മല്ലു അനലിസ്റ്റ് ഇത്രയധികം വിമർശനം അർഹിക്കുന്നുണ്ടോ?

  0
  202

  Shafi poovathingal

  mallu analyst വിവേക് ബാലചന്ദ്രൻ ഇത്രയധികം വിമർശനം അർഹിക്കുന്നുണ്ടോ?

  വിമർശനാതീതതമായി ഈ പ്രപഞ്ചത്തിൽ യാതൊന്നും ഇല്ലാത്തത് കൊണ്ട് തന്നെ മല്ലു അനലിസ്റ്റിനും അക്കാര്യത്തിൽ exception ഒന്നുമില്ല.അയാളുടെ soorarai potru വിശകലനത്തിൽ വിമർശനാർഹമായ ചിലത് ഉണ്ടെന്ന് തന്നെയാണ് വ്യക്തിപരമായ അഭിപ്രായം.പ്രത്യേകിച്ചും സീനുകളുടെ പ്രഡിക്ടബിളിറ്റിയെ കുറിച്ചുള്ള വിമർശനമൊക്കെ വിമർശനാർഹമാണ് .
  ആ സീനുകൾ നമ്മൾ പല സിനിമകളിലും കണ്ട് മറന്നതാണ് പ്രെഡിക്ടബിളാണ് എന്നതൊക്കെ ശരി തന്നെയാണ് , എന്നിരുന്നാലും അത്തരം രംഗങ്ങളൊക്കെ തുടർന്നും ഉചിതമായ ഒരു കഥാ സന്ദർഭത്തിൽ വൃത്തിയായി അവതരിപ്പിച്ചാൽ എത്ര തവണ വേണമെങ്കിലും നമ്മൾ കണ്ടിരിക്കാൻ ആഗ്രഹിക്കുന്നവയാണ്.അത്തരം സീനുകളിൽ ഇന്നതാണ് സംഭവിക്കുക എന്ന് നമുക്ക് കൃത്യമായി അറിയാമെങ്കിലും നമ്മളത് കാണാൻ ആഗ്രഹിക്കും, കാത്തിരിക്കും.

  പ്രേക്ഷകരിൽ ഇമോഷണൽ change ഉണ്ടാക്കുന്നുണ്ടോ എന്നതാണ് അത്തരം സീനുകളെ സംബന്ധിച്ച് പ്രധാനം .സുരറൈ പോട്രുവിൽ അത് സംഭവിക്കുന്നുണ്ട്.(എന്നാൽ നായകന്റെ ക്യാരക്ടറിലെ inner flaws ലേക്ക് ഫോക്കസ് കൊടുത്തില്ല തുടങ്ങിയ വിമർശനമൊക്കെ എഴുത്തിനെ ഗൗരവമായി കാണുന്ന ഒരാൾക്ക് അംഗീകരിക്കാവുന്ന വിമർശനമായി തന്നെ തോന്നാം.)ഇനി എന്ത് കൊണ്ട് ഇത്തരം ഏകപക്ഷീയമായ വായനകൾ, വിമർശിക്കാൻ വേണ്ടിയുള്ള വിമർശനങ്ങൾ സംഭവിക്കുന്നു എന്ന് ചോദിച്ചാൽ, കണ്ടന്റ് ഓവർഫ്ളോയുടെ കാലത്ത് പുതിയതും വേറിട്ടതുമായ കണ്ടന്റ് സൃഷ്ടിക്കാനുള്ള സമ്മർദ്ദങ്ങൾ തന്നെയാകും കാരണം.
  ഇനി അടുത്ത ചോദ്യം മല്ലു അനലിസ്റ്റിന് ഇപ്പോൾ കിട്ടുന്ന പൊങ്കാലക്ക് ഈ സുരറൈ പോട്രു വിശകലനം മാത്രമാണോ കാരണം എന്നതാണ്.

  അല്ലെന്ന് തന്നെയാണ് ഉത്തരം.

