മമ്മൂട്ടി ഇന്‍ അബ്ദുക്കാസ് തട്ടുകട
പുഴയോട് ചേര്‍ന്നു ഓലമേഞ്ഞ ഷെഡില്‍ ആണ് അബ്ദുക്കയുടെ “ഫൈവ് സ്റാര്‍” ഹോട്ടല്‍, ചാലിയാറില്‍ മണല്‍ വാരുന്ന തൊഴിലാളികളുടെ വിശപ്പടക്കാനുള്ള ഏക ആശ്രയമായിരുന്നു അത്
147 total views

സ്ക്കൂളിലെ അവധി ദിനങ്ങള്‍ നോക്കിയാണ് ചാലിയാറിനക്കരെയുള്ള പറമ്പില്‍ തേങ്ങയിടാന്‍ ഉപ്പ പ്ലാന്‍ ചെയ്യാറ് ,, അതി രാവിലെ തോണി തുഴഞ്ഞു നല്ല വീതിയുള്ള പുഴ അക്കരെ പറ്റാന്‍ മാത്രമല്ല എനിക്കിഷ്ടം ,,പുഴക്കക്കരയുള്ള അബ്ദുക്കയുടെ ഹോട്ടലില്‍ നിന്നും പൊറോട്ടയും പുഴമീന്‍ മുളകിട്ടതും ,പറമ്പില്‍നിന്ന് മാങ്ങയും പേരക്കയുമൊക്കെ പറിച്ചു തിന്നാനും കിട്ടുന്ന നല്ലൊരു അവസരംകൂടിയാണത് .,അക്കരയ്ക്കു പോവാനുള്ള ദിവസങ്ങളില്‍ രാവിലെ തന്നെ ഉമ്മയുടെ കാലിച്ചായ മാത്രം അകത്താക്കി ,ഓടിപ്പോയി തോണിയില്‍ കയറി അതിന്റെ അമരത്തിലിരിക്കാന് ഞങ്ങള്‍ മത്സരിക്കുമായിരുന്നു.
വീട്ടില്‍ സ്വന്തമായി ഉണ്ടായിരുന്ന തോണിയില്‍ ഗമയില്‍ ഇരിക്കുന്നതും തുഴയുന്നതും ഇന്നത്തെ പ്രാഡോ കാറില്‍ ഇരിക്കുന്നതിനെക്കാളും വലിയ കാര്യമായിട്ടാണ് എനിക്ക് തോന്നിയിരുന്നത് ,പൊതു കടത്ത് തോണിക്കു വേണ്ടി മണിക്കൂറുകള്‍ കാത്തു നില്കുന്ന വിദ്യാര്‍ത്ഥികളുടെയും ,കോഴിക്കോട്ടങ്ങാടിയില്‍ ചരക്കെടുക്കാനും ,വിവിധാവശ്യങ്ങള്‍ക്കുമായി പോകുന്നവരുടെ മുന്നിലൂടെ “തോണി ഓണര്‍” ആയി ( ആര് സി ഓണറേക്കാളും ഗമയില്‍ …)തുഴഞ്ഞു പോകുമ്പോള്‍ ,ബസ്സ്സ്റ്റോപ്പില് അക്ഷമരായി ബസ്സുകാത്തു നില്ക്കുന്നവരുടെ മുമ്പില്‍ കൂടി ലക്ഷറി കാര്‍ ഓടിക്കുന്നവന്റെ അഹങ്കാരമായിരുന്നു മുഖത്ത്…,
