണിച്ചു തരുമോ?” “മറ്റു സമുദായങ്ങളുടെ മേൽ ആക്രമണം നടത്തണമെന്ന് വിചാരിക്കാത്ത ഒരാളെയെങ്കിലും മുസ്ലിംകളുടെ ഇടയിൽ നിന്ന് കാണിച്ചു തരാമോ?” അതൊക്കെ കേട്ടിരുന്നിട്ടു അയാൾ ഇറങ്ങാറായപ്പോൾ ഞാൻ ചോദിച്ചു: “നിങ്ങൾക്ക് എത്ര മുസ്ലിം സുഹൃത്തുക്കളുണ്ട്? സഹപാഠികൾ? അധ്യാപകർ? അയൽവാസികൾ?” “ആരുമില്ലെന്ന അയാളുടെ ആശ്ചര്യത്തോടെയുള്ള മറുപടി കേട്ടപ്പോൾ ഞാൻ പറഞ്ഞു: “നിങ്ങൾക്കു നിങ്ങളിപ്പറയുന്നതൊക്കെ കേട്ടിരിക്കുന്ന ഒരു മുസ്ലിമിനെയല്ലേ കാണേണ്ടതുള്ളു? എന്നാൽ കണ്ടോളു. ഞാൻ മുസ്ലിമാണ്”. അയാളുടെ കണ്ണുകളിലെ അമ്പരപ്പും അതിശയവും കണ്ടു ഞാൻ പറഞ്ഞു: “ഞാൻ മാത്രമല്ല ഭൂരിഭാഗം മുസ്ലിംകളും ഇങ്ങനെയൊക്കെയാണ്. നിങ്ങൾക്കറിയാൻ സാഹചര്യമുണ്ടാവാത്തതു കൊണ്ടാണ്”.

അന്ന് ഞാൻ ആലോചിച്ചുപോയ ഒരു കാര്യം കേരളത്തിലെ ഒരു ഹിന്ദുത്വക്കാരനും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവില്ല എന്നതാണ്. അവർക്കു ചുറ്റും മുസ്ലിംകളും ക്രിസ്ത്യാനികളുമുണ്ടാവും. ഇസ്‌ലാമിസ്റ്റുകളുടെയും ക്രിസ്ത്യൻ വർഗീയവാദികളുടെയും അവസ്ഥയും ഭിന്നമല്ല. അങ്ങിനെ സ്വന്തം ഓർമ്മകളെയും ഭൂതകാലത്തെയും മുഴുവനായിതള്ളിപ്പറഞ്ഞുകൊണ്ടാണ് കേരളത്തിൽ ഒരാൾ വർഗീയവാദി ആയി നിൽക്കുന്നത്. അത് കൊണ്ട് തന്നെ ഏറ്റവും കൂടുതൽ വെറുപ്പും ഭീതിയും കൊണ്ട് നടക്കുന്നത് കേരളത്തിലെ ഭൂരിപക്ഷതാവാദികളാണ്. (ഇന്ത്യയിൽത്തന്നെ ഏറ്റവും ശക്തരായ മുസ്ലിം ക്രിസ്ത്യൻ വിഭാഗങ്ങളുള്ള കേരളത്തിൽ നിന്നുമാണ് അരക്ഷിതാവസ്ഥയും ഇരബോധവും ഏറ്റവും കൂടുതൽ ഇന്ത്യയിലെ അക്കാഡമിക് ഇടങ്ങളിലേക്ക് കയറ്റുമതി എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ദേശീയതലത്തിൽ പല രാഷ്ട്രീയ ചർച്ചകളെയും സിനിക്കൽ ആക്കി നശിപ്പിക്കുന്നതും നമ്മളിൽ പെട്ടവർ തന്നെയാണ്).

