പ്രബുദ്ധകേരളത്തിലെ തലശേരിയിൽ, നന്മമരങ്ങൾ വാഴുന്ന മലബാറിലെ തലശേരിയിൽ ഇന്ന് അത്യന്തം ഹീനമായ ഒരു സംഭവം നടന്നു . നിർത്തിയിട്ടിരുന്ന കാറിൽ ചവിട്ടിയതിന്റെ പേരിൽ പിഞ്ചുബാലനെ കാറുടമ ക്രൂരമായി മർദിച്ചു, പൊന്ന്യംപാലം സ്വദേശി ഷിനാദ് ആണ് ആറുവയസ്സുകാരനായ കുട്ടിയെ ചവിട്ടിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പോലീസ് ഇയക്കെതിരെ വധശ്രമത്തിനെതിരെ കേസെടുത്തു. കേരളത്തിൽ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയായ ഗണേഷിനാണു മർദനമേറ്റത്. സംഭവം നേരിൽ കണ്ട ചിലർ മുഹമ്മദ് ഷിനാദിനെ തടയുകയും പൊലീസിനെ വിളിക്കുകയുമായിരുന്നു. പൊലീസാകട്ടെ കാർ കസ്റ്റഡിയിൽ വെച്ച ശേഷം മുഹമ്മദ് ഷിനാദിനെ വിട്ടയച്ചു. ഇന്ന് രാവിലെ എട്ട് മണിക്ക് ഹാജരാകണം എന്ന് പറഞ്ഞ് ശിഹ്ഷാദിനെ പൊലീസ് വിട്ടയച്ചുവെന്ന് പിന്നീടാണ് അറിഞ്ഞത്.രാവിലെ ദൃശ്യങ്ങൾ സഹിതം പ്രമുഖ ചാനലിൽ വാർത്ത പുറത്തുവിട്ടതോടെയാണ് പൊലീസ് മുഹമ്മദ് ഷിനാദിനെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ വധശ്രമ കുറ്റം അടക്കം ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് തന്റെ നിലപാട് കുറിക്കുകയാണ് അഭിഭാഷകനും എഴുത്തുകാരനുമായ പ്രമോദ് പുഴങ്കര, അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം
പ്രമോദ് പുഴങ്കര
ആറ് വയസ്സുള്ളൊരു കുട്ടിയെ കാറിൽ ചാരി നിന്നതിന് ചവിട്ടിയ കാറുടമ മലയാളി മാത്രമല്ല, അയാൾ സമ്പത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യരെ അളക്കുകയും അവരുടെ രാഷ്ട്രീയ,സാമൂഹ്യാവകാശങ്ങൾ നിർണ്ണയിക്കുകയും ചെയ്യുന്ന ധനികഹുങ്കിന്റെ പ്രതിനിധി കൂടിയാണ്. അധികാരമുള്ളവർക്ക് സാധാരണ പൗരനെ തല്ലാമെന്നും അധികാരം സമ്പത്തിന്റെ കൂടപ്പിറപ്പാണെന്നും വരുമ്പോൾ പൊലീസുകാർക്കൊപ്പം ധനികർക്കും സാധാരണ മനുഷ്യരെ മർദ്ദിക്കാവുന്ന അധികാരയുക്തി ഉണ്ടാവുകയാണ്.
കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ രണ്ടുതരം നീതിനടത്തിപ്പുണ്ട്. ഒന്ന് പരാതി പറയാൻ ചെല്ലുന്നവരെ കൈവരിയിൽ വിലങ്ങിട്ട് മർദ്ദിക്കുന്നതു മുതൽ കൃത്യനിർവ്വഹണത്തിലെ ഏകാഗ്രത തടസപ്പെടുത്തിയതിനു പൊലീസിലെ ഋഷി സുനാക്കന്മാർ ശപിക്കുന്നതുവരെയുള്ള നാനാവിധ നരകശിക്ഷകൾ. രണ്ട്, രാഷ്ട്രീയ-ഉദ്യോഗസ്ഥ-ധനിക പുത്തൻ വർഗത്തിന് ഏത് നിയമവിരുദ്ധ പ്രവർത്തിയിൽ നിന്നും ഊരിപ്പോകാൻ പാകത്തിൽ വിശാലഹൃദയരായി വഴിയൊരുക്കുന്ന പിണറായി ഗീവർഗീസാശാന്റെ പൊലീസ് നയം. സകല മാഫിയ ഗുണ്ടാ സംഘങ്ങളുടെയും പറ്റുപുസ്തകങ്ങളുള്ള പൊലീസ് സ്റ്റേഷനുകളിൽ, ഒരു കുറ്റവും ചെയ്യാത്ത മനുഷ്യരെ ‘പൊലീസിന്റെ അടി വാങ്ങി വീട്ടിൽ പോയില്ല’ എന്നതിന് രാത്രി മുഴുവൻ ലോക്കപ്പിലിട്ട് മർദ്ദിച്ചു കള്ളക്കേസിൽ പ്രതിയാക്കുന്ന പൊലീസിന് പൊതുനിരത്തിൽ ആറുവയസ്സുള്ളൊരു കുട്ടിയെ ചവിട്ടിയ കുറ്റം ഒന്ന് ചോദിച്ചറിഞ്ഞു വീട്ടിൽ പറഞ്ഞയക്കാവുന്നതേയുള്ളു എന്ന് തോന്നിയത് ഈനാട്ടിൽ രൂപപ്പെടുന്ന പുതിയ സാമൂഹ്യ,അധികാര ഹിംസയുടെ സ്വാഭാവികവത്ക്കരണമാണ്.
