മമ്മുട്ടി @ 72

Muhammed Sageer Pandarathil

ചലച്ചിത്രതാരവും നിർമ്മാതാവുമായ മുഹമ്മദ്കുട്ടി ഇസ്മയിൽ പണിപ്പറമ്പിൽ എന്ന മമ്മൂട്ടി അദ്ദേഹത്തിന്റെ ഉമ്മയുടെ നാടായ ആലപ്പുഴ ചന്തിരൂർ എന്ന സ്ഥലത്ത് 1951 സെപ്റ്റംബർ 7 ആം തിയതിയാണ് ജനിച്ചത്. തുടർന്ന് ഉപ്പയുടെ നാടായ കോട്ടയം വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്ത് വളർന്ന അദ്ദേഹം സ്ക്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തേവര സേക്രട്ട് ഹാർട്ടിൽ നിന്ന് പ്രീഡിഗ്രിയും/കൊച്ചി മഹാരാജാസ് കോളേജിൽ നിന്ന് ഡിഗ്രിയും പാസ്സായി. തുടർന്ന് എറണാകുളം ലോ കോളേജിൽ നിന്ന് എൽ എൽ ബിയും കരസ്ഥമാക്കിയ അദ്ദേഹം മഞ്ചേരിയിൽ രണ്ടു വർഷം വക്കീലായി സേവനം അനുഷ്ഠിച്ചു.

അനുഭവങ്ങൾ പാളിച്ചകൾ എന്ന തകഴിയുടെ നോവലിന് കെ.എസ്. സേതുമാധവൻ ചലച്ചിത്രാവിഷ്കാരം നിർവഹിച്ച്, എം.ഓ. ജോസഫ് നിർമ്മിച്ച്, 1971 ആഗസ്റ്റ് 6 ആം തിയതി പുറത്തിറങ്ങിയ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര അഭിനയ ലോകത്തെത്തിയ ഇദ്ദേഹം അതേ വർഷം തന്നെ പുറത്തിറങ്ങിയ മേള, തൃഷ്ണ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. എന്നാൽ ഇദ്ദേഹത്തിന് ആദ്യമായി താര പദവി നേടിക്കൊടുത്ത ചിത്രം യവനിക ആയിരുന്നു. ഇതിൽ അദ്ദേഹം അവതരിപ്പിച്ച പോലീസ് കഥാപാത്രം പിൽക്കാലത്ത് തരംഗമായി മാറി. ശേഷം, അഹിംസ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ ഇദ്ദേഹത്തെ തേടി എത്തി. 80 തുകളിൽ പുറത്തിറങ്ങിയ കൂടെവിടെ, ആ രാത്രി, സന്ദർഭം, നീർകൂത്ത്, അതിരാത്രം തുടങ്ങിയ ചിത്രങ്ങളിലൂടെ ജനശ്രദ്ധ നേടാനായി.എന്നാൽ ഇദ്ദേഹത്തതിന് ആദ്യമായി മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരവും, ഫിലിം ഫെയർ പുരസ്ക്കാരവും നേടിക്കൊടുത്തത് അടിയൊഴുക്കുകൾ എന്ന ചിത്രമായിരുന്നു.തുടർന്ന് യാത്ര എന്ന ചിത്രത്തിലെ അഭിനയത്തിന് സ്പെഷ്യൽ ജൂറി പുരസ്കാരവും/മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്ക്കാരവും അദ്ദേഹം സ്വന്തമാക്കി.

