മാമാങ്കം – മികച്ച ആദ്യപകുതിയിൽ നിന്നും വെറും സന്ദേശത്തിലേക്ക് ഉള്ള രണ്ടാം പകുതി

228
Shahad Shah

മാമാങ്കം – മികച്ച ആദ്യപകുതിയിൽ നിന്നും വെറും സന്ദേശത്തിലേക്ക് ഉള്ള രണ്ടാം പകുതി.

ഈ അടുത്ത് വലിയ പ്രതീക്ഷ ഇല്ലാതെ ആദ്യ ദിവസം ടിക്കറ്റ് എടുത്തു കണ്ട സിനിമകളിൽ ഒന്നാണ് മാമാങ്കം. ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന വിസ്മയം ആകാൻ സിനിമയ്ക്കു കഴിഞ്ഞില്ലേലും ആകെത്തുകയിൽ ഒരു തിയേറ്റർ കാഴ്ച്ചയിൽ പ്രേക്ഷകനെ മോശം എന്ന് പറയിപ്പിക്കുന്ന രീതിയിൽ ഉള്ള സിനിമ അല്ല മാമാങ്കം.

ചടുലമായ തുടക്കം ആയിരുന്നു ചിത്രത്തിന്റേത് മമ്മുട്ടിയുടെ ഇൻട്രോ ഫൈറ്റും സാമൂതിരിയും മാമാങ്കവും ഉറുമി കൊണ്ടുള്ള സംഘട്ടനവും എല്ലാം മികച്ചു നിന്നു.ശേഷം മറ്റു കഥാപാത്രങ്ങളുടെ വികാരങ്ങളിലൂടെ ആണ് സിനിമ സഞ്ചരിക്കുന്നത്.അടുത്ത ഒരു മാമാങ്ക കാലത്തിനുള്ള അകമ്പടിയും ഒരുക്കങ്ങളും കണ്ണീരും ആണ് സിനിമയെ നയിക്കുന്നത്.ആ ട്രാക്കിൽ നിന്നു പെട്ടെന്നുള്ള മാറ്റവും ഒരു ത്രില്ലർ രീതിയിൽ ഉള്ള കഥപറച്ചിലും സിദ്ദിഖിന്റെ തലചേകവരുടെ കഥാപാത്രവും സിനിമയുടെ വേഗം കൂട്ടാൻ ശരിക്കും സഹായിച്ചു.കൂടെ തന്നെ വന്ന മമ്മുട്ടിയുടെ സ്ത്രൈണ വേഷം ഗംഭീരം ആക്കി കൊണ്ട് എന്തൊക്കെയോ വരാനുണ്ട് എന്ന് തോന്നിപ്പിച്ച ഒന്നാം പകുതിയിൽ നിന്നു ആർക്കും ഊഹിക്കാവുന്ന ഒരു കഥയിലേക്ക് ആണ് രണ്ടാം പകുതി സിനിമയെ നയിച്ചത്.ഒരു wow elements അല്ലേൽ ആരും അറിയാതെ ഒളിപ്പിച്ചു വച്ച ഒരു ആയുധം ഇല്ലാഞ്ഞത് ആണ് രണ്ടാം പകുതിയിൽ വിന ആയത് എന്ന് തോന്നി.അറിയാവുന്ന കഥയുടെ മെല്ലെപ്പോക്കും സിനിമയെ ബാധിച്ചു.

ചരിത്ര സിനിമയിൽ ഏറെ പ്രാധാന്യം ഉള്ള ഡയലോഗുകൾ ഇവിടെ കുറിക്കു കൊള്ളുന്ന പോലെ അധികം വന്നില്ല.ചിലത് ഒക്കെ രോമാഞ്ചം ആയിരുന്നപ്പോൾ ചിലത് പഠിച്ചു പറയുന്ന പോലെ ശെരിക്കും അനുഭവപ്പെട്ടു.ചില സഹതാരങ്ങളുടെ സംഭാഷണങ്ങൾ ഒരു ഏച്ചുകെട്ടൽ അനുഭവപ്പെട്ടു.തയ്യാറെടുപ്പ് ഇല്ലാതെ പെട്ടെന്ന് കഥാപാത്രം ആയ പോലെ.വേഷവിധാനങ്ങളും മറ്റു ചിലതും കാലഘട്ടത്തോട് നീതി പുലർത്തുന്ന രീതിയിൽ ആയിരുന്നില്ല.