രാജസ്ഥാനി ബാലന് പകരം ആഭ്യന്തര/മുഖ്യമന്ത്രി പിണറായി വിജയൻറെ പേരക്കുട്ടിയെയാണ് അങ്ങനെ ചവിട്ടിയത് എന്നൊന്നു സങ്കല്പിക്കുക. സംസ്ഥാനത്തെ ഭരണ,പൊലീസ് സംവിധാനം നീതിയുടെ ദണ്ഡുകളുയർത്തി തൊട്ടടുത്ത നിമിഷം ജാഗ്രത്താകുന്നത് നമുക്ക് ഊഹിക്കാവുന്നതേയുള്ളു. ഈ നാട്ടിൽ യാതൊരു വിലയുമില്ലാത്ത ഒരു വിഭാഗമാണ് സാധാരണക്കാരായ പൗരന്മാർ. ധനികരുടെയും പൊലീസിന്റെയുമൊക്കെ രഥപാതകളിൽ നിന്നും മാറിനടക്കേണ്ടത് നമ്മുടെ ചുമതലയായി മാറിയിരിക്കുന്നു.
സൗകര്യപ്രദമായ പ്രതികരണങ്ങൾക്കൊണ്ട് ഇത്തരത്തിലുള്ള സാമൂഹ്യ,രാഷ്ട്രീയാധികാരഹിംസയെ ചെറുക്കാനാകില്ല. അതായത് ഭരണകൂടവും പൊലീസ് വേട്ടയും പൊലീസ് സ്റ്റേറ്റും എന്ന രാഷ്ട്രീയ വിമർശനവും പ്രതിഷേധവും ഉയരുമ്പോൾ അമ്മയ്ക്ക് കൈമാറുന്നതിന് മുമ്പ് വിശന്നുതളർന്ന കൈക്കുഞ്ഞിന് പൊലീസുകാരി മുലകൊടുത്ത സംഭവം (അത് സുന്ദരമായ മനുഷ്യത്വത്തിന്റെ കാഴ്ചയാണ് എന്നതിൽ സംശയമില്ല ) കൊണ്ട് തടയിടാമെന്ന പ്രചാരണസാഹിത്യയുക്തി യഥാർത്ഥ പ്രശ്നത്തെ മറച്ചുപിടിക്കാനുള്ള കുതന്ത്രമാണ്. പ്രശ്നം പൊലീസ് നയവും പൊലീസ് നടത്തിപ്പും ഭരണകൂടഭീകരതയുമാണ്; ഒറ്റയൊറ്റ പൊലീസുകാരല്ല. പിണറായി വിജയൻ വേഷം മാറിവന്ന് കൈക്കുഞ്ഞിന് മുലകൊടുത്തു എന്ന പുരാണകഥയായി മാറ്റിയാലും നീതിനടത്തിപ്പിനു ധനികർക്കും അധികാരമുള്ളവർക്കും ശ്രീറാം വെങ്കിട്ടരാമനെപ്പോലെ മദ്യപിച്ചു അതിവേഗസാഹസികയാത്രയിൽ ആളെക്കൊന്ന് ഒരു പുല്ലും പേടിക്കാനില്ലാതെ പോകാവുന്ന ഒരു വഴിയും സാധാരണ മനുഷ്യർക്ക് തലകുനിച്ചു നടുവളച്ചു മാത്രം പോകാവുന്ന മറ്റൊരു വഴിയുമുള്ള പൊലീസ് സ്റ്റേഷനുകളും നിയമനടത്തിപ്പുമുള്ള നാടും പ്രശ്നമായിത്തന്നെ അവശേഷിക്കും.
ബഷീറിനെ കൊന്ന ശ്രീറാം വെങ്കിട്ടരാമനെന്ന IAS കാരനും ആറ് വയസ്സുള്ളൊരു രാജസ്ഥാനി ബാലനെ ചവിട്ടിയ മനുഷ്യത്വരഹിതനായ ഹീനനും സുഗമമായി പോകാവുന്ന രാജപാതകൾ നമ്മുടെ സമൂഹത്തിലും നീതിബോധത്തിലുമുണ്ട് എന്നത് എത്ര പരിതാപകരമാണ് നമ്മുടെ പൗരാവകാശസംവിധാനം എന്നുകൂടിയാണ് കാണിക്കുന്നത്. ഒറ്റപ്പെട്ട സംഭവങ്ങളുടെ സത്യാന്വേഷണ പരീക്ഷണങ്ങൾ!