മമ്മൂട്ടി നായകനായി 1988 ൽ പുറത്തിറങ്ങി വളരെ അധികം പരാമർഷിക്കപ്പെട്ട കുറ്റാന്വേഷണ ചിത്രമാണ് ഒരു സിബിഐ ഡയറി കുറിപ്പ്. പിന്നീട് ഇതേ പശ്ചാത്തലത്തിൽ ജാഗ്രത/ സേതുരാമയ്യർ സിബിഐ/ നേരറിയാൻ സിബിഐ/ സിബിഐ 5 എന്നിങ്ങനെ നാല് ചിത്രങ്ങൾ കൂടി പുറത്തിറങ്ങി. എം ടി വാസുദേവൻ‌ നായരുടെ അക്ഷരങ്ങൾ/സുകൃതം/കേരള വർമ്മ പഴശ്ശിരാജ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ഇദ്ദേഹത്തെ തേടി 1990 ൽ മതിലുകൾ, ഒരു വടക്കൻ വീരഗാഥ/ 1994 വിധേയൻ, പൊന്തൻ മാട/ 1999 ൽ അംബേദ്കർ എന്നീ ചിത്രങ്ങളിലെ അഭിനയങ്ങൾക്കായി ദേശീയ അവാർഡ് വന്നിട്ടുണ്ട്. കൂടാതെ 6 തവണ ഏറ്റവും നല്ല നടനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ്/ 13 ഫിലിം ഫെയർ അവാർഡ്/1998 ൽ പത്മശ്രീ/ 2010 ൽ കേരള യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് എന്നിങ്ങിനെയുള്ള പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങിയ 6 ഭാഷകളിലായി 400 ൽ പരം സിനിമകളിൽ തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള, ഇദ്ദേഹത്തിന്റെ ഭാര്യ സുൽഫത്താണ്. സുറുമി, ചലച്ചിത്രനടനും നിർമ്മാതാവുമായ ദുൽഖർ സൽമാൻ എന്നിവരാണ് മക്കൾ.

Vani Jayate

ഓരോ മനുഷ്യർക്കും കഴിവുകൾ ഉണ്ട്… അതുപോലെ തന്നെ ദൗർബല്യങ്ങളും. ഇതിനെ രണ്ടിനെയും കൃത്യമായി തിരിച്ചറിഞ്ഞുകൊണ്ട്, കഴിവുകളെ ഉപയോഗിച്ച് കഠിനമായി അദ്ധ്വാനിച്ചും, പോരായ്മകളെ മറികടന്നും മാത്രമേ ജീവിത വിജയം നേടാൻ കഴിയൂ. അങ്ങനെ വിജയിച്ചു നിൽക്കുന്ന ആളാണ് മമ്മൂട്ടി. ബഹുമാനിക്കേണ്ട, ജീവിതത്തിൽ പകർത്തേണ്ട വ്യക്തിത്വം. ഒന്നൊന്നര സിനിമ കൊണ്ട് കാരവനും, ബിഎംഡബ്‌ള്യുവും, സൂപ്പർ സ്റ്റാർഡവും നേടിയെടുത്ത ആളല്ല. നാനയിൽ പടം വരാൻ വേണ്ടി മാസങ്ങളോളം ലേഖകന്മാരുടെ പിറകെ നടന്നും, കഷ്ടപ്പെട്ട് കിട്ടിയ റോൾ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി പന്ത്രണ്ടടി ഉയരത്തിൽ നിന്നെടുത്ത് ചാടി കാലൊടിഞ്ഞും, തുടർ പരാജയങ്ങൾ നേരിട്ട് കരഞ്ഞുകൊണ്ട് വേറെ പണി തേടാൻ തുനിയേണ്ട അവസ്ഥയിൽ നിന്നും തിരിച്ചു പിടിച്ചും , ഒരൊറ്റ ഫോക്കസുമായി കഠിനമായി അദ്ധ്വാനിച്ച് തന്നെ സമ്പാദിച്ച കിരീടമാണ്.

