റീയൂണിയന്‍ ദ്വീപിലെ മലബാറികള്‍ (Malbars in Réunion Island)
വിപിന്‍ കുമാർ
കൊളോണിയല്‍ കാലഘട്ടത്തില്‍ യൂറോപ്യന്‍ ശക്തികള്‍ ദക്ഷിണേന്ത്യയില്‍നിന്ന് നിരവധിപ്പേരെ തോട്ടം പണികള്‍ക്കും മറ്റുമായി അവരുടെ അധീനതയിലുള്ള വിദൂരദ്വീപിലേക്ക് അടിമകളായും കൂലിത്തൊഴിലാളികളായുമൊക്കെ കൊണ്ടുപോയിരുന്നു. ഇങ്ങനെ കടല്‍ കടന്നവരുടെ പിന്മുറക്കാരെക്കുറിച്ചുള്ള അന്വേഷണത്തിടയിലാണ് റീയൂണിയന്‍ ദ്വീപിലെ മലബാറികളെപ്പറ്റി വായിച്ചറിയുന്നത്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മൗറിഷ്യസ്, മഡഗാസ്കര്‍ ദ്വീപുകള്‍ക്ക് സമീപമായുള്ള റീയൂണിയന്‍ ദ്വീപ് ഫ്രാന്‍സിന്റെ ഒരു ഓവര്‍സീസ് ഭരണപ്രദേശമാണ്. തടാകങ്ങളും നദികളും മലയിടുക്കുകളും വെള്ളച്ചാട്ടങ്ങളുമെല്ലാം ചേര്‍ന്ന് റീയൂണിയന്‍ ദ്വീപ് ഇന്ന് വിനോദസഞ്ചാരികളുടെ പറുദീസയാണ്. ഭൂപ്രകൃതിയുടെ വൈവിധ്യം മാത്രമല്ല, സംസ്കാരങ്ങളുടെ വൈവിധ്യം കൂടിയാണ് ഈ ദ്വീപിനെ വ്യതിരിക്തമാക്കുന്നത്. കോളനികാലത്തെ വെള്ളക്കാര്‍, ആഫ്രിക്കന്‍ അടിമകള്‍, ഇന്ത്യയില്‍നിന്നും ചൈനയില്‍നിന്നുമുള്ള കുടിയേറ്റക്കാര്‍- ഇവരുടെയെല്ലാം പിന്മുറക്കാര്‍ ചേര്‍ന്ന് ഒരു ബഹുവംശീയ, ബഹുസാംസ്കാരിക സ്മൂഹത്തിന്റെ സവിശേഷമായ രൂപഭാവമാണ് റീയൂണിയന്‍ ദ്വീപിനുള്ളത്.
ഇന്ത്യന്‍ വംശജര്‍ പ്രധാനമായും രണ്ടു വിഭാഗക്കാരാണ്- മലബാറികളും സരബുകളും (Zarabes). 19ആം നൂറ്റാണ്ടിന്റെ മധ്യത്തില്‍ കൂലിത്തൊഴിലാളികളായി കൊണ്ടുവന്ന ദക്ഷിണേന്ത്യക്കാറുടെ പിന്തലമുറക്കാരാണ് മലബാറികള്‍. ഗുജരാത്തില്‍നിന്നും കുടിയേറിയ മുസ്ലീങ്ങളാണ് സരബുകള്‍.
ഭക്ഷണവും വെള്ളവും ശേഖരിക്കാനായി കപ്പല്‍ യാത്രികര്‍ ഈ ദ്വീപ് ഉപയോഗപ്പെടുത്തിയിരുന്നെങ്കിലും 17ആം നൂറ്റാണ്ടിന്റെ പകുതി വരെ ദ്വീപില്‍ സ്ഥിരമായ ജനവാസം ഉണ്ടായിരുന്നില്ല. 1642ലാണ് ഫ്രഞ്ചുകാര്‍ ദ്വീപ് കൈവശപ്പെടുത്തുന്നത്. ഫ്രാന്‍സിലെ ഭരണത്തിലിരിക്കുന്ന രാജവംശത്തിന്റെ ബഹുമാനാര്‍ഥം ബര്‍ബന്‍ ദ്വീപ് എന്ന് പേരുകൊടുത്തു. 1715 മുതല്‍ 1767 വരെ ബര്‍ബന്‍ ദ്വീപും മൗറീഷ്യസും നിയന്തിച്ചിരുന്ന ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി കാപ്പിത്തോട്ടങ്ങള്‍ നട്ടുവളര്‍ത്തി. ഇതിന് വന്‍തോതില്‍ മനുഷ്യാധ്വാനം ആവശ്യമായി വന്നു. അതിനായി ആഫ്രിക്കന്‍ അടിമകളെ ഇറക്കുമതി ചെയ്ത് പണിയെടുപ്പിച്ചു.
ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാര്യനിര്‍വാഹകനായി ദ്വീപിലെത്തിയ ക്രിസ്ത്യന്‍ മിഷനറിയും സസ്യവൈജ്ഞാനികനുമായ പിയറി പോയിവ്രേ ആണ് കാര്‍ഷികോല്പാദനം വൈവിധ്യവത്കരിച്ചത്.
അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കറയാമ്പൂ, ജാതിക്ക തുടങ്ങിയ സുഗന്ധവ്യഞ്ജന വിളകള്‍ കൃഷിചെയ്യാന്‍ തുടങ്ങി. ഇതിനായി പോയിവ്രേ ഡച്ച് ഈസ്റ്റ് ഇന്‍ഡീസിലെ മലുകു ദ്വീപുകളില്‍നിന്ന് തൈകളും വിത്തുകളും കള്ളക്കടത്ത് നടത്തി. അക്കാലത്ത് ഡച്ചുകാര്‍ക്കായിരുന്നു സുഗന്ധവ്യഞ്ജനക്കച്ചവടത്തിന്റെ കുത്തക. 1793ല്‍ റീയൂണിയന്‍ ദ്വീപ് എന്ന് പുനഃനാമകരണം ചെയ്ത് ഫ്രഞ്ച് റിപബ്ലിക്കിന്റെ ഭാഗമായി. 1810ല്‍ റീയൂണിയന്‍ ദ്വീപും മൗറീഷ്യസും ബ്രിട്ടന്റെ അധീനതയിലായെങ്കിലും 1814ലെ പാരീസ് ഉടമ്പടി പ്രകാരം റീയൂണിയന്‍ ദ്വീപ് ഫ്രാന്‍സിന് തിരികെ നല്‍കി. 1848ല്‍ ഫ്രാന്‍സ് കോളനികളില്‍ അടിമത്തം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചു. അതിനുശേഷമാണ് കരിമ്പിന്‍ തോട്ടങ്ങളില്‍ പണിയെടുക്കുന്നതിന് ദക്ഷിണേന്ത്യയില്‍നിന്ന് കൂലിത്തൊഴിലാളികളെ (indentured laborers) വലിയതോതില്‍ എത്തിക്കാന്‍ തുടങ്ങുന്നത്.
കൂടുതലും തൊഴിലാളികള്‍ ഫ്രഞ്ച് അധീനതയിലുള്ള പോണ്ടിച്ചേരി, കാരക്കൽ എന്നിവിടങ്ങളിൽ നിന്നായിരുന്നു. ഇന്ത്യന്‍ സമൂഹം ദ്വീപിലെത്തിയപ്പോള്‍ രണ്ടു കാര്യങ്ങള്‍ക്ക് നിര്‍ബന്ധിതരായി. ആദ്യം, അവരുടെ പേരുകള്‍ ഫ്രഞ്ചുവത്കരിച്ചു. അറുമുഖം Aroumougam ആയി, വൈദ്യലിംഗം Vaitilingam ആയി, സുബ്രഹ്മണ്യന്‍ Soupraamaniien ആയി. രണ്ടാമതായി, അവരോട് ക്രിസ്തുമതം സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. എന്നിരിക്കിലും കുറച്ചുപേര്‍ രഹസ്യമായി ഹിന്ദുവിശ്വാസം നിലനിര്‍ത്തി. കാലാന്തരത്തില്‍ ഹിന്ദു ആചാരങ്ങളും ആഘോഷങ്ങളും പുനരുജ്ജീവിപ്പിച്ചു. റീയൂണിയന്‍ ദ്വീപ് ആധുനികവത്കരിക്കപ്പെട്ടപ്പോള്‍ മതപരമായ വൈവിധ്യം സ്വീകാര്യമായി. ഇപ്പോള്‍ മിക്ക മലബാറികളും ക്രൈസ്തവ വിശ്വാസം കലര്‍ന്ന തമിഴ് ഹിന്ദു ജീവിതരീതിയാണ് പിന്തുടരുന്നത്. ഇന്ന് ഇന്ത്യൻ ക്ഷേത്രങ്ങളും ഉത്സവങ്ങളും ദ്വീപിനെ സജീവമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.
ഫ്രഞ്ചും തമിഴും കലര്‍ന്ന ക്രയോള്‍ (സങ്കരഭാഷ) ആണ് മലബാറികൾ സംസാരിക്കുന്നത്. ഇന്ത്യന്‍ വിഭവങ്ങളുടെ പാചകക്കുറിപ്പുകള്‍ മുത്തശ്ശിമാരില്‍നിന്ന് ശ്രദ്ധാപൂര്‍വം കൈമാറിവരുന്നു. പൂര്‍വികരാല്‍ പറഞ്ഞുകേട്ട മങ്ങിയ ഓര്‍മ്മകളിലൂടെയാണ് മിക്കവര്‍ക്കും ഇന്ത്യയെ പരിചയം. 1954ല്‍ ഫ്രാന്‍സ് പോണ്ടിച്ചേരി വിട്ടതോടെ ഇന്ത്യന്‍ ബന്ധം ഏതാണ്ട് പൂര്‍ണമായും മുറിഞ്ഞു. കുറച്ചു ദ്വീപുനിവാസികള്‍ ഇന്ത്യന്‍ വേരുകള്‍ അറിയാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അവരില്‍ ഭൂരിഭാഗവും വിദൂരകൂട്ടായ്മയോട് നിസംഗരാണ്. അവര്‍ക്ക് വേരൂന്നിയതായി തോന്നുന്ന ഇടമാണ് റീയൂണിയന്‍ ദ്വീപ്. അവര്‍ തങ്ങളുടെ ഭൂതകാലത്തെ മായ്ക്കാന്‍ ശ്രമിക്കുന്നു എന്നല്ല, വര്‍ത്തമാനകാലത്ത് ജീവിക്കാന്‍ ആഗ്രഹിക്കുന്നു എന്നത് മാത്രമാണ് കാരണം.
*