
നാല് ദ്രാവിഡ ഭാഷകളില്‍ പ്രധാനപെട്ട ഒന്നാണ് മലയാളം, കേരള സംസ്ഥാനമൊഴികെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഔദ്യോഗിക ഭാഷയാണ്. കൂടാതെ നീലഗിരി, കന്യാകുമാരി എന്നീ അയല്‍ സംസ്ഥാന ജില്ലകളിലും മലയാളം ഉപയോഗിക്കുന്നുണ്ട്. ഏകദേശം 36 മില്ല്യന്‍ ആളുകള്‍ മലയാളം സംസാരിക്കുന്നു വിദേശങ്ങളില്‍ മലയാളികളുടെ ബാഹുല്ല്യവും ഇടപെടലുകളും കാരണം ചില വിദേശികളും മലയാളം സംസാരിക്കുന്നുണ്ട്.
മലയാളം എന്ന വാക്ക് മല, അളം(സമുദ്രം) എന്നീ രണ്ട് വാക്കുകള്‍ ചേര്‍ന്നുണ്ടായതാണ്. കേരം തിങ്ങും കേരള നാട്, മലകള്‍ തിങ്ങും മലനാട് എന്നൊക്കെ കേരളത്തെ കുറിച്ച് പറയാറുണ്ടല്ലൊ, ഈ മലയാളനാട്ടിലെ ജനങ്ങളെ മലയാളി എന്നും അവരുടെ ഭാഷയെ മലയാളം എന്നും പറയുന്നു. മലക്ക് പുറത്ത് കയറിനിന്ന് സമുദ്രത്തെ പുണരുന്ന് എന്തുകൊണ്ടും മലയാളത്തെ പൂര്‍ണ്ണമായും ഉള്‍കൊള്ളുന്നുണ്ടെങ്കിലും എഴുത്തച്ചന്റെ നാടായ (തിരൂര്‍) മലപ്പുറത്തിന് പ്രത്യേക ബഹുമതി മലയാള സമൂഹം നല്‍കുന്നുണ്ടോ എന്നൊരൂ സംശയമുണ്ട്. അതിലേക്ക് പോകുന്നില്ല.
മലയാളികള്‍ക്കുള്ളത് പോലെ തന്നെ മലയാളത്തിനും കുറെ പ്രത്യേകതകളുണ്ട്. എല്ലാവര്‍ക്കും അറിയുന്നത് പോലെ, ആംഗലേയ ഭാഷയില്‍ മലയാളം തലതിരിച്ചിട്ടാലം malayalam (palindrome word, അനുലോമവിലോമപദം) മലയാളം എന്നുതന്നെയാണ് വരിക. ഭൂലോകത്തും ബൂലോകത്തും മലയാളിയെ എങ്ങിനെ തിരിച്ച്പിടിച്ചാലും അവന്‍ മലയാളി അല്ലാതാവില്ല. പാരവെപ്പ്, ഈഗോ തുടങ്ങിയ ഗ്രേഡ് കൂടിയത് മുതല്‍ ഞരമ്പ് രോഗം, പീഡനം, അസഹിഷ്ണുത തുടങ്ങിയ ഐറ്റംസുകള്‍ വരെ കുത്തകയായി നിലനിര്‍ത്താന്‍ പരമാവധി ശ്രമിച്ച് കൊണ്ടിരിക്കുന്നു നമ്മള്‍.