തമാശ വഴങ്ങില്ല എന്ന് പറഞ്ഞു അദ്ദേഹത്തെ പരിഹസിച്ചവർ ഉണ്ടായിരുന്നു. അവരുടെ പരിഹാസത്തിൽ തെറ്റില്ലെന്ന്, പുലി വരുന്നേ പുലി, നന്ദി വീണ്ടും വരിക, ഐസ്ക്രീം, എങ്ങനെയുണ്ടാശാനേ… തുടങ്ങിയ സിനിമകളിൽ അദ്ദേഹത്തെ സഹിച്ച മലയാളികൾക്കൊക്കെ അറിയാവുന്നതാണ്. എന്നാൽ അവരെയെല്ലാം ഞെട്ടിച്ചു കൊണ്ട് ഹാസ്യത്തെ തനിക്ക് വഴങ്ങുന്ന രീതിയിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ആ പരിഹസിച്ചവർ ഒക്കെ രാജമാണിക്യത്തിനും, മായാവിക്കും കയ്യടിച്ചിട്ടുണ്ടാവും. എൺപതുകളിൽ ചിത്രങ്ങൾ എടുത്തു നോക്കാം പല സിനിമകളിലെയും മമ്മൂട്ടിയുടെ അഭിനയം, അരോചകമായി ഇന്ന് തോന്നും. കാരണം അദ്ദേഹം ആ കാലഘട്ടത്തിലെ, സങ്കൽപ്പങ്ങൾക്ക് വേണ്ടി തന്റെ അഭിനയത്തെ പരുവപ്പെടുത്തി എടുത്തതായിരുന്നു. എന്നാൽ അതെ മമ്മൂട്ടിയെ ഇന്ന് നോക്കൂ.. ഈ കാലഘട്ടത്തിന്റെ, ഈ തലമുറയുടെ, നടനായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അത് നിരീക്ഷണം, നിഗമനം, അദ്ധ്വാനം എന്ന ഘടകങ്ങൾ കൊണ്ടാണ്.

അതാത് കാലഘട്ടത്തിലെ, തലമുറയുടെ ചിന്താഗതിയും ആവശ്യങ്ങളും അദ്ദേഹം തിരിച്ചറിയാൻ എക്കാലത്തും ശ്രമങ്ങൾ നടത്തിയിട്ടുണ്ട്, അതിനെക്കുറിച്ച് തന്റേതായ നിഗമനങ്ങളിൽ എത്തിയിട്ടുണ്ട്, അത് പ്രകാരം കഠിനമായി അദ്ധ്വാനിച്ചിട്ടുണ്ട്. തിരുത്തേണ്ടത് തിരുത്തിയിട്ടുണ്ട്, മാറേണ്ട ഇടത്ത് മാറിയിട്ടുണ്ട്, മാറ്റേണ്ടതിനെ മാറ്റിയിട്ടുമുണ്ട്. അദ്ദേഹത്തോട് വ്യക്തിപരമായും നടൻ എന്ന നിലയ്ക്കും വിയോജിപ്പുകളും ഇഷ്ടക്കേടുകളും ഒക്കെ ഉണ്ടാവും. പക്ഷെ അദ്ദേഹം ഒരു വിജയിച്ച മലയാളി ആണെന്നത് ഒരു സംശയവും കൂടാതെ അംഗീകരിക്കേണ്ട വസ്തുതയാണ്. അതുകൊണ്ട് തന്നെ വളർന്ന് വരുന്ന തലമുറകൾക്ക് പാഠങ്ങൾ പഠിക്കാനുള്ള ഒരു പാഠപുസ്തകവും. പിറന്നാൾ മംഗളാശംസകൾ.

**

നടനത്തിൻ്റെ കൈയ്യൊപ്പ്…!!!