അക്കരെയുള്ള പറമ്പില്‍ ഹരിദാസേട്ടന്റെ കയ്യിലെ നീളം കൂടിയ കൊടുവാള് കൊണ്ടുള്ള ഗംഭീര പെര്‍ഫോമന്‍സില്‍ അടര്‍ന്നു വീഴുന്ന തേങ്ങകള്‍ അടുക്കി പെറുക്കി തോണിയില്‍ കയറ്റി ഇക്കരയുള്ള തറവാട്ടു വീട്ടില്‍ എത്തിക്കുകയാണ് പ്രധാന ദൌത്യം ..ഒഴിവു ദിനത്തിലെ കൂട്ടുകാരുമൊത്തുള്ള ഫുട്ബോള്‍ കളിയും അതുകഴിഞ്ഞു പുഴയില്‍ മണിക്കൂര്‍ നീണ്ടു നില്കുന്ന കുളിയും ,കടത്തു തോണി കാത്തു നില്ക്കുന്ന കടവിന്റെ തൊട്ടടുത്തുള്ള അത്തിമരത്തിന്റെ ഏറ്റവും ഉയരം കൂടിയ ചില്ലയില്‍ നിന്നും തോണിയും കാത്തു നില്ക്കുന്നവര് കാണ്‍കെ പലതവണ മലക്കം മറിഞ്ഞ് പുഴയില്‍ ആര്‍പ്പുവിളികളോടെ വീണ് അവര്‍ക്ക് മുമ്പില്‍ ഹീറോ ചമയുന്നതും , പുഴക്ക് നടുവിലെ വാട്ടര്‍ ബോള്‍ കളിയും നഷ്ട്ടമാകുമെങ്കിലും ,തേങ്ങാ വലിക്കുന്നതിനീടെ ക്ഷീണം അഭിനയിച്ച് ഹരിദാസേട്ടനെ മണിയടിച്ചു ഇടയ്ക്കിടയ്ക്ക് വലിച്ചിടുന്ന ഇളനീരും ,അബ്ദുക്കായ്ടെ കടയിലെ സ്വാദ് നിറഞ്ഞ ഐറ്റംസ് നാസ്തയും അതിനു മുമ്പില്‍ ഒന്നുമല്ല …
പുഴയോട് ചേര്‍ന്നു ഓലമേഞ്ഞ ഷെഡില്‍ ആണ് അബ്ദുക്കയുടെ “ഫൈവ് സ്റാര്‍” ഹോട്ടല്‍, ചാലിയാറില്‍ മണല്‍ വാരുന്ന തൊഴിലാളികളുടെ വിശപ്പടക്കാനുള്ള ഏക ആശ്രയമായിരുന്നു അത് ,,വട്ടമുഖവും ചാടിയ വയറും മുഖത്ത് എപ്പോഴുംവെട്ടി തിളങ്ങുന്ന നൂറു വാട്ട്സ് ബള്‍ബിന്റെ ചിരിയുമായിരുന്നു അബ്ദുക്കായുടെ ട്രേഡ്മാര്‍ക്ക് എംബ്ലം ..ചെറിയ കുട്ടികള്‍ മുതല്‍ വലിയവര്‍ വരെ “അബ്ദു” എന്ന വിളിക്കുന്ന അബ്ദുക്കായ്ടെ കൈപുണ്യം നിറഞ്ഞ ഭക്ഷണം രുചിക്കാത്തവര്‍ ഞങ്ങളുടെ നാട്ടില്‍ അപൂര്‍വം….കാലത്തിന്റെ അനിവാര്യമായ മാറ്റത്തിനൊപ്പം അബ്ദുക്കയും മാറി ,ചാലിയാറില്‍ മണല്‍ എടുക്കല്‍ പഞ്ചായത്ത് ഏറ്റെടുക്കുകയും പഴയ കടത്തുതോണിയെ പഴങ്കഥയാക്കി പുഴയ്ക്ക് കുറുകേ പാലം വരികയും ചെയ്തപ്പോള്‍ അബ്ദുക്ക തന്റെ തട്ടകംപുഴവക്കില് നിന്നും പാലത്തിന്റെ ഒരരികിലേക്ക് പറിച്ചുനട്ടു.
