ഫാസിലിന്റെ സംവിധാനത്തിൽ മോഹൻലാൽ, മമ്മൂട്ടി, ജൂഹി ചാവ്ല, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഹരികൃഷ്ണൻസ്. പ്രണവം ആർട്സിന്റെ ബാനറിൽ സുചിത്ര മോഹൻലാൽ നിർമ്മിച്ച ഈ ചിത്രം പ്രണവം മൂവീസ് വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ എന്നിവയെല്ലാം നിർവ്വഹിച്ചത് ഫാസിൽ ആണ്. മധു മുട്ടം സംഭാഷണം രചിച്ചിരിക്കുന്നു.ഈ ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. ഇരട്ടക്ലൈമാസിന്റെ പേരിൽ ഈ ചിത്രം വിവാദമായിരുന്നു.ചിത്രത്തിന് രണ്ട് ക്ലൈമാക്സുകളാണ് ഉണ്ടായിരുന്നത്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം എന്തു കൊണ്ടാണ് ഹരി കൃഷ്ണൻസിൽ രണ്ട് ക്ലൈമാക്സ് വന്നതെന്ന് പറയുകയാണ് മമ്മൂട്ടി. ഗോവ ഗവർണ്ണർ പിഎസ് ശ്രീധരൻ പിള്ളയുടെ പുതിയ പുസ്തകങ്ങളുടെ പ്രകാശന ചടങ്ങിലാണ് 24കൊല്ലത്തെ രഹസ്യം മെഗാസ്റ്റാർ വെളിപ്പെടുത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ
“അന്നത്തെ കാലത്ത് സിനിമയുടെ പ്രചരണ ഉപാധിയായി രണ്ട് തരത്തിലുള്ള ക്ലൈമാക്സുകൾ വച്ചിരുന്നു. ഒന്ന് മീരയെ ഹരിക്ക് കിട്ടുന്നതും മറ്റൊന്ന് മീരയെ കൃഷ്ണന് കിട്ടുന്നതും. അതിങ്ങനെ പ്രത്യേക സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് ചെയ്ത കാര്യമല്ല. ഒരു നഗരത്തിൽ തന്നെ രണ്ട് തിയറ്ററുകളിൽ രണ്ട് തരം കഥാന്ത്യങ്ങൾ ഉണ്ടാകുമ്പോൾ, രണ്ട് തരവും കാണാൻ ആളുകൾ വരും എന്നുള്ള ദുർബുദ്ധിയോട് കൂടിയോ സുബുദ്ധിയോട് കൂടിയോ ചെയ്തൊരു കാര്യമാണ്. പക്ഷെ പ്രിൻറ് അയക്കുന്ന ആളുകൾക്ക് പറ്റിയ തെറ്റാണു രണ്ടും രണ്ടു ഭാഗത്തേക്ക് അയച്ചത്.എന്നാലും രണ്ട് പേർക്ക് കിട്ടിയാലും കാണാത്ത, കാണുന്ന, സന്തോഷമുള്ള, സന്തോഷമില്ലാത്ത ഒരു സിനിമ പ്രേക്ഷകർ നമുക്കുണ്ട്. അതുകൊണ്ട് തന്നെയാണ് ആ സിനിമ ഇത്രയും വലിയ വിജയമായതും ഈ വേദിയിൽ ഹരികൃഷ്ണൻസിനെ പറ്റി സംസാരിക്കാൻ ഇടയായതും.” – മമ്മൂട്ടി പറഞ്ഞു