ഗാറ്റിങ്ങിൻ്റെ മൂക്ക് തകർത്ത പെർഫ്യൂം ബാളിന് 37 വയസ്സ്
Suresh Varieth
1986 ഫെബ്രുവരിയിലെ ഇംഗ്ലണ്ടിൻ്റെ വിൻഡീസ് ടൂർ. ജമൈക്കയിലെ തീ പാറുന്ന പിച്ചിൽ ആദ്യ ഏകദിനത്തിൽ 10/2 എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ ഉഗ്രപ്രതാപികളായ ജോയൽ ഗാർണറും മാൽക്കം മാർഷലും ചേർന്ന് പുതുതാരങ്ങളായ പാറ്റേഴ്സൻ്റെയും വാൽഷിൻ്റെയും കൂടെ ചേർന്ന് വരിഞ്ഞു മുറുക്കാൻ തുടങ്ങിയ സമയം…. നല്ല നിലയിൽ ബാറ്റു ചെയ്ത ഗ്രഹാം ഗൂച്ചിന് ആത്മവിശ്വാസമേകി അദ്ദേഹത്തിൻ്റെ ജൂനിയറായ മൈക്ക് ഗാറ്റിങ്ങ് പത്തു റൺസെടുത്ത് ഒരറ്റത്തുണ്ട്.
48/2 എന്ന തൃപ്തികരമായ നിലയിൽ ഇംഗ്ലണ്ട് പോകവേ വിൻഡീസ് ക്യാപ്റ്റൻ വിവ് റിച്ചാർഡ്സ് ഗാറ്റിങ്ങിൻ്റെ പ്രതിരോധം തകർക്കാനായി മാർഷലിനോടാവശ്യപ്പെട്ടത് ഒരു പെർഫ്യൂം ബോളിൻ്റെ രൂപത്തിലായിരുന്നു. ഷോർട്ട്പിച്ചു ചെയ്ത് ഉയർന്നു പൊങ്ങിയ പന്ത് തിരികെ മാർഷലിൻ്റെ കൈവശം എത്തുമ്പോൾ ഗാറ്റിങ്ങിൻ്റെ മൂക്കിൻ്റെ ചെറിയൊരു ഭാഗം ലെതറിൽ ഒട്ടിപ്പിടിച്ചിരുന്നു!!! മാത്രവുമല്ല, ഗ്രില്ലുകളില്ലാത്ത ഹെൽമറ്റ് ധരിച്ച ഗാറ്റിങ്ങിൻ്റെ മൂക്കു തകർത്ത് പാഞ്ഞ പന്ത് കൊണ്ടു പോയത് അദ്ദേഹത്തിൻ്റെ ലെഗ്സ്റ്റംപ് ബെയിൽ കൂടിയായിരുന്നു.
മാർഷൽ ഏൽപ്പിച്ച ആഘാതം തകർത്തത് ഗാറ്റിങ്ങിൻ്റെ മൂക്കിൻ്റെ പാലവും അദ്ദേഹത്തിന് പര്യടനത്തിലെ മുഴുവൻ മത്സരങ്ങളുടെ നഷ്ടവും മാത്രമായിരുന്നില്ല, ഏകദിന സീരീസ് 1-3 നും ടെസ്റ്റ് സീരീസ് 0 – 5 എന്ന, എല്ലാ ടെസ്റ്റിലെയും വമ്പൻ പരാജയങ്ങളും കൂടിയായിരുന്നു. മാർഷൽ ആ മൂക്കിലേൽപ്പിച്ച ആഘാതം ഇംഗ്ലീഷ് ടീമിനെ സംബന്ധിച്ചിടത്തോളം അത്രക്കും ഭീകരമായിരുന്നു. തുടർന്ന് ക്യാപ്റ്റൻസി നഷ്ടപ്പെട്ട ഡേവിഡ് ഗവറിൽ നിന്നും പദവിയേറ്റെടുത്ത ഗാറ്റിങ്ങ് ലോകകപ്പിൽ ടീമിനെ ഫൈനലിലെത്തിച്ചതും അടുത്ത വേനലിൽ നോട്ടിങ്ങാമിൽ അതേ മാർഷലിനെതിരെ ടീമിനെ നയിച്ച് ടെസ്റ്റ് സമനിലയാക്കിയതും പിന്നീട് എന്നെന്നേക്കുമായി ക്യാപ്റ്റൻസി നഷ്ടപ്പെട്ടതും ചരിത്രം .