പുഴമീന്‍ കറിക്കു പകരം ഇപ്പോള്‍ പഴം പൊരിച്ചതും ,ഉള്ളിവടയും ,നെല്ലിക്ക ഉപ്പിലിട്ടതും ,ഓംലറ്റും കട്ടന്‍ചായയും .അബ്ദുക്കാന്റെ സ്പെഷ്യല്‍ വിഭവമായ അവില് മില്‍ക്കും ആ തട്ടുകടയിലെ അതിഥികള്‍ക്കുള്ള കൊതിയൂറുന്ന വിഭാവങ്ങളായി ,, വൈകുന്നേരങ്ങളില്‍ ഊര്‍ക്കടവ് പാലത്തിന്റെ ഇരുകരകളിലും എത്തുന്ന പ്രണയജോഡികളും ഒരു വശം മലയോട് ചേര്‍ന്നൊഴുകുന്ന ചാലിയാറിന്റെ പ്രക്രതി സൌന്ദര്യം കാമറയില്‍ പകര്‍ത്താനെത്തുന്ന നവ മിധുനങ്ങളും ,പാലത്തിനു മുകളില്‍ നിന്നും പുഴയിലേക്ക് ചുണ്ടയിട്ടു “കൈനനയാതെ മീന്‍പിടിക്കുന്നവരും” അബ്ദുക്കാന്റെ തട്ടുകടയില്‍ ഒരു സലാം കൊടുക്കാതെ പോകാറില്ല …തട്ടുകടയുടെ പിറകില്‍ നിരത്തിയിട്ട കസേരയില്‍ ഇരുന്നു പുഴയില്‍ നിന്നും വരുന്ന നേര്‍ത്ത കാറ്റും കൊണ്ട് ചാലിയാറിന്റെ സൌന്ദര്യം ആസ്വദിച്ച് കട്ടന്‍ കാപ്പിയും ഓംലറ്റും കഴിക്കാതെ പോകാന്‍ ആര്‍ക്കാണ് കഴിയുക , തൊട്ടടുത്തുള്ള സമാന്തര തട്ടുകടകള്ക്കോ ,ആധുനിക സംവിധാനമുള്ള ഫാസ്റ്റ് ഫുഡ് സെന്റെറിനോ അബ്ദുക്കായുമായി ഒരു കൈ മത്സരിക്കാന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല ….രാത്രി മോരുവെള്ളം കുടിക്കരുത് എന്ന് പഴമക്കാര്‍ പറയുമെങ്കിലും ,ആ സുന്ദരകുട്ടപ്പന്‍ മാരായ വെളുത്ത കുപ്പികള്‍ കാണുമ്പോള്‍ ഒരു ഗ്ലാസ്സ് കുടിക്കാതെ പോകാന്‍ എനിക്കാവാറില്ല …കല്യാണം കഴിഞ്ഞ ആദ്യ നാളില്‍ പ്രാണസഖിയെ സുഖിപ്പിക്കാന്‍ അവിടുത്തെ പരിപ്പുവടയും മാങ്ങഉപ്പിലിട്ടതും ആരും കാണാതെ മടിശീലയില്‍ ഒളിപ്പിച്ചു കടത്തുന്നതിനിടയില്‍ വീട്ടിലെ ചെക്ക് പോസ്റ്റില്‍ ഇക്കാക്കമാരുടെ കുട്ടിപട്ടാളം കയ്യോടെ പിടികൂടിയത് ശ്രീമതി ഇപ്പോഴും പറഞ്ഞു ചിരിക്കാറുണ്ട് സ്വതസിദ്ധമായ പുഞ്ചിരിയോടെയും നിമിഷനേരം കൊണ്ടു എല്ലാവരെയും ആദ്യ കാഴ്ചയില്‍ തന്നെ തമാശകള്‍ പറഞ്ഞു കയ്യിലെടുക്കാനുള്ള അബ്ദുക്കാന്റെ കഴിവ് പലപ്പോഴും എനിക്കൊരു അത്ഭുതമാണ് . ….
