Bineesh K Achuthan 

ആഗസ്റ്റ് 6, മെഗാ സ്റ്റാർ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിന് 52 വർഷം പിന്നിടുന്നു.1971 – ആഗസ്റ്റ് 6 നാണ് വെള്ളിത്തിരയിലാദ്യമായി മമ്മൂട്ടിയെ പ്രേക്ഷകൻ കാണുന്നത്. ഒന്നോ രണ്ടോ സീനിൽ മിന്നിമറയുന്ന ഒരു ചെറിയ വേഷം. ആ ചിത്രമാണ് അനുഭവങ്ങൾ പാളിച്ചകൾ….അനശ്വര നടൻ സത്യന്റെ അവസാന ചിത്രവും ഇതായിരുന്നു. തമിഴ് ചുവയിൽ നിന്നും നാടകങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം സംഭാഷണ പ്രാധാന്യമുള്ളതും മണ്ണിന്റെ മണമില്ലാത്തതുമായ മലയാള സിനിമയെ വലിയൊരളവിൽ പുതുക്കിപ്പണിത ആ മഹാ നടന്റെ അവസാന ചിത്രം ; പിൽക്കാലത്ത് അഭിനയ സിംഹാസനങ്ങൾ കീഴടക്കിയ മറ്റൊരു പ്രതിഭയുടെ തുടക്ക ചിത്രമായത് തികച്ചും യാദൃശ്ചികമെന്നത് പോലെ കൗതുകകരമായ ഒരു ചരിത്ര യാഥാർത്ഥ്യവുമാണ്.

അഭിനയ മോഹിയായി ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തുകയും ചെറിയൊരു വേഷം കൈകാര്യം ചെയ്യുകയും ചെയ്തതിന് ശേഷം രണ്ട് വർഷത്തിന് ശേഷം കാലചക്രം എന്ന ചിത്രത്തിൽ സാക്ഷാൽ പ്രേം നസീർ അവതരിപ്പിക്കുന്ന കടവിലെ കടത്തുകാരന്റെ പകരക്കാരന്റെ വേഷത്തിലായിരുന്നു രണ്ടാമൂഴം. ആ ചിത്രത്തിന്റെ ലോക്കേഷനിൽ വച്ച് നസീർ മമ്മൂട്ടിയോട് തമാശയായി ചോദിക്കുന്നുണ്ട് ” എനിക്ക് പകരക്കാരനായിട്ടാണല്ലേ വന്നത് ” എന്ന്. ആ ഡയലോഗ് അന്വർത്ഥമാവുന്ന കാഴ്ച്ചക്കാണ് മലയാള സിനിമ സാക്ഷ്യം വഹിച്ചത്. പ്രേം നസീർ കഴിഞ്ഞാൽ പിന്നെ ഏറ്റവും അധികം നായക വേഷങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചതിന്റെ ഖ്യാതി മമ്മൂട്ടിക്ക് സ്വന്തം.

ഈ രണ്ട് ചെറു വേഷങ്ങൾ ചെയ്തെങ്കിലും നടനെന്ന നിലയിൽ ശ്രദ്ധേയനാക്കാൻ പിന്നെയും വർഷങ്ങളുടെ കാത്തിരിപ്പ് വേണ്ടി വന്നു. 70 – കളുടെ അവസാനം എം ടി യുടെ മാനസപുത്രനായി ദേവലോകത്തിലൂടെ ഒരു മോശമല്ലാത്ത തുടക്കം കിട്ടിയെങ്കിലും ചിത്രം റിലീസാകാത്തത് തിരിച്ചടിയായി. എം ടി യുടെ തന്നെ ” വിൽക്കാനുണ്ട് സ്വപ്നങ്ങൾ ” എന്ന ചിത്രത്തിൽ സുകുമാരനോടൊപ്പമുള്ള തല്ലു കൊള്ളി വേഷം ശ്രദ്ധിക്കപ്പെടുകയുണ്ടായി. പിന്നീട് വന്ന കെ.ജി.ജോർജ്ജിന്റെ മേള തീയറ്ററിൽ വിജയമായിരുന്നില്ല. തുടർന്ന് വന്ന പി.ജി.വിശ്വംഭരന്റെ സ്ഫോടനം എന്ന ചിത്രമാണ് മമ്മൂട്ടിയുടെ ആദ്യ കൊമ്മേഴ്സൽ ചിത്രം. പിന്നീട് ചെറുതും വലുതുമായ നിരവധി റോളുകൾ അവതരിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് എം ടിയുടെ തിരക്കഥയിൽ ഐ വി ശശി സംവിധാനം ചെയ്യുന്ന തൃഷ്ണയിൽ നായകനാകാൻ അവസരം ലഭിച്ചത്. രതീഷ് തിരക്ക് മൂലം ഒഴിവാക്കിയ പ്രസ്തുത വേഷം അനേകം പേരിൽ കറങ്ങി തിരിഞ്ഞ് ഒടുവിൽ മമ്മൂട്ടിയിലേക്ക് എത്തിച്ചേരുകയയിരുന്നു.

