ഇന്ത്യ എല്ലാ ഇസ്‌ലാമിക രാജ്യങ്ങളെക്കാളും ശാസ്ത്രത്തിനു സംഭാവന നൽകുന്നു, ഇസ്ലാമിന് കാലിടറിയത് എവിടെ ?

178

മുസ്ലീങ്ങൾ ശാസ്ത്രവിരുദ്ധർ എന്ന് എതിരാളികൾ പരിഹസിക്കാറുണ്ട്. അവർ മതത്തിൽ അത്രമാത്രം വിശ്വസിക്കുന്നവർ ആകയാൽ അന്ധവിശ്വാസികൾ ആണെന്നും പറയാറുണ്ട്. എന്നാൽ മുസ്ലീങ്ങളുടെ കാലിടറിയത് എവിടെ? മല്ലു അനലിസ്റ്റിന്റെ എഴുത്തും വിഡിയോയും

മുസ്ലീങ്ങളുടെ കാലിടറിയത് എവിടെ?

mallu analyst

ചൈനയില്‍ പോയിട്ടാണെങ്കിലും അറിവ് നേടുക – മുഹമ്മദ്‌ നബി
ആല്‍കെമി, ആള്‍ജിബ്ര, അല്‍ഗോറിതം പോലുള്ള ഒരുപാട് ശാസ്ത്രപദങ്ങളുടെ ഉത്ഭവം അറബി ആണെന്ന്‍ നിങ്ങള്‍ക്കറിയാമോ? അറബികളെ സുഖിപ്പിക്കാന്‍ വേണ്ടി പാശ്ചാത്യര്‍ ഈ അറബി പദങ്ങള്‍ ഉപയോഗിച്ച് തുടങ്ങിയതല്ല. ഈ മേഖലകള്‍ വികസിപ്പിച്ചെടുത്തത് അറബികളാണ് എന്നതാണ് അതിന്‍റെ കാരണം. അതുപോലെ ജോതിശാസ്ത്രത്തില്‍ ഇന്ന്‍ അങ്ങീകരിക്കപ്പെട്ടിട്ടുള്ള നക്ഷത്രങ്ങളുടെ പേരുകളില്‍ ഭൂരിഭാഗവും അറബി പദങ്ങളാണ്. ജ്യോതിശാസ്ത്രത്തിന് അത്രയധികം സംഭാവനകള്‍ അറബികള്‍ നല്‍കിയിട്ടുണ്ട്. പക്ഷെ, ഇപ്പോഴല്ല…

ഇസ്ലാമിന്‍റെ ചരിത്രത്തില്‍ എട്ടാം നൂറ്റാണ്ട് മുതല്‍ പന്ത്രണ്ടാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടം അറിയപ്പെടുന്നത് സ്വര്‍ണ യുഗം (golden age) എന്നാണ്. ശാസ്ത്ര, സാമ്പത്തിക, സാംസ്കാരിക മേഖലകളില്‍ ഇസ്ലാമിക ലോകം മറ്റാരേക്കാളും മുന്നിട്ട് നിന്നിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. ആ സ്വര്‍ണയുഗത്തിന്‍റെ തുടക്കത്തിനും പുരോഗതിക്കും പ്രധാന കാരണമായത് അറബികള്‍ യൂറോപ്പ്, ഇന്ത്യ, ചൈന തുടങ്ങിയ സ്ഥലങ്ങളിലെ പുസ്തകങ്ങള്‍ അറബിയിലേക്ക് വ്യാപകമായി തര്‍ജ്ജമ ചെയ്തതാണ്. അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം അന്ന്‍ ഇസ്ലാമിക ഭരണകൂടം തര്‍ജ്ജമയ്ക്ക് വേണ്ടി ചെലവഴിച്ചിരുന്ന പണം ഇന്ന്‍ ഇംഗ്ലണ്ടിലെ മെഡിക്കല്‍ റിസേര്‍ച്ച് കൌണ്‍സിലിന്റെ ബഡ്ജറ്റിന്റെ രണ്ടിരട്ടി വരും എന്നതാണ്. ഏറ്റവും മിടുക്കരായ പണ്ഡിതര്‍ക്കും വിവര്‍ത്തകര്‍ക്കും ലഭിച്ചിരുന്ന ശമ്പളം ഇന്ന് മെസ്സിക്കും റൊണാള്‍ഡോയ്ക്കും ലഭിക്കുന്ന പ്രതിഫലത്തിന്‍റെ മൂല്യത്തോളം വരും. എട്ടാം നൂറ്റാണ്ടിലെ ബാഗ്ദാദില്‍ ജ്ഞാനത്തിന്റെ ഭവനം (House of wisdom) എന്ന ഗ്രന്ഥശാലയുടെ നിര്‍മാണത്തോടുകൂടിയാണ് ഇസ്ലാമിന്‍റെ ഈ സ്വര്‍ണയുഗം ആരംഭിക്കുന്നത്. അവിടെ വിവിധ ദേശങ്ങളിലെ പണ്ഡിതര്‍ ഒത്തുകൂടി വിവിധ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുകയും ഒരുപാട് പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യുകയും ചെയ്തു.