എന്നിട്ടും കേരളത്തിൽ കലാപങ്ങളുണ്ടാവുന്നില്ലല്ലോ എന്ന് ആളുകൾ ആശ്വസിക്കുന്നതു കാണുമ്പോൾ നാദാപുരത്തെ വർഗീയ കലാപം ചൂണ്ടിക്കാണിച്ചു ” ഇവിടുത്തെ രാഷ്ട്രീയകൊലപാതകം കുഴപ്പമില്ല; വർഗീയമായാൽ പിന്നെ
പിടിച്ചാൽ കിട്ടില്ല” എന്നാശ്വസിച്ച തലശ്ശേരിയിലെ ഒരു ഓട്ടോ ഡ്രൈവേറെയാണ് ഓര്മ വരുന്നത്. 1968 മുതൽ തുടങ്ങി അമ്പതു വർഷമായി എപ്പോഴും ആരും കൊല്ലപ്പെടാമെന്ന അറിവിൽ കണ്ണൂരിലെ കുറെ കുടുംബങ്ങൾ ജീവിക്കുന്നു എന്നത് മാത്രമല്ല; ആ സംസ്കാരം പടരുക തന്നെയാണ്. എന്നാൽ അതിനെ ഒരു അപവാദം ആയിക്കാണുന്നു നമ്മൾ.

വിദ്യാഭ്യാസരംഗത്തു നാം വളരെ മുമ്പിലാണല്ലോ എന്നതാണ് മറ്റൊരു ആശ്വാസം (മലയാള ഭാഷയുടെ പ്രത്യേകതയായ “അല്ലോ” ഉപയോഗിച്ചുണ്ടാക്കാവുന്ന എളുപ്പത്തിൽ മറ്റേതെങ്കിലും ഭാഷയിൽ സാമാന്യബോധം ഉണ്ടാക്കാമോ എന്നറിഞ്ഞൂടാ).

കഴിഞ്ഞ ഒരു വര്ഷം ഡൽഹിയിലെ ജോലിയിൽ നിന്ന് ശമ്പളമില്ലാത്ത അവധിയെടുത്തു ദയാപുരത്തെ സന്നദ്ധപ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലുണ്ടായിരുന്നപ്പോഴും ഡൽഹിയിൽ നിന്നും മനസ്സിലാക്കിയ കാര്യങ്ങൾ അനുഭവം വെച്ച് പറയാം: കേരളത്തിലെ വിദ്യാഭ്യാസമേഖല തകർന്നടിഞ്ഞു കഴിഞ്ഞിട്ടുണ്ട്. ഇത് ഒരു സർക്കാരിന്റെയും കുറ്റമല്ല. രണ്ടു പക്ഷവും ഇതിൽ തുല്യ പങ്കുള്ളവരാണ്. ബി ജെ പിക്കാണെങ്കിൽ തങ്ങളുടെ അജണ്ടക്ക് ഉപകരിക്കുമെങ്കിൽ അല്ലാതെ വേറെ പദ്ധതിയൊന്നുമില്ല.

മൂന്നു പ്രധാന കാരണങ്ങളാണ് നമ്മുടെ വിദ്യാഭ്യാസരംഗത്തിന്റെ മൂല്യത്തകർച്ചക്കു എനിക്ക് തോന്നുന്നത്. ഒന്ന്, കച്ചവടവൽക്കരണം. അഡ്മിഷനും അപ്പോയിന്റ്മെന്റും ഏറ്റവും അഴിമതിയിൽ മുങ്ങിക്കിടക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. മറ്റുള്ളിടത്തും ഇങ്ങനെയാണ് എന്ന് പറയേണ്ട. ഉത്തരേന്ത്യയിലൊന്നും ഡൊനേഷൻ എന്ന ഓമനപ്പേരിൽ കൈക്കൂലി കൊടുത്തല്ല ആളുകൾ ജോലിയും പ്രവേശനവും നേടുന്നത്. ഇത് മാനേജ്മെന്റുകളുടെ തെറ്റാണെന്നാണ് എല്ലാവരും ഭാവിക്കുന്നത്. വെറുതെയാണ്. അഡ്മിഷനും അപ്പോയ്ന്റ്മെന്റും നടത്തുന്ന എല്ലാ സമിതികളിലും കൂടുതൽ ഉള്ളത് അധ്യാപകരാണ്. ഇവരുടെ ഒത്താശയോ മൗനാനുവാദമോ കൂടാതെ ആർക്കും കൃത്രിമത്വങ്ങൾ നടത്താൻ കഴിയില്ല. പല മാനേജ്‍മെന്റുകളും പല തലത്തിൽ നിന്ന് ചെയ്യുന്നത് കൊണ്ട് അറിയാത്തതാണ്. നാല്പപതും അമ്പതും ലക്ഷം കൊടുത്തു നടക്കുന്ന അപ്പോയ്ന്റ്മെന്റും ഒന്നും രണ്ടും ലക്ഷം കൊടുത്തു നടക്കുന്ന അഡ്മിഷനും അടങ്ങുന്ന ഓരോ കോളേജിലെയും കോഴ കൂട്ടിവെച്ചു നോക്കിയാൽ വ്യാപത്തേക്കാൾ വലിയ ഒരഴിമതിയിലാണ് നാം ജീവിക്കുന്നത് എന്ന് മനസ്സിലാവും. ഇതിനോട് എതിർപ്പുള്ള കഴിവുള്ളവർക്ക് പോലും ഒരു വ്യവസ്ഥ എന്ന നിലയ്ക്ക് അംഗീകരിച്ചും മൗനമവലംബിച്ചും ജീവിക്കേണ്ട അവസ്ഥയാണ്.