37 വ്യജ്ഞനാക്ഷരങ്ങളും 16 സ്വരാക്ഷരങ്ങളുമടങ്ങിയ 53 അക്ഷരങ്ങളുള്ള മലയാളത്തില്‍ പ്രത്യേകം നമ്പറുകള്‍ ഉണ്ടായിരുന്നെങ്കിലും ഇന്ന് ഉപയോഗത്തില്‍ ഇല്ല. അതിനെ കൊന്നു കളഞ്ഞു. മലയാളത്തെ തന്നെ എങ്ങിനെ കൊല്ലണമെന്നൊക്കെ ഗവേഷണം നടത്തേണ്ടിക്കൊണ്ടിരിക്കുന്ന നമുക്ക് പുരോഗതി എന്നു പറഞ്ഞാല്‍ ‘കണ്ടം വെച്ച കോട്ട്‘ എന്നത് പോലെ ഇടക്കൊക്കെ ആംഗലേയം ചേര്‍ത്ത് മലയാ‘ല‘ത്തെ കട്ടികുറച്ച് പറയേണ്ടിയിരിക്കുന്നു എന്ന്. ഈ പുരോഗമനക്കാരുടെ ഭാഷയെ പുതിയ ഗ്രാമ്യഭാഷയായി എഴുതിചേര്‍ത്ത് മലയാളത്തിന് പോരിശകൂട്ടാം . മലയാളത്തില്‍ പല ഏരിയകള്‍ക്കനുസരിച്ച് വ്യത്യസ്തമായ ഗ്രാമ്യഭാഷകളുണ്ടല്ലൊ, ഒരെണ്ണം കൂടിയത് കൊണ്ട് ആര്‍ക്കെന്തു ചേതം.
മലയാളികള്‍ ഭൂലോകത്ത് ആധിപത്യം സ്ഥാപിച്ചുകൊണ്ടിരിക്കുമ്പോള്‍ മലയാളം മലയാള ഭൂമിയില്‍ ചക്രശാസം വലിക്കുകയാണ്. അതിനുള്ള കാരണം മലയാള ഭാഷക്ക് കാലഘട്ടത്തിനനുസരിച്ചുള്ള വളര്‍ച്ചയില്ല. ഇന്ന് ലോകത്ത് ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന ഭാഷകളെല്ലാം പുതിയ വാക്കുകളെ എഴുതിചേര്‍ത്ത് ഭാഷക്ക് ജീവന്‍ നല്‍കുന്നു. എന്നാല്‍ മലയാള ഭാഷ വാക്കുകളെ കടംവാങ്ങുന്നതിനാല്‍ ഭാഷ വളരുന്നില്ല എന്നുമാത്രമല്ല, കടങ്ങള്‍ പെരുകി ദാരിദ്ര രോഗം പിടിപെട്ട് എഴുന്നേല്‍ക്കാന്‍ പോലുമാകാതെ നശിച്ചുകൊണ്ടിരിക്കുന്നു.
വാക്കുകളെ കടം വാങ്ങാതെ മലയാളം സംസാരിക്കുക എന്നത് അസാധ്യമായി തീര്‍ന്നിരിക്കുന്നു. മധുരം മലയാളം എന്നൊക്കെ ഓമനപേരില്‍ നടക്കുന്ന പ്രോഗാമുകള്‍ വിളിച്ച് പറയുന്നത് അത്തരത്തിലുള്ളവയാണ്. ആധുനിക മലയാളത്തിന്റെ പിതാവായ എഴുത്തച്ചന്‍ 16-17 നൂറ്റാണ്ടുകളില്‍ രൂപപെടുത്തിയ ആധുനിക മലയാളം എത്ര വളര്‍ന്നിട്ടുണ്ട്, എത്ര വാക്കുകള്‍ പുതുതായി ചേര്‍ക്കപെട്ടു എന്നൊക്കെ പഠിച്ചാല്‍ മനസ്സിലാവും മലയാള ഭാഷയുടെ വളര്‍ച്ചയുടെ തോത്.
