ഐശ്വര്യ ലക്ഷ്മി : “മമ്മൂക്ക ചക്കരയാണ്.”
മമ്മൂക്ക : “വെളുത്ത പഞ്ചസാര എന്ന് വിളിക്കില്ല, കറുത്ത ശർക്കര എന്നാണ് വിളിക്കാ. ശർക്കര എന്ന് വെച്ചാൽ കരിപ്പെട്ടിയാണ്..”
“എന്നെ ചക്കര എന്ന് വിളിക്കേണ്ട, പഞ്ചാര എന്ന് വിളിച്ചാൽ മതി”
ഈയൊരു ഡയലോഗ് കൊണ്ട് ഇന്ന് മമ്മൂട്ടി എയറിലായി. ഒരർത്ഥത്തിൽ മമ്മൂട്ടിയെ പോലൊരു നടനിൽ നിന്നും മലയാളികൾ ഇത് പ്രതീക്ഷിച്ചില്ല എന്ന് പറയുന്നതിൽ കാര്യമുണ്ട്. രാഷ്ട്രീയമായ ശരികൾ ഒരു പരിധിവരെ വർത്തമാനകാലത്തു പാലിക്കാൻ ശ്രമിക്കാറുള്ള നടനാണ് മമ്മൂട്ടി. അദ്ദേഹം വെളുപ്പാണ് , കറുത്ത നിറം മോശമാണ് എന്ന് കരിപ്പെട്ടിയിലും പഞ്ചാരയിലും ഉദാഹരിക്കുമ്പോൾ അത് തികഞ്ഞ റേസിസം ആകുന്നു. ശരിക്കും മമ്മൂട്ടി അപ്ഡേറ്റഡ് ആണോ എന്ന സംശയമാണ് ഇപ്പോൾ തോന്നുന്നത്. സംവിധായകൻ ജൂഡ് ആന്റണി ജോസഫിന്റെ കഷണ്ടിയെ മമ്മൂട്ടി കളിയാക്കിയപ്പോൾ ഒരബദ്ധമായി കരുതി മലയാളികൾ മറന്നു. മമ്മൂട്ടി അതിൽ ക്ഷമയും ചോദിച്ചു. എന്നാൽ തുടരെത്തുടരെ ‘അബദ്ധങ്ങൾ’ ആവർത്തിക്കുമ്പോൾ അത് ഉള്ളിലെ ബോധം കൊണ്ടുതന്നെയെന്നു പറയേണ്ടിവരുന്നു. Anupama Mohan ന്റെ സോഷ്യൽ മീഡിയ കുറിപ്പ് വായിക്കാം
Anupama Mohan
ഇത്രത്തോളം അപ്ഡേറ്റഡ് ആയിരിക്കുന്ന മമ്മൂട്ടിയിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല! എത്രത്തോളം അപ്ഡേറ്റഡ്?
ഈ അടുത്തകാലത്തായി മമ്മൂട്ടിക്ക് കിട്ടികൊണ്ടിരിക്കുന്ന ജനശ്രദ്ധ വളരെ വലുതാണ്. പങ്കെടുക്കുന്ന പരിപാടികളിലും സിനിമ പ്രൊമോഷനുകളിലും മമ്മൂട്ടി തന്നെയാണ് താരം. അദ്ദേഹത്തിന്റെ ഓരോ ലുക്കും കേരളത്തിലെ യുവാക്കൾക്ക് മോഡലാക്കാൻ പറ്റുന്നുണ്ട്. സിനിമക്ക് പുറത്ത് സ്റ്റൈലിഷ് ആയ ഒരു ജീവിതം മമ്മൂട്ടി ആഘോഷിക്കുന്നുണ്ട്. അത് പ്രേക്ഷകരെല്ലാം തന്നെ കൗതുകത്തോടെ നോക്കികാണുന്നുമുണ്ട്.
70 വയസ്സ് കഴിഞ്ഞ ആ മനുഷ്യനുപയോഗിക്കുന്ന പൂക്കളുള്ള ഷർട്ടും, കളർ പാന്റും, ഷൂസുമെല്ലാം ഇവിടുത്തെ യുവാക്കളുടെ ഡ്രസിങ് രീതിയുമായി ഏറെ സാമ്യമുള്ളതാണ്. കോളേജ് പിള്ളേർ സാധാരണയായി ഉപയോഗിക്കുന്ന പാറ്റേർണിലുള്ള വിലകൂടിയ വസ്ത്രങ്ങളാണ് മമ്മൂട്ടിയുടേത്. അതുകൊണ്ട് തന്നെ മമ്മൂട്ടി സിനിമക്കകത്തും പുറത്തും സ്റ്റൈലിഷ് ഹീറോയാവുന്നു. യുവാക്കൾക്ക് പ്രിയപെട്ടവനാകുന്നു.
