വില്ലന്‍‍‍‍‍മാരോട് പ്രേക്ഷകര്‍ക്ക് എന്തൊരു ആരാധനയാണ്, മനുഷ്യന്‍ അടിസ്ഥാനപരമായി തിന്മയാണ് !

191

Maria Rose എഴുതുന്നു

വില്ലന്‍‍‍‍‍മാരോട് പ്രേക്ഷകര്‍ക്ക് എന്തൊരു ആരാധനയാണ് എന്നോ? കീരിക്കാടന്‍ ജോസിനോട്? ബാബു ആന്‍റണി അവതരിപ്പിച്ച വിവിധ കഥാപാത്രങ്ങളോട് ? ക്യാപ്റ്റന്‍ രാജു അവതരിപ്പിച്ച വിവിധ കഥാപാത്രങ്ങളോട്? നരേന്ദ്രപ്രസാദ് അവതരിപ്പിച്ച വിവിധ കഥാപാത്രങ്ങളോട്? സലിം ഗൌസ്, ജോണ്‍ ഹോനായ്-യെ അവതരിപ്പിച്ച റിസബാവ ( അയാള്‍ക്ക് സ്വയം അടയാളപ്പെടുത്താന്‍ പറ്റിയ മറ്റൊരു കഥാപാത്രത്തെ പിന്നീട് കിട്ടിയില്ല. അയാള്‍ എന്നെന്നും ജോണ്‍ ഹോനായിയുടെ പേരില്‍ അറിയപ്പെടും.) സിദ്ധിക്കിന്‍റെ വിവിധ കഥാപാത്രങ്ങളോട്, തുടങ്ങി അന്താരാഷ്ട്രത്തില് ഡ്രാക്കുള, ജെക്കിളിന്‍റെ അപരനായ ഹൈഡ്, വിവിധ മോണ്‍സ്റ്റ്ര്‍മാര്‍..ഈയറ്റത്ത് ജോക്കര്‍ വരെ..

ആ ആരാധന അറിയണമെങ്കില്‍ അവര്‍ പോസിറ്റീവ് കഥാപാത്രങ്ങളായി വന്ന സിനിമകള്‍ നോക്കുക. നമ്മള്‍ അവരെ ഇഷ്ടപ്പെടാന്‍ ഒരു കാരണം നോക്കി നടക്കുകയായിരുന്നു. ക്യാപ്റ്റന്‍ രാജുവിനെ മിനിമോള്‍ വത്തിക്കാനില്‍ , കീരിക്കാടന്‍ ജോസിനെ പ്രവാചകന്‍ എന്ന സിനിമയില്‍, ബാബു ആന്‍റണി ഗാന്ധാരിയില്‍ കണ്ടപ്പോള്‍ മുതല്‍ ജോക്കറിനെ ജോക്കറില്‍ കണ്ടപ്പോള്‍ വരെ. മനുഷ്യന്‍റെ അടിസ്ഥാനപരമായ ആരാധന ഈവിളിനോട്‌ (Evil) നോടാണ് എന്ന് തിരിച്ചറിയാതിരിക്കാന്‍ നമ്മള്‍ വില്ലന്മാരോടല്ല, അത് അവതരിപ്പിച്ച പ്രഗത്ഭരായ നടന്മാരോടാണ് എന്ന് ഭാവിക്കും.
എനിക്ക് തോന്നുന്നത് പ്രേക്ഷകരുടെ താല്‍പര്യം പിടിച്ചു പറ്റിയ എല്ലാ വില്ലന്മാര്‍ക്കും അവര്‍ വില്ലന്മാരായ കഥ പറയാന്‍ സമയമായി എന്നാണ്. യോജിച്ച നടന്മാര്‍ ആ വേഷത്തിലേയ്ക്ക് വരാന്‍ തയ്യാറാകട്ടെ. കീരിക്കാടന്‍ ജോസ് വെറുമൊരു വില്ലന്‍ മാത്രമായിരുന്നില്ല എന്ന് ചെങ്കോലില്‍ നമ്മള്‍ കണ്ടതാണ്. അത് പോലെ ആഗസ്റ്റ്‌ ഒന്നിലെ നിക്കോളാസ് എന്ന വാടകക്കൊലയാളി, ജോണ്‍ ഹോനായി രൂപപ്പെട്ട കഥ, അങ്ങനെ പലരും…

ബ്രൂസ് വെയ്ന് നായകനാകാന്‍ എന്തൊക്കെ കാരണമുണ്ട് എങ്കിലും ജോക്കര്‍ “എന്തേ ഇത്ര ഗൌരവം?” എന്നോ ” ആ മുഖത്ത് നമുക്ക് ഒരു ചിരി വരുത്തിയാലോ?” എന്നോ ചോദിക്കുമ്പോള്‍ ബ്രൂസ് വെയ്നിന്‍റെ ദുഖങ്ങളും കാരണങ്ങളുമെല്ലാം ആ ആരാധനയില്‍ ഒലിച്ചു പോകുന്നു.

മനുഷ്യന്‍ അടിസ്ഥാനപരമായി തിന്മയാണ് !!!!