തൃഷ്ണക്ക് ശേഷം ഐ.വി.ശശിയുടെ തന്നെ മൾട്ടി സ്റ്റാർ ചിത്രമായ അഹിംസ, ജിജോയുടെ മാഗനം ഓപ്പസ് പടയോട്ടം, കെ.ജി.ജോർജ്ജിന്റെ കൾട്ട് ക്ലാസിക് യവനിക എന്നീ ചിത്രങ്ങളിലെ വേഷങ്ങളും ശ്രദ്ധേയമായി. 1983 ആദ്യം റിലീസായ ” സന്ധ്യക്ക് വിരിഞ്ഞ പൂവ് ” എന്ന പി.ജി.വിശ്വംഭരൻ ചിത്രത്തിന്റെ വൻ വിജയം നായകനെന്ന നിലയിൽ മമ്മൂട്ടിയുടെ ആദ്യ വിജയമായിരുന്നു. അതോടൊപ്പം തന്നെ അത് വരെ മൾട്ടി സ്റ്റാർ ചിത്രങ്ങളുടെ സംവിധായകനെന്ന നിലയിൽ ശ്രദ്ധേയനായ ജോഷിയുടെ ഫാമിലി മെലോഡ്രാമയായ ആ രാത്രി നേടിയ അപ്രതീക്ഷിത വിജയം മമ്മൂട്ടിയുടെ താരമൂല്യത്തെ ഉയർത്തി. പി ജി വിശ്വംഭരന്റെ ഹിമവാഹിനി, പിൻനിലാവ് പത്മരാജന്റ കൂടെവിടെ തുടങ്ങിയ ചിത്രങ്ങളും വിജയം വരിച്ചു. 1983 അവസാനം ആകുമ്പോഴേക്കും മമ്മൂട്ടി തിരക്കേറിയ നായക നടനായി മാറിക്കഴിഞ്ഞിരുന്നു.

1984 – ലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു ജോഷിയുടെ സന്ദർഭം. മമ്മൂട്ടി – കുട്ടി – പെട്ടി ഫോർമുലയുടെ ഗാരന്റി മലയാള സിനിമ തിരിച്ചറിഞ്ഞ വിജയം. ഇത് കൂടാതെ ഐ.വി.ശശിയുടെ കഥാപാത്രങ്ങളായ അതിരാത്രത്തിലെ സ്റ്റൈലിഷ് അധോലോക നായകൻ താരാദാസും കാണാമറയത്തിലെ റോയ് വർഗ്ഗീസും അടിയൊഴുക്കുകളിലെ കരുണനുമെല്ലാം നേടിയെടുത്ത വമ്പിച്ച ജനകീയത മമ്മൂട്ടിയുടെ താരപദവിയെ ഉച്ഛസ്ഥായിയിൽ എത്തിച്ചു.

70 – കളുടെ അവസാനവും 80 – കളുടെ തുടക്കത്തിലുമായി അരങ്ങേറിയ ഒരു കൂട്ടം നടൻമാർക്കിടയിൽ നിന്നും ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരു താരമായും ഒരു മികച്ച നടനായും ക്രമാനുഗതം വളർച്ച പ്രാപിക്കുന്ന മമ്മൂട്ടിയെയാണ് പിന്നീട് നാം കാണുന്നത്. ഈ ഘടനാപരമായ വളർച്ചയിൽ തന്റെ മുൻഗാമികളെയും സമകാലികരെയും പിന്തള്ളി 80 – കളുടെ മധ്യത്തോടെ അദ്ദേഹം മലയാള സിനിമയിൽ അനിഷേധ്യനായി മാറി. ആ വളർച്ച കേവലം ഭാഗ്യം കൊണ്ടോ മറ്റ് പരിഗണനകൾ കൊണ്ടോ സംഭവിച്ചതല്ല. മറിച്ച് കഠിനാധ്വാനത്തിന്റെയും ആത്മ സമർപ്പണത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ഭാഗമായി സ്വാഭാവികമായി വന്നു ഭവിച്ചതാണ്. 1984 – ൽ മുൻനിര താരപദവിക്കൊപ്പം മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും മമ്മൂട്ടിയെ തേടിയെത്തി.