നമ്മുടെ വിദ്യാഭ്യാസരംഗത്തിന്റെ തകർച്ചക്ക് ഏറ്റവും വലിയ രണ്ടാമത്തെ കാരണം രാഷ്ട്രീയക്കാരും സമുദായനേതാക്കളും മുതലാളിമാരും തമ്മിലുള്ള കൂട്ടുകെട്ടാണ്. ആദ്യം നമ്മുടെ ഗംഭീരമായിരുന്നു സർവകലാശാലകളെ ഉദ്യോഗസ്ഥദുഷ്പ്രഭുത്വത്തിലൂടെ നശിപ്പിച്ചു. അതിൽ നിന്ന് രക്ഷപ്പെടാൻ ഓട്ടോണോമി കൊണ്ടുവരണം എന്ന് പറഞ്ഞു അത് ഉണ്ടാക്കിയെടുത്തു. 25 ശതമാനം വരുന്ന പബ്ലിക് ഫണ്ടഡ് അധ്യാപകരെയും വിദ്യാർത്ഥികളെയും കാണിച്ചു സ്വാശ്രയ കോഴ്സുകൾ വലിയ ഫീസും ചെറിയ ശമ്പളവും കൊടുത്തു നടത്തുന്ന, ദശാബ്ദങ്ങളുടെ goodwill ഇനെ കച്ചവടതാല്പര്യങ്ങൾക്കുപ്രയോഗിക്കാം എന്നല്ലാതെ ഒരു കാര്യവുമില്ലാത്ത ഓട്ടോണോമി എന്ന കള്ളത്തരത്തെ എതിർക്കാൻ പോലും കേരളത്തിൽ ആരുമില്ലാതായിപ്പോയത് കേരളത്തിലെ വിദ്യാർത്ഥിരാഷ്ട്രീയം പൂർണമായും അഴിമതിയിൽ മുങ്ങിക്കിടക്കുന്ന മുതിർന്നവരുടെ പാർട്ടി നേതൃത്വത്തിന്റെ കയ്യിലായിരുന്നത് കൊണ്ടാണ്. പകരം മുതലാളിമാർ എല്ലാവര്ക്കും സംഭാവന കൊടുത്തു;
കേരളത്തിലെ അധീശ സമുദായങ്ങളായ നായർ ഈഴവ മുസ്ലിം ക്രിസ്ത്യൻ സമുദായങ്ങളുടെ ആൺ നേതൃത്വങ്ങൾ വോട്ടും കൊടുത്തു (ഈ സമുദായങ്ങളിൽ പെട്ടവർ ഒരു കാലത്തു വലിയ ദര്ശനത്തോടെ ഉണ്ടാക്കിയിരുന്ന സ്ഥാപനങ്ങൾ മിക്കതും കൈക്കൂലി വാങ്ങൽ- വിലപേശൽ കേന്ദ്രങ്ങളായി പിടിച്ചടക്കപ്പെട്ടു!). എല്ലാവരും ഹാപ്പി. വിദ്യാഭ്യാസരംഗത്തിന് വന്ന നഷ്ടം ആരും ഇപ്പോഴൊന്നും കണക്കാക്കാൻ പോകുന്നില്ലല്ലോ. വളരെ മിടുക്കുള്ള അധ്യാപകരും ഇന്ത്യയിലെതന്നെ ഏറ്റവും പുതുമയുള്ള ഒരു യുവവിഭാഗവും എല്ലാ അർത്ഥത്തിലും ഈ സ്ഥാപനയിടങ്ങളുടെ ശൂന്യതയിൽ പാഴാക്കപ്പെടുന്നു എന്നതാണിതിലെ സങ്കടം. ഇന്ത്യാ അടിസ്ഥാനത്തിൽ ഒരു യുവശക്തിയുടെ വരവ് വളരെ വ്യകതമാണ്: ജിഗ്നേഷ് മേവാനി, കനയ്യ കുമാർ, ഹാർദിക് പട്ടേൽ, ഷാ ഫൈസൽ, ഷെഹ്ല റഷീദ്, pinjra thod (കൂടുപൊളിക്കുക) ഇലെ പെൺകുട്ടികൾ അങ്ങിനെ. കേരളത്തിൽ നിന്നാണ് മരുന്നിനു പോലും ഒരാൾ ആ ശക്തിയും ആത്മവിശ്വാസവും അർപ്പണബോധവും ചിന്തയുടെ വ്യതിരക്തതയുമായി ഉണ്ടാവാത്തത് എന്നോർക്കണം.