അന്നും സൂര്യന് ഒരല്ഭുതവും കാണിക്കാതെ കിഴക്കുനിന്നും പടിഞ്ഞാറോട്ട് നടക്കാന്‍ തുടങ്ങി ..എന്നാല്‍ ഊര്‍ക്കടവ് കാര്‍ക്ക് അന്നൊരു സ്പെഷ്യല്‍ എപ്പിസോഡ് ആയിരുന്നു. കേട്ടവര്‍ കേട്ടവര്‍ അങ്ങോട്ടോടി ..എല്ലാരും ഓടുന്നത് കണ്ടപ്പോള്‍ കാര്യം പിന്നെ തിരക്കാം എന്നും കരുതി ഞാനും ..പാലത്തിന്റെ മറുകരയില്‍ എത്രവേഗം കൊണ്ടാണ് എത്തിയത് എന്നറിയില്ല .ആണുങ്ങളും പെണ്ണുങ്ങളും ,അടല്ത്സും നോണ്‍ അടല്ത്സും ഒക്കയുണ്ട് ആ കാഴ്ച കാണാന്‍ ..ആരെങ്കിലും വെള്ളത്തില്‍ പോകുകയോ തോണിമറയുകയോ ഒക്ക ഉണ്ടായാലാണ് സാധാരണ ഇങ്ങനെ ബഹുജന പങ്കാളിത്തം ഉണ്ടാവാറ്….എന്നാല്‍ ഇത് അതൊന്നും ആയിരുന്നില്ല ..അബ്ദുക്കാന്റെ തട്ടുകടയില്‍ സാക്ഷാല്‍ നമ്മുടേ സ്വന്തം മമ്മുക്ക !
“വിശ്വസിച്ചാലും ഇല്ലെങ്കിലും” അതായിരുന്നു അന്ന് അത് കാണാന്‍ കഴിയാത്തവര്‍ക്ക് അബ്ദുക്ക പിന്നീടതിനു കൊടുത്ത മറുപടി …മമ്മുക്ക അവിടെ എന്തിനു വന്നു? ..അബ്ദുക്കാന്റെ തട്ടുകടയിലെ വിഭവങ്ങള്‍ രുചിച്ചു നോക്കി “മമ്മൂട്ടി ടേസ്റ്റ് ബഡ്സ് ” തുടങ്ങാനായിരിക്കുമോ ? അതോ ഇനി വല്ല ഫാന്‍സ് അസോസിയേഷന്‍കാരും അദ്ധേഹത്തിനു വല്ല സ്വീകരണവും ഏര്‍പ്പാടാക്കിയോ അല്ലങ്കില്‍ ഇത് വെറും മമ്മൂട്ടി വേഷം കെട്ടിയ വല്ല മിമിക്രിക്കാരുടെ പറ്റിക്കല്‍ പരിപാടിയോ മറ്റോ ആണോ …നിങ്ങളെപ്പോലെ എനിക്കും അറിയാന്‍ മുട്ടീട്ട് വയ്യ…….
ആള്‍ക്കൂട്ടത്തെ തള്ളിമാറ്റി ഒരു വിധം അബ്ദുക്കാന്റെ കടയിലെത്തിയ ഞാനും ആ കാഴ്ച്ചകണ്ടു
അബ്ദുക്കാന്റെ കടയില്‍ ഒരു സുന്ദരിയോടൊപ്പം മമ്മുക്ക ഇരിക്കുന്നു .കൂടെ വേറയും കുറെ പേര് ..സ്ക്രിപ്റ്റ് വായനയും മേയ്ക്കപ്പും കട്ടും ആക്ഷനും ഒക്കെ കൂടി ആകെ ബഹളം …സിനിമാ ഷൂട്ടിംഗ് ആണ് അതെന്നു പെട്ടെന്ന് മനസ്സിലായി ,പാലേരി മാണിക്യം എന്ന സിനിമ യിലെ ചില രംഗങ്ങള്‍ ചിത്രീകരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു മമ്മൂട്ടി ഊര്ക്കടവില് എത്തിയത് ..