1981ല്‍ ലിപികളില്‍ പരിഷ്കാരങ്ങള്‍ നടപ്പിലാക്കിയതും 1999 ‘രചന‘ ലിപികള്‍ക്ക് പുതിയ രൂപകല്പന ചെയ്തതും മലയാള എഴുത്തുകളെയും അച്ചടികളെയും സഹായിച്ചെങ്കിലും പുതിയ വാക്കുകളുടെ അപര്യാപ്തത മൂലം കാര്യമായ പുരോഗതി സൃഷ്ടിച്ചില്ല. 1995കളില്‍ കോളേജില്‍ പഠിക്കുമ്പോള്‍ ‘മലയാല’ത്തില്‍ സംസാരിക്കുന്ന മാഡം പറഞ്ഞു, മലയാള ഭാഷക്ക് പുതിയ ഒരൂ ‘ജഗപൊഗ’ വചനം ലഭിച്ചെന്ന്. ജഗപോഗ എന്ന വാക്ക് സിനിമ മീഡിയകള്‍ നല്‍കിയ സംഭാവനയായി ചേര്‍ത്താല്‍ തന്നെ ആധുനിക ലോകത്ത് മലയാളത്തിന് അത്യാവശ്യത്തിന് ഉപയോഗിക്കേണ്ട വാക്കുകള്‍ ലഭിച്ചിട്ടില്ല. സാഹിത്യകാരന്മാരെ കേരളത്തിന്റെ സാംസ്കാരിക നായകന്മാരെന്ന് ഓമനപ്പേരില്‍ താലോലിച്ചിട്ടും ഭാഷക്ക് ജീവന്‍ നല്‍കുന്ന വിഷയത്തില്‍ പുരോഗതി നല്‍കാന്‍ സാധിച്ചിട്ടില്ല എന്നതാണ് വസ്തുത. കവിതയും കഥകളും പറഞ്ഞുനടന്നൊ, അതല്ലെങ്കില്‍ സാഹിത്യമേഖലകളില്‍ വിലസി രാഷ്ട്രീയ വിമര്‍ശനം നടത്തിയോ നേടിയ ‘സാംസ്കാരിക നായക പട്ടം’ മലയാള ഭാഷയുടെ വളര്‍ച്ചക്ക് എന്ത് ഗുണമാണ് നല്‍കിയിട്ടുള്ളത്? ഇംഗ്ളീഷ് മീഡിയം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്ക് മലയാള ഭാഷയില്‍ ശോഷണം സംഭവിച്ചിട്ടുണ്ടെങ്കില്‍ ആരാണ് അതിനുത്തരവാദി?
അരിയുമോന്ന് ചോദിച്ചാല്‍ അരിയില്ലാന്ന് പറ്യും. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, കുട്ടികളെ ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസമെന്ന് പറഞ്ഞ് കുറേ കാശും കളഞ്ഞ് നമ്മളെല്ലാം ഇംഗ്ളീഷ് മീഡിയത്തില്‍ ചേര്‍ത്ത് പഠിപ്പിക്കുന്നത് നാലാളുകളെ അറിയിക്കാനാണ്. പഠിച്ച് വരുന്ന കുട്ടികള്‍ അരിയില്ല, പരയില്ല എന്നൊക്കെ പറഞ്ഞാലല്ലെ ഇത്തിരി ഗ്രേഡ് കിട്ടൂ… ഇന്നലെ വരെ നന്നായി സംസാരിച്ചിരുന്നവര്‍ വല്ല ആല്‍ബത്തിലോ സിനിമയിലോ മുഖം കാണിച്ചു കഴിഞ്ഞാല്‍ പിന്നെ മലയാളം പറയുമ്പോ മാത്രം ‘കൊഞ്ഞ’ രോഗം വരുന്നു. ചില സംസാരങ്ങള്‍ കേട്ടാല്‍ രണ്ടെണ്ണം കൊടുക്കാന്‍ തോന്നും.. ‘മലിയാലം‘ പറയാന്‍ കഴിയാത്തവര്‍ ഇംഗ്ളീഷിലോ അല്ലെങ്കില്‍ ഇഷ്ട ഭാഷയിലോ സംസാരിക്കുക, അല്ലാതെ മലയാളത്തെ കൊഞ്ഞനംകുത്തരുത്.