മൂന്നാമത്തെ പ്രശ്നം, സങ്കല്പങ്ങളുടെയും ആശയങ്ങളുടെയും ദാരിദ്ര്യമാണ്. ഇന്ത്യയിലെത്തന്നെ ഏറ്റവും മികച്ച സ്കൂൾ തലത്തിലെ പൊതുവിദ്യാഭ്യാസപദ്ധതിയെ കഴിഞ്ഞ 20 വര്ഷം കൊണ്ട് എല്ലാവരും എങ്ങിനെ നശിപ്പിച്ചു എന്നതിനേക്കാൾ എനിക്ക് ഭയാനകമായി തോന്നുന്നത് പരിഹാരങ്ങൾ കേൾക്കുമ്പോഴാണ്. പഠിപ്പിക്കുന്നതിന്റെയും പഠിക്കുന്നതിന്റെയും ക്വാളിറ്റിയെപ്പറ്റി ഒരു ചർച്ചയും അവിടെ നടക്കുന്നില്ല. എ പ്ലസുകളുടെ ബാഹുല്യത്തെപറ്റിയുള്ള മേനി പറച്ചിലാണ് എങ്ങും. പത്താം ക്ലാസ്സുവരെ സി ബി എസ് ഇ യിൽ പഠിച്ചു പ്ലസ് ടു വിനു സർക്കാർ സ്കൂളിൽ പഠിക്കുക എന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. ഡൽഹിയിൽ നടക്കുന്നത് പോലെ ഗുണപരമായ സ്കൂൾ വിദ്യാഭ്യാസമാണ് ഈ മാറ്റത്തിന് അവരെ പ്രേരിപ്പിക്കുന്നതെങ്കിൽ ഇതൊരു നല്ല കാര്യമാണ് എന്നതിൽ ഒരു സംശയവും ഇല്ല. എന്നാൽ അതാണോ സത്യം? തൊണ്ണൂറുകളുടെ അവസാനം വരെ 50-60 ശതമാനം മാത്രം കുട്ടികൾ പാസ്സായിരുന്ന പത്താം ക്ലാസ് പരീക്ഷ 2000 ങ്ങളിൽ ആദ്യം 80 ഉം പിന്നീട് 90 ശതമാനം ആയി മാറിയപോലെയുള്ള ഒരു കൺകെട്ട് മാത്രമാണ് ഇത്. കേരളത്തിലെ ഒരു പാട് എ പ്ലസുകാർ പ്ലസ് ടു മാർക്കിന്റെ മാത്രം അടിസ്ഥാനത്തിൽ അഡ്മിഷൻ കിട്ടുന്ന ഡൽഹി കോളേജുകളിൽ നിറഞ്ഞു കവിയുകയാണ്. കള്ളം കാണിച്ചല്ല; മിനക്കെട്ടാണ് സ്കൂളുകൾ നന്നാക്കേണ്ടത്. അത് അൽപായുസ്സേ ആകൂ; അപകടകരവും. സ്കൂളിന്റെ ബിൽഡിങ്ങിന്റെയും സ്മാർട്ട് ക്ലാസ്സുകളുടെയും ഫ്രീ യൂണിഫോമിന്റെയും കണക്കു പറഞ്ഞു സർക്കാരുകളെ പുകഴ്ത്തുകയും ഇകഴ്ത്തുകയും ചെയ്യുന്നവരാരും അക്കാഡമിക് ക്വാളിറ്റി എന്നൊരു വിഷയമേ ഏറ്റെടുക്കുന്നില്ല. ഈ പൊതുവിദ്യാഭ്യാസരംഗത്തിന്റെ തകർച്ചയുടെ ഏറ്റവും വലിയ ഇരകൾ ദളിത്-ആദിവാസി-അനാഥ-ദരിദ്ര കുട്ടികളാണ്. മധ്യവർഗത്തിനറിയാം എങ്ങിനെ തങ്ങളുടെ കാര്യം നോക്കണമെന്ന്. തലമുറകളെയാണ് നാം വേസ്റ്റ് ചെയ്യുന്നത്!

