Riyas Pulikkal
നിരുപദ്രവകരമായ / നിർദോഷകമായ ഒരു തമാശ മമ്മൂക്ക പറഞ്ഞതിൽ പൊളിറ്റിക്കൽ കറക്റ്റനെസ്സ് നോക്കുന്നതെന്തിനാ എന്ന് ചില നിഷ്കളങ്കർ ചോദിക്കുന്നത് കണ്ടു. എന്നെ എന്ത് വിളിക്കണം, വിളിക്കേണ്ട എന്ന് തീരുമാനിക്കുന്നത് ഞാൻ തന്നെയാണ്. അവിടെ ചക്കര എന്ന് ഐഷു വിളിച്ചാൽ അങ്ങനെ വിളിക്കേണ്ട; അതിനർത്ഥം കരിപ്പെട്ടിയാണ് എന്ന് പറഞ്ഞാൽ അതിനെ കറുപ്പും വെളുപ്പും വേർതിരിവ് ആണെന്ന് പറഞ്ഞു വിമർശിക്കുന്നവരാണ് സമൂഹത്തിലെ യഥാർത്ഥ കറുപ്പുകൾ എന്ന് മറ്റു ചില നിഷ്കളങ്കരും ചോദിക്കുന്നത് കണ്ടു. പക്ഷേ, അവരൊന്നും മമ്മൂക്ക പറഞ്ഞത് എന്തുകൊണ്ട് വിമർശിക്കപ്പെടുന്നു എന്നതിനുള്ള യഥാർത്ഥ കാരണം പറയാതെ, യഥാർത്ഥ പ്രശ്നത്തിൽ നിന്നും വഴി തിരിച്ചുവിടാൻ മാത്രമാണ് ശ്രമിക്കുന്നത്. മമ്മൂക്ക ഐഷുവിനോട് പറഞ്ഞ “ആ നിരുപദ്രവകരമായ തമാശ” എന്താണെന്നാണ് ആദ്യം നോക്കേണ്ടത്.
ഐശ്വര്യ ലക്ഷ്മി : “മമ്മൂക്ക ചക്കരയാണ്.”
മമ്മൂക്ക : “വെളുത്ത പഞ്ചസാര എന്ന് വിളിക്കില്ല, കറുത്ത ശർക്കര എന്നാണ് വിളിക്കാ. ശർക്കര എന്ന് വെച്ചാൽ കരിപ്പെട്ടിയാണ്..”
“എന്നെ ചക്കര എന്ന് വിളിക്കേണ്ട, പഞ്ചാര എന്ന് വിളിച്ചാൽ മതി”
എന്ന് മമ്മൂക്ക പറഞ്ഞാൽ അതിലെ നിരുപദ്രവകതയും തമാശയും നമുക്ക് മനസ്സിലാക്കാം. പക്ഷേ, “വെളുത്ത പഞ്ചസാരയും കറുത്ത ശർക്കരയും” എന്ന സ്റ്റേറ്റ്മെന്റിലെ നിരുപദ്രവകരമായ തമാശ ആസ്വദിക്കാൻ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല.
ആ തമാശ വന്നത്, അത്രയ്ക്ക് അപ്ഡേറ്റ്ഡ് ആണെന്ന് വിശ്വസിക്കപ്പെടുന്ന, വളരെ ആദരണീയനായ, മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം കൂടിയായ മമ്മൂട്ടി എന്ന അഭിനേതാവിൽ നിന്നും കൂടിയാവുമ്പോൾ അത് ആസ്വദിക്കാൻ പറ്റില്ലെന്ന് മാത്രമല്ല, വളരെ വിഷമകരവും കൂടിയാകുന്നു. മമ്മൂട്ടി വെളുത്തിട്ടാണെന്നത് ശരി തന്നെ. എന്നാൽ, ഒരുപക്ഷേ, മമ്മൂട്ടി കറുത്തിട്ടായിരുന്നെങ്കിൽ ഈ കേരളത്തിലെ ജനങ്ങൾ അദ്ദേഹത്തെ അംഗീകരിക്കുമായിരുന്നില്ലേ? കറുത്ത സത്യൻ മാസ്റ്ററെയും ജയനെയും സൂപ്പർസ്റ്റാറുകളായി കൊണ്ടാടിയ മലയാള നാടിന് അതൊരു വിഷമകരമായ സന്ധിയേ ആവില്ല എന്നത് ഉറപ്പാണ്. കാരണം, മമ്മൂട്ടി എന്ന അഭിനേതാവ് അംഗീകരിക്കപ്പെടാൻ തുടങ്ങിയതും ആദരിക്കപ്പെടാൻ തുടങ്ങിയതും ആഘോഷിക്കപ്പെടാൻ തുടങ്ങിയതും അദ്ദേഹത്തിന്റെ അഭിനയപാടവം ഒന്നുകൊണ്ട് മാത്രമായിരുന്നു.
മമ്മൂട്ടിയുടെ സൗന്ദര്യം ആഘോഷിക്കപ്പെടാൻ തുടങ്ങിയിട്ട് അല്പകാലം മാത്രമേ ആയുള്ളൂ. അഭിനയിക്കാൻ അറിയാത്ത വെളുത്ത മമ്മൂട്ടിക്ക് മലയാള സിനിമയിൽ മേൽവിലാസം ഉണ്ടാക്കാൻ സാധിക്കുമായിരുന്നില്ല എന്നത് ഒരു സത്യമാണ്. മമ്മൂട്ടിയെന്ന ഒരു നടനിൽ നിന്നും അത്തരമൊരു തമാശ വന്നത് ഒട്ടും ശുഭകരമല്ല എന്ന് തന്നെ പറയുന്നു. പക്ഷേ, അത് തമാശയല്ല എന്നത് അദ്ദേഹം തിരിച്ചറിയുമെന്നും അത് തിരുത്തുമെന്നും തന്നെ കരുതുന്നു. തെറ്റ് പറ്റാത്തവർ മനുഷ്യരല്ല. തെറ്റുപറ്റി എന്ന് മനസ്സിലാക്കി അത് തിരുത്തുന്നവർ ശരിയുടെ പക്ഷത്തുമാണ്. കറുപ്പും വെളുപ്പും നിറങ്ങൾ മാത്രമാണ്. അതൊന്നും മനുഷ്യരിലെ വലുപ്പച്ചെറുപ്പം നിർണ്ണയിക്കുന്ന ഘടകങ്ങളേയല്ല. നല്ല മനുഷ്യനാവുക എന്നതാണ് വലിയ കാര്യം..!