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച വർഷങ്ങളിലൊന്നായിരുന്നു 1985. യാത്രയും നിറക്കൂട്ടും വൻ വിജയങ്ങളായി മാറിയതിനൊപ്പം അഭിനയിച്ച ഒട്ടു മിക്ക ചിത്രങ്ങളും വിജയങ്ങളായി. മാത്രമല്ല മമ്മൂട്ടി ചിത്രങ്ങൾ പരസ്പരം മത്സരിക്കുന്ന സവിശേഷതയും ഉണ്ടായി. 1986 മധ്യം വരെ ഈ സ്ഥിതി തുടർന്നു. ആ വർഷത്തിലെ ഓണത്തിന് അഞ്ച് മമ്മൂട്ടി ചിത്രങ്ങളാണ് ഒരേ ദിവസം റിലീസായത്. അക്കൂട്ടത്തിൽ ആവനാഴി സർവ്വകാല വിജയം കൈവരിച്ചപ്പോൾ മറ്റെല്ലാ ചിത്രങ്ങളും തകർന്നടിഞ്ഞു. ഈയവസരം മാധ്യമങ്ങൾ നന്നായി മുതലെടുത്തു. 1986 പകുതി മുതൽ 1987 മധ്യം വരെ 12 തുടർ പരാജയങ്ങൾ. 1986 – ലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലെ നായകനായിട്ടും അവശേഷിച്ച പരാജയങ്ങളുടെ പേരിൽ മമ്മൂട്ടി വേട്ടയാടപ്പെട്ടു.

പക്ഷേ, ആ ഓരിയിടലിന് 1987 ജൂലൈ 24 വരെയേ ആയുസ്സുണ്ടായിരുന്നുള്ളൂ. ഒരു ഫിനിക്സ് പക്ഷിയേപ്പോലെ, ന്യൂ ഡെൽഹിയുടെ വൻ വിജയത്തോടെ മമ്മൂട്ടി ഉയിർത്തെഴുന്നേറ്റു. ആ ചിത്രത്തിലെ നായക കഥാപാത്രത്തെപ്പോലെ തകർച്ചയിൽ നിന്നും പിടിച്ചു കയറി തന്റെ താര സിംഹാസനം തിരിച്ചെടുത്തു. ഒരിക്കൽ കൈവിട്ടു പോയി എന്ന് കരുതിയ താരസിംഹാസനം നാളിത് വരെയും അദ്ദേഹത്തിന് കൈമോശം വന്നിട്ടില്ല. പരാജയങ്ങളെ മറികടക്കുന്ന വിജയങ്ങളുമായി ചലച്ചിത്ര രംഗത്തെ തന്റെ 52-ാം വർഷത്തിലും പുതുമകൾ തേടി കുതിച്ച് പായുന്ന ആ യാഗാശ്വത്തിന്റെ അശ്വമേധത്തിന്നും അനവരതം തുടരുന്നു.

Leave a Reply
You May Also Like

അനിശ്ചിതത്വങ്ങൾക്കൊടുവിൽ തുറമുഖം റിലീസ് പ്രഖ്യാപിച്ചു

രാജീവ് രവി നിവിൻ പോളിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് തുറമുഖം. റിലീസുമായി ബന്ധപ്പെട്ടു ഏറെ…

നടൻ കൈലാഷിന് യു.എ.ഇ ഗോൾഡൻ വിസ

*നടൻ കൈലാഷിന് യു.എ.ഇ ഗോൾഡൻ വിസ * നടൻ കൈലാഷിന് യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു.…

മണിക്കുട്ടനൊപ്പം ശ്വേതാമേനോന്റെ ഹോട്ട് ഡാൻസ് വൈറലാകുന്നു

അഭിനേത്രിയും, മോഡലറും, ടി.വി. അവതാരകയുമാണ്‌ ശ്വേതാ മേനോൻ. 1994-ലെ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ മൂന്നാം…

രാധേശ്യമിന്റെ വൻപരാജയം, പ്രഭാസ് ആദ്യമായി പ്രതികരിക്കുന്നു

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമെന്ന് ദുഷ്‌പേര് സമ്പാദിച്ച ചിത്രമാണ് പ്രഭാസിന്റെ രാധേശ്യാം. രാധാ…