മറ്റൊരു ചെറിയ കാര്യം നോക്കാം- കാര്യം തീരെച്ചെറുതാണെങ്കിലും നമ്മുടെ മനോഭാവത്തെ നന്നായി ഇത് വെളിവാക്കുന്നുണ്ട്: വേനൽക്കാലത്തു ഭീകരമായ ചൂടാണ്. അത് കൊണ്ട് വേനൽക്കാല ക്ലാസുകൾ നടത്തരുതെന്ന് സർക്കാരിന്റെ കർശനമായ ഓർഡർ ഉണ്ട്. കഠിനമായ ചൂടിൽ പഠിക്കാൻ വരുന്നത് കൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങൾ തീർച്ചയായും പ്രധാനമാണ്. ചില സ്കൂളുകൾ വെക്കേഷൻ ക്ലാസ് നടത്തി അധിക പണം നേടാനും ശ്രമിക്കുന്നുണ്ട്. ഇത് രണ്ടും ശ്രദ്ധിക്കാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട്. പക്ഷെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിച്ചു കൊണ്ട് ഫീസ് വാങ്ങാതെ കുട്ടികളെ വേനൽക്കാലത്തു പന്ത്രണ്ടാം ക്ലാസ്സിലെ കുട്ടികളെ വേനൽക്കാല ക്ലാസ്സുകൾക്ക് വിളിക്കുന്നതു പാടില്ല എന്ന് പറയുന്നത് അവധിക്കാലം കുട്ടികൾക്ക് കളിക്കാനുള്ളതാണ് എന്ന കാല്പനിക ആശയത്തിൽ നിന്ന് വരുന്നതാണ്. ഇന്നത്തെ ചൂടിൽ അവർ കളിക്കാനല്ല; വീട്ടിലിരുന്നു ടി വി കാണാനും വീഡിയോ ഗെയിം കളിക്കാനും ആണ് ഉപയോഗിക്കുക. അതിനേക്കാൾ സാമൂഹ്യ വൽക്കരണം സ്കൂളിൽ നടക്കും. tuition ഇന് ഇത് ബാധകമാക്കാമോ? മാത്രവുമല്ല, പ്രളയവും നിപ്പയും 18 പ്രവൃത്തി ദിവസങ്ങളെ ഇല്ലാതാക്കിയ കഴിഞ്ഞ വര്ഷം എന്തായിരുന്നു പഠനകാര്യങ്ങളിലുള്ള പ്രതിവിധികൾ? പൊതു വിദ്യാഭ്യാസത്തെ കണ്ണും പൂട്ടി ആദര്ശവല്ക്കരിച്ചിട്ടു കാര്യമില്ല. ശ്രദ്ധയോടെ, ആഴത്തിൽ പഠിച്ചു വേണ്ടത് ചെയ്യണം. അതിനു എളുപ്പപ്പണി മതിയാവില്ല. ഫേസ്ബുക്കിലെ ആസ്ഥാനധാര്മികരോഷക്കാർ നമ്മുടെ വിദ്യഭ്യാസത്തിനു നഷ്ടപ്പെട്ട rigour ഇനെപ്പറ്റിയോ 3 ശതമാനത്തിനെ മാത്രം ജോലി സജ്ജരാക്കാൻ പറ്റുന്ന നിലവാരത്തകർച്ചയെപ്പറ്റിയോ ഒന്നും പറഞ്ഞുകൂടി കേൾക്കാറില്ല.

