നാം അച്ചടക്കവും ആത്മനിയന്ത്രണവും പാലിച്ചെങ്കില്‍ മാത്രമേ, ഈ മഹാമാരിയില്‍നിന്നു രക്ഷപ്പെടാനാകൂ

72
മമ്മൂട്ടിയുടെ വാക്കുകൾ
“വീട്ടിനകത്തിരിക്കുക എന്നത് അസ്വസ്ഥത തന്നെയാണ്. പക്ഷേ, അതൊരു കരുതലായി കാണണമെന്നു തോന്നുന്നു. ഇതു കടന്നുപോയ കാലത്തെക്കുറിച്ചും വരുന്ന കാലത്തെക്കുറിച്ചും ആലോചിക്കാനുള്ള സമയമാണ്. അനാവശ്യമായി ഒന്നും വാങ്ങിക്കൂട്ടേണ്ടതില്ല. നാം വാങ്ങിക്കൂട്ടുമ്പോൾ മറ്റു പലർക്കുമത് ഇല്ലാതാകും. ദിവസക്കൂലികൊണ്ടു മാത്രം ജീവിക്കുന്ന ഒരുപാടുപേരുണ്ട്. അവര്ക്കു കരുതിവയ്ക്കുന്നതില് പരിമിതിയുണ്ട്. ഓരോരുത്തരും അവരുടെ വീടിനടുത്തുള്ള അല്ലെങ്കില്, പരിചയമുള്ള മനുഷ്യരെക്കുറിച്ച് ആലോചിക്കണം. അവര് കരുതിവച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം. ഇല്ലെങ്കില് നമ്മുടെ കരുതല് അവര്ക്കുകൂടിയാകണം. റേഷനടക്കമുള്ള കാര്യങ്ങള് സര്ക്കാര് നല്കുന്നുണ്ട്. അതില് കൂടുതല് അവര്ക്ക് എന്തൊക്കെ വേണമെന്നു നോക്കാന് സര്ക്കാര് സംവിധാനം ഉണ്ടാകണം.അതുകൊണ്ടു തികയണമെന്നില്ല. സമൂഹം മൊത്തമായി കരുതലെടുത്താല് എല്ലാവര്ക്കും മനഃസമാധാനത്തോടെ വീട്ടിലിരിക്കാനാകും. ഫോണ്, ടിവി ചാനലുകള്, ഇന്റര്നെറ്റ് തുടങ്ങിയ പല മാര്ഗങ്ങളും നമ്മുടെ മുന്നിലുണ്ട്. ഇവയെല്ലാം ഫലപ്രദമായി ഉപയോഗിച്ച് നമ്മുടെ വിട്ടുപോയ ബന്ധങ്ങള് ശക്തിപ്പെടുത്താനുള്ള സമയം കൂടിയാണിതെന്നു തോന്നുന്നു. ലോകത്തെ കൂടുതല് അറിയാനുള്ള സമയം. ഇതെല്ലാം ചെയ്യുമ്പോഴും അകത്തിരിക്കുമ്പോഴും എനിക്ക് പുറത്തു നില്ക്കേണ്ടി വരുന്നവരെ ഓര്ക്കാതിരിക്കാനാവില്ല; നമ്മുടെ ആരോഗ്യപ്രവര്ത്തകരെ. അവരെ ലോകം മുഴുവന് അഭിനന്ദിക്കുന്ന കാഴ്ചകള് നാം കാണുന്നില്ലേ. അത് അഭിനന്ദനം മാത്രമല്ല, അവര്ക്കുള്ള പ്രാര്ഥനകൂടിയാണ്. മുന്പൊരിക്കലും ഇതുപോലെ അടച്ചിരിക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമരുത്. വീട്ടിലിരുന്ന ദിവസങ്ങളൊന്നും എന്നെ മടുപ്പിച്ചിട്ടില്ല. ഇതു ഞാന് ചെയ്യേണ്ട കടമ മാത്രമാണ്. ലോകത്തിന്റെ ഒരു കോണിലേക്കും ഓടി രക്ഷപ്പെടാനാകില്ലെന്ന് ഓര്ക്കണം.
അവിടെയെല്ലാം വൈറസ് നമ്മെ കാത്തുനില്ക്കുന്നു. നമുക്കു രക്ഷ നമ്മുടെ വീടു മാത്രമാണ്. അതികനത്തേക്കു പോകാനാണ്, അവിടെ തുടരാനാണു സര്ക്കാരുകള് പറയുന്നത്. നാം അച്ചടക്കവും ആത്മനിയന്ത്രണവും പാലിച്ചെങ്കില് മാത്രമേ, ഈ മഹാമാരിയില്നിന്നു രക്ഷപ്പെടാനാകൂ.”