2000 ത്തിനു ശേഷം ഇറങ്ങിയ മമ്മുട്ടിയുടെ മലയാള സിനിമകളിൽ എന്നെ ഭ്രമിപ്പിച്ച ഒരൊറ്റ കഥാപാത്രമേ ഉണ്ടായിട്ടുള്ളു.അത് മറ്റാന്നുമല്ല കയ്യൊപ്പിലെ ബാലചന്ദ്രൻ മാത്രം..!പച്ചയായ മനുഷ്യൻ്റെ ഹൃദയ ഗന്ധിയായ കഥയിൽ അതി മനോഹര വേഷ പകർച്ചയായിരുന്നു മമ്മുട്ടിയുടെ. കഥാകാരൻ്റെ മനസ്സിലെ ആഹുലതകളും, Writers Block ഉം, നന്മയാർന്ന പ്രണയവുമെല്ലാം അതി ഭംഗിയായി സൂക്ഷമമായി അവതരിപ്പിച്ചു മമ്മുട്ടി.
ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ തന്റെ ഒരു കാലത്തെ പ്രണയിനിയായ പത്മയുടെ മടങ്ങിവരവാണ് വീണ്ടും എഴുതാനുള്ള ആ അധിക പ്രചോദനം ബാലചന്ദ്രനു നൽകുന്നത്. ഈ സാഹചര്യങ്ങളെല്ലാമാണ് ബാലചന്ദ്രന് തന്റെ നോവൽ പൂർത്തിയാക്കാൻ ആവശ്യമായ ഊർജം നൽകുന്നത്.

നീലേശ്വരം സ്വദേശിയായ അനാഥനായ ബാലചന്ദ്രൻ ഇപ്പോൾ വളക്കടയിൽ അക്കൗണ്ടന്റാണ്. അവൻ വളരെ സാധാരണ ജീവിതമാണ് നയിക്കുന്നത്. എന്നാൽ അദ്ദേഹത്തിന് സാഹിത്യത്തിൽ തികഞ്ഞ താൽപ്പര്യമുണ്ട്. പുസ്തകങ്ങൾ മാത്രമാണ് അവന്റെ സുഹൃത്തുക്കൾ. അക്ഷരങ്ങളുടെ ലോകത്താണ് താൻ ജീവിച്ചിരുന്നതെന്ന് ഓർക്കുന്ന കാലം മുതൽ, വായന അവന്റെ പ്രിയപ്പെട്ട ഹോബിയായി തുടരുന്നു. അയാൾ ഇപ്പോഴും അവിവാഹിതനാണ്, കോഴിക്കോട്ടെ ഒരു ഓടുമേഞ്ഞ ലോഡ്ജിൽ വർഷങ്ങളായി തനിച്ചാണ് താമസം. അവന്റെ മുറിയിൽ പുസ്തകങ്ങൾ നിറഞ്ഞിരിക്കുന്നു. പതുക്കെ ബാലചന്ദ്രൻ എഴുതിത്തുടങ്ങി. വളരെക്കാലമായി അടിച്ചമർത്തപ്പെട്ട വികാരങ്ങൾ വാക്കുകളുടെ ഒരു കൂട്ടത്തിൽ ഉയർന്നു. കടന്നുപോകുന്ന ഓരോ നിമിഷത്തിന്റെയും തീവ്രത നിരീക്ഷിക്കാനും ഉൾക്കൊള്ളാനും കഴിയുന്ന ഒരു മനസ്സിന് മാത്രമേ സാഹിത്യ മാസ്റ്റർപീസുകൾ സൃഷ്ടിക്കാൻ കഴിയൂ. ബാലചന്ദ്രൻ അത്തരത്തിലൊരാളാണ്.

ലോഡ്ജിന്റെ കെയർടേക്കറും മാനേജരുമായ ബാബു, ബാലചന്ദ്രന്റെ ബൗദ്ധിക പ്രവർത്തനങ്ങൾ മനസ്സിലാക്കുകയോ അഭിനന്ദിക്കുകയോ ചെയ്യാത്ത, എന്നാൽ ആവശ്യമുള്ള സമയങ്ങളിൽ അദ്ദേഹത്തിന്റെ സഹാനുഭൂതിയും പിന്തുണയും സ്വീകരിക്കുന്ന ലൗകിക ലോകത്തെ പ്രതിനിധീകരിക്കുന്നു. രചയിതാവും പ്രസാധകനും തമ്മിലുള്ള ബന്ധവും, പ്രസാധകൻ എഴുത്തുകാരനും പുറംലോകവും തമ്മിലുള്ള കണ്ണിയാകുന്നതും സൂക്ഷ്മമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രം.