ഇനി കൊട്ടിഘോഷിക്കപ്പെട്ട ആരോഗ്യരംഗവും അതിന്റെ ധാർമികതയും ഒരു ചെറു ചോദ്യത്തിൽ തീർക്കാം: രോഗിക്ക് ആവശ്യമുള്ള മരുന്നും ടെസ്റ്റുകളും മാത്രമേ prescribe ചെയ്യൂ എന്ന് സത്യം ചെയ്യാൻ എത്ര ആശുപത്രികൾക്ക് കഴിയും?

മണൽ, ക്വാറി, ബ്ലേഡ് പലിശ, റിയൽ എസ്റ്റേറ്റ്, ആത്മീയതാവ്യാപാരം- കള്ളപ്പണങ്ങളുടെ, ഭീഷണിയുടെ സാന്നിധ്യം കൊണ്ട് മാഫിയ എന്ന് വിളിക്കാവുന്ന മേഖലകൾ എത്രയാണ് നമുക്ക്!! ക്വോട്ടേഷൻ സംഘങ്ങളുടെ സാന്നിധ്യം നമ്മുടെ എത്ര അടുത്താണ്!

നമ്മുടെ വിദ്യാഭ്യാസ -ആരോഗ്യരംഗത്തെ ഇന്ന് സാധാരണമായിക്കഴിഞ്ഞ അഴിമതിയെക്കുറിച്ചു , കെടുകാര്യസ്ഥതയെക്കുറിച്ചു എത്ര ചർച്ചകൾ കണ്ടിട്ടുണ്ട് നാം നമ്മുടെ ചാനലുകളിൽ?

2019 ഇൽ ബി ജെ പി ക്കെതിരായ ഏറ്റവും വലിയ പ്രശ്നമായി ഉയർന്നുവരിക പ്രളയകാലത്തു അവർ കാണിച്ച മനുഷ്യത്വരഹിതവും അന്തസ്സില്ലാത്തതുമായ കേരളവിരുദ്ധമനോഭാവമാവും എന്നാണു ഞാൻ ആദ്യം വിചാരിച്ചിരുന്നത്. പക്ഷെ സി പി എമ്മും കോൺഗ്രസ്സും അക്കാര്യം മിണ്ടുന്നതേ ഇല്ല. കാരണം ലളിതമാണ്. പ്രളയകാലം കഴിഞ്ഞപ്പോൾ നമ്മളെപ്പോലെ നമ്മുടെ രാഷ്ട്രീയക്കാരും പ്രളയബാധിതരെ മറന്നു മറന്നു. ഇനി പറഞ്ഞു ചെന്നാൽ പ്രചാരണത്തിന് ചൂടും കിട്ടില്ല; ചിലപ്പ്പോൾ അവരവർ എന്ത് ചെയ്തു എന്ന് പറയേണ്ടിയും വരും. (ഇടുക്കിയിലെ ദുരന്തഭൂമിയിൽ നിന്ന് ഒരു ചേച്ചി ചിരിച്ചു കൊണ്ട് ചോദിച്ചിരുന്നു: “പ്രളയം കഴിഞ്ഞു ഞങ്ങൾ കുറച്ചു പേര് ഇങ്ങനെ ഇവിടെ പൊട്ടും പൊടിയുമായി ബാക്കിയായിപ്പോയി. എന്ത് ചെയ്യാനാ അല്ലെ?”) അപ്പോൾ ഫേസ്ബുക് പോസ്റ്റിലെ ശെരിയും തെറ്റും പറഞ്ഞു അടിപിടി കൂടാം. ട്രോള് ചെയ്യാം. അങ്ങിനെ പാർട്ടീപക്ഷപാതം പറച്ചിലിനെ രാഷ്ട്രീയജീവിതം എന്ന് വിളിക്കാം.

