Ajish Mundakkal
അധികമാരും ചർച്ച ചെയ്യാത്ത ലോഹി സാറിന്റെ ‘സാഗരം സാക്ഷി’ യിലെ കഥാപാത്രം-ബാലചന്ദ്രൻ. എതു കാലത്തും നിലനിൽക്കുന്ന ഒരു വിഭാഗത്തിന്റെ പ്രതിനിധി. ജയിച്ചവന്റെയല്ല. തോറ്റു പോയവന്റെ ! വെറുതേ തോറ്റുപോയവൻ എന്ന് പറഞ്ഞാൽ ബാലചന്ദ്രനാവുന്നില്ല.. ജയത്തിന്റെ മധുരം അറിഞ്ഞു തോറ്റു പോയവനെന്നു പറയണം. ഒരിക്കൽ വെറും കയ്യോടെ ഒരു ചെന്ന് സ്വപ്നം കാണാത്തത്ര ഉയരത്തിൽ കത്തി നിന്നവൻ. സ്വപ്നം കണ്ട രാജകുമാരിയെ സ്വന്തമാക്കിയവൻ. പിന്നീടൊരിക്കൽ ഒരു രാവ് പുലരുന്നത് മുതൽ ഒന്നൊന്നായി നഷ്ടപ്പെട്ടുകൊണ്ടിരുന്നപ്പോ അത്ര കാലം ഉണ്ടായിരുന്ന ആത്മവിശ്വാസം കൈ വിട്ടു വിലപിച്ചുകൊണ്ടിരുന്നവൻ. ഒടുക്കം എല്ലാം മറക്കാൻ സന്യാസത്തെ കൂട്ടുപിടിച്ചവൻ.
എനിക്കയാളോട് എന്തെന്നില്ലാത്ത സഹതാപം തോന്നിയിട്ടുണ്ട്. അവസ്ഥയോർത്ത്. അതേ സമയം വെറുപ്പും തോന്നിയിട്ടുണ്ട്. സ്വന്തം കുടുംബം മറന്നതോർത്ത്. ഒരിക്കൽ പോലും അത്തരമൊരു ഭീകര സാഹചര്യത്തിലൂടെ കടന്നു പോവേണ്ടി വന്നിട്ടില്ലെങ്കിൽ പോലും എനിക്കയാളുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ പറ്റുമായിരുന്നു . എന്തുകൊണ്ടെന്നറിയില്ല പറ്റിയിരുന്നു. അതുകൊണ്ട് തന്നെ വെള്ളിത്തിരയിൽ കണ്ടു മറഞ്ഞ അനേകായിരം നായകന്മാർക്കിടയിൽ അയാളെ എന്നും ഓർത്തെടുക്കാൻ പറ്റുന്നുണ്ട്.
ഈ അടുത്ത കാലത്ത് കേട്ട ചില വാർത്തകളുണ്ടായിരുന്നു. Cafe coffee day സ്ഥാപകൻ സിദ്ധാർത്ഥയുടെ, ജോയ് അറക്കലിന്റെ. പിന്നെയും അറിയപ്പെടാത്ത ഒരുപാട് ബിസിനെസ്സുകാരുടെ. അവയുടെ എല്ലാം വാർത്ത പ്രാധാന്യം business തകർച്ചയിൽ ജീവൻ വെടിഞ്ഞു എന്ന ഒന്നായിരുന്നു.ബാലചന്ദ്രൻ. ലോഹി സാറിന്റെ നായകനല്ലേ. !! അത്ഭുതപ്പെടാനില്ല. ഇങ്ങനെ ഒരവസ്ഥയുണ്ട്. ഒരാൾ പോലും പിന്തുടരപ്പെടാൻ പാടില്ലാത്ത ദുരവസ്ഥ. ഉയരങ്ങളിൽ നിന്ന് പെട്ടെന്നൊരുനാൾ വീണെന്ന് തോന്നുമ്പോ, കാൽച്ചുവട്ടിലെ മണ്ണ് ഒളിച്ചു പോവുന്നെന്ന് തോന്നി തുടങ്ങുമ്പോ ആത്മവിശ്വാസം നഷ്ടപ്പെട്ട്, സ്വത്വം നഷ്ടപ്പെട്ടു താൻ ആരാണെന്ന് പോലും മറന്ന് പോവുന്ന മാനസികാവസ്ഥ. എല്ലാം നഷ്ടപ്പെട്ടെന്ന് വിശ്വസിച്ച് മരിക്കാൻ തുനിഞ്ഞില്ലെങ്കിൽ പോലും ബാലചന്ദ്രൻ ഒരു മാതൃകയല്ല.. ഒരിക്കലും മാതൃകയാക്കാനും പാടില്ല. പക്ഷെ അങ്ങനെയും ജീവിതങ്ങളുണ്ട്. എങ്ങനെയാവരുത് എന്ന് മനസിലാക്കിത്തരുന്ന ജീവിതം.