ഈ കാര്യങ്ങൾക്ക് ഇടയിലും മികച്ചു നിന്നത് അമ്മാവനും മരുമകനും ആയി വേഷമിട്ട ഉണ്ണി മുകുന്ദനും അച്യുതനും അവർ പ്രേക്ഷർക്ക് സമ്മാനിക്കുന്ന വൈകാരികതയും ആണ്.മമ്മുട്ടിയുടെ സ്ത്രൈണ കഥാപാത്രം വളരെ ഗംഭീരം ആയി.പക്ഷെ മുൻചരിത്ര കഥാപാത്രങ്ങൾ പോലെ അദ്ദേഹത്തിന് പൂണ്ടു വിളയാടാൻ ഒരു പ്ലോട്ട് ഇതിൽ ഇല്ലായിരുന്നു.ഉണ്ണിമുകുന്ദൻ, അച്യുതൻ,മമ്മുട്ടി എന്നീ മൂന്ന് പേർക്കും ഒരേ പ്രാധാന്യം ആയാണ് എനിക്ക് അനുഭവപ്പെട്ടത്.തുടക്കത്തിൽ നാടകീയത നിഴലിച്ചെങ്കിലും മണിക്കുട്ടന്റെ മോയിൻ ക്ലൈമാക്സിൽ നന്നായിരുന്നു.സ്ത്രീകഥാപാത്രങ്ങളിൽ പ്രാചി മോശമാക്കാതെ ചെയ്തപ്പോൾ വേറെ ആർക്കും വലിയ സ്പേസ് ഇല്ലായിരുന്നു.രണ്ടാം പകുതിയിൽ സിനിമയെ രക്ഷപെടുത്തി എടുക്കുന്നത് ക്ലൈമാക്സിലെ മാമാങ്കം ആണെന്ന് കണ്ണടച്ച് പറയാം.അച്യുതൻ എന്ന ബാലതാരം സ്‌ക്രീനിൽ എല്ലാവരെയും ഒതുക്കി ഒറ്റയ്ക്ക് സിനിമ കൊണ്ടു പോകുന്ന കാഴ്ച ആണ് കണ്ടത്.ആ രംഗങ്ങൾ എല്ലാം കോരിത്തരിക്കാൻ ഉള്ള വക ഉണ്ടായിരുന്നു.ശേഷം ഉണ്ടായ സംഘട്ടന രംഗം ഒരു ചെറിയ ഏച്ചുകെട്ടൽ ആയി അനുഭവപ്പെട്ടു.

ഛായാഗ്രഹണം ചില ഷോട്ടുകളും ലൈറ്റിങ്ങുകളും ഗംഭീരം ആക്കിയപ്പോൾ നല്ല സാധ്യത ഉള്ള കുറെ സീനുകളിൽ വെറും സീനുകൾ പോലെ എടുത്തു വച്ചു.മൂക്കുത്തി ഒഴിച്ചുള്ള രണ്ടു ഗാനങ്ങളും കൂടെ പശ്ചാത്തല സംഗീതവും മികച്ചു നിന്നു.എഡിറ്റിംഗ് ശരാശരിയിൽ ഒതുങ്ങി.

ചുരുക്കത്തിൽ ഒരു കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന ചരിത്ര സിനിമ എന്ന ആംഗിളിൽ നോക്കി കാണുമ്പോൾ നീതി പുലർത്താത്തതും എന്നാൽ തിയേറ്ററിൽ ആഘോഷിച്ചു കാണാവുന്ന ഒരു സ്റ്റഫ് ഉള്ള പീരിയോഡിക് ആക്ഷൻ ഡ്രാമ ആണ് മാമാങ്കം.എല്ലാവരും സ്വയം കണ്ടു വിലയിരുത്തുക.

NB: വാൾ കൊണ്ട് വെട്ടുമ്പോൾ ഉള്ള വെട്ട് കൊള്ളുന്നവന്റെ പറക്കലും റോപ്പ് ഇട്ടു ചാടുമ്പോൾ ഉള്ള കയ്യും കാലും തിരിക്കലും മലയാള സിനിമ എന്നെങ്കിലും മാറ്റും എന്ന് പ്രതീക്ഷിക്കുന്നു.

വീണ്ടും NB : സുദേവിന് മിഖായേൽന് ശേഷം ഈ മിന്നായം ടൈപ്പ് റോളുകൾ ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു. അത് സുരേഷ് കൃഷ്ണയ്ക്കും പകർന്നിട്ടുണ്ട്.