സ്ത്രീ ആയതുകൊണ്ട്, ആർത്തവമുള്ള ശരീരമായത് കൊണ്ട് അയിത്തം കല്പിക്കപ്പെടുന്ന, മാറ്റി നിർത്തപ്പെടുന്ന, പ്രാതിനിധ്യം കിട്ടാത്ത ഒരു സ്ഥലവും, സ്ത്രീ ആയതുകൊണ്ട് ജോലിയിലായാലും കല്യാണത്തിലായാലും മതവിശ്വാസത്തിലായാലും തിരഞ്ഞെടുപ്പുകൾ മാനിക്കപ്പെടാത്ത ഒരു അവസ്ഥയും, ഉണ്ടാവരുത് എന്ന സമത്വത്തിന്റെയും നീതിയുടെയും നയങ്ങളിൽ നടക്കേണ്ട രാഷ്ട്രീയചർച്ചകൾ എത്രത്തോളം സാമുദായികമായാണ് നമ്മുടെ നാട്ടിൽ നടക്കുന്നത് എന്നതിന് ശബരിമലയും ഹാദിയ കേസും ഉണ്ടാക്കിയ ചർച്ചകളെ നോക്കിയാൽ മതി. താന്തോന്നിത്തത്തിന്റെ കോട്ടയാണ് നമ്മുടെ ചർച്ചാലോകം.

ആരെയും കുറ്റം പറയാൻ പോലും തോന്നാത്ത വിധം ബലഹീനരാണ് കേരളത്തിലെ പൊതുമണ്ഡലം മുഴുവൻ. എല്ലാവര്ക്കും പേടിയാണ്: നേതാവിന് അണികളെ, താരത്തിന് ആരാധകരെ, പത്രത്തിന് വരിക്കാരെ.

ഇതൊക്കെ ആയിട്ടും എങ്ങിനെ നമ്മുടെ സ്റ്റേറ്റ് നടന്നു പോകുന്നു എന്ന് ചോദിച്ചാൽ, ആദ്യകാലത്തെ ഗൾഫ് പ്രവാസിയും നഴ്സുമാരും നമ്മെ ഗ്ലോബൽ എക്കണോമിയിലേക്കു കൊണ്ടുപോയതുകൊണ്ടു ഇന്ത്യ തൊണ്ണൂറുകളിൽ എത്തിയിടത്തു നമ്മൾ 60 കളിൽ തന്നെ എത്തി എന്നാണുത്തരം. ഗൾഫിലെ കഷ്ടപ്പാടിനെ റിയൽ എസ്റ്റേറ്റ് ബുമും ഉപഭോഗത്തിന്റെ പറുദീസയുമാക്കി (ആളുകളെ ലോട്ടറി എടുപ്പിച്ചും കള്ളു വിറ്റും നികുതിയുണ്ടാക്കി സർക്കാരിനെ ജീവനക്കാരുടെ ശമ്പളം ഏജൻസി ആക്കി നമ്മൾ!) “വളർന്ന” നമ്മുടെ നാട് അടയുന്ന വാതിലുകൾക്കു മുമ്പിൽ തിരിച്ചുവരുന്നവരെ കാണുന്നു കൂടി ഉണ്ടോ? ഈ ഉണ്ടാക്കി വെച്ച infrastructure ഒക്കെ നമ്മുടെ സാമൂഹ്യശൂന്യതയിൽ നിരാശയുടെ കേന്ദ്രങ്ങൾ മാത്രമായിപ്പോകുമെങ്കിൽ നമുക്ക് സഹജീവികളുടെ ജീവിതത്തെ ഓർമ പോലുമുണ്ടാകുമോ?

