ദാമ്പത്യങ്ങളിലെ ആൺ പ്രിവിലേജ്-ചില സിനിമ കാഴ്ചകൾ
പവിത്ര ഉണ്ണി എഴുതുന്നു
Spoiler Alert: ഡാർലിംഗ്സ്, അമ്മു, അറിയിപ്പ് കാണാത്തവർക്ക് സ്പോയിലർ ആകാം.
സിനിമ യഥാർത്ഥത്തിൽ ഒരു കെട്ടുകാഴ്ചയാണ്. അതൊരു ‘മേയ്ക്ക് ബിലീഫ്’ കലാരൂപമാണ്. ഏറ്റവും നന്നായി, കാണുന്നതിനെ സത്യമെന്ന് വിശ്വസിപ്പിക്കുന്ന സിനിമയാണ് മികച്ച സിനിമ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അയ്യോ ഇതൊരു സിനിമ ആണല്ലോ എന്ന് വീണ്ടും വീണ്ടും ഓർമപ്പെടുത്തുന്നവ ‘എനിക്ക്’ സിനിമയല്ല.
പണ്ട് ഞാൻ ആലോചിക്കുമായിരുന്നു, എങ്ങനെയാവും ആളുകൾ സൈക്കോ കില്ലിംഗ് പച്ചയ്ക്ക് കാണിക്കുന്ന അല്ലെങ്കിൽ ക്രൂരമായ വയലൻസ് കൊണ്ട് നിറഞ്ഞ അതുമല്ലെങ്കിൽ കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഉള്ളവയോ ഗാർഹിക പീഡനം, റേപ്പ് പോലുള്ളവയോ സ്ക്രീനിൽ നിറയുന്ന സിനിമകൾ ആസ്വദിക്കാനോ കണ്ടിരിക്കാനോ പറ്റുന്നത് എന്ന്. ഞാൻ പൂർണമായും ഒഴിവാക്കുന്ന സിനിമ വിഭാഗമാണ് അത്. കാരണം അത്തരം കാഴ്ചകൾ എന്നെ കുറെ കാലം ഹോണ്ട് ചെയ്യും. ഇപ്പോൾ ഞാൻ വായിക്കുന്ന പുസ്തകം സൂസൻ കേനിന്റ ‘Quiet’ ൽ പറയും പോലെ മനുഷ്യരുടെ ബ്രെയിനിലെ അമിഗ്ഡലയുടെ സെൻസിറ്റിവിറ്റി എന്നത് വ്യത്യസ്തമാണ്. പലരുടെയും തലച്ചോർ പലതും തീവ്രമായി അനുഭവവേദ്യമാക്കാറില്ല എന്നതാണ് അതിന്റെ ശാസ്ത്രീയവശം. അതിന് ജനിതകപരമായ കാരണങ്ങൾ മുതൽ ആര് വളർത്തി, എങ്ങനെ വളർത്തി, ഏത് സാഹചര്യങ്ങളിൽ എക്സ്പോസ്ഡ് ആയി വളർന്നു, എന്തൊക്കെ അനുഭവങ്ങൾ കടന്നു വന്ന ബാല്യമാണ് എന്നതെല്ലാം അവലോകനം ചെയ്യേണ്ടി വരുമത്രേ! ഈ സെൻസിറ്റിവിറ്റി ഉള്ളവരാണ് ലോകത്തെ മാറ്റി മറിച്ച കണ്ടുപിടുത്തങ്ങൾ നടത്തിയവരിൽ, അനീതികൾക്ക് എതിരെ പോരാടിയ നേതാക്കളിൽ ഒക്കെ മുന്നിൽ എന്നത് ഇതിന്റെ വേറൊരു വശം.
