നീണ്ട അന്‍പത് വര്‍ഷങ്ങള്‍ മമ്മൂട്ടി സിനിമയില്‍ സജീവമായതിന് പിന്നില്‍ തീര്‍ച്ചയായും ഭാര്യ സുല്‍ഫത്തിന്റെ പങ്കാളിത്തം വളരെ വലുതാണ് എന്ന കാര്യത്തില്‍ സംശയമില്ല. ഓരോ ദമ്പതികൾക്കും മാതൃകയാക്കാവുന്ന ദമ്പതികളാണ് മമ്മൂട്ടിയും സുൽഫത്തും.വിവാഹം കഴിഞ്ഞ അന്ന് മുതൽ തന്റെ ഏക പെണ്‍ സുഹൃത്ത് ഭാര്യയാണെന്നും വിവാഹം തന്നെ കൂടുതല്‍ വിനയമുള്ള മനുഷ്യനാക്കിയെന്നും മമ്മൂട്ടി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഒരു പക്ഷെ സിനിമാമേഖലയിൽ ഇത്ര ശക്തവും സ്നേഹനിര്ഭരവുമായ ദാമ്പത്യങ്ങൾ കുറവാണ് എന്നുവേണം പറയാൻ. എന്തുകൊണ്ടാകും മമ്മൂട്ടിക്ക് തന്റെ സുലുവിനോട് ഇത്ര സ്നേഹം ?
കടപ്പാട് : Sanuj Suseelan
നിങ്ങളുടെ വിജയകരമായ ദാമ്പത്യ ജീവിതത്തിൻ്റെ രഹസ്യമെന്താണ് എന്നൊരു അഭിമുഖത്തിൽ ചോദിച്ചപ്പോൾ മറുപടിയായി മമ്മൂട്ടി പറഞ്ഞ ഒരു കഥയുണ്ട്. സിനിമയിൽ വരുന്നതിനു മുമ്പ് അദ്ദേഹം കുറച്ചു കാലം മഞ്ചേരിയിൽ വക്കീലായി പ്രാക്ടീസ് ചെയ്തിരുന്ന കാലം. ഒരു വിവാഹ മോചന കേസ് ഹിയറിങ്ങിനു വന്നു. വളരെ പ്രായമായ ഒരു ഭാര്യയും ഭർത്താവുമാണ്. കേസ് വിളിക്കുന്നതിന് പത്തു മിനിറ്റ് മുമ്പ് ആ സ്ത്രീ അവിടെ ബോധം കെട്ടു വീണു.
എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ആദ്യം സഹായത്തിനായി അവരുടെ അടുത്തേക്കോടിയത് ആ ഭർത്താവാണ്. കുറച്ചു നിമിഷം മുമ്പ് വരെ പിരിയണം എന്ന പിടിവാശിയിൽ ഉറച്ചു നിന്നിരുന്ന അയാൾ അവരെയും കൊണ്ട് ആശുപത്രിയിലേക്ക് പാഞ്ഞു. കക്ഷികൾ ഹാജരാവാതെ കേസ് തള്ളിപ്പോയി. അന്ന് മമ്മൂട്ടി വിവാഹിതനല്ല. പക്ഷെ എന്നെങ്കിലും വിവാഹം കഴിക്കുമ്പോൾ ഇതുപോലെ ഭാര്യയെ സ്നേഹിക്കണം എന്ന തീരുമാനം അന്നാണെടുത്തത് എന്നാണ് അദ്ദേഹം പറഞ്ഞത്.
രസകരമായാണ് അദ്ദേഹം ഈ കഥ പറഞ്ഞതെങ്കിലും സത്യം പറഞ്ഞാൽ ഇതൊക്കെ അത്രേയുള്ളൂ. ഭാര്യയായാലും കാമുകിയായാലും സുഹൃത്തായാലും ആരായാലും സ്നേഹിക്കാൻ കഴിയുക എന്നതാണ് പ്രധാനം. കല്യാണം കഴിക്കാൻ പ്ലാനില്ലെങ്കിലും പ്ലാനുണ്ടെങ്കിലും ആരെയെങ്കിലും സ്നേഹിക്കുക ( നോക്കിയും കണ്ടുമൊക്കെ വേണമെന്ന് മാത്രം 😀 ) .
പ്രേമിച്ചു നഷ്ടപ്പെട്ടവർക്കും പ്രേമിച്ചു നേടിയവർക്കും പ്രേമിച്ചുകൊണ്ടിരിക്കുന്നവർക്കും പ്രേമിക്കാൻ ആരെയും കിട്ടാത്തവർക്കും പ്രേമിക്കാൻ പ്ലാനിടുന്നവർക്കും എല്ലാം സന്തോഷം നിറഞ്ഞ പൂവാലെന്റൈൻസ് ഡേ ആശംസകൾ .