വിപ്ലവാത്മകമായ ആദർശങ്ങളുള്ള, ചെറുപ്പകാലത്ത് തന്റെ സാഹിത്യ വൈദഗ്ധ്യത്തിന് സഹപാഠികൾ പ്രശംസിച്ചിരുന്ന, അന്തർമുഖനായ, പോരാടുന്ന എഴുത്തുകാരന്റെ ഭാഗമാണ് മമ്മൂട്ടി ഉഗ്രനായി പകർന്നാടിയത്. കണ്ണുകളിലെ ആ നിസ്സഹായതയും, പതിഞ്ഞ സംസാരവും, അതിലുപരി വളരെ ഒതുങ്ങി ജീവിതം മുന്നാട്ടു കൊണ്ടു പോകാൻ ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരനായ ബാലചന്ദ്രനായി പരകായ പ്രവേശം നടത്തുകയായിരുന്നു ഈ നടൻ എന്നു വേണം പറയാൻ. ഒരു എഴുത്തുകാരൻ അഭിമുഖീകരിക്കുന്ന വൈകാരിക സംഘർഷങ്ങളിലൂടെയാണ് ഈ കഥാപാത്രം നമ്മളെ കൊണ്ടുപോകുന്നത്.
കഥാപാത്രത്തിനു പുർണ്ണത ജനിപ്പിക്കുന്ന അത്യുഗ്രൻ നടന വൈഭവം….!!

ഇതിലും നന്നായി കഥാപാത്രങ്ങൾ അനവധി ഉണ്ടാവാം ,പക്ഷെ ഇതു പോലെ ഒരെണ്ണം ഇനി അഭിനയിക്കാനുള്ള അവസരം വന്നു ചേരുമോ? നമ്മൾക്കു കാണാനാവുമോ?? തികച്ചും സാധാരണക്കാരനായി നമ്മളെ അവൻ്റെ ദുഃഖത്തിലേയ്ക്ക് ആവാഹിക്കുന്ന അഭിനയത്തികവ്.
മണ്ണിലൂന്നി, സാധാരണക്കാരനായി, ജീവിതത്തിൽ നമ്മൾ കണ്ടു വരുന്ന ഒരുവനായി നമ്മുടെ മനസ്സു കവരാൻ ഒരു കഥാപാത്രം ഉടൻ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു അദ്ദേഹത്തിൻ്റെ ഈ പിറന്നാൾ ദിനത്തിൽ.

You May Also Like

പുതിയ തമിഴ് സിനിമയായ വിറ്റ്നസിന്റെ പ്രമേയത്തിൽ പറയുന്ന ജോലി ഇപ്പോഴും ഇന്ത്യയിൽ നിലവിൽ ഉണ്ടോ ?

ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി പുതിയ തമിഴ് സിനിമയായ വിറ്റ്നസ് (Witness ) എന്ന…

മലൈക്കോട്ടൈ വാലിബൻ ടീസർ

ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ‘മലയ്‌ക്കോട്ടൈ വാലിബൻ’ എന്ന ചിത്രത്തിലൂടെ രാജ്യമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിക്കാൻ ഒരുങ്ങുകയാണ്…

ഈ സംവിധായകരെ കണ്ടാൽ നിങ്ങള്ക്ക് അവരോടു ഈ ചോദ്യങ്ങൾ ചോദിയ്ക്കാൻ തോന്നാറില്ലേ ?

Kannan Poyyara ഈ സംവിധായകരെ കണ്ടാൽ നിങ്ങള്ക്ക് അവരോടു ഈ ചോദ്യങ്ങൾ ചോദിയ്ക്കാൻ തോന്നാറില്ലേ ?…

തിയേറ്ററിൽ ഹിറ്റായി ‘ഒറ്റ്’ പുതുചരിത്രം തീർക്കുമോ ?

Gladwin Sharun Shaji മലയാളസിനിമയിൽ ഫീൽ ഗുഡ്, റിയലിസ്റ്റിക്ക് പച്ചപ്പ് പടങ്ങൾ ആണ് കൂടുതലും വരുന്നത്.നമ്മുടെയൊക്കെ…