ലോകത്തിലെ ആദ്യത്തെ യഥാര്‍ത്ഥ ശാസ്ത്രജ്ഞന്‍ എന്നറിയപ്പെടുന്ന ഇബ്ന്‍ അല്‍-ഹൈതം (ആധുനിക ഒപ്ടിക്സിന്റെ പിതാവ് ) ജീവിച്ചിരുന്നത് ഈ സ്വര്‍ണ കാലഘട്ടത്തിലാണ്. അപ്പോള്‍ അല്‍-ബിറൂണി എന്ന ശാസ്ത്രജ്ഞന്‍ സ്വന്തം ത്രികോണമിതി രീതി ഉപയോഗിച്ച് ഭൂമിയുടെ വലുപ്പം ഏതാണ്ട് കൃത്യമായി കണ്ടുപിടിച്ചു. വൈദ്യശാസ്ത്രത്തിന് ഒരുപാട് സംഭാവന നല്‍കിയ ഇബ്ന്‍ അല്‍-നഫീസ്, യന്ത്ര ശാസ്ത്രത്തിനു ഒരുപാട് സംഭാവന നല്‍കിയ ബാനു മൂസ സഹോദരര്‍ അതുപോലുള്ള മറ്റൊരുപാട് ശാസ്ത്രജ്ഞാരാലും തത്വചിന്തകരാലും നിറഞ്ഞതായിരുന്നു ആ കാലഘട്ടം. വാസ്ഥവത്തില്‍ അറബിയില്‍ നിന്ന്‍ ലാറ്റിനിലേക്ക് തര്‍ജ്ജമ ചെയ്ത ശാസ്ത്ര അറിവുകളും തത്വചിന്തകളും യൂറോപ്പിലെ നവോത്ഥാന, ശാസ്ത്ര ചിന്തകളുടെ ഉത്ഭവത്തിന് കാരണമായി.
എന്നാല്‍ ആയിരം വര്‍ഷങ്ങള്‍ക്കിപ്പുറം ഇസ്ലാമിക രാഷ്ട്രങ്ങളുടെ അവസ്ഥ എന്താണ്? അന്‍പതോളം മുസ്ലീം രാഷ്ട്രങ്ങള്‍ ശാസ്ത്രത്തിന് നല്‍കുന്ന ആകെ സംഭാവന ഒരു ശതമാനത്തിലും താഴെയാണ്. എന്തിന്, ഇന്ത്യ അല്ലെങ്കില്‍ സ്പെയിന്‍ മാത്രം അവരെക്കാള്‍ എത്രയോ കൂടുതല്‍ സംഭാവനകള്‍ ശാസ്ത്രത്തിന് നല്‍കുന്നുണ്ട്. എന്‍റെ ശാസ്ത്ര ഗവേഷണ അനുഭവത്തിലും പാശ്ചാത്യ രാഷ്ട്രങ്ങളില്‍ നിന്നും ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ഒരുപാട് പ്രബന്ധങ്ങള്‍ വായിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷെ, മുസ്ലീം രാഷ്ട്രങ്ങളില്‍ നിന്ന്‍ വിരലിലെണ്ണാവുന്ന അത്രെയേ വായിക്കാന്‍ സാധിച്ചിട്ടുള്ളു.