ഇത്രയും പറഞ്ഞത് ഗാർഹിക പീഡനം, ദാമ്പത്യങ്ങളിലെ ലൈംഗിക ചൂഷണം, മാരിട്ടൽ റേപ്പ് ഒക്കെ സിനിമകളിൽ കാണിക്കുമ്പോൾ എന്ത് കൊണ്ട് ചിലർക്ക് അത് ഹോണ്ടിങ് ആകുന്നു, മറ്റു ചിലർ അത് സിനിമ അവസാനിക്കുന്ന നിമിഷം തന്നെ മറക്കുന്നു എന്ന് പറയാനാണ്. നമുക്ക് അനുഭവമില്ലാത്തതാണെങ്കിൽ പോലും സ്ക്രീനിലെ കഥാപാത്രത്തിന്റെ മാനസിക വ്യഥ ചിലർക്ക് മാത്രം കെട്ടുകഥ ആകാത്തത് എന്ത് കൊണ്ടായിരിക്കും? പ്രത്യേകിച്ച് വികാരജീവികൾ എന്ന് ആക്ഷേപമുള്ള സ്ത്രീകൾക്ക് കൊള്ളും പോലെ പുരുഷ പ്രേക്ഷകർക്ക് പല കാര്യങ്ങളും കുത്തി നോവിക്കാത്തത് എന്താകും? സിനിമയിലെ ഗാർഹിക പീഡനം കാണുമ്പോൾ റിയൽ ലൈഫിലെ സ്ത്രീകൾ നിങ്ങളുടെ ചിന്തകളിൽ കടന്നു വരാത്തത് എന്ത് കൊണ്ടാവും?
മൂന്ന് സിനിമകളെ മുൻനിർത്തി നമുക്ക് നോക്കാം. മൂന്ന് സിനിമകളും മൂന്ന് ഭാഷയിൽ ആണെന്നത് യാദൃശ്ചികം മാത്രം!
ഡാർലിംഗ്സ്: ആലിയാ ബട്ടും ഷെഫാലി ഷായും അഭിനയിച്ച ഒരു ഡാർക്ക് കോമഡി ഹിന്ദി ചിത്രമാണ് ഡാർലിംഗ്സ്. ഗാർഹിക പീഡനമാണ് വിഷയം എങ്കിലും വയലൻസ് അത്ര വിസിബിൾ അല്ല സിനിമയിൽ. വയലൻസിന് ശേഷമുള്ള നായികയെ മാത്രമെ നമ്മൾ കാണുന്നുള്ളൂ. എങ്കിലും ആ ചുറ്റിക കൊണ്ട് വിരലുകൾക്ക് ഇടയിൽ തുടർച്ചയായി അടിക്കുന്ന സീൻ ഒക്കെ കാണുമ്പോൾ ഞാൻ ഓർത്തത് ഇത് റിയാലിറ്റി ആയ ഇന്ത്യയിലെ സ്ത്രീകളെക്കുറിച്ചാണ്. നായകനെ പോലെ തന്നെയാവും റിയാലിറ്റിയിലെ സ്ത്രീകളുടെ പങ്കാളികളും. വൈകീട്ട് അടി, രാത്രി സെക്സ്, രാവിലെ സോറി…റിപീറ്റ്! ആ സ്ത്രീകളും നായികയെപ്പോലെ മദ്യം ആണ് വില്ലൻ, ഒരു കുഞ്ഞുണ്ടായാൽ അയാൾ ശരിയാകും എന്നൊക്കെ എത്ര പാഴ്കിനാവ് കണ്ടു കാണും! പബ്ലിക് ജീവിതത്തിൽ ഒരാളുടെ നേർക്കും കൈ ഉയർത്താൻ ധൈര്യം ഇല്ലാത്ത റെയിൽവേ ജീവനക്കാരൻ വീട്ടിൽ എത്തുമ്പോൾ മാത്രം പുലി ആകുന്നത് എന്ത് കൊണ്ടാവും? ദാമ്പത്യത്തിൽ പുരുഷന് മാത്രം കൈ വരുന്ന, സമൂഹം അനുവദിച്ചു നൽകിയിരിക്കുന്ന മേൽക്കൈ, ആണെന്ന അഹന്ത തന്നെ കാരണം. ഇതിനെ മാനസിക വൈകല്യം എന്നൊന്നും ചുരുക്കാൻ പറ്റില്ല!
