വിജയനായകനായി മെഗാ സ്റ്റാർ മമ്മൂട്ടിയുടെ നാല് പതീറ്റാണ്ടുകൾ
Bineesh K Achuthan
നായകനെന്ന നിലയിൽ മമ്മൂട്ടിയുടെ ആദ്യ സൂപ്പർ ഹിറ്റ് ചിത്രമായ സന്ധ്യക്ക് വിരിഞ്ഞ പൂവ് റിലീസായിട്ട് ഇന്ന് ( ഫെബ്രുവരി 18) 40 വർഷം പിന്നിടുന്നു. അക്കാലത്തെ ഹിറ്റ് മേക്കറായിരുന്ന പി.ജി.വിശ്വംഭരൻ സംവിധാനം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് തോപ്പിൽ ഭാസിയാണ്. മനോരാജ്യം വാരികയിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച, പി.ആർ. ശ്യാമളയുടെ നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് സന്ധ്യക്ക് വിരിഞ്ഞ പൂവ്.
ഗ്യാലപ് പോൾ പ്രകാരം വാരികാ വായനക്കാരിൽ ബഹുഭൂരിപക്ഷവും നായികാനായകൻമാരായി ആവശ്യപ്പെട്ടത് സുകുമാരൻ – ശ്രീവിദ്യ ജോടികളെയായിരുന്നു. എന്നാൽ, ഇരുവരുടെയും തിരക്കേറിയ ഷെഡ്യൂൾ കാരണം പ്രസ്തുത വേഷങ്ങൾ മമ്മൂട്ടി – സീമ എന്നിവരിലേക്കെത്തി. 80 – കളുടെ ആദ്യ പകുതിയിലെ ഏറ്റവും ജനപ്രിയ ജോടി അന്നവിടെ പിറവിയെടുക്കുകയായിരുന്നു. പിൽക്കാലത്ത് കലാമൂല്യമുള്ളതും ജന സമ്മതി നേടിയതുമായ ഒട്ടേറെ ചിത്രങ്ങളിൽ ഇവർ നായികാനായകൻമാരായി വേഷമിട്ടു.
സെഞ്ച്വറിയുടെ ബാനറിൽ രാജു മാത്യു നിർമ്മിച്ച സന്ധ്യക്ക് വിരിഞ്ഞ പൂവിൽ മമ്മൂട്ടി, സീമ എന്നിവരെ കൂടാതെ ശങ്കർ, അംബിക, അടൂർ ഭാസി, മോഹൻലാൽ എന്നിവരും വേഷമിട്ടു. ഒ എൻ വി യുടെ വരികൾക്ക് ഇളയരാജ ഈണം നൽകിയ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകളായി. മുൻ നിര നായകനിലേക്കുള്ള മമ്മൂട്ടിയുടെ പ്രയാണത്തിലെ നിർണ്ണായക വഴിത്തിരിവായിരുന്നു സന്ധ്യക്ക് വിരിഞ്ഞ പൂവ് എന്ന് നിസ്സംശയം പറയാൻ കഴിയും. താൻ നാലാൾ തിരിച്ചറിയുന്ന ഒരു താരമായി മാറുന്നത് ഈ ചിത്രത്തിന്റെ വിജയത്തിന് ശേഷമാണെന്ന് ചമയങ്ങളിലാതെ എന്ന ആത്മകഥയിൽ മമ്മൂട്ടി വിവരിക്കുന്നണ്ട്.