ഒരുപാട് പേർക്ക് ഭ്രമമുള്ള ഒരു കലാരൂപമാണ് സിനിമ.നടനാകാനും സംവിധായകനാകാനും തിരക്കഥാകൃത്താകാനുമൊക്കെ ഒരുപാട് പേർ പ്രയത്നിക്കുന്നുണ്ട്.പ്രശസ്തിയും പണവും കയ്യൊപ്പും വേണമെന്നല്ലാതെ എത്രപേർ സിനിമ പാഷനായി കൊണ്ട് നടക്കുന്നുണ്ടാകും.നിലവിൽ സിനിമാ മേഖലയിൽ ഉള്ള എത്ര പേർക്ക് ഉണ്ടാകും.ആവർത്തന വിരസത ഏറ്റവും കൂടുതൽ ഉള്ള ഒരു മേഖലയാണ് സിനിമ. അശോക് രാജ് പറഞ്ഞത് പോലെ സിനിമ കാണുന്നത് പോലെ രസകരമായ ഒന്നല്ല ഷൂട്ടിംഗ്.നല്ലൊരു സീൻ എടുക്കാൻ എത്ര ടേക്കുകൾ വേണ്ടി വരാറുണ്ട്.അത് ചിലപ്പോൾ എടുക്കുന്നവരെയും അഭിനയിക്കുന്നവരെയുമൊക്കെ മടുപ്പിക്കാറുണ്ടാകും.
വർഷങ്ങളായി ഇത്തരത്തിൽ ആവർത്തന വിരസത അനുഭവിച്ചവർ അത് കൊണ്ട് തന്നെ മാറി നിന്നിട്ടുണ്ട്.സൂപ്പർ സ്റ്റാർ ആയി കരിയറിന്റെ പീക്കിൽ നിൽക്കുന്ന സമയമാണ് വിനോദ് ഖന്ന സിനിമയിൽ നിന്നും മാറി ഓഷോയ്‌ക്കൊപ്പം പോയത്.നിരവധി നടന്മാർ കുറച്ച് കാലം മാറി നിന്നിട്ടുണ്ട്.സായികുമാറിന്റെ ഈയടുത്തുള്ള ഒരു അഭിമുഖത്തിൽ ഇത്തരത്തിൽ കുറച്ച് കാലം ഇടവേള വേണം എന്ന് കരുതി മാറി നിന്നതായി പറയുന്നുണ്ട്.ഒപ്പം അഡ്വാൻസുമായി വരുന്ന നിർമ്മാതാക്കളിൽ നിന്ന് ഓടിയോടിച്ചിരുന്ന രതീഷിനെ പറ്റിയും.രതീഷിനെ പറ്റി മുൻപും പലരും പറഞ്ഞിട്ടുണ്ട്.പുള്ളി ഭയങ്കര മടിയനായിരുന്നു.സിനിമയിൽ നിന്ന് മാറി നിൽക്കാൻ ആഗ്രഹിച്ച രതീഷിന്റെ ഓഫീസിൽ പോയി കുത്തി ഇരുന്നിട്ടാണ് കമ്മീഷണറിലെ മോഹൻ തോമസ് ആകാൻ രഞ്ജി പണിക്കർ സമ്മതിപ്പിച്ചത്.എന്നാൽ ലേലം സിനിമയിൽ അഭിനയിപ്പിക്കാൻ എത്ര ശ്രമിച്ചിട്ടും നടന്നില്ല.
പല സംവിധായകരും ഗാപ്പെടുക്കുന്നത് ഒന്നുകിൽ മടുപ്പ് കൊണ്ടാകും അല്ലെങ്കിൽ തങ്ങൾക്ക് പറയാനുള്ള ഒരു വിഷയം തെരയുന്നത് കൊണ്ടാകും.മമ്മൂട്ടിയും മോഹൻ ലാലും ഇപ്പോഴും വലിയ താരങ്ങളായി നിലനിൽക്കുന്നതിന്റെ പിന്നിൽ അവർക്ക് സിനിമയോടുള്ള താത്പര്യമാണുള്ളത്.ഇതിൽ ഇന്ന് മമ്മൂട്ടി എന്ന നടന്റെ പാഷൻ എടുത്ത് പറയാതിരിക്കാനാവില്ല.ഈ പ്രായത്തിലും ഒരു വർഷം അത്രയുമധികം സിനിമ ചെയ്യുന്ന സൂപ്പർ താരം വേറെയുണ്ടാകില്ല. അദ്ദേഹത്തിൻറെ വിജയവും സിനിമയോടുള്ള ആർത്തിയാണ്.അതോടൊപ്പം ഗൗരവകരമായ സമീപനവും കാലത്തിനൊത്തുള്ള മാറ്റങ്ങൾക്കായുള്ള ശ്രമവും.സ്വയം പുതുക്കി കൊണ്ടിരിക്കുന്നത് കൊണ്ടാണ് പലപ്പോഴും ഒരു ഫോട്ടോ കൊണ്ടോ നൽകുന്ന അഭിമുഖങ്ങൾ കൊണ്ടോ ഇടയ്ക്കിടെ ആ മനുഷ്യൻ ചർച്ചയാകുന്നത്.എപ്പോഴും പുതുതായി ഒന്ന് പറയാനോ ചെയ്യാനോ കാണും മമ്മൂട്ടിക്ക്.അദ്ദേഹം ഇനിയും മിനുക്കി കൊണ്ടിരിക്കട്ടെ. അനുഭവങ്ങൾ പാളിച്ചകളിലൂടെ മമ്മൂട്ടിയുടെ മുഖം തിരശീലയിലൂടെ നമ്മളിൽ എത്തിയിട്ട് 51 വർഷങ്ങൾ.