പരിപാടികളിൽ പങ്കെടുത്ത ശേഷം ഇൻസ്റ്റാഗ്രാമിലും ഫേസ്‌ബുക്കിലും അദ്ദേഹം പോസ്റ്റ് ചെയ്യുന്ന പടങ്ങൾ അദ്ദേഹത്തിന്റെ ഈ സ്റ്റൈലിഷ് സ്വഭാവത്തെ കൃത്യമായി പ്രൊജക്റ്റ് ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ വസ്ത്രത്തെ കുറിച്ചും കോസ്റ്റ്‌ലി ആയ വാച്ചിനെ കുറിച്ചുമുള്ള ചർച്ചകൾ അവസാനിക്കാറേയില്ല. അദ്ദേഹത്തിന്റെ വരവും നടത്തവും റീൽസുകളിൽ തരംഗമാവാറുമുണ്ട്.ഇനി മമ്മൂട്ടി കൊടുക്കുന്ന ഇന്റർവ്യൂകൾ നോക്കുകയാണെങ്കിലും ഈ മാറ്റങ്ങൾ പ്രകടമാണ്. ആദ്യ കാലങ്ങളിൽ സീരിയസ് ആയി വളരെ കുറച്ച് ഉത്തരങ്ങൾ മാത്രം നൽകിയിരുന്ന അദ്ദേഹം, ഇപ്പോഴത്തെ അഭിമുഖങ്ങളിൽ വൻ തമാശയും ചിരിയുമൊക്കെ ആണ്. ഭീഷ്മപർവത്തിന്റെ പ്രൊമോഷൻ ഇന്റർവ്യൂസിൽ ഇത് വ്യക്തമാണ്. കോ സ്റ്റാർസിനോടുള്ള ചോദ്യങ്ങൾക്ക് പോലും ഇടിച്ചുകയറി ഉത്തരം പറയുന്ന, അവരെ കളിയാക്കുന്ന മമ്മൂട്ടി ഇവിടുത്തെ യുവനടന്മാരുടെ വൈബ് ആണ് കോപ്പി ചെയ്യുന്നത്. ഈ പ്രകടനങ്ങൾ അതിലും പ്രായം കുറഞ്ഞ മോഹൻലാലിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാത്തത് കൊണ്ടും അദ്ദേഹത്തിന്റെ സിനിമാ സെലക്ഷൻ അബദ്ധമായത് കൊണ്ടും മോഹൻലാൽ അപ്ഡേറ്റഡ് ആണെന്ന് നമുക്ക് തോന്നില്ല. മറിച്ച് ഇതെല്ലാം ചെയ്യുന്ന മമ്മൂട്ടി അപ്ഡേറ്റഡ് ആണെന്ന് തോന്നും.
മമ്മൂട്ടി സഞ്ചരിക്കുന്നത് ഇവിടുത്തെ യുവാക്കൾക്കൊപ്പമാണ്. അദ്ദേഹത്തിന്റെ സിനിമാ സെലക്ഷനും അത്തരത്തിലുള്ളതാണ്. മമ്മൂട്ടിയോട് ഭൂരിപക്ഷം ആളുകൾക്കുമുള്ളത് വയസ്സായ ഒരു സൂപ്പർ സ്റ്റാറിനോടുള്ള സ്നേഹമോ ആരാധനയോ അല്ല. മറിച്ച് കാലത്തിനനുസരിച്ച് മാറ്റങ്ങൾ സ്വീകരിക്കുന്ന, മലയാള സിനിമയെ തന്നെ നവീകരിക്കുന്ന ഒരാളോടുള്ള ആസക്തിയാണ്. മമ്മൂട്ടി കമ്പനി പ്രൊഡ്യൂസ് ചെയ്യുന്ന സിനിമകളും അതിന്റെ വിജയവും ഇതിന് ആക്കം കൂട്ടുന്നുണ്ട്.2007 ഇൽ ബിഗ് ബി പോലൊരു സിനിമ ചെയ്ത, സിനിമാ ശൈലിയെ കുറിച്ച് ദീർഘവീക്ഷണമുള്ള മമ്മൂട്ടി നമ്മൾ കാണികൾക്കെന്നും അപ്ഡേറ്റഡാണ്. പക്ഷെ ഇതെല്ലാം കോർഡിനേറ്റ് ചെയ്യാൻ അദ്ദേഹത്തിന് കൃത്യമായ പി ആർ ടീം ഉണ്ട്. അവർ ആ പണി വൃത്തിയായി ചെയ്യുന്നുമുണ്ട്.
എന്നാൽ അദ്ദേഹത്തിന്റെ സംസാരത്തിൽ സംഭവിക്കുന്ന തെറ്റുകൾ പി ആർ ടീമിന് കൺട്രോൾ ചെയ്യാൻ പറ്റുന്നതല്ല. ജൂഡ് ആന്റണിയെ ബോഡി ഷെയിം ചെയ്ത് മാപ്പ് പറഞ്ഞ അതെ മനുഷ്യൻ തന്നെയാണ് ഇപ്പോൾ റേസിസ്റ്റ് ജോക്കുമായി മുന്നോട്ടെത്തിയത്. നാളെ ഒരു മാപ്പും പ്രതീക്ഷിക്കാം. പക്ഷേ സാമൂഹ്യപരമായ കാര്യങ്ങളിൽ മമ്മൂട്ടി അപ്ഡേറ്റഡ് ആണെന്ന വാദം ഇനി പറയരുത്.കെ ആർ നാരായണൻ ഇൻസ്റ്റിട്ട്യൂട്ടിലെ ജാതിവിവേചനത്തെ കുറിച്ചുള്ള ചോദ്യത്തിന് ‘അതിലൊട്ടൊന്നും ഇപ്പം പോവണ്ട’ എന്ന് പറഞ്ഞ നടൻ ‘എന്നെ വെളുത്ത പഞ്ചസാരയെന്ന് ‘വിളിക്കൂ എന്ന് പറയുമ്പോൾ അത് അപകടകരമാണ്.
അത്ഭുതമില്ല.