എന്തുകൊണ്ടാണ് ഇസ്ലാമിക രാഷ്ട്രങ്ങള്‍ക്ക് ഇത്രയും വലിയ പതനം സംഭവിച്ചത്? അതിന് പല കാരണങ്ങളുണ്ട്. അവയില്‍ പ്രധാനപ്പെട്ട ഒരു കാരണം പതിനൊന്നാം നൂറ്റാണ്ടില്‍ (1058-1111) ജീവിച്ചിരുന്ന അല്‍-ഗസാലി എന്ന മത പണ്ഡിതന്റെ ഒരു ആശയമായിരുന്നു. തത്വചിന്ത, ഗണിതം തുടങ്ങിയവ പിശാചിന്റെ പ്രവൃത്തികളില്‍ പെട്ടതാണ് എന്നതായിരുന്നു അത്. അല്‍-ഗസാലിക്ക് ശേഷം ഇസ്ലാമിക രാഷ്ട്രങ്ങളില്‍ നിന്ന്‍ കാര്യമായ ശാസ്ത്ര സംഭാവനകള്‍ ഒന്നും ഉണ്ടായിട്ടില്ല എന്നാണ് നോബല്‍ ജേതാവായ സ്റ്റീവന്‍ വൈന്‍ബര്‍ഗ് പറഞ്ഞിട്ടുള്ളത്. തത്വചിന്തയും ഗണിതവും പിശാചിന്‍റെ പ്രവൃത്തികളാണെന്നു പറയുന്നതിലൂടെ മനുഷ്യന്‍റെ സ്വതന്ത്രമായി ചിന്തിക്കുവാനുള്ള, അറിയാത്ത കാര്യങ്ങളെ ചോദ്യം ചെയ്യുവാനുള്ള ത്വരയെയാണ് അയാള്‍ അടിച്ചമര്‍ത്തിയത്. സ്വതന്ത്ര ചിന്തയും ശാസ്ത്രവും പ്രോത്സാഹിപ്പിച്ചാല്‍ ഇസ്ലാമിലെ ആശയങ്ങള്‍ ചോദ്യം ചെയ്യപ്പേട്ടെക്കാം എന്ന ഭയം മുസ്ലീങ്ങളില്‍ സൃഷ്ടിച്ചാണ് അല്‍-ഗസാലി തന്‍റെ ആശയം പ്രചരിപ്പിച്ചത്. നമ്മുടെ എല്ലാവരുടെയും ഉള്ളില്‍ ഒരു ഗോത്ര മനുഷ്യനുണ്ട്. ഗോത്രത്തിന്റെ നിലനില്‍പ്പ്‌ സ്വന്തം നിലനില്‍പ്പിന് അത്യാവശ്യമാണെന് ഉറച്ച് വിശ്വസിക്കുന്ന ഒരു ഗോത്ര മനുഷ്യന്‍. നമ്മിലെ ഈ ഗോത്ര മനുഷ്യരെ സ്വാധീനിച്ചാണ് മത പണ്ഡിതര്‍ നമ്മെ പുറകോട്ട് വലിക്കുന്നത്. സ്വന്തം മത ഗ്രന്ഥത്തെക്കുറിച്ചും പ്രവാചകനെക്കുറിച്ചും വാചാലാരാകുന്ന എന്‍റെ മുസ്ലീം സുഹൃത്തുക്കള്‍ ഇസ്ലാമിന്റെ ഈ സ്വര്‍ണ കാലഘട്ടത്തെക്കുറിച്ച് വാചാലാരാകുന്നത് ഞാന്‍ എവിടെയും കണ്ടതായി ഓര്‍ക്കുന്നില്ല.

“പ്രതിഫലന വെട്ടത്തില്‍ വെയില്‍ കായുന്നവര്‍” എന്ന പോസ്റ്റില്‍ വ്യക്തികളെയല്ല ആശയങ്ങളെയാണ് പിന്തുടരേണ്ടത് എന്നെഴുതിയിരുന്നു. ഏതു തരം ആശയങ്ങളെയാണ് നാം പിന്തുടരേണ്ടത്? ആയിരം വര്‍ഷങ്ങള്‍ക്കിപ്പുറവും തള്ളിയിട്ട കുഴിയില്‍ നിന്ന്‍ പുറത്തേക്ക് വരാന്‍ സാധിക്കാത്ത തരത്തിലുള്ള അല്‍-ഗസാലിയുടെ ആശയങ്ങളെയാണോ അതോ പുരോഗമനത്തിന്റെ പാതയിലേക്ക് മനുഷ്യകുലത്തെ നയിച്ച അല്‍-ഹൈതത്തിന്‍റെത് പോലുള്ള ആശയങ്ങളെയാണോ?

Edit: ഈ വിഷയത്തിൽ കൂടുതൽ വായനയ്ക്ക് ശേഷം ഏത് തരം ചിന്താരീതിയാണ് ഇസ്ലാമിന്‍റെ സ്വര്‍ണയുഗത്തിന്റെ തകർച്ചയ്ക്ക് കാരണമായത് എന്നത് കൂടി വിശദീകരിക്കുന്ന The Mallu Analyst എന്ന എന്റെ ചാനലിലെ വീഡിയോ ഇവിടെ ചേർക്കുന്നു .

*