സാംസ്കാരിക നായകന്മാര്‍ മംഗ്ലീഷ് ‘മലയാലി‘ കളെ പരിഹസിക്കുന്നതിന് പകരം പ്രായോഗികമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കഴിയുമൊ? മലയാളം ഈ ആധുനിക ലോകത്ത് എങ്ങിനെ മധുരമായി പറയാന്‍ കഴിയും? എത്ര മലയാള സാഹിത്യ സാംസ്കാരിക നായകന്മാര്‍ക്ക് പത്ത് മിനിട്ട് ശുദ്ധ മലയാളത്തില്‍ സംസാരിക്കാന്‍ കഴിയും? ഞാന്‍ സാഹിത്യത്തെ കുറിച്ചല്ല പറയുന്നത്, ആധുനിക ലോകത്ത് പകരം വെക്കാന്‍ ഇല്ലാത്ത എത്ര വാക്കുകളെ കുറിച്ചാണ്. ഈ കണക്കിന് പോയാല്‍ മലയാളത്തെ ‘മങ്കി‘ യാക്കി മംഗ്ളീഷെന്ന് വിളിക്കേണ്ടിവരും.
സാംസ്കാരിക നായകന്മാര്‍ പരസ്പരം ആളാവാന്‍ മത്സരിക്കുകയാണ്… സാഹിത്യകാരനാവാന്‍ കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ പ്രയോഗിച്ചും ഖദര്‍ ജുബ്ബയിട്ട് നടക്കുന്നവരും മലയാളമണ്ണിലുണ്ട്. വിശ്വസാഹിത്യപട്ടം നേടിയവരില്‍ സാഹിത്യത്തെ ചില ‘ആളുകളുടെ‘ കുത്തകയായി മാറ്റാനും ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പുതിയ എഴുത്തുകാരെയും രചനകളെയും കാണാന്‍ പോലും മനസ്സ് കാണിക്കുന്നില്ല. ഈ അടുത്ത കാലത്തൊരൂ കല്പണിക്കാരന്റെ കവിതാ സമാഹാരത്തെ കുറിച്ച് അഭിപ്രായം പറയാന്‍ പോയിട്ട് ഒന്ന് നോക്കാന്‍ പോലും മനസ്സ് മുരടിച്ചവരാണ് ഇന്നത്തെ കവി ആശാന്മാര്. കല്പണിക്കാരന് കവിത എഴുതാന്‍ പാടില്ലെ എന്നാരും ചോദിക്കരുത്. പല അതിര്‍വരമ്പുകളും മറികടന്നെത്തിയ അയ്യപ്പനെ ആദരിച്ചത് കേരളത്തിന് മറക്കാനായിട്ടില്ല. ഞാന്‍ ആ വിഷയത്തിലേക്ക് കടക്കുന്നില്ല.
പരസ്പരം വിമര്‍ശനങ്ങള്‍ നടത്തി മാധ്യമങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുന്നതിന് പകരം മലയാളിയ്ടെ സാംസ്കാരിക പൈതൃകത്തിന്റെ അടിത്തറ കാത്ത് സൂക്ഷികാന്‍ ഭാഷാപരമായ് പുരോഗതിക്കാണ് സാംസ്‌കാരിക നായകന്മാര്‍ ശ്രമിക്കേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം മലയാളം മരിച്ച് കൊണ്ടിരിക്കും. ഇന്ന് ആംഗലേയ ഭാഷ പ്രയോഗിക്കാതെ സംസാരിക്കാന്‍ കഴിയാത്ത സാംസ്കാരിക നായകരെ അനുഭവിക്കുന്ന നമുക്ക് ഭാവിയില്‍ സാംസ്കാരിക കേരളമെന്ന് അക്ഷരതെറ്റ് കൂടാതെ എഴുതാന്‍ കഴിയാത്ത സാംസ്കാരിക നായകന്മാരെ അനുഭവിക്കേണ്ടി വരും.