അതൊന്നു കാണാന്‍ ചിലര്‍ മരത്തിന്റെ മുകളില്‍ ,വേറെ ചിലര്‍ പാലത്തിന്റെ കൈവരിയില്‍ ,മമ്മുക്കാ എന്ന് സ്നേഹപൂര്‍വ്വം ചിലര്‍ …ഒന്ന് നോക്കിയാല്‍ മതി ,സ്വര്‍ഗം കിട്ടിയ പോലെ എന്ന രീതിയില്‍ വേറെ ചിലര്‍ ഉച്ചത്തില്‍ ആര്‍പ്പുവിളിക്കുന്നു …ഷൂട്ടിംഗ് കാണാന്‍ കഴിയാത്തചിലര്‍ “എന്തൊരു ജാഡ നമ്മളെപ്പോലെ അല്ല്ലാത്ത എന്താ ഇയാള്കുള്ളത് ” എന്നു സ്വയം ആശ്വസിക്കാന്‍ അദ്ധേഹത്തെ കുറ്റം പറയുന്നു .ആകെക്കൂടി ഒരു ശ്രീനിവാസന്റെ “കഥപറയുമ്പോള്‍ സ്റ്റൈല്‍” …കൂടുതല്‍ ആ ജനസാഗരത്തില്‍ നിന്നാല്‍ ആകെ കിട്ടിയ ഇരുപതു ദിവസത്തെ ലീവിലെ വിലപ്പെട്ട സമയം മമ്മൂട്ടിയും കൂട്ടരും കൊണ്ടുപോകും എന്ന് തോന്നിയതിനാല്‍ ഞാന്‍ അപ്പോള്‍ തന്നെ അവിടുന്ന് മുങ്ങി എന്നെങ്കിലും സമയം കിട്ടുമ്പോള്‍ വെള്ളിത്തിരയില്‍ കാണാമല്ലോ…..
അവസാന ലീവിന്റെ വൈകുന്നേരവും ഞാന്‍ പതിവ് പോലെ ശ്രീമതിയുടെ വൈകുന്നേര ചായ സ്നേഹപൂര്‍വ്വം നിരസിച്ചു കൊണ്ട് അബ്ദുക്കാന്റെ കടയിലെത്തി ,ഇനി ഈ കട്ടന്‍ ചായയും ഓംലറ്റും കിട്ടണമെങ്കില്‍ എന്റെ കുന്ഫുധയിലെ ബോസ്സ് കനിയണമല്ലോ അത് ചിലപ്പോള്‍ വര്‍ഷമോ അതിലധികമോ ആവും .. “അബ്ദുക്കാ ഒരു ചായ” എന്ന് പറഞ്ഞു ഒരു കസേര വലിച്ചിട്ട് ഇരുന്നു ..”ആ കസേരയില്‍ ഇരിന്നു ചായ കുടിക്കണമെങ്കില്‍ ഇരട്ടി പൈസയാകും ട്ടോ അത് മമ്മൂട്ടി ഇരുന്ന കസേരയാ” അബ്ദുക്കാന്റെ ചിരിച്ച്കൊണ്ടുള്ള വാണിങ്ങ് കേട്ട് ഞാനപ്പോഴാണ് അതിലേക്ക് നോക്കിയത് “മമ്മൂട്ടി ഫാന്‍സു കാര്‍ക്ക് മാത്രം” എന്ന് അതില്‍ എഴുതി വെച്ചിരിക്കുന്നു ആ കസേര ഒരു നിധി പോലെ സൂക്ഷ്യ്ക്കുകയാണയാള് …, പാലേരിമാണിക്ക്യം സിനിമ ഇന്നലെ കാണുമ്പോള്‍ ഞാന്‍ അക്ഷമയോടെ തിരയുകയായിരുന്നു ..എന്റെ നാടും അബ്ദുക്കാന്റെ തട്ടുകടയും വെള്ളിത്തിരയില്‍ മിന്നി മറയുന്നത് ..ചുമ്മാ പുളുവടിയല്ല ദാ കണ്ടു നോക്ക്യേ ചില രംഗങ്ങള്‍ …..
148 total views, 1 views today