ഫ്യൂഡൽ മൂല്യങ്ങൾ, മുതലാളിത്ത ജീവിതരീതി, ഇതിനോടൊന്നും യാതൊരു ധാർമിക ചോദ്യങ്ങളും ചോദിയ്ക്കാൻ കഴിയാത്ത രാഷ്ട്രീയഭാഷ- മലയാളികൾ വഴിനഷ്ടപ്പെട്ടവരാണെന്നു സുബ്രഹ്മണ്യദാസ് ആത്മഹത്യാക്കുറിപ്പിലെഴുതിയപ്പോൾ (keralites are a lost people) അതിനെ “മലയാളികൾ ഒരു തോറ്റ ജനത”യാണെന്നു പരിഭാഷപ്പെടുത്തി അതാവർത്തിച്ചാവർത്തിച്ചു ചരിത്രപരവും രാഷ്ട്രീയവുമായ ചോദ്യങ്ങളെയൊക്കെ നാം മാറ്റിവെച്ചു. തന്റെ ഇലക്ഷൻ പ്രചാരണത്തിന് പണമാവശ്യപ്പെട്ടുള്ള കനയ്യ കുമാറിന്റെ അപ്പീൽ- ഉള്ളത് തരൂ, ഒരു രൂപയാണെങ്കിലും അത് തരൂ എന്നത്- കനയ്യകുമാര് ഒരു രൂപ സംഭാവന ചോദിക്കുന്നു എന്ന് ചില മലയാളി പത്രക്കാർ തലക്കെട്ടാക്കിയത് ഈ കാലിക വൈകാരികതയുടെ മാർക്കറ്റ് വാല്യൂ കൊണ്ടാവണം. കെട്ട കാലം എന്നൊക്കെ പറയുന്നതിലെ കവിതക്കപ്പുറം ഈ കാലനിർമിതിയിൽ നമ്മുടെ പങ്കെന്തെന്ന ചോദ്യം തന്നെ എവിടെയും കാണുന്നില്ല. പലതരം ഗൃഹാതുരതകൾ (ദേശീയതാ ഗൃഹാതുരത്വം, പുരോഗമന ഗൃഹാതുരത്വം, മതരാഷ്ട്രീയ ഗൃഹാതുരത്വം എല്ലാം) കുലച്ചു നിൽക്കുന്ന നാട്ടിൽ നിന്ന് വേറെ എന്ത് പ്രതീക്ഷിക്കാനാണ്?

ഇവക്കൊക്കെ അപ്പുറം ഇന്ത്യ എന്ന ആദർശത്തിന്റെ ആവിഷ്കാരത്തിൽ, കേരളമെന്ന അനുഭവത്തിനെ മുന്നോട്ടു കൊണ്ട് പോകുന്നതിൽ കണ്ടിരുന്ന നാമ്പുകൾ- ദളിത് ആദിവാസിസമരങ്ങൾ, സ്ത്രീ സമരങ്ങൾ (ഇരിക്കൽ സമരം, പെമ്പിളൈ ഒരുമൈ, വുമൺ ഇൻ സിനിമ കളക്റ്റീവ്, ആർത്തവ സമരം അങ്ങിനെ), പരിസ്ഥിതിക്കുവേണ്ടിയുള്ള നിലപാടുകൾ, പ്രളയകാലത്തു കണ്ട സന്നദ്ധ പ്രവർത്തന മനസ്സ്- ഒരുമിച്ചുകൂടി എന്നെങ്കിലും ഒരു രാഷ്ട്രീയശക്തി ആകുമോ? തങ്ങളെ അപമാനിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന രാഷ്ട്രീയ-കച്ചവട-സാമുദായിക നേതൃത്വത്തിനെതിരെ വിദ്യാർത്ഥികളും അധ്യാപകരും പ്രവാസികളും മുന്നോട്ടു വരുമോ?

ഈ മരണമുനമ്പിൽ നിന്ന് നമുക്കെല്ലാവർക്കും വേണ്ടി അവസാനമായൊന്നു നിലവിളിക്കാനാണോ അതോ ഇനിയും ഉണ്ടായിട്ടില്ലാത്ത ഒരു ഭാവിയുടെ തട്ടകത്തെ സ്വപ്നം കാണാനാണോ നമുക്ക് സാധിക്കുക?

മറുപടി തരേണ്ടത് നാമെന്ന ജനതയുടെ ഇച്ഛാശക്തിയാണ്!