  കഴിഞ്ഞ കുറച്ച് കാലമായി മലയാളി സമൂഹത്തിലെയും സിനിമയിലെയും സ്ത്രീ വിരുദ്ധതയെയും പാട്രിയാർക്കിയെയും ബോഡി ഷെയ്മിങ്ങിനെയുമെല്ലാം നിരന്തരം വിമർശിച്ച് കൊണ്ടിരിക്കുന്ന ഒരു ചാനലാണ് മല്ലു അനലിസ്റ്റ്.മതം പോലുള്ള തൊടാൻ പൊതുവെ പലരും മടിക്കുന്ന സ്ഥാപനങ്ങളെയും അവർ പലപ്പോഴും തോണ്ടിയിട്ടുണ്ട്.വളരെ സൂക്ഷ്മമായ തരത്തിലുള്ള വായനകളായത് കൊണ്ട് തന്നെ വ്യക്തിപരമായി അറിയാവുന്നവരടക്കം പല മലയാളികൾക്കും പാട്രിയാർക്കൽ മറക്കപ്പുറത്തേക്കുള്ള തിരിച്ചറിവ് ആ ചാനൽ നൽകിയിട്ടുണ്ട്.ഒട്ടും വൈകാരികത കുത്തി നിറക്കാതെ, വ്യക്തി അധിക്ഷേപമില്ലാതെ ,ആശയങ്ങളോട് വസ്തുകൾ മാത്രം നിരത്തി സംവദിക്കുന്നതാണ് വിവേകിന്റെ രീതി.

  അത് കൊണ്ട് തന്നെ വിവേകിന്റെ വസ്തുതാപരമായ പാട്രിയാർക്കൽ വിമർശനങ്ങളെ കേവലം പാവാട വിളികൾക്കപ്പുറം പൊതു സമ്മതിയുള്ള തരത്തിൽ വസ്തുതകൾ നിരത്തി എതിർത്ത് തോൽപ്പിക്കാൻ , വിവേകിന്റെ പാട്രിയാർക്കൽ വിമർശനങ്ങളോട് കടുത്ത അസഹിഷ്ണുതയുള്ള ഒരു വിഭാഗത്തിന്,പാട്രിയാർക്കിയുടെ വാക്താക്കൾക്ക് ഇന്ന് വരെ കഴിഞ്ഞിട്ടില്ല.അത്തരക്കാർക്ക് പൊതു സമ്മതിയോടെ ,ഫാക്ടുകൾ നിരത്തി വിവേകിനെ അക്രമിക്കാൻ വീണു കിട്ടിയ അവസരമാണ് ഈ സുരറൈ പോട്രു വിശകലനം.അവരത് ഏറ്റവും മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുന്നുമുണ്ട്.

  മല്ലു അനലിസ്റ്റിനെതിരായ എല്ലാ വിമർശനങ്ങളും പാട്രിയാർക്കൽ കുരു പൊട്ടി ഉണ്ടായതാണെന്നല്ല പറയുന്നത്.പക്ഷേ അയാൾക്കെതിരായ പൊങ്കാലയിൽ നല്ലൊരു ശതമാനം, ബോഡി പൊളിട്ടിക്സടക്കം തൊട്ടാൽ പൊള്ളാവുന്ന പല വിഷയങ്ങളിലും അയാൾ പാട്രിയാർക്കിക്കെതിരെ നിന്നപ്പോൾ അടിക്കാൻ ഒത്ത വടി കിട്ടാതെ പാവാട വിളികളിൽ മാത്രം തങ്ങളുടെ അമർഷം ഒതുക്കിയവരുടെ പൊട്ടിത്തെറിയാണ്.ബാക്കിയുള്ള ആരോഗ്യകരമായ വിമർശനങ്ങളും സംവാദങ്ങളും നടക്കട്ടെ, നടക്കേണ്ടത് തന്നെയാണ്.