അമ്മു: ഐശ്വര്യ ലക്ഷ്മി നായികയായി എത്തിയ ഈ തെലുങ്കു സിനിമ ഞാൻ കണ്ടത് തമിഴ് ഓഡിയോയിലാണ്. ഗാർഹിക പീഡനത്തിന്റെ മറ്റൊരു വേർഷനാണ് ഇവിടെ കാണാൻ കിട്ടുക. പൊതുസമൂഹത്തിൽ അധികാരം കൈയാളുന്ന, പൊതുജനത്തെ സംരക്ഷിക്കുന്നതിന് ശമ്പളം വാങ്ങുന്ന ഒരു പോലീസുകാരൻ, ഭർത്താവ് ആയി മാറുമ്പോൾ ഭാര്യയെ പട്ടിയെ തല്ലും പോലെ തല്ലുന്നതിൽ ഒരു കുഴപ്പവും കാണുന്നില്ല! ഒരു കുറ്റവാളിയുടെ സഹായത്തോടെ ഇയാളുടെ ജോലി കളയിക്കാനാണ് നായിക ശ്രമിക്കുന്നത്. അതും മാസങ്ങളോളം തല്ല് കൊണ്ട ശേഷം! എന്നെ അയാൾ തല്ലി എന്ന് പറയുന്ന മകളോട് അമ്മ ചോദിക്കുന്നത് നീ എന്ത് തെറ്റാണ് ചെയ്തത് എന്നാണ്! ഇതേ ചോദ്യമാവും റിയൽ ലൈഫിലെ സ്ത്രീകളും കേൾക്കുന്നുണ്ടാകുക, സ്വയം ചോദിക്കുന്നുണ്ടാകുക. എങ്ങനെ പങ്കാളിയെ ട്രിഗ്ഗർ ചെയ്യാതിരിക്കാം എന്നതിൽ പി എച്ച് ഡി തന്നെ എടുത്ത് പരാജയപ്പെട്ട ഇടത്ത് നിന്നാവും അവൾ തിരിച്ചുനടക്കാൻ തീരുമാനിക്കുന്നത്. അത്രയും കാലത്തെ ട്രോമ മറികടക്കാൻ തന്നെ വേണ്ടി വരും പിന്നെയും കുറെ വർഷങ്ങൾ! സിനിമയിൽ ഉടനീളം വീടിനുള്ളിലെ സീനുകൾ ഇരുണ്ടതാണ്, അമ്മുവിന്റെ ജീവിതം പോലെ തന്നെ; ഇന്ത്യയിലെ ശരാശരി ഭാര്യയുടെയും!
അറിയിപ്പ്: മഹേഷ് നാരായണന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബനും ദിവ്യ പ്രഭയും അഭിനയിച്ച ഈ സിനിമയിലും ഗാർഹിക പീഡനവും ദാമ്പത്യത്തിനകത്തുള്ള ലൈംഗിക ചൂഷണവും വിഷയമാകുന്നുണ്ട്. വിദ്യാഭ്യാസമുള്ളതോ മറുനാട്ടിൽ ജോലിക്ക് പോകാൻ തയാറെടുക്കുന്നതോ ഒന്നും ഒരാളുടെ ഉള്ളിലുള്ള ആൺ പ്രിവിലേജ് ബോധത്തെ മെരുക്കുന്നില്ല എന്ന് കാണാം. ഭാര്യ അകപ്പെട്ട സൈബർ ക്രൈമിന് പരിഹാരം കാണുന്നതിനേക്കാൾ ഭർത്താവ് മുൻതൂക്കം നൽകുന്നത് ഭാര്യയെ അവിശ്വസിക്കാനാണ്, അതിന്റെ പേരിൽ അവളെ തല്ലാനും വീട്ടിൽ നിന്ന് പുറത്താക്കാനും ഒക്കെയാണ്!
വിദ്യാഭ്യാസം ഇല്ലാത്ത ബദറുന്നിസയായാലും(ഡാർലിംഗ്സ്)വിദ്യാഭ്യാസമുള്ള അമ്മു ആയാലും ജോലി ഉള്ള രശ്മി(അറിയിപ്പ്)ആയാലും ഒരേ വിധിയാണല്ലോ ഈ സ്ത്രീകൾക്ക് എന്നോർക്കുമ്പോൾ സങ്കടമാണോ രോഷമാണോ വരുന്നത് എന്ന് അറിയില്ല! ശാരീരികമായ, ലൈംഗികമായ ഗാർഹിക പീഡനം മാത്രമേ പറഞ്ഞുള്ളൂ. ഇനി വൈകാരികമായ, സാമ്പത്തികമായ പീഡനങ്ങൾ, ഗ്യാസ് ലൈറ്റിങ് ഒക്കെ പറഞ്ഞു തുടങ്ങിയാൽ ഒരായിരം സിനിമകൾ ഉദാഹരിക്കേണ്ടി വരും. ക്രൂരമായ കാഴ്ച ആകുമെന്നത് കൊണ്ട് മാത്രം കാണാതെ വച്ചിരിക്കുന്ന ‘വെൽക്കം ഹോം’ മുതൽ ഇങ്ങോട്ട് ഇനിയുമെത്ര സിനിമകൾ കൂടി ഇറങ്ങേണ്ടി വരും ഈ ക്രൂരത നിങ്ങളെ സ്വാധീനിക്കാൻ പുരുഷന്മാരെ?
ബദറു കണ്ടെത്തിയ വഴി ഭർത്താവിനെ കൊന്നു കളയാനാണ്. അമ്മു ഭർത്താവിന്റെ ജോലി കളയിക്കാൻ തീരുമാനിച്ചു. പാപത്തിന്റെ ഫലം ഉണ്ണാൻ നിൽക്കുന്ന ഭർത്താവിനെ ഉപേക്ഷിച്ച്, കാലങ്ങളായി വിരലിൽ മുറുകി കിടന്ന വിവാഹ മോതിരം മുറിച്ചു കളഞ്ഞു രശ്മി ജീവിതം തിരിച്ചു പിടിക്കുന്നു. മൂന്ന് നായികമാരും പങ്കാളികളെ ഒരുപാട് സ്നേഹിക്കുന്നതും കാണാം. ഒരു തരം സ്റ്റോക്ക്ഹോം സിണ്ട്രോം കാലം കൂടി കടന്ന ശേഷമാണ് ഇവർക്കൊക്കെ തിരിച്ചറിവ് വരുന്നത് എന്ന് കാണാം. സ്നേഹിച്ചു പോയവരെ അൺലവ് ചെയ്യാനാവാതെ കുടുങ്ങിക്കിടക്കുന്ന പെണ്ണുങ്ങൾ! ഇവർക്കൊന്നും മക്കൾ ആയിട്ടില്ല എന്നതും ചേർത്ത് വായിക്കണം. കുട്ടികൾ കൂടി ഉണ്ടെങ്കിൽ പിന്നെ ആ അൺലവ് പ്രക്രിയ കൂടുതൽ സങ്കീർണമാകും. ഡാർലിംഗ്സ്സിൽ പറയും പോലെ ‘ട്വിറ്ററിൽ ഉള്ളവർക്കല്ലേ ലോകം മാറിയത്’ , സാധാരണ സ്ത്രീകളുടെ ജീവിതം ഇപ്പോഴും തല്ലും കുത്തും കൊള്ളാൻ ബാക്കി! ഗാർഹിക പീഡന നിരോധന നിയമം നിലവിൽ ഉള്ളപ്പോഴും മരിച്ചു കഴിഞ്ഞു മാത്രം അത് ഉപയോഗത്തിൽ വരുന്ന ഗതികേടുമായി ഇന്ത്യൻ സ്ത്രീകളും. കുറച്ചു കൂടി വൈകാരിക ബുദ്ധിയുള്ള ആണാകുക എന്നത് ഇത്ര കഠിനമാണോ?
ചില സിനിമകൾ കണ്ടു മനസ്സിൽ കിടന്നു കലമ്പിയ പ്രതിഷേധം എഴുതി തീർത്തതാണ്. പുരുഷവിരുദ്ധത ആരോപിക്കാനുള്ളവർക്ക് ആകാം. ഫേക്ക് ഗാർഹിക പീഡന പരാതികൾ കൊണ്ട് ബാലൻസ് ചെയ്യാനുള്ളവർക്ക് ആകാം. ഏറ്റവും പുതിയ ദേശീയ കുടുംബാരോഗ്യ സർവ്വേ പ്രകാരം 30 % സ്ത്രീകളാണ് ഇന്ത്യയിൽ ഗാർഹിക പീഡനം അനുഭവിക്കുന്നത്. അത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കണക്ക് മാത്രമാണ്. കേരളത്തിൽ സർവ്വേയിൽ പങ്കെടുത്ത 63% പുരുഷൻമാരും പങ്കാളിയെ തല്ലുന്നതിനെ ന്യായീകരിക്കുന്നു. ജയ ജയ ജയ ഹേ കണ്ടില്ല; എങ്കിലും തല്ലി തീർക്കൽ മാത്രമാണോ സ്ത്രീകൾക്ക് മുന്